.

ഗുരുദേവൻ ഒരേ സമയം ആയുധവും ആവശ്യവുമായി ഉപദേശിച്ച ശീലമാണ് ശുചിത്വം. ഒരുപക്ഷേ, മലയാളിയുടെ ഇന്നത്തെ മികച്ച ശുചിത്വബോധത്തിന് അടിത്തറയിട്ടത് ഗുരുദേവന്റെ ഈ മാതൃകാ വിപ്ളവമായിരുന്നു. ദിവസവും രണ്ടുനേരം അടിച്ചുനനച്ച് കുളിക്കുക. വസ്ത്രം മാറുക. വസ്ത്രത്തിന് ഭംഗിയേക്കാൾ വൃത്തിയാണ് പ്രധാനം. വീടും പരിസരവും ശുചിത്വം പാലിക്കുക. ഭക്ഷണം ശുചിയുള്ളത് മാത്രം കഴിക്കുക. എന്നിങ്ങനെ ഭഗവാൻ എല്ലാവരെയും ഉപദേശിച്ചുകൊണ്ടിരുന്നു. നമുക്കൊരു കുളിസംഘം ഉണ്ടാക്കിയാൽ നന്നായി എന്നുവരെ ശിഷ്യരോട് പറയുമായിരുന്നു. അക്കാലം താണജാതിക്കാർക്ക് ഇല്ലാതിരുന്ന ഒരു ജീവിതശീലമായിരുന്നു ശുചിത്വം. അവരെ അകറ്റിനിറുത്താനും അശുദ്ധംപറയാനും ഉന്നതജാതിക്കാർ ഈ വൃത്തിയില്ലായ്മ ഒരു കാരണമാക്കി. വൃത്തിയായി വസ്ത്രം ധരിച്ച് നടക്കുന്നവനെ കണ്ടാൽ മാറിനിൽക്കാൻ ആരും പറയില്ല. അതിനാൽ അയിത്തം ഇല്ലായ്മചെയ്യാൻ ശുചിത്വം പാലിക്കണം എന്നു മൊഴിഞ്ഞുകൊണ്ടാണ് ഗുരുദേവൻ ശുചിത്വത്തെ ഒരു ധർമ്മായുധമാക്കി പ്രഖ്യാപിച്ചത്. പരസ്പരം കണ്ടാൽ ജാതി തിരിച്ചറിയുന്ന ഒന്നും ദേഹത്തുകാണരുത് എന്ന് ഗുരു മൊഴിയുമായിരുന്നു. നല്ല വസ്ത്രധാരണരീതിയുണ്ടെങ്കിൽ ഇത് സാധിക്കും. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക, ജാതി നോക്കാതെ വിവാഹംകഴിക്കുക എന്നിവയും ജാതി നിഷേധിക്കാൻ ഗുരു ആയുധമാക്കി. ഒരിക്കൽ ശിഷ്യരുമൊത്ത് യാത്രചെയ്യുമ്പോൾ വഴിമദ്ധ്യേ വിശ്രമിക്കുമ്പോൾ ശിഷ്യരെ കൊതുക് കടിക്കാൻ തുടങ്ങി. അവയെ തല്ലിക്കൊല്ലുന്നത് ഗുരുവിന് ഇഷ്ടമായില്ലെങ്കിലോ എന്നുകരുതി അവർ വിഷമിച്ചു. അപ്പോഴാണ് അവർ ശ്രദ്ധിച്ചത്. ഗുരുവിനെ കൊതുക് കടിക്കുന്നതേയില്ല. ഗുരുവിന്റെ അഹിംസാഭാവം ആവാം അവ കടിക്കാതെ വിടുന്നത് എന്നു കരുതി അവർ. അപ്പോൾ ഗുരുവിന്റെ രസകരമായ മറുപടിവന്നു. നന്നായി തേച്ചുകുളിക്കുന്നതുകൊണ്ടാണ് കൊതുകു കടിക്കാത്തതെന്നു പറഞ്ഞ് അവരെ ശരീരവൃത്തിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധിപ്പിച്ചു. ഇന്നു പക്ഷേ, നമ്മുടെ വൃത്തി പരിസരത്തെ അലങ്കോലപ്പെടുത്തിക്കൊണ്ടാണ് നടപ്പാക്കുന്നത്. നല്ല പച്ചക്കറിയും പഴവും പയർവർഗങ്ങളും ഉൾപ്പെടുത്തുന്ന ഭക്ഷണം ഭക്ഷണത്തിലെ ശുചിത്വബോധത്തിന്റെ ഭാഗമാണ്. സസ്യാഹാരം മാത്രം പാകം ചെയ്യുന്ന വീടും അടുക്കളയും പൊതുവേ ദുർഗന്ധമോ അഴുക്കോ കുറവായിരിക്കും. മത്സ്യം, മാംസം എന്നിവ ഉപയോഗിക്കുമ്പോൾ അവയുടെ അവശിഷ്ടവും അവ മിച്ചംവരുമ്പോൾ ഡിസ്പോസ് ചെയ്യാൻ സ്ഥലമില്ലാത്തതുകൊണ്ടും ക്ഷുദ്രജീവികൾ തെരുവുപട്ടികൾ എന്നിവയുടെ എണ്ണംകൂട്ടാനും ഒക്കെ ഇടയാകും. അടുത്തകാലത്ത് തെരുവുനായ്ക്കൾ ശൗര്യം കൂടിയതും അക്രമകാരികളായതിനും പിന്നിൽ വഴിയരികിൽ തട്ടുന്ന കൂറ്റൻ ചിക്കൻ വേസ്റ്റായിരുന്നു എന്നു പറഞ്ഞാൽ ആർക്കും നിഷേധിക്കാനാവില്ല. പരിസരത്ത് അഴുക്കും വെള്ളക്കെട്ടും കൂടുമ്പോഴാണ് കൊതുക് വർദ്ധിക്കുന്നത്. അതുമൂലം ഒരുപാടുതരം പനികൾ വരുന്നു. അതോടെ ആശുപത്രികളിൽ താങ്ങാനാവാത്ത തിരക്കുണ്ടാകുന്നു. അവിടെയും വൃത്തിയില്ലാത്ത അവസ്ഥവരുന്നു. മനുഷ്യന്റെ ജീവിതശൈലിയിലെ ശുചിത്വക്കുറവാണ് മിക്ക ദുരന്തങ്ങളുടെയും കാരണം. അതിനാൽ ഗുരുവിന്റെ ശുചിത്വചിന്ത നമുക്ക് ഇനിയും പ്രാവർത്തികമാക്കേണ്ടിയിരിക്കുന്നു.











48 Awesome Exercises in a Single Animated Gif
 
Copenhagen-based motion graphic studio CCCCCCC created 100+ animations for the new fitness app 7DailyMoves, 48 of which you can see in the amazing animated gif below.