.

ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങള്‍

 









അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ (1888) നാരായണഗുരു,  അതേ വര്‍ഷം മണ്ണന്തല, കുളത്തൂര്‍ കോലോത്തുംകര (1892), കോഴിക്കോട് (1907), അതേവര്‍ഷം കണ്ണൂര്‍, തലശ്ശേരി (1908), വര്‍ക്കല ശിവഗിരി (1912) എന്നിവിടങ്ങളിലും ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തി. പിന്നീട് അദ്ദേഹം വിഗ്രഹപ്രതിഷ്ഠ നടത്തുകയുണ്ടായില്ല. 1920ല്‍ കാരമുക്ക് എന്ന സ്ഥലത്തു ഗുരു ക്ഷേത്രംസ്ഥാപിച്ചപ്പോൾ വിഗ്രഹത്തിനു പകരം അവിടെ ഒരു ദീപം മാത്രമാണ് സ്ഥാപിച്ചത്. 1921ല്‍ മുരുക്കുമ്പുഴ ക്ഷേത്രത്തില്‍ വിഗ്രഹത്തിനുപകരം സാരവാക്യങ്ങള്‍ എഴുതിവെച്ചു. അവ ഇങ്ങനെയായിരുന്നു: സത്യം, ധര്‍മം, ദയ, ശാന്തി’. ചേര്‍ത്തല കളവങ്കോവ് ക്ഷേത്രത്തില്‍ (1927) കണ്ണാടിയും പ്രതിഷ്ഠിച്ചു. ശ്രീനാരായണ ഗുരു വിഗ്രഹാരാധനയില്‍നിന്ന് പയ്യെപ്പയ്യെ ജനങ്ങളെ വിമോചിക്കാനുള്ള  ശ്രമം നമ്മള്‍ ഏറ്റെടുത്തു വിജയപ്പിക്കേണ്ടതാണ്.  

 

കേരള നവോത്ഥാന നായകരില്‍ പ്രഥമസ്ഥാനിയായ നാരായണഗുരുവിനെ ദൈവമാക്കി പൂജിക്കാന്‍ എളുപ്പമാണ്. അദ്ദേഹത്തിന്‍െറ ദര്‍ശനവും വിപ്ളവാത്മകമായ മാര്‍ഗനിര്‍ദേശങ്ങളും പ്രായോഗികമാക്കാന്‍ ഇത്തിരി വിയര്‍ക്കുകതന്നെ വേണം. കേരളത്തില്‍ ഇപ്പോള്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കടുത്ത ജാതി ഉച്ചനീചത്വങ്ങള്‍ക്ക് തെല്ല് ശമനമുണ്ടെന്നത് നേര്. തൊട്ടുകൂടായ്മയോ തീണ്ടിക്കൂടായ്മയോ പ്രകടമല്ല. പക്ഷേ, ദലിതനോ പിന്നാക്ക ഹിന്ദുവിനോ ക്ഷേത്രധികാരങ്ങളില്‍വേണ്ട പങ്ക് കിട്ടുന്നില്ല. സവര്‍ണരുമായി വിവാഹബന്ധത്തെപ്പറ്റി ചിന്തിക്കാനോ അവര്‍ക്ക് പറ്റില്ല. അന്ന് നാരായണ ഗുരു പാടേ നിര്‍മാര്‍ജനം ചെയ്യാന്‍ പൊരുതിയിരുന്ന അധാര്‍മികതകളും അനാചാരങ്ങളും അധ$സ്ഥിതിയും ജാതീയതയുമൊക്കെ ശക്തമായിത്തന്നെ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നു. എന്നിട്ടും അദ്ദേഹത്തിന്‍െറ അനുയായികള്‍ക്ക് താല്‍പര്യം നാരായണഗുരുവിനെ ദൈവമാക്കി പൂജിച്ച് സായുജ്യമടയാനാണ്. അദ്ദേഹത്തിന്‍െറ ദര്‍ശനം പ്രചോദനമാക്കി പൊരുതാനല്ല.

ഗുരുവിന്‍െറ നിര്‍ദേശങ്ങളില്‍ ചിലത്: -ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.

-മദ്യം വിഷമാണ് അത് കുടിക്കരുത്, ഉണ്ടാക്കരുത്, വില്‍ക്കരുത്.

-ഉത്സവത്തിനും കരിമരുന്നിനും മറ്റും പണം ചെലവഴിക്കരുത്.

ജാതി ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കലായിരുന്നില്ല നാരായണഗുരുവിന്‍െറ ലക്ഷ്യം. ജാതീയതതന്നെ ഇല്ലാതാക്കലായിരുന്നു. അദ്ദേഹം എഴുതി:

ഒരു ജാതിയില്‍നിന്നല്ലൊ പിറന്നിടുന്നു സന്തതി

നരജാതിയതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം.

നരജാതിയില്‍നിന്നത്രെ പിറന്നിടുന്നു വിപ്രനും

പറയന്‍ താനുമെന്നുള്ളത്തരം നരജാതിയില്‍?’

പൗരാണികരായ ശ്രീബുദ്ധനോ ശങ്കരാചാര്യര്‍ക്കോ ആധുനികരായ വിവേകാനന്ദസ്വാമി, മഹാത്മാഗാന്ധി എന്നിവര്‍ക്കോ സാധിക്കാതെ പോയ മൗലിക പരിഹാരമാണ് ജാതീയതയെ തള്ളിപ്പറയുന്നതിലൂടെ ശ്രീനാരായണ ദര്‍ശനം നല്‍കുന്നത്. മറ്റുള്ളവര്‍ വര്‍ണവ്യവസ്ഥയെയല്ല അതിന്‍െറ അളവുകോലുകളെയാണ് എതിര്‍ത്തത്. നാരായണഗുരു വര്‍ണവ്യവസ്ഥയെത്തന്നെ നിരാകരിച്ചു എന്നതാണ് അന്തരം.

സാക്ഷരതയിലും രാഷ്ട്രീയ പ്രബുദ്ധതയിലും മുന്നിട്ടുനില്‍ക്കുന്ന കേരളം മദ്യപാനത്തിലും മുമ്പന്തിയില്‍തന്നെ. അമ്പലങ്ങളിലെ ഉത്സവങ്ങള്‍ക്കും വെടിക്കെട്ടുകള്‍ക്കും ചെലവഴിക്കുന്ന തുകക്ക് വല്ല നിയന്ത്രണവുമുണ്ടോ? അപകടങ്ങള്‍ സംഭവിക്കുമാറ് മത്സരിച്ചല്ലേ ഉത്സവങ്ങളിലെ വെടിക്കെട്ടുകള്‍. ശ്രീനാരായണ ഗുരുവിന്‍െറ ഉപദേശനിര്‍ദേശങ്ങള്‍ എന്തൊക്കെയുണ്ടോ അവക്കൊക്കെ വിരുദ്ധമായ ചെയ്തികളില്‍ ശ്രീനാരായണീയരുടെ പങ്കും ചെറുതല്ല.

നിലവിലെ അവസ്ഥയെ മാറ്റി പകരം സൃഷ്ടിക്കാന്‍ കരുത്തുപകരലായിരുന്നുവല്ലോ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ നാരായണഗുരു ചെയ്തത്. അദ്ദേഹത്തിന്‍െറ ആശയങ്ങളും കര്‍മങ്ങളും സാമൂഹിക പരിഷ്കരണത്തിന് പ്രചോദനമായിട്ടേ ശ്രീനാരായണ ദര്‍ശനം പഠിക്കുന്ന ആര്‍ക്കും തോന്നൂ. പക്ഷേ, അദ്ദേഹത്തിന്‍െറ അനുയായികളായ പിന്നാക്ക വിഭാഗവും അവരോടൊപ്പം മുന്നാക്ക വിഭാഗവും ഒരുപോലെ ഭക്തിപുരസ്സരം അദ്ദേഹത്തെ ദൈവമാക്കി പൂജിക്കാനാണ് ഇഷ്ടപ്പെടുന്നത്. അങ്ങനെയാവുമ്പോള്‍ പിന്നെ ചിന്തയുടെയും പ്രയത്നത്തിന്‍െറയും ആവശ്യമില്ലല്ലോ. ശ്രീനാരായണീയര്‍ക്ക് അധ്വാനം ഒഴിവായിക്കിട്ടി. മുന്നാക്ക വിഭാഗക്കാര്‍ക്കാകട്ടെ വെല്ലുവിളി ഒഴിവാകുകയും ചെയ്തു.

-
കടപ്പാട് : ടി വി മുഹമ്മതലി 



 
 
 

ക്ഷേത്രപ്രതിഷ്ഠകൾ
വർഷം
ക്ഷേത്രം
1063 ചിറയിൻകീഴ്‌ വക്കം വേലായുധൻ കോവിൽ
1063 അരുവിപ്പുറം ശിവക്ഷേത്രം
1063 കുംഭം മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം
1067 ആയിരം തെങ്ങ്‌ ശിവക്ഷേത്രം
1068 കുളത്തൂർ കോലത്തുകര ശിവക്ഷേത്രം
1068 മീനം വേളിക്കാട്‌ കാർത്തികേയക്ഷേത്രം
1069 കായിക്കര ഏറത്ത്‌ സുബ്രഹ്മണ്യൻ ക്ഷേത്രം
1070 കരുനാഗപ്പളളി കുന്നിനേഴത്ത്‌ ഭഗവതിക്ഷേത്രം
1071 വൃശ്ചികം മുട്ടയ്‌ക്കാട്‌ കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം
1078 മുത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം
1080 കുമരകം ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം
1083 പാലക്കാട്‌ യാക്കര വിശ്വേശ്വര ക്ഷേത്രം
1083 കോട്ടയം നാഗമ്പടം ശിവക്ഷേത്രം
1083 കുംഭം തലശ്ശേരി ജഗന്നാഥക്ഷേത്രം
1084 മീനം കോട്ടാർ ഗണപതിക്ഷേത്രം
1084 മീനം ഇല്ലിക്കൽ കമ്പിളിങ്ങി അർദ്ധനാരീശ്വര ക്ഷേത്രം
1085 കുംഭം മംഗലാപുരം ഗോകർണനാഥക്ഷേത്രം
1085 മേടം കോഴിക്കോട്‌ ശ്രീകണേ്‌ഠശ്വരക്ഷേത്രം
1087 മകരം ചെറായി ഗൗരീശ്വരക്ഷേത്രം
1087 മേടം ശിവഗിരി ശാരദാമഠം
1088 അരുമാനൂർ ശ്രീ നയിനാർദേവക്ഷേത്രം
1090 ചെങ്ങന്നൂർ സിദ്ധേശ്വരക്ഷേത്രം
1090 മീനം അഞ്ചുതെങ്ങ്‌ ശ്രീ ജ്ഞാനേശ്വരക്ഷേത്രം
1091 കണ്ണൂർ ശ്രീസുന്ദരേശ്വരക്ഷേത്രം
1091 കുംഭം പളളുരുത്തി ശ്രീഭവാനി ക്ഷേത്രം
1092 ചിങ്ങം കൂർക്കഞ്ചേരി മഹേശ്വരക്ഷേത്രം
1094 കുംഭം ചിങ്ങംപെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം
1096 ഇടവം കാരമുക്ക്‌ ശ്രീ ചിദംബര ക്ഷേത്രം(ദീപപ്രതിഷ്‌ഠ)
1097 മുരുക്കുംപുഴ കാളകണ്ഠേശ്വര ക്ഷേത്രം ( സത്യം, ധർമം,ദയ, ശാന്തി എന്നെഴുതിയ പ്രഭ)
1098 മിഥുനം പാണാവളളി ശ്രീകണ്‌ഠേശ്വരക്ഷേത്രം
1101 മീനം പാർളിക്കാട്‌ ബാലസുബ്രഹ്മണ്യക്ഷേത്രം
1102 വെച്ചല്ലൂർ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം- (കണ്ണാടിപ്രതിഷ്‌ഠ)
1102 ഇടവം 23. എട്ടപ്പടി ആനന്ദഷൺമുഖക്ഷേത്രം
1102 ഇടവം 31. കളവം കോട്‌ അർധനാരീശ്വരക്ഷേത്രം ( "ഓം' എന്ന്‌ മത്സ്യത്തിൽ ആലേഖനം ചെയ്ത നീലക്കണ്ണാടി)
 
 
 
 



അപ്പ്ഡേറ്റ് ചെയ്യുന്നു .... 

Category:

Article Copyright Disclaimer:
The article content published on this blog is for the purpose of sharing useful information with blog readers and visitors. Some of these may contain excerpts from other internet sources. If you believe an article has infringed on your copyright, please contact us and we'll delete or revise it immediately.