.

'' മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍....''

'' മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
                   മാറ്റുമതുകളീ നിങ്ങളെത്താന് ‍....''
 സമൂഹത്തില്‍ നിലനിന്നു പോന്ന അനാചാരങ്ങള്‍ക്കെതിരെ ഒരു ജനതയെ ഉണര്‍ത്തിയ ആശാന്‍ വരികള്‍ എക്കാലവും പ്രസക്തി നേടുന്നവയാണ്.

കുമാരനാശാൻ സ്നേഹഗായകനാണ്‌, വിപ്ലവകാരിയാണ്‌, സാമൂഹ്യപരിഷ്കർത്താവാണ്‌, രാഷ്ട്രീയക്കാരനാണ്‌, എല്ലാറ്റിനുമുപരി സ്വാതന്ത്ര്യാരാധകനാണ്‌. “സ്നേഹമാണഖിലസാരമൂഴിയിൽ” എന്നു പാടിയ മഹാകവി, സ്വാതന്ത്ര്യം തന്നെ അമൃതം/സ്വാതന്ത്ര്യം തന്നെ ജീവിതം/ പാരതന്ത്ര്യം മാനികൾക്കു/ മൃതിയെക്കാൾ ഭയാനകം എന്നും പാടിയിട്ടുണ്ട്‌. കൊല്ലവർഷം 1083 വൃശ്ചികത്തിൽ (1908-ൽ) വീണപൂവ്‌ എന്ന മനോഹര കാവ്യം രചിച്ചതോടെയാണ്‌ മഹാകവി കുമാരനാശാൻ മലയാളകവിതയുടെ ചരിത്രത്തിൽ ഒരു നൂതനാധ്യായമെഴുതി ചേർത്തത്‌. 1891-ൽ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയത്‌ കുമാരനാശാന്റെ ജീവിതത്തിലെ വഴിത്തിരിവായി. സംസ്കൃതഭാഷയും, ഇംഗ്ലീഷ്‌ ഭാഷയും അഭ്യസിക്കുന്നതുൾപ്പെടെ പലതും നേടിയെടുക്കാൻ ആ കണ്ടുമുട്ടലിലൂടെ ആശാനു കഴിഞ്ഞു.

 1873 ഏപ്രില്‍ 12 (1048 മേടം 1ന്‌) ചിത്രപൌര്‍ണ്ണമി ദിവസം തിരുവനന്തപുരം ജില്ലയില്‍ കായിക്കര എന്ന കടലോര ഗ്രാമത്തിലെ തൊമ്മന്‍ വിളാകം എന്ന ഭവനത്തില്‍ കുമാരനാശാന്‍ ജനിച്ചു. പിതാവ്‌ : നാരായണന്‍. മാതാവ്‌: കാളിയമ്മ (കൊച്ചുപെണ്ണ്‌) പാരമ്പര്യ രീതിയിലുള്ള വിദ്യാഭ്യാസത്തിനു ശേഷം അധ്യാപകനായും ഒരു വ്യാപാരിയുടെ കണക്കെഴുത്തുകാരനായും ജോലി നോക്കി. മണമ്പൂറ്‍ ഗോവിന്ദനാശാന്‍ നടത്തിയിരുന്ന സംസ്കൃത വിദ്യാലയത്തില്‍ സംസ്കൃതത്തില്‍ ഉപരിപഠനം നടത്തി. ചിന്താശീലനായിരുന്നു കുമാരനാശാന്‍. ചെറുപ്രായത്തില്‍ തന്നെ കവിതാരചനയില്‍ ഏര്‍പ്പെട്ടു. പ്രധാനമായും സ്ത്രോത്രകൃതികളാണ്‌ അക്കാലത്ത്‌ രചിച്ചത്‌.

1891ല്‍ ഗുരുദേവനെ  കണ്ടുമുട്ടിയത്‌ കുമാരനാശാന്റെ ജീവിതത്തിലെ വഴിത്തിരിവായി. അസാധാരണമായ ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കമായിരുു അത്‌. ഗുരുവിനോടൊപ്പം അരുവിപ്പുറത്ത്‌ കഴിച്ചുകൂട്ടിയ ആദ്യവര്‍ഷങ്ങളില്‍ സംസ്കൃതം, തമിഴ്‌, യോഗവിദ്യ, വേദാന്തം എന്നീ വിഷയങ്ങള്‍ അഭ്യസിച്ചു. കുമാരന്റെ കഴിവുകള്‍ കണ്ട ഗുരു അദ്ധേഹത്തെ ഡോക്ടര്‍ പല്പുവിന്റെ സംരക്ഷണയില്‍ ബംഗ്ലൂരിലും, മദ്രാസിലും, കല്‍ക്കട്ടയിലും ഉപരി പഠനത്തിനായി അയച്ചു. . ബാംഗ്ളൂരിലും മദ്രാസിലും കല്‍ക്കത്തയിലുമായിരുന്നു വിദ്യാഭ്യാസം. ഇംഗ്ളീഷ്‌ ഭാഷയിലും സാഹിത്യത്തിലും അവഗാഹം നേടുവാന്‍ കല്‍ക്കത്തയിലെ വാസം കുമാരനാശാനെ സഹായിച്ചു. 1900-ല്‍ അരുവിപ്പുറത്തു തിരിച്ചെത്തി.

ചിന്നസ്വാമി എന്നു പരക്കെ അിറയപ്പെടുവാന്‍ തുടങ്ങിയ ആശാന്‍ 1903- ല്‍ എസ്‌.എന്‍.ഡി.പി. യോഗം സ്ഥാപിതമായപ്പോള്‍ അതിന്റെ സെക്രട്ടറിയായി.1904 ല്‍ യോഗത്തിന്റെ മുഖപത്രമായ വിവേകോദയം ആശാന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ചു. അനന്തരകാലത്ത്‌ ചെറായിയില്‍ നിന്നും പ്രസീദ്ധപ്പെടുത്തിയ 'പ്രതിഭ മാസിക'യുടെ പത്രാധിപരായും കുമാരനാശാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1907 ല്‍ വീണപൂവ്‌ പ്രസിദ്ധപ്പെടുത്തിയതോടു കൂടി പ്രതിഭാശാലിയായ ഒരു കവിയെന്ന നിലയില്‍ കുമാരനാശാന്‍ ശ്രദ്ധേയനായി. നളിനിയും ലീലയും തുടര്‍ന്ന്‌ പ്രസിദ്ധീകൃതമായപ്പോള്‍ ആശാന്റെ പ്രശസ്തിയും അംഗീകാരവും വര്‍ദ്ധിച്ചു.1914 ല്‍ യോഗത്തിന്റെ പ്രധിനിധിയായി ശ്രീമൂലം പ്രജാ സഭയിലേക്ക് നോമിനേറ്റ് ചെയ്യപെട്ടു. അക്കാലത്തു പിന്നോക്ക സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി ശ്രേദ്ധേയമായ പ്രസംഗങ്ങള്‍ നടത്തി . 1918 ല്‍ ഭാനുമതിയമ്മയെ വിവാഹം ചെയ്തു. വിവാഹാനന്തരം തോയ്ക്കല്‍ എന്ന സ്ഥലത്ത്‌ കുറെ സ്ഥലം വാങ്ങി വീടു വെച്ച്‌ സ്ഥിരവാസമായി. ആശാന്‍- ഭാനുമതിയമ്മ ദമ്പതികള്‍ക്ക്‌ രണ്ട്‌ പുത്രന്‍മാരുണ്ടായി. സുധാകരന്‍, പ്രഭാകരന്‍. 1922 ല്‍ കേരളത്തിലെ മഹാകവി എന്ന നിലയില്‍ ഇംഗ്ളണ്ടിലെ വെയിത്സ്‌ രാജകുമാരനില്‍ നിന്നും പട്ടും വളയും സമ്മാനമായി സ്വീകരിച്ചു.  1924 ജനുവരി 16ന്‌ (51 ാം വയസ്സില്‍) മലയാള സാഹിത്യത്തിനു വിശിഷ്ടങ്ങളായ കാവ്യങ്ങള്‍ സമ്മാനിച്ച ആ മഹാനുഭാവന്‍ കൊല്ലത്തുനിന്ന് ആലപുഴയ്ക്കുള്ള ഒരു ബോട്ട് യാത്രയില്‍ ( റെഡിമര്‍ എന്ന ബോട്ട് )  പല്ലനയാറ്റില്‍ വച്ച് അപകടത്തില്‍ പെട്ട് ഭൌതിക ലോകത്തോട്‌ വിട പറഞ്ഞു.
വീണപൂര്‌ (1907), ഒരു സിംഹപ്രസവം (1908), നളിനി (1911), ലീല (1914), ബാലരാമായണം (1916), ശ്രീബുദ്ധചരിതം (1917--1924), ഗ്രാമവൃക്ഷത്തിലെ കുയില്‍ (1918), പ്രരോദനം, ചിന്താവിഷ്ടയായ സീത (1919), പുഷ്പവാടി, ദുരവസ്ഥ, ചണ്ഢാലഭിക്ഷുകി (1922), കരുണ (1923), മണിമാല (1924), വനമാല (1924) എന്നിവയാണ്‌ പ്രധാനപ്പെട്ട കാവ്യകൃതികള്‍. സൌന്ദര്യലഹരിയുടെ പരിഭാഷ, സ്ത്രോത്ര കൃതികളായ നിജാനന്ദവിലാസം, ശിവസ്ത്രോത്രമാല, സുബ്രഹ്മണ്യശതകം എന്നിവ വീണപൂവിന്‌ മുമ്പ്‌ പുറത്തു വന്നു.

പ്രബോധചന്ദ്രോദയം (തര്‍ജ്ജമ), വിചിത്രവിജയം എന്നിവ നാടകകൃതികളാണ്‌. രാജയോഗം (തര്‍ജ്ജമ), മൈത്രേയി (കഥ- തര്‍ജ്ജമ) ഒരു ദൈവികമായ പ്രതികാരം (കഥ-തര്‍ജ്ജമ), മനഃശക്തി, മതപരിവര്‍ത്തന സംവാദം, നിരൂപണങ്ങള്‍ (നിരൂപണപരങ്ങളായ ലേഖനങ്ങളുടെ സമാഹാരം) എന്നിവയാണ്‌ ഗദ്യകൃതികള്‍..

ഡോ. പൽപ്പുവിന്റെ ആതിഥ്യം സ്വീകരിച്ചുകൊണ്ട്‌ ബംഗളൂരുവിലും കൽക്കത്തയിലും താമസിച്ചു പഠിക്കുന്നകാലത്ത്‌ രവീന്ദ്രനാഥ ടാഗോർ, ശ്രീരാമകൃഷ്ണ പരമഹംസൻ, രാജാറാം മോഹൻറോയ്‌ തുടങ്ങിയവരുമായി ബന്ധമുണ്ടാക്കുവാനും കുമാരനാശാൻ ശ്രദ്ധിച്ചിരുന്നു. പാശ്ചാത്യ കവികളായ കീറ്റ്സ്‌, ഷെല്ലി, ടെന്നിസൺ എന്നിവരുടെ കൃതികളുമായുള്ള നിരന്തര സമ്പർക്കം ആശാനിലെ കവിയെ വളർത്തി.
രാഷ്ട്രീയ കാര്യങ്ങളിൽ ഒരു ഉൽപതിഷ്ണുവിന്റെ അഭിപ്രായമായിരുന്നു ആശാനുണ്ടായിരുന്നത്‌. സാഹിത്യപരമായി നോക്കുകയാണെങ്കിൽ നവംനവങ്ങളായ ആശയങ്ങളാണ്‌ അദ്ദേഹത്തിന്‌ ലഭിച്ചത്‌. ജ്ഞാനിയും ഭക്തനുമായിരുന്ന ഒരു പ്രതിഭാസമ്പന്നനായിരുന്നു അദ്ദേഹം.
വഴിമുട്ടിനിന്ന മലയാള കവിതയ്ക്ക്‌ പുതുവഴി തുറന്ന്‌ മോചനം നൽകിയ മഹാകവിയാണ്‌ കുമാരനാശാൻ. ആശാൻ കവികളുടെ മഹാകവിയായിരുന്നു. കാവ്യകലയുടെ അസാധാരണമായ വ്യാപ്തിയും മഹത്വവും കുമാരനാശാൻ തിരിച്ചറിഞ്ഞിരുന്നു. കൊടുംവിഷത്തെ അത്‌ അമൃതാക്കി മാറ്റുന്നു. ഉന്നത പർവതശിഖരങ്ങൾ, ഉയർന്ന തിരമാലകളടിക്കുന്ന സമുദ്രം, പൂത്തുനിൽക്കുന്ന വനഭൂമി, താരാമണ്ഡലം, സൗരയൂഥം എല്ലാം കാവ്യസ്പർശത്താൽ ധന്യമാകുന്നു. കവിയുടെ അന്തരാത്മാവിലെ ഉദാത്താനുഭൂതികളിൽ നിന്നുമുയിർകൊണ്ട്‌ അനുവാചക ഹൃദയങ്ങളിൽ ഉദാത്താനുഭൂതികൾ സംക്രമിപ്പിക്കുന്ന മഹത്തായ കലയാണ്‌ കവിതയെന്ന്‌ സ്വന്തം കവിതകൊണ്ടുതന്നെ ആശാൻ തെളിയിച്ചു. മലയാളകവിതയിലെ ഉണർത്തുപാട്ടുകാരനായിരുന്നു ആശാൻ. ആശാന്റെ കവിതകളുടെ അടിസ്ഥാനം സ്നേഹമാണ്‌. നളിനി, ലീല, സീത, സാവിത്രി, പ്രേമലത, മാതംഗി, ഉപഗുപ്തൻ, മദനൻ, ആനന്ദൻ, ബുദ്ധൻ എന്നിവരെല്ലാം സ്നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ്‌. ജീവിതത്തിന്റെ ആത്യന്തികമായ സാരം സ്നേഹമാണെന്ന്‌ ഇവർ ജീവിതം കൊണ്ട്‌ തെളിയിക്കുന്നു. ആശാൻ എന്ന കവിയുടെ വ്യക്തിജീവിതത്തിലും ഈ സ്നേഹപ്രഭ വിളങ്ങിനിൽക്കുന്നു. സ്നേഹം തന്നെയാണ്‌ ജീവിതമെന്നും സ്നേഹരാഹിത്യം മരണം തന്നെയാണെന്നും തന്റെ കവിതകളിലുടനീളം കവി സമർഥിക്കുന്നു. ജീവിതത്തിന്റെ അടിത്തട്ടിലേക്ക്‌ ഇറങ്ങി ചെല്ലുന്നതാണ്‌ ആശാൻ കവിതയിലെ ദർശനം. ഭാരതീയ തത്വചിന്തയുടെയും നൂതന മാനവീയ ദർശനത്തിന്റെയും അടിസ്ഥാനത്തിലാണ്‌ ജീവിതത്തെ ആശാൻ വിലയിരുത്തുന്നത്‌. നേരംപോക്കിനുവേണ്ടി അദ്ദേഹം ഒരുവരി കവിതപോലും എഴുതിയിട്ടില്ല. തോന്നിയതുപോലെ കവിത എഴുതിവിടാൻ അദ്ദേഹത്തിന്‌ ഇഷ്ടമുണ്ടായിരുന്നില്ല. എളുപ്പത്തിൽ തൃപ്തിപ്പെടാത്ത ഭാഷാനിഷ്കർഷ, തികഞ്ഞ ഔചിത്യദീക്ഷ- ഇവ ആശാൻ എപ്പോഴും പാലിച്ചിട്ടുണ്ട്‌. ജന്മവാസനയും കഠിനാധ്വാനവും കവി എന്ന നിലയിൽ ആശാനെ അദ്വിതീയനാക്കിത്തീർത്തു.
ആശാന്റെ കൃതികൾ
ഇരുപതിനായിരത്തിൽപരം വരികളിൽ വ്യാപിച്ചുകിടക്കുന്ന പതിനേഴു കൃതികളാണ്‌ ആശാന്റെ കാവ്യസമ്പത്ത്‌. കാൽപനിക പ്രതിഭകൊണ്ട്‌ ധന്യമാക്കിയ ആശാന്റെ പ്രധാന കൃതികളെ ലഘുവായി പരിചയപ്പെടുത്തുക മാത്രമണിവിടെ.
ആശാന്റെ വിലാപകാവ്യങ്ങൾ – ആശാന്റെ അതിപ്രശസ്തമായ വിലാപകാവ്യമാണ്‌ പ്രരോദനം. തന്റെ ഗുരുവും വഴികാട്ടിയുമായ ഏ ആറിന്റെ മരണത്തിൽ വിലപിച്ചുകൊണ്ട്‌ ആശാൻ രചിച്ച കാവ്യമാണ്‌ പ്രരോദനം. ഏ ആറിന്റെ പാണ്ഡിത്യം, പ്രതിഭാവിശേഷം എന്നിവയോടുള്ള ആദരവ്‌ പ്രരോദനത്തിൽ കാണാം. ആശാൻ അദ്ദേഹത്തിന്റെ അമ്മയുടെ മരണത്തിൽ ദു:ഖിച്ചുകൊണ്ട്‌ ഒരനുതാപം എന്ന പേരിൽ ഒരു വിലാപകാവ്യം രചിച്ചിട്ടുണ്ട്‌. വീണപൂവ്‌ (1908) – പാലക്കാട്‌ ജില്ലയിലെ ജൈനിമേട്‌ ജൈന ക്ഷേത്രത്തിനടുത്തുള്ള ഒരു ജൈന ഗൃഹത്തിൽ വച്ചാണ്‌ ഈ കാവ്യം രചിച്ചത്‌. നളിനി (1911) – നളിനി, ദിവാകരൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ. ലീല (1914) – മദനൻ, ലീല എന്നിവർ പ്രധാന കഥാപാത്രങ്ങൾ. ലീലയുടെ തോഴിയായി മാധവി എന്നൊരു സ്ത്രീയുണ്ട്‌. ചിന്താവിഷ്ടയായ സീത (1916) – ആദ്യത്തെ ഫെമിനിസ്റ്റ്‌ കാവ്യം എന്ന്‌ അറിയപ്പെടുന്നു. വാല്മീകിയുടെ സീതയിൽ നിന്ന്‌ വ്യത്യസ്തമായി ആശാന്റെ സീത തന്റെ മനോവിചാരങ്ങൾ തുറന്നുപറയുകയും ആത്മവിമർശനത്തിന്‌ തയ്യാറെടുക്കുകയും ചെയ്യുന്നു. ചണ്ഡാലഭിക്ഷുകി (1922) – ബുദ്ധമത കേന്ദ്രീകൃതമായ കാവ്യം. മാതംഗി, ആനന്ദൻ എന്നിവർ കഥാപാത്രങ്ങൾ. ജാതിചിന്തയ്ക്കെതിരെയുള്ള കലാപങ്ങൾ കൃതിയിൽ കാണാം. ദുരവസ്ഥ (1922) – ജാതി ചിന്തയ്ക്കെതിരെ ശബ്ദമുയർത്തുന്ന ഈ കാവ്യത്തിൽ സാവിത്രി, ചാത്തൻ എന്നിവർ കഥാപാത്രങ്ങളാകുന്നു. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ഈ കാവ്യം ഫ്യൂച്ചറിസ്റ്റിക്‌ കാവ്യമായി അറിയപ്പെടുന്നു. കരുണ (1924) – മൂന്ന്‌ ഖണ്ഡങ്ങളിലായി 510 വരികളുള്ള ആശാന്റെ അവസാന കാവ്യമാണ്‌. ചണ്ഡാലഭിക്ഷുകിയെപ്പോലെ ഒരു ബുദ്ധമത കഥയെ അടിസ്ഥാനമാക്കി എഴുതിയതാണ്‌ കരുണ എന്ന കാവ്യവും. വാസവദത്ത എന്ന വേശ്യാസ്ത്രീക്ക്‌ ബുദ്ധശിഷ്യനായ ഉപഗുപ്തനോട്‌ തോന്നുന്ന ആസക്തിയാണ്‌ കരുണയുടെ പ്രമേയം. കഥാന്ത്യത്തിൽ ഹൃദയ പരിവർത്തനം വന്ന അവൾ മനഃശാന്തിയോടെ മരിക്കുന്നു. ആശാന്റെ കാവ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം കിട്ടിയ കൃതികളുടെ കൂട്ടത്തിൽ ഒന്നാണ്‌ കരുണ. അതുകൊണ്ടാണ്‌ കരുണയെ ആശാന്റെ പട്ടം കെട്ടിയ രാജ്ഞിയായി വാഴ്ത്തപ്പെടുന്നത്‌.
1920 ജനുവരി 13-ാ‍ം തീയതി കുമാരനാശാന്‌ നിസ്തുലമായ കാവ്യസേവനത്തിന്റെ പേരിൽ ഇംഗ്ലണ്ടിലെ വെയിൽസ്‌ രാജകുമാരൻ പട്ടും വളയും നൽകി ആദരിച്ചു. 1922 നവംബർ 11-ാ‍ം തീയതി മഹാകവി രബീന്ദ്രനാഥ ടാഗോർ തിരുവനന്തപുരം സന്ദർശിച്ച അവസരത്തിൽ ആശാൻ ഒരു കവിത എഴുതി. “അവ്യയനാമീശന്റെയാരാമരത്നം തന്നിലവ്യാജകുതൂഹലം പാടി സഞ്ചരിക്കുന്ന ദിവ്യകോകിലമേ, നിൻ പൊൻകണ്ഠനാളം തൂകും ഭവ്യകാകളീ പരിപാടികൾ ജയിക്കുന്നു.” എന്നു തുടങ്ങുന്ന ആ കവിത തിരുവനന്തപുരം വിജെടി ഹാളിൽ കൂടിയ സ്വീകരണ സമ്മേളനത്തിൽ അന്നത്തെ തിരുവിതാംകൂർ മുഖ്യമന്ത്രിയായിരുന്ന സി കേശവൻ അത്യന്തം മധുരമായി ആലപിച്ചപ്പോൾ സദസ്സ്‌ ഒന്നടങ്കം ആനന്ദത്തിൽ ആറാടി. നിയമസഭാ മെമ്പർ, പ്രജാസഭ മെമ്പർ, തിരുവനന്തപുരം പഞ്ചായത്ത്‌ കോടതി ജഡ്ജി, ടെക്സ്റ്റ്‌ ബുക്ക്‌ കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ സ്വാധീനശക്തി ഏറെ വലുതായിരുന്നു. കേരളഹൃദയത്തിൽ നിന്ന്‌ എന്നെന്നും മാഞ്ഞുപോകാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹാകവി 1924 ജനുവരി 16 ന്‌ (1099 മകരം 3 (51-ാ‍ം വയസിൽ) പല്ലനയാറ്റിൽ വച്ചുണ്ടായ റഡീമർ ബോട്ടപകടത്തിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

Category: , , ,

Article Copyright Disclaimer:
The article content published on this blog is for the purpose of sharing useful information with blog readers and visitors. Some of these may contain excerpts from other internet sources. If you believe an article has infringed on your copyright, please contact us and we'll delete or revise it immediately.