നിങ്ങള്‍ അറിയുന്ന ശ്രീനാരായണഗുരു
-
1. നവോത്ഥാനനായകന്‍ ആയിരുന്ന ശ്രീനാരായണഗുരു ജനിച്ച വര്‍ഷം ?
1856 ആഗസ്റ്റ് 20 (കൊല്ലവര്‍ഷം 1032 ചിങ്ങമാസം ചതയം നക്ഷത്രം)
ചെമ്പഴന്തി (ഈഴവ സമുദായത...

മനുഷ്യ ജീവിതത്തില്‍ പരസ്‌പര പൂരകങ്ങളായ ആത്മീയ ഭൗതിക തലത്തില്‍ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട് മനുഷ്യനെ സമഗ്രതയിലേക്ക് ഉയര്‍ത്തുന്നതിന് ഉതകുന്ന നിഗൂഢവും സുലളിതവുമായ സൂത്രവാക്യങ്ങളുടെ സമാഹാരമാണ് ശ്രീനാരായണ ദര്‍ശനം. തപസ്സിലൂടെ ജ്ഞാനസിദ്ധി കൈവരിച്ച ഗുരു ഇടപെട്ടതും മാനവസമൂഹത്തില്‍നിന്നും ഒഴിവാക്കാനാവാത്ത ആത്മിയ-ഭൗതിക തലത്തിലാണ്.
ഗുരുദര്‍ശനം ജീവിതത്തിന് ലക്ഷ്യബോധം ഉണ്ടാക്കിത്തരുന്നു.
1922 നവംബര്‍ 22ന് വിശ്വമഹാകവി ടാഗോര്‍ ശിവഗിരിയി സന്ദര്‍ശിച്ചപ്പോള്‍ ഗുരുവിന്റെ ചിന്തയും പ്രവര്‍ത്തികളും മനസ്സിലാക്കി പറഞ്ഞു... ജനങ്ങളുടെ കണ്ണു തെളിച്ചുകൊടുക്കണം... എന്ന്. അപ്പോള്‍ ഗുരു പറഞ്ഞു..... ജനങ്ങളുടെ കണ്ണ് തുറന്നുതന്നെയാണിരിക്കുന്നത്. എന്നിട്ടും അവര്‍ക്ക് കാണാന്‍ കാഴിയുന്നില്ലല്ലോ....
മുറയ്‌ക്ക് പഠിച്ചോരേ കണ്ണുള്ളൂ... അപരര്‍തന്‍ മുഖത്തുകാണുന്നതോ... രണ്ടുപുണ്ണുകള്‍ മാത്രം..(തിരുക്കുറള്‍ പരിഭാഷ)
നമ്മുടെ കണ്ണുകള്‍ തുറന്നിരുന്നാലും ലക്ഷ്യബോധമില്ലെങ്കില്‍ ഒന്നും കാണാന്‍ സാധിക്കില്ല. മനസ്സ് ലക്ഷ്യത്തില്‍ ഉറക്കണം. ശ്രദ്ധ കേന്ദ്രീകരിക്കാതെ നമുക്ക് ലക്ഷ്യം നേടാനുമാവില്ല. ഇതിനുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ ഗുരുദര്‍ശനത്തിന് സാധിക്കും.
1952 ജൂലായ് 4ന് ഫ്‌ളോറന്‍സ് ചാഡ്‌വിക് എന്ന് വനിത കാറ്റലീന ചാനല്‍ നീന്തിക്കടക്കുന്ന ആദ്യത്തെ വനിതയാകാനുള്ള ശ്രമത്തിലായിരുന്നു. കനത്ത മഞ്ഞും എല്ലുമരവിപ്പിക്കുന്ന തണുപ്പും കൊമ്പന്‍ സ്രാവുകളുമായി മല്ലിട്ടുംകൊണ്ട് അവര്‍ നീന്തി. കഠിനമായി പരിശ്രമിച്ചെങ്കിലും മൂടല്‍മഞ്ഞിനാല്‍ മറുകര കാണാന്‍ സാധിക്കാതെ അവര്‍ ശ്രമം ഉപേക്ഷിച്ചു. ലക്ഷ്യത്തിന് വെറും അരനാഴിക അകലെവച്ചാണ് താന്‍ ശ്രമം ഉപേക്ഷിച്ചതെന്ന് മനസ്സിലാക്കിയ ചാഡ്‌വിക് നിരാശയായി. രണ്ടുമാസത്തിനുശേഷം അവര്‍ ശ്രമം തുടര്‍ന്നു. ഇത്തവണ കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടുകൂടി ലക്ഷ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതുകൊണ്ട് വിജയിച്ചു. പുരുഷന്മാരുടെ റിക്കാര്‍ഡ് ഭേദിക്കാനും സാധിച്ചു.
യാത്രാമധ്യേ ഒരാള്‍ റോഡുകള്‍ കൂടിച്ചേരുന്നിടത്തെത്തിയപ്പോള്‍ അവിടെ കണ്ട പ്രായം ചെന്ന മനുഷ്യനോട് ഒരു ഭാഗത്തേക്ക് പോകുന്ന റോഡ് എവിടെയെത്തിച്ചേരും എന്ന് ചോദിച്ചു. നിങ്ങള്‍ക്ക് എവിടെയാണ് പോകേണ്ടത് എന്ന മറുചോദ്യം അയാള്‍ ചോദിച്ചു. ....എനിക്കറിയില്ല.... എന്ന് യാത്രക്കാരന്‍ പറഞ്ഞപ്പോള്‍ പ്രായം ചെന്ന മനുഷ്യന്റെ മറുപടി ഇപ്രകാരമായിരുന്നു. .......... എന്നാല്‍ നിങ്ങള്‍ക്ക് ഏത് റോഡിലൂടെയും യാത്ര ചെയ്യാം. അതുകൊണ്ട് ഒരു വ്യത്യാസവും വരാനില്ലല്ലോ.... അത് എത്രശരിയാണ്.

ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ 4 വഴികളുണ്ട്.
1. കൃത്യവും വ്യക്തവുമായ ഒരു ലക്ഷ്യം മനസ്സില്‍ കുറിച്ചിടുക.
2. ഈ ലക്ഷ്യം നേടുവാനായി ഒരു പദ്ധതി രൂപീകരിക്കുക.
3. അത് കുറിച്ചുവയ്‌ക്കുക.
4. ഇത് ദിവസവും രണ്ടുനേരം വായിക്കുക.
ലക്ഷ്യം നിര്‍ണ്ണയിക്കപ്പെടാതെ പോകുന്ന കാരണങ്ങള്‍'
1. ശുഭാപ്‌തി വിശ്വാസമില്ലായ്‌മ.- അപകടങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക.
2. പരാജയഭീതി.- ചെയ്യാന്‍ കഴിഞ്ഞില്ലങ്കിലോ എന്ന ഭീതി.
3. വിജയത്തെക്കുറിച്ച് ഒരുതരം ഭയം കുറഞ്ഞ ആത്മാഭിമാനം - വിജയിച്ചാല്‍ വിജയിയുടെ നിലവാരത്തില്‍ ജീവിക്കേണ്ടിവരുമല്ലോ എന്നുള്ള ഭയം.
4. ഉല്‍ക്കര്‍ഷേച്ഛയുടെ അഭാവം - പൂര്‍ത്തീകരിക്കപ്പെട്ട ജീവിതം നയിക്കാനുള്ള ആഗ്രഹമില്ലായ്‌മ. പരിമിതമായ ചിന്താഗതി പുരോഗതിക്ക് തടസ്സമാകുന്നു.
കഥ: വലയില്‍ കുടുങ്ങിയ വലിയ മത്സ്യങ്ങളെയെല്ലാം ഒരാള്‍ തിരികെ പുഴയിലേക്ക് തന്നെ എറിയുകയായിരുന്നു. ഈ വിചിത്ര പ്രവര്‍ത്തി കാണാന്‍ ഇടയായ മറ്റൊരാള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ മീന്‍ പിടുത്തക്കാരന്‍ പറയുകയാണ്....എന്റെ വറവുചട്ടി തീരെ ചെറുതാണ്..... ഈ പരിമിതമായ ചിന്താഗതിയാണ് പലരുടേയും പുരോഗതിക്ക് തടസ്സം.
5. തിരസ്‌കരിക്കപ്പെടുമെന്നുള്ള ഭയം - ഞാന്‍ ലക്ഷ്യത്തിലെത്തിയില്ലെങ്കില്‍ മറ്റുള്ളര്‍ എന്തുപറയും എന്ന ചിന്ത.
6. നീട്ടിവയ്‌ക്കുന്ന സ്വഭാവം - എന്നെങ്കിലും ഞാന്‍ എന്റെ ലക്ഷ്യം നിര്‍ണ്ണയിക്കും എന്ത ചിന്ത. അടുത്തമാസമാകട്ട.......
7. കുറഞ്ഞ ആത്മാഭിമാനം -
8. ലക്ഷ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ - അവരെ ആരും പഠിപ്പിച്ചുമില്ല.. അവര്‍ പഠിച്ചതുമില്ല.
9. എങ്ങനെ ലക്ഷ്യം നിര്‍ണ്ണയിക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്‌ചപ്പാടില്ലാത്ത അവസ്ഥ. - ഇതിനെ അതിജീവിക്കാന്‍ സത്സംഗം അനിവാര്യമാണ്.
ലക്ഷ്യങ്ങള്‍ സമീകൃതമായിരിക്കണം
നമ്മുടെ ജീവിതം 6 അഴികളുള്ള ഒരു ചക്രം പോലെയാണ്.
1. കുടുംബം - നാം ജീവിക്കുന്നതിനും ഉപജീവനമാര്‍ഗ്ഗം തേടുന്നതിനും കാരണം നാം സ്‌നേഹിക്കുന്ന കുടുംബാംഗങ്ങളാണ്.
2. സാമ്പത്തിക ഘടകം - ഇത് നമ്മുടെ ജോലിയെയും പണം കൊണ്ടു വാങ്ങാന്‍ കഴിയുന്ന വസ്‌തുക്കളെയും സൂചിപ്പിക്കുന്നു.
3. ഭൗതിക ഘടകം - ആരോഗ്യമില്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല (ചുമരില്ലാതെ ചിത്രമെഴുതാന്‍ സാധിക്കില്ല)
4. മാനസികമായ ഘടകം - ഇത് അറിവിനെയും ബുദ്ധിയേയും സൂചിപ്പിക്കുന്നു.
5. സാമൂഹികഘടകം - ഓരോ വ്യക്തിക്കും സംഘടനയ്‌ക്കും സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. ഇതിന്റെ അഭാവത്തില്‍ സമൂഹം നശിക്കുന്നു.
6. ആത്മീയ ഘടകം - മൂല്യസംഹിത നമ്മുടെ സദാചാരബോധത്തെയും സ്വഭാവഗുണത്തെയും പ്രതിനിധീകരിക്കുന്നു.
ഇതിലേതെങ്കിലും ഘടകങ്ങളുടെ ക്രമം തെറ്റുമ്പോള്‍ ജീവിതത്തിന്റെ സമീകൃതസ്വഭാവം നഷ്‌ടപ്പെടുന്നു. ഗുരുദര്‍ശനം നമ്മുടെ ജീവിതത്തെ സമീകൃത സ്വഭാവമുള്ളതാക്കുന്നു.ഗുരുദര്‍ശനം നമ്മേ മൂല്യബോധമുള്ളവരാക്കുന്നു

ദുരാഗ്രഹിയായ മിഡാസ് രാജാവിന്റെ കഥ പ്രസക്തമാണ്. ഒരുദിവസം രാജാവിന്റെ അടുക്കല്‍ ഒരു അപരിചിതന്‍ വന്നു. അദ്ദേഹത്തിന് ഒരു വരം നല്‍കാമെന്ന് പറഞ്ഞു. താന്‍ തൊടുന്നതെല്ലാം സ്വര്‍ണ്ണമായി മാറുന്ന വരം നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നാളെ സുര്യോദയത്തിനു മുമ്പ് താങ്കള്‍ക്ക് വരം ഫലിച്ചുതുടങ്ങും എന്ന് അപരിചിതന്‍ വരവും നല്‍കി യാത്രയായി. പിറ്റേന്ന് കാലത്ത് ഉണര്‍ന്ന രാജാവ് ഉണര്‍ന്ന ശേഷം കിടക്കയില്‍ തൊട്ടപ്പോള്‍ അത് സ്വര്‍ണ്ണമായിമാറി. ഉദ്യാനത്തിലേക്ക് പോകുന്നതിനുമുമ്പായി ഒരു പുസ്‌തകം എടുക്കാന്‍ ശ്രമിച്ചു. പുസ്‌തകവും സ്വര്‍ണ്ണമായി. രാജാവിന് സന്തോഷം ഇരട്ടിച്ചു. പിന്നീട് ആഹാരം കഴിക്കാനായി ഇരുന്നു. തൊട്ട ഭക്ഷണവും സ്വര്‍ണ്ണമായി. അങ്ങനെ ആഹാരം കഴിക്കാന്‍ സാധിക്കാതെയായി. ആ സമയം തന്റെ പുത്രി ഓടിവന്നു. അദ്ദേഹം പുത്രിയെ കെട്ടിപ്പിടിച്ച് ചുമ്പിച്ചു. അപ്പോള്‍ പുത്രിയും സ്വര്‍ണ്ണപ്രതിമയായി മാറി. രാജാവ് വിഷമത്തിലായി. ഭക്ഷവും ഇല്ല പുത്രിയും ഇല്ലാതായതോടെ രാജാവിന്റെ സങ്കടം വര്‍ദ്ധിച്ച് ഭ്രാന്താകുമെന്ന അവസ്ഥയായി. അപ്പോള്‍ അപരിചിതന്‍ പ്രത്യക്ഷനായി. എന്താ തൊട്ടതെല്ലാം സ്വര്‍ണ്ണമായില്ലേ സന്തോഷമായില്ലേ എന്ന് ചോദിച്ചു. അപ്പോള്‍......ലോകത്തില്‍ ഏറ്റവും ദുഃഖം അനുഭവിക്കുന്ന വ്യക്തി താനാണ് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. രാജാവ് അപരിചിതനോട് കരഞ്ഞുകൊണ്ട് മാപ്പ് അപേക്ഷിച്ചു. വരം തിരിച്ചെടുക്കണമെന്നും തനിക്ക് ഇപ്പോഴാണ് ജ്ഞാനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അപരിചിതന്‍ വരം തിരിച്ചെടുക്കുകയും രാജാവിന് പുത്രിയെ തിരികെ ലഭിക്കുകയും ചെയ്‌തു.
1. നമ്മുടെ വികലമായി മൂല്യബോധം ദുരന്തത്തിലേക്ക് നയിക്കും.
2. ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടാതിരിക്കുന്നതിനേക്കള്‍ വലിയ ദുരന്തമായിരിക്കും ആഗ്രഹിക്കുന്നതെല്ലാം നേടുന്നത്.
കടപ്പാട് : സുരേഷ് ബാബു മാധവന്‍
ശ്രീനാരായണ ഗുരുദേവന്റെ ആശ്ചര്യ ചിന്തകൾ!!!
ശ്രീനാരായണ ഗുരുദേവന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ താത്കാലിക കേന്ദ്രം അരുവിപ്പുറമായിരുന്നല്ലോ. പിന്നോക്ക വിഭാഗത്തിൽ പെട്ട ഈഴവ-തീയ ജനതയുടെ സാമൂഹിക ജീവിതത്തിൽ മൗലിക ചില പരിഷ്കാരങ്ങൾ അടിയന്തിരമായ ഏർപ്പെടുത്തേണ്ടത് അതിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കു അത്യന്താപേക്ഷി തമായി ഗുരുദേവൻ കണ്ടു.അതിന്റെ വിജയത്തിനു വേണ്ടി യോഗത്തിന്റെ ആദർശങ്ങളെ സാക്ഷാൽക്കരിക്കാൻ സ്വാമി പലയിടങ്ങളിലും ചുറ്റി സഞ്ചരിച്ചു. പലതും കണ്ടു മനസ്സിലാക്കി.അന്ധമായ പാരമ്പര്യത്തിലെ അധിഷ്ഠിതമായ അനാചാരങ്ങളെ അനുകരിക്കുന്നതിൽ നിന്നും സമുദായത്തെ പിന്തിരിപ്പിക്കാൻ ചിലനിയമങ്ങൾ തന്നെ ഏർപ്പെടുത്തേണ്ടതായി വന്നു. താലികെട്ടിടയന്തിരം എന്ന കെട്ടുകല്ല്യാണം നിറുത്തൽ ചെയ്തതെങ്ങനെയെന്നു 'ശ്രീ നാരായാണ ഗുരുദേവന്റെ ആശ്ചര്യ ചിന്തകൾ' എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പ്രതിപാദിച്ചിരിക്കുന്നു: "സ്വാമി തൃപ്പാദങ്ങൾ കരുംകുളത്തുവന്നാൽ പതിവായി താമസിച്ചിരുന്നതു ഞങ്ങളുടെ പഴയ തറവാടിനോടനുബന്ധിച്ചുള്ള പൂജാമുറിയിലാണ് .(റിട്ടയേർഡ് ജഡ്ജി കരുങ്കുളം വാസുദേവന്റെ അനുഭവമായിട്ടാണ് ഗോപാലൻ തന്ത്രി ആ സംഭവം വിവരിക്കുന്നത് .) എന്റെ പിതാമഹൻ നടത്തിപ്പോന്ന പൂജാനുഷ്ഠാനങ്ങളിൽ ഞാൻ സംബന്ധിക്കാറുണ്ട്. പൂജാമുറിയിൽ പ്രതിഷ്ഠിച്ചിരുന്ന ഗുരുദേവ ചിത്രത്തിനു മുമ്പിൽ പൂജ ചെയ്യാൻ ബാല്യകാലത്തു എനിക്കവസരം കിട്ടിയിരുന്നു .... ഞങ്ങളുടെ പഴയ കുടുംബത്തിൽ വച്ചാണ് കെട്ടുകല്യാണം എന്ന അനാചാരത്തിനു സ്വാമി വിരാമമിട്ടത്.അച്ഛന്റെ രണ്ട് ഇളയ സഹോദരിമരുടെ കെട്ടു കല്യാണമായിരുന്നു അത്. ദശവർഷങ്ങളായി നിലനിന്നുപോന്ന ആ ദുരാചാരം സദാചാരമെന്നും തറവാടിത്തമെന്നും അന്തസ്സെന്നും വിചാരിച്ചും വിശ്വസിച്ചും പോന്നിരുന്ന ഒരു വലിയ സമുദായത്തിന്റെ അംഗീകാരവും വിശ്വാസവും ഗുരുവിന്റ കല്പനാ ശക്തിയാൽ മാറ്റിയെടുക്കാൻ കഴിഞ്ഞത് ഒരു വൻപിച്ച നേട്ടമാണ്; അത്ഭുതമാണ്'' കെട്ടു കല്യാണം നിറുത്തൽ ചെയ്ത സംഭവം കുറേക്കൂടി വിശദമായി 'ശ്രീ നാരായണഗുരുസ്വാമികൾ ' എന്ന ജീവചരിത്ര ഗ്രന്ഥത്തിലുണ്ട്. "നെയ്യാറ്റിൻകര കരുങ്കുളത്തു വലിയ ഒരു ഗൃഹസ്ഥനും സ്വാമി തൃപ്പാദങ്ങളുടെ വിശ്വസ്ത ഭക്തനുമായ ഒരു ഈഴവ മാന്യന്റെ ഏകപുത്രിയുടെയും മറ്റ് ഏതാനും ബാലികമാരുടെയും താലി കെട്ടുകല്യാണം നടത്താനുള്ള ഒരുക്കങ്ങൾ പൊടിപൂരമായി നടന്നു വരുകയായിരുന്നു. ഈ വിവരമറിഞ്ഞ സ്വാമി തൃപ്പാദങ്ങൾ മുഹൂർത്ത സമയ ത്തെവിടെയെത്തി.അതിവിശാലവും പണം ദുർവ്യയം ചെയ്തു തീർത്ത അതി മനോഹരവുമായ പന്തലിൽ വാദ്യഘോഷങ്ങളോടും മറ്റനേകം ആഡംബരങ്ങളോടും കൂടി ശുഭമുഹൂർത്തത്തിൽ തന്നെ താലികെട്ടൽ കർമ്മത്തിനു വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തു പെൺകുട്ടികളെ യഥാസ്ഥാനത്തു അലങ്കരിച്ചിരുത്തിയിരുന്നു .നാനാജാതി മതസ്ഥരായ അതിഥികളെ അവിടെ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. സദ്യയുടെ കേമമായ സ്വഭാവം കൊണ്ട് വീടും പറമ്പും തിക്കിത്തിരുക്കി വലിയൊരു പുരുഷാരം അവിടെ തടിച്ചുകൂട്ടിയിരുന്നു. കൗരവസദസിലേയ്ക്കു പുറപ്പെട്ട ശ്രീ കൃഷ്ണനെപ്പോലെ സ്വാമി തൃപ്പാദങ്ങൾ അവിടെയെത്തിയപ്പോൾ പലർക്കും സമ്മിശ്ര വികാരങ്ങളാണുണ്ടായത്.പ്രധാനപ്പെട്ട പെൺകുട്ടിയുടെ അച്ഛനെ അടുത്തു വിളിച്ചിട്ട് സ്വാമി പറഞ്ഞു ." കെട്ടു കല്യാണം ആവശ്യമുള്ളതല്ല, നാം ഇതിനെപ്പറ്റി പലപ്പോഴും ജനങ്ങളെ അറിയിച്ചിട്ടും ഇതുവരേയും നിങ്ങൾ അതു കേൾക്കുന്നില്ലല്ലോ. നിങ്ങളുടെ ഗുണത്തിനയിട്ടാണ് പറയുന്നത്. നമ്മുടെ വാക്കിൽ നിങ്ങൾക്കു വിശ്വാസമുണ്ടെങ്കിൽ കെട്ടു കല്യാണം നടത്താതെ കഴിക്കണം.'' ഇതു കേട്ടിട്ടു ഗൃഹസ്ഥൻ വിനീതനായി മറുപടി കൊടുത്തു. " സ്വാമി എങ്ങെനെ കൽപ്പിക്കുന്നോ അങ്ങെനെ, ഞങ്ങളുടെ കുടുംബത്തിൽ മേലാൽ കെട്ടു കല്യാണം നടത്തുകയില്ല.'' അതു കേട്ടിട്ടുസ്വാമി തുടർന്നു: "അതുപോരാ, ഈ കെട്ടു കല്യാണം തന്നെ അനാവശ്യമാണ്;നിരർത്ഥകമാണ്. അതു നിങ്ങൾക്കു മുടക്കിക്കൂടെ? മുടക്കിയതുകൊണ്ട് ആർക്കും ഒരു ദോഷവും വരാനില്ല." അതു കേട്ടു ഗൃഹസ്ഥൻ വനിതനായി അറിയിച്ചു;" സ്വാമി കൽപ്പിക്കുന്നതു കേൾക്കാൻ എനിക്കു സമ്മതമാണ്.'' ഉടനെ സ്വാമി പന്തലിൽ അണിഞ്ഞൊരുങ്ങിയിരുന്ന പെൺകുട്ടികളെ വിളിച്ച് അവർക്കു പഴവും പൂവും നൽകി അകത്തേയ്ക്ക് പറഞ്ഞയച്ചു. എന്നിട്ട് ഇങ്ങനെ കല്പിച്ചു;" ഈ കെട്ടു കല്യാണം ഞാൻ മുടക്കിയിരിക്കുന്നു. സ്വജനങ്ങളിൽ ആരും ഈ അനാവശ്യമായ അടിയന്തിരം മേലാൽ നടത്തരുതെന്നാണു ഞാൻ ആഗ്രഹിക്കുന്നത്.'' അത് അലംഘനീയമായ ഒരു അജ്ഞയായിരുന്നു. അതോടു കൂടി കെട്ടു കല്യാണം തുടങ്ങിയ അനാചാരങ്ങൾ ഈഴവ സമുദായത്തിൽ മാത്രമല്ല ഇതര സമുദായങ്ങളിലും നാമാവശേഷമായിത്തീർന്നു.തുടർന്നാണു സ്വാമി അന്ധവിശ്വാസജടിലമെന്നു പറയാവുന്ന ബഹുഭാര്യാത്വംമൃഗബലി തുടങ്ങിയ ദുരാചാരങ്ങൾക്കു അറുതി വരുത്തിയത്. |
Posted: 04 Sep 2015 09:50 AM PDT
മഹാകവി ഉള്ളൂര്‍ 1920 ന് ശേഷം ഗുരുദേവനെ മിക്കവാറും സന്ദര്‍ശിക്കുമായിരുന്നു.അക്കാലത്ത് അദ്ധേഹം പേഷ്കാരാണ്.ഔദ്യോഗികകാര്യങ്ങള്‍ക്ക് ആറ്റിങ്ങല്‍ വരുമ്പോഴോക്കയും ഗുരുദേവനെ കാണുവാന്‍ എത്താറുണ്ടായിരുന്നു.ഗുരുദേവന്‍ തിരക്കില്‍നിന്നും ഒഴിഞ്ഞിരിക്കുന്നിടത്താണ് പലപ്പോഴും സന്ധിക്കുന്നത്.ശിവഗിരി ഹൈസ്കൂളിന്റെ പണിനടന്നിരുന്ന കാലം അന്നൊരിക്കല്‍ ഉച്ച സമയത്ത് ഉള്ളൂര്‍ വരുമ്പോള്‍ ഗുരുദേവന്‍ പണിസ്ഥലത്തുണ്ട്.രണ്ടാളും തമ്മില്‍ കുറെ സമയം സംസാരിച്ചിരുന്നു.ഒടുവില്‍ ഗുരുദേവന്‍ അദ്ധേഹത്തെ ഉച്ചയൂണിനു ക്ഷണിച്ചു.ഗുരുദേവന്‍ സ്വന്തം വാഹനത്തിലും ഉള്ളൂര്‍ ഔദ്യോഗിക വാഹനത്തിലും ശിവഗിരിയിലെത്തി.രണ്ടാളും ഭക്ഷണത്തിനിരുന്നു.നെല്ലുകുത്തിയ പച്ചരിച്ചോറും,ഒഴിക്കുവാന്‍ സാമ്പാറും മോരും,ഉപദംശങ്ങള്‍ പച്ചടി,അവിയല്‍,തോരന്‍,ചമ്പന്തി,പപ്പടം,പായസം എന്നിങ്ങനെ ആയിരുന്നു വിഭവങ്ങള്‍.ഭക്ഷണം പാകം ചെയ്യുന്നത് ശങ്കു ഭക്തനായിരുന്നു എങ്കിലും വിളമ്പുന്നത് രണ്ടു ഹരിജന്‍ ബ്രഹ്മചാരികള്‍ ആയിരുന്നു.കുളിച്ചു ചന്ദനക്കുറിയുമിട്ട് വെള്ള വസ്ത്രവും ധരിച്ചു നില്‍ക്കുകയായിരുന്നു അവര്‍.ഭക്ഷണം കഴിഞ്ഞു വിശ്രമിക്കുമ്പോള്‍ ഗുരുദേവന്‍ അവരെകൊണ്ട് ഉപനിഷത്തുക്കള്‍ ചൊല്ലിപ്പിച്ച് ഉള്ളൂരിനെ കേള്‍പ്പിച്ചു (ഇവര്‍ ദളിതരാണ് എന്നത് ഉള്ളൂര്‍ മനസിലാക്കിയിരുന്നു).
|
Posted: 04 Sep 2015 09:48 AM PDT
മനുഷ്യനെ തെറ്റായ മാര്‍ഗത്തിലേക്ക് എല്ലായ്പോഴും നയിക്കുന്നത് അവന്റെ അഞ്ച് ഇന്ദ്രിയങ്ങളാണ് എന്നതും, ഇന്ദ്രിയ വിഷയങ്ങളെ മനസ്സും, ബുദ്ധിയും സദാ പിന്തുടരുന്നു എന്നതും തര്‍ക്കമില്ലാത്ത വസ്തുതയാണ്. നിങ്ങള്‍ കുറച്ച് "സാധാരണക്കാരായ" സുഹൃത്തുക്കളോട് കൂടിയിരിക്കുന്ന സമയത്ത് ഒരു ആത്മീയ വിഷയം എടുത്ത്, അതിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങുക. ഉടനെ തന്നെ വിമര്‍ശനങ്ങള്‍ വരുന്നത് കാണാം, "വേറെ ഒന്നും പറയാന്‍ ഇല്ലേ" എന്നും മറ്റുമായി. ഒരു പക്ഷെ നിങ്ങളെ "ഭ്രാന്തന്‍" എന്ന് തന്നെ വിളിച്ചുകൂട എന്നില്ല. അതെ സമയം ഒരു സ്ത്രീയെ കുറിച്ചോ, അങ്ങിനെ ഉള്ള വിഷയങ്ങളെ കുറിച്ചോ സംസാരിക്കാന്‍ തുടങ്ങി എന്ന് കരുതുക, അഞ്ചു വയസ്സുള്ള ചെറിയ കുട്ടി മുതല്‍ നൂറു വയസ്സായ അപ്പൂപ്പനോ അമ്മൂമ്മയോ പോലും കാതും കൂര്‍പ്പിച്ചു വരുന്നത് കാണാം, കൂടാതെ ഒരുപാട് "comments" ഉം "like" ഉം അവരില്‍ നിന്ന് കിട്ടുകയും ചെയ്യും. പരിമിതി മൂലം ഒരു ചെറിയ ഉദാഹരണം പറഞ്ഞു എന്ന് മാത്രം. മനുഷ്യന്റെ ചെവി എന്ന ഇന്ദ്രിയം അവനെ നരകത്തിലേക്ക് നയിക്കുന്ന ഒരു ഉദാഹരണം ആണ് ഈ പറഞ്ഞത്. ഇതുപോലെ ഓരോ ഇന്ദ്രിയത്തിനും പൈശാചിക വിഷയങ്ങളിലേക്ക് അടുക്കുവാനുള്ള വാസന, സാത്വിക വിഷയങ്ങളെ അപേക്ഷിച്ച് എപ്പോഴും വളരെ കൂടുതലാണ്. ഒളിമുതലാം പഴമഞ്ചുമുണ്ട് നാറും നളികയിലേറി നയേന മാറിയാടും കിളികളെയഞ്ചു മരിഞ്ഞു കീഴ്മറിക്കും വെളിവുരുവേന്തി അകം വിളങ്ങിടെണം എന്ന് ഭഗവാന്‍ ശ്രീ നാരായണ ഗുരു നമ്മോടു പറഞ്ഞതിന്റെ സാരം ഇത് തന്നെ ആണ് എന്ന് ഏവര്‍ക്കും അറിയാമല്ലോ..! കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക് എന്നിവയാണ് മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങള്‍. വെറും സാധാരണക്കാര്‍ ആയ ജനങ്ങളുടെ ഈ പറഞ്ഞ ഇന്ദ്രിയങ്ങളെ വളരെ പെട്ടെന്ന് തന്നെ, സാത്വിക മാര്‍ഗത്തിലേക്ക് നയിക്കുവാനുള്ള ശാശ്ത്രീയമായ ഒരേ ഒരു മാര്‍ഗമാണ് ക്ഷേത്ര ദര്‍ശനം. 1) ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം, എന്നിവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും 2) ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും 3) പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും 4) ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം എന്നിവ നമ്മുടെ ചെവികളെയും 5) ചന്ദനം, ഭസ്മം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും സ്വാര്‍ത്ഥ, ലൗകിക, പൈശാചിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വരനില്‍ ലയിപ്പിക്കുന്നു. ഇന്ദ്രിയ വിഷയങ്ങളെ മനസ്സും ബുദ്ധിയും പിന്തുടരുന്നതിനാല്‍, കാലം ചെല്ലുമ്പോള് ആസക്തി മാറി, ഭക്തിയും വിരക്തിയും വര്‍ദ്ധിച്ച് ഇതൊന്നും കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രം അല്ലാതെ, സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരനെ ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു. മുകളില്‍ പറഞ്ഞതില്‍ നിന്ന് ഒരു ചോദ്യം ഉടനെ തന്നെ ഉയരാം, അതായത് വിഗ്രഹം ഈശ്വരന്‍ ആണോ, അതോ വിഗ്രഹത്തില്‍ ഈശ്വരന്‍ ഉണ്ടോ... എന്നൊക്കെ. അതിനും മറുപടി ഉണ്ട്. നിങ്ങളുടെ അച്ഛന്റെയോ അമ്മയുടെയോ ഫോട്ടോ കാണിച്ചിട്ട് ഞാന്‍ നിങ്ങളോട് "ഇതാരാണ്" എന്ന് ചോദിച്ചാല്‍ നിങ്ങള്‍ പറയും "എന്റെ അച്ഛന്‍" അല്ലെങ്കില്‍ "എന്റെ അമ്മ" എന്ന്. അത് ശരിയാണോ ? കാരണം ഞാന്‍ നിങ്ങളെ കാണിച്ചത് ഒരു കടലാസ് കഷണം, അത് എങ്ങിനെ നിങ്ങളുടെ "അച്ഛന്‍" അല്ലെങ്കില്‍ "അമ്മ" ആകും ? സത്യത്തില്‍ ഞാന്‍ കാണിച്ചത് കടലാസ് ആണ് എന്ന് നിങ്ങൾക്ക് പൂര്‍ണ്ണ ബോധം ഉണ്ട്. എന്നിട്ടും അതിനെ "അച്ഛന്‍" എന്ന് പറയാന്‍ കാരണം, നിങ്ങള്‍ കടലാസില്‍ കാണുന്നത് സ്വന്തം അച്ഛനെ ആണ് എന്നത് കൊണ്ടാണ്. ഒപ്പം അറിയുകയും ചെയ്യാം, അത് അച്ഛന്‍ അല്ല എന്ന്. ഇത് തന്നെ ആണ് ഭഗവാന്‍ ശ്രീ നാരായണ ഗുരു "എല്ലാവരും ആരാധിക്കുന്നത് ഈശ്വരനെ ആണ്, ബിംബത്തെ അല്ല" എന്ന് "ബുദ്ധിമാന്മാരെന്നു സ്വയം വിശ്വസിക്കുന്ന" വിഡ്ഢികളായ യുക്തിവാദികളോട് വിളിച്ചു പറഞ്ഞത്. ഈ സത്യം മനസ്സിലാക്കി ക്ഷേത്രദര്‍ശനം നടത്തുന്നവന് അതൊരു മഹാ അനുഭവം തന്നെ ആണ്. എന്നാല്‍ ഈ സത്യം മനസ്സിലാക്കാത്തവര്‍, പട്ടി ചന്തക്കു പോകും പോലെ ക്ഷേത്രത്തില്‍ പോകുന്നു, ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്നു... ഞാനും അത് തന്നെ ചെയ്യുന്നു. ഇനി അതായിട്ടു ഒരു കുറവ് വേണ്ട, എന്ന മട്ടില്‍..! ഈ ശാസ്തീയമായ വസ്തുത നിങ്ങളും നിങ്ങളുടെ എല്ലാ വേണ്ടപ്പെട്ടവരോടും, സ്നേഹത്തോടെ പറഞ്ഞു കൊടുത്ത്, അവരുടെ ശ്രദ്ധയെ അന്ധവിശ്വാസത്തിന്റെയും അജ്ഞാനതിന്റെയും മാര്‍ഗ്ഗത്തില്‍ നിന്നും ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവ തൃപ്പാദങ്ങളിലേക്ക് തിരിച്ചു വിടുവാന്‍ അപേക്ഷിക്കുന്നു..! |
You are subscribed to email updates from ഗുരുദേവ ചരിത്രം To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |