ശിവഗിരി തീര്‍ത്ഥാടനം
മലയാളം 1103 -ല്‍ ഗുരു കോട്ടയം നാഗമ്പടം ശിവക്ഷേത്രത്തില്‍ വിശ്രമിക്കുമ്പോള്‍ സ്ഥലത്തെ ഭക്ത ജനങ്ങള്‍ ശ്രീ. ടി കെ കിട്ടന് റൈറ്റര്‍ , ശ്രീ. വല്ലഭശേരില്‍ ഗോവിന്ദന് വൈദ്യന് എന്നിവരുടെ നേതൃത്വത്തില്‍ അവിടെയെത്തി;
ഗുരു : എന്താ, വൈദ്യര് വിശേഷിച്ചു റൈറ്റര്‍ ഉം ആയിട്ട് ?
വൈദ്യര് : റൈറ്റര്‍ക്ക് തൃപ്പാദ സന്നിധിയില്‍ ഒരു കാര്യം ഉണര്‍ത്തിച്ചു അനുവാദം വാങ്ങിപ്പാനുണ്ട് .
ഗുരു: എന്താണ് പറയാമല്ലോ ?
വൈദ്യര് : കാര്യങ്ങള്‍ ചോദ്യ രൂപത്തില്‍ അക്കമിട്ടു എഴുതി വച്ചിരിക്കുകയാണ് ?
റൈറ്റര്‍ : " ശിവഗിരി തീര്‍ത്ഥാടനം " (എന്ന് വായിച്ചു )
ഗുരു : തീര്‍ത്ഥാടനം ? ശിവഗിരിയിലോ ? കൊള്ളാം. നമ്മുടെ കുഴല്‍ വെള്ളത്തില്‍ കുളിക്കാം , ശാരദ ദേവിയെ വന്ദിക്കുകയും ചെയ്യാം.നല്ല കാര്യം , വായിക്കണം കേള്‍ക്കട്ടെ .
റൈറ്റര്‍ : കേരളത്തിലെ ഈഴവര്‍ക്ക് ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങള്‍ കല്പ്പിച്ചു അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.
ഗുരു : വര്‍ക്കല ജനാര്‍ദ്ദനം പുണ്യ സ്ഥലമാണല്ലോ . അതിനടുത് ശിവഗിരി കൂടി പുണ്യ സ്ഥലമാകുമോ ?
റൈറ്റര്‍ : ഹിന്ദുക്കളുടെ പുണ്യ സ്ഥലങ്ങളില്‍ ഞങ്ങള്‍ക്ക് പ്രവേശനം ഇല്ല . അല്ലാതെ പോകുന്നവര്‍ക്ക് മര്‍ദ്ദനവും , മാനക്കേടും, പണ നഷ്ടവും ആണ് ഫലം .തൃപ്പാദങ്ങള്‍ കല്പ്പിച്ചാല് ശിവഗിരി പുണ്യസ്ഥലം ആകും . കല്പന ഉണ്ടായാല്‍ മതി.
ഗുരു: നാം പറഞ്ഞാല്‍ ശിവഗിരി പുണ്യസ്ഥലം ആകുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു അല്ലെ?
വൈദ്യര് : ഞങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു.
ഗുരു : അപ്പോള്‍ നാം പറയുകയും നിങ്ങള്‍ രണ്ടാളും വിശ്വസിക്കുകയും ചെയ്താല്‍ അകെ മൂന്നു പേരായി . മതിയാകുമോ ?
വൈദ്യര് : കല്പന ഉണ്ടായാല്‍ ഞങ്ങള്‍ ഇരുപതു ലക്ഷവും ഞങ്ങളെ പോലുള്ള മറ്റു അധ:കൃതരും ശിവഗിരി പുണ്യ സ്ഥലമായി സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യും.
ഗുരു : വിശ്വാസമുണ്ടല്ലോ , കൊള്ളാം ; " അനുവാദം തന്നിരിക്കുന്നു."
റൈറ്റര്‍ : തീര്‍ത്ഥാടനം ആണ്ടിലൊരിക്കല്‍ നടത്തണമെന്നാണ് ആഗ്രഹിക്കുന്നത് .അത് എപ്പോള്‍ , എതു മാസം , തീയതി, നക്ഷത്രം ആയിരിക്കണമെന്ന് കല്പന ഉണ്ടായിരിക്കണം.
ഗുരു : ( അല്പം ആലോചിച്ചിട്ട് ) തീര്‍ത്ഥാകര്‍ ശിവഗിരിയില്‍ വന്നു കൂടുന്നത് യൂറോപീന്‍ മാരുടെ ആണ്ടു പിറപ്പിനു ആയിക്കൊള്ളട്ടെ . ജനുവരി മാസം 1 )o തീയതി . അത് നമ്മുടെ കണക്കിന് ധനു മാസം പതിനാറു , പതിനേഴു, തീയതികളില്‍ ആയിരിക്കണം . അത് നല്ല സമയം ആണ്.
റൈറ്റര്‍ : തീര്‍ത്ഥാകര്‍ വല്ല വൃതവും ആചരിക്കണമോ ? അതിന്റെ രീതികള്‍ക്ക് കല്പന ഉണ്ടായിരിക്കണം.
ഗുരു : നീണ്ട വൃതവും കഠിന വ്യവസ്ഥകളും ഇക്കാലത്ത് എല്ലാവരും ആചരിചെന്നു വരില്ല. പത്തു ദിവസത്തെ വൃതം ശ്രീ ബുദ്ധന്റെ പഞ്ച ശുദ്ധിയോടെ ആചരിച്ചാല്‍ മതിയാകും. വൈദ്യര് എന്ത് പറയുന്നു. ?
വൈദ്യര് : കല്‍പ്പിച്ചത് ധാരാളം മതിയാകും.
ഗുരു : കൊള്ളാം, അതുമതി, നന്നായിരിക്കും.
റൈറ്റര്‍ : തീര്‍ത്ഥാടകരുടെ വസ്ത്ര ധാരണ രീതിയില്‍ വല്ല പ്രത്യേകതയും ഉണ്ടായിരിക്കണമോ ?
ഗുരു : വെള്ള വസ്ത്രം ഗൃഹസ്ഥന്മാരുടെത് , കാഷായം സന്യസിമാരുടെത് , കറുത്ത തുണിയും കരിമ്പടവും ശബരിമലക്കാര്‍ക്ക്. ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് മഞ്ഞ വസ്ത്രം ആയിക്കൊള്ളട്ടെ . ശ്രീ കൃഷ്ണന്റെയും , ശ്രീ ബുദ്ധന്റെയും മുണ്ട് . നന്നായിരിക്കും .
ഈ സമയം കൂട്ടത്തില്‍ ഒരാള്‍ : തീര്‍ത്ഥാകര്‍ രുദ്രാക്ഷം ധരിക്കണമോ?
ഗുരു : വേണ്ട, രുദ്രാക്ഷം കുറെ ഉരച്ചു പച്ചവെള്ളത്തില്‍ കുടുക്കുന്നത് നന്നായിരിക്കും . ഗുണമുണ്ടാകതിരിക്കുകയില്ല .
ഗുരു : ഇനി എന്തെങ്കിലും ചോദിപ്പാനുണ്ടോ ?(സന്ദര്‍ശകര്‍ തലേന്നാള്‍ രാത്രിയില്‍ തയ്യാര്‍ ചെയ്തു വച്ചിരുന്ന ചോദ്യങ്ങള്‍ അവിടെ അവസാനിച്ചു .)
റൈറ്റര്‍ : ഇനി ഒന്നുമില്ല .
ഗുരു : ശ്രീ ബുദ്ധന്റെ പഞ്ച ശുദ്ധി അറിയാമോ വൈദ്യര്‍ക്കു ?
വൈദ്യര് : അറിയാം. "ശരീര ശുദ്ധി , ആഹാര ശുദ്ധി , മന ശുദ്ധി , വാക് ശുദ്ധി , കര്‍മ്മ ശുദ്ധി ."
ഗുരു : ശരി, ഇത് അനുഷ്ഠിച്ചാല്‍ മതിയാകും .മഞ്ഞ വസ്ത്രം എന്ന് നാം പറഞ്ഞതിന് മഞ്ഞപ്പട്ടു വാങ്ങിക്കാന്‍ ആരും തുനിയരുത് . കോടി വസ്ത്രം പോലും ആവശ്യമില്ല. ഉപയോഗത്തില്‍ ഇരിക്കുന്ന വെള്ള വസ്ത്രം മഞ്ഞളില്‍ മുക്കി ഉപയോഗിച്ചിട്ടു പിന്നീടു അലക്കി തെളിച്ചു എടുക്കാം. യാത്ര ആര്‍ഭാടരഹിതമാക്കണം. വിനീതമായിരിക്കണം. ഈശ്വര സ്തോത്രങ്ങള്‍ ഭക്തിയായി ഉച്ചരിക്കുന്നത് കൊള്ളാം. ഇതിന്റെ പേരില്‍ ആര്‍ഭാടങ്ങളും ആടംബരങ്ങളും ഒച്ചപ്പാടുകളും ഉണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപെടുത്തരുത് . ഈഴവര്‍ പണം ഉണ്ടാക്കും , പക്ഷെ മുഴുവന്‍ ചെലവു ചെയ്തു കളയും. ചിലര്‍ കടം കൂടി വരുത്തി വയ്ക്കും . അത് പാടില്ല മിച്ചം വയ്ക്കുവാന്‍ പഠിക്കണം. സമുദായം വിദ്യാഭ്യാസത്തിലും , ധനസ്ഥിതിയിലും , ശുചിത്വത്തിലും വളരെ പിന്നോക്കം . ഈ രീതി മാറണം- മാറ്റണം.
ഗുരു : ഈ തീര്‍ത്ഥാടനം നടത്തുന്നതിന്റെ ഉദ്ദേശം എന്ത് ? ഉന്നുമില്ലന്നുണ്ടോ ?
റൈറ്റര്‍ : ഉദ്ദേശങ്ങള്‍ മുന്‍പ് കല്പിച്ചിട്ടുണ്ടല്ലോ .
ഗുരു : അത് അതിന്റെ രീതികള്‍ അല്ലയോ ? രീതികള്‍ ആണോ ഉദ്ദേശം .(ആരും മറുപടി പറഞ്ഞില്ല . അടുത്തുണ്ടായിരുന്ന വൈദ്യരെയും സന്യാസിമാരെയും ചുറ്റുപാടും നിന്നിരുന്ന ജന പ്രമാണിമാരെയും ഗുരു നോക്കി , എന്നിട്ട് അല്പം ഗൌരവത്തോടെ തുടര്‍ന്നു.. )ആണ്ടിലൊരിക്കല്‍ കുറെ ആളുകള്‍ രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്നും മഞ്ഞ വസ്ത്രവും ധരിച്ചു യാത്ര ചെയ്തു ശിവഗിരിയില്‍ ചെന്ന് ചുറ്റും നടന്നു കളിയും ഊണും കഴിഞ്ഞു പണവും ചിലവാക്കി വീടുകളില്‍ ചെല്ലുന്നത് കൊണ്ട് എന്ത് സാധിച്ചു ? ഒന്നും സാധിച്ചില്ല . വെറും ചെലവും , ബുദ്ധിമുട്ടും ! ഇതു പാടില്ല . ഏതു പ്രവര്‍ത്തിക്കും ഒരു ഉദ്ദേശം വേണം .
(പ്രധാനിയുടെ നേര്‍ക്ക് നോക്കി ഗുരു എഴുതാന്‍ കല്പിച്ചു .)
ശിവഗിരി തീര്‍ത്ഥയാത്രയുടെ ഉദ്ദേശങ്ങള്‍ , സാധിക്കേണ്ട കാര്യങ്ങള്‍ ., അതിന്റെ ലക്ഷ്യം.
1 . വിദ്യാഭ്യാസം
2 . ശുചിത്വം
3 . ഈശ്വര ഭക്തി
4 . സംഘടന
5 . കൃഷി
6 . കച്ചവടം
7 . കൈത്തൊഴില്‍
8 . സാങ്കേതിക പരിശീലനങ്ങള്‍ .
ഈ വിഷയങ്ങളെ കുറിച്ച് പ്രസംഗ പരമ്പര നടത്തണം .ഓരോ വിഷയത്തിലും വൈദഗ്ധ്യം ഉള്ളവരെ ക്ഷണിച്ചു വരുത്തി പ്രസംഗം പറയിക്കണം .ജനങ്ങള്‍ അച്ചടക്കത്തോട് കൂടി ഇരുന്നു ശ്രദ്ധിച്ചു കേള്‍ക്കണം. കേട്ടതെല്ലാം പ്രവര്‍ത്തിയില്‍ വരുത്താന്‍ ശ്രമിക്കണം . അതില്‍ വിജയം പ്രാപിക്കണം. അപ്പോള്‍ ജനങ്ങള്‍ക്കും , രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകും . ശിവഗിരി തീര്‍ത്ഥാടത്തിന്റെ പ്രധാന ഉദ്ദേശം ഇതായിരിക്കണം.
Category: ശിവഗിരി തീർത്ഥാടനം, ശിവഗിരി സന്ദര്‍ശനം