.



ജാതിയുണ്ടെന്ന് വിശ്വസിക്കരുത്

മേൽജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.‌

വിദ്യാഭ്യാസം വർദ്ധിപ്പിക്കണം

മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല. അതുകൊണ്ട് വിദ്യ പഠിക്കണം, അത് പഠിപ്പിക്കണം, അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം.

ദുർദ്ദേവതകളെ ആരാധിക്കരുത്

മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.

പ്രാണിഹിംസ ചെയ്യരുത്

ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളിൽ പോകുകയോ തൊഴുകുകയോ ചെയ്യരുത്.

വ്യവസായം വർദ്ധിപ്പിക്കണം

ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്കുന്നത്.

 








സ്വാമി മുനി നാരായണപ്രസാദ്
കടപാട്: മാധ്യമം
=================
നാരായണ ഗുരുവിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കേരളീയനായി കണക്കാക്കിപ്പോരുന്നു. ആ മഹാത്മാവ് ഒരു കേരളീയനെന്ന നിലയില്‍ ആ നൂറ്റാണ്ടില്‍ ചിന്തിച്ചതുകൊണ്ടല്ല അത്; ഒരു സത്യദര്‍ശിയായതുകൊണ്ടായിരുന്നു. സത്യദര്‍ശി മനുഷ്യരെ കേരളീയരെന്നോ തമിഴരെന്നോ, തെക്കേ ഇന്ത്യക്കാരെന്നോ വടക്കേ ഇന്ത്യക്കാരെന്നോ, ഭാരതീയരെന്നോ വിദേശീയരെന്നോ, ഇന്ന മതക്കാരെന്നോ ഒക്കെയുള്ള ഭേദബുദ്ധി വെച്ച് ചിന്തിക്കുന്ന ആളായിരിക്കില്ല. സമസ്ത പ്രപഞ്ചത്തിനും ആധാരമായിരിക്കുന്ന ഒരു സത്യമുണ്ട്. എന്നും സത്യം നിരന്തരം ഭാവപ്പകര്‍ച്ചക്കു വിധേയമായിക്കൊണ്ടിരിക്കുന്നതിന്റെ ഫലമായി പ്രതീതമാകുന്നതാണ് ഈ പ്രപഞ്ച പ്രവാഹമെന്നും അതില്‍ ചെറിയൊരംശം മാത്രമാണ് താനും സകല മനുഷ്യരുമെന്നും, അതുകൊണ്ട് തന്നിലും സകല മനുഷ്യരിലും പൊരുളായിരിക്കുന്നത് ഒരു സത്യംതന്നെയാണെന്നും, താന്‍ ആ പരമസത്യത്തില്‍നിന്ന് വേറെയല്ല എന്നും അറിഞ്ഞുകൊണ്ട്, ആ സത്യവുമായി ജീവിക്കുന്ന ആളാണ് സത്യദര്‍ശി. അതുകൊണ്ട് സത്യദര്‍ശി സമദര്‍ശിയും കൂടിയാണ്. അങ്ങനെയുള്ള സത്യദര്‍ശികളുടെ പരമ്പരയില്‍ ഇരുപതാം നൂറ്റാണ്ടിലെ കണ്ണിയായിരുന്നു നാരായണഗുരു.
ഭാരതത്തിലെ പുരാതനരായ ഋഷീന്ദ്രന്മാരെല്ലാം ഇത്തരത്തില്‍ സത്യദര്‍ശികളും സമദര്‍ശികളുമായിരുന്നു. ഭാരതീയ സംസ്കാരത്തിന്റെ അന്തസ്സാരം ഉള്‍ക്കൊണ്ടുകൊണ്ട് അവര്‍ തങ്ങളെത്തന്നെ കണ്ടിരുന്നത് ഭാരതീയരായിട്ടല്ല, പ്രപഞ്ച വ്യവസ്ഥയിലെ ഒരംശമായിട്ടാണ്. ആ പ്രപഞ്ച വ്യവസ്ഥയിലെ ഒരംശമായ മനുഷ്യവര്‍ഗത്തിലെ ഒരു വ്യക്തിയായിട്ടാണ്. ഈ സമദര്‍ശിത്വം ഓരോ ഋഷിയിലും പ്രകടമായിത്തീരുന്നത് മിക്കവാറും ചരിത്രപരമായ പശ്ചാത്തലത്തിന്റെ സ്വഭാവംകൂടി ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും എന്നുമാത്രം.
ഓരോ ഋഷിയുടെയും സത്യദര്‍ശനാവിഷ്കരണത്തിന്റെ ശൈലിയിലും ഉണ്ടാകും വ്യത്യാസം. ഓരോരുത്തരുടെയും സാംസ്കാരികമായ പശ്ചാത്തലം, ചരിത്രപരമായ വസ്തുതകള്‍, അതതു കാലത്തു നിലനില്‍ക്കുന്ന ചിന്താശൈലിയുടെയും ശാസ്ത്രാവബോധത്തിന്റെയും സ്വഭാവവും പരിചിതമായ ഭാഷയും അതിന്റെ ശൈലിയും -ഇതൊക്കെ അനുസരിച്ച് ആവിഷ്കരണത്തില്‍ വ്യത്യാസം ഉണ്ടാകാം. എങ്കിലും ആവിഷ്കരിക്കപ്പെടുന്ന സത്യം ഒന്നുതന്നെയാണ്. കാരണം, സകലതിനും ആധാരമായിരിക്കുന്ന സത്യം ഒന്നു മാത്രമായിരിക്കാനേ ആവൂ. ഈ കണ്ണുവെച്ചുകൊണ്ട് നോക്കുമ്പോള്‍ മനസ്സിലാകും, ഭാരതത്തിലെ ഋഷീവര്യന്മാര്‍ ഉപനിഷത്തുകളിലൂടെയും അതിനെ പിന്‍പറ്റിവരുന്ന അധ്യാത്മ ശാസ്ത്രഗ്രന്ഥങ്ങളിലൂടെയും അക്കാലത്ത് പരിചിതമായിരുന്ന ശൈലിയിലവതരിപ്പിച്ച സത്യരഹസ്യംതന്നെ 20ാം നൂറ്റാണ്ടിലെ ശാസ്ത്ര ചിന്താഗതിക്കനുഗുണമായ തരത്തില്‍ പുനരാവിഷ്കരിക്കുകയാണ് നാരായണഗുരു ചെയ്തത് എന്ന്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഔപനിഷദമായ സത്യാവബോധത്തിന്റെ സ്വച്ഛതയും 20ാം നൂറ്റാണ്ടിലെ ശാസ്ത്രാവബോധത്തിന്റെ നിഷ്കൃഷ്ടതയും നാരായണഗുരു അവതരിപ്പിക്കുന്ന സത്യദര്‍ശനത്തില്‍ സമ്മേളിക്കുന്നു.
മറ്റേതൊരു അധ്യാത്മിക ഗുരുവിനും പ്രവാചകനും ലഭിച്ചിട്ടില്ലാത്ത അംഗീകാരവും ബഹുമാനവുമാണ് ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ഗുരുവിന് ലഭിച്ചത്. ഈ അംഗീകാരം വന്നത് ഗുരുവിന്റെ സത്യദര്‍ശനത്തിന്റെ ആഴവും സുസൂക്ഷ്മതയും കണ്ടറിഞ്ഞവരില്‍നിന്നാണ് എന്നുകരുതാന്‍ നിവൃത്തിയില്ല. അങ്ങനെ കണ്ടറിഞ്ഞവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. തത്ത്വവിചാരം നടത്താനുള്ള ഒരു വിഷയമെന്നതിലുപരി, മനുഷ്യജീവിതത്തെ നേരായ വഴിക്കു നയിക്കാന്‍ ഉപകരിക്കുന്ന വഴികാട്ടി കൂടിയായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാടില്‍ ദാര്‍ശനിക വിചാരം. ഗുരുവിനുണ്ടായിരുന്ന അധ്യാത്മികമായ ഉള്ളുണര്‍വ് മണത്തറിഞ്ഞ ജനങ്ങള്‍ വ്യക്തിഗതവും സാമൂഹികവുമായ പ്രശ്നങ്ങള്‍ ഗുരുവിന്റെ മുന്നില്‍ അവതരിപ്പിക്കുകയും അവക്ക് പരിഹാരം കണ്ടെത്തി ജീവിതത്തെ നന്മയുടെ വഴിക്കു നയിക്കേണ്ടതെങ്ങനെയെന്ന് ഗുരു അപ്പപ്പോള്‍ മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തുകൊണ്ടിരുന്നു. തത്ത്വവിചാരം ഒരു വശവും നിത്യജീവിതത്തില്‍ അതിന്റെ പ്രയോഗം മറുവശവുമായി വരുന്ന ഒരു നാണയമായിരുന്നു ഗുരുവിന്റെ സത്യദര്‍ശനം എന്നു പറയാം.
വ്യക്തിഗതമായ പ്രശ്നങ്ങള്‍ക്ക് ഗുരു നല്‍കിയ പരിഹാര നിര്‍ദേശങ്ങള്‍ ചരിത്രത്തില്‍ സ്ഥാനം പിടിക്കാതെ മറഞ്ഞുപോയി. എന്നാല്‍, പൊതുജീവിതത്തില്‍ നിലനിന്നിരുന്ന തിന്മകളുടെ നേരെ തന്റെ സത്യദര്‍ശനത്തിന്റെ വെള്ളിവെളിച്ചത്തില്‍ ഗുരു ശക്തമായി വിരല്‍ചൂണ്ടിയത് വലിയൊരു സാമൂഹിക പരിവര്‍ത്തനത്തിന് ഇടവരുത്തുകയും ചരിത്രത്തില്‍ അത് സ്ഥാനം പിടിക്കുകയും ചെയ്തു. ഇതാണ് ജീവിച്ചിരിക്കുമ്പോള്‍തന്നെ അദ്ദേഹത്തെ സര്‍വാദരണീയനാക്കിത്തീര്‍ത്തത്.
ഒരിക്കല്‍ ഗുരു തമാശപോലെ പറയുകയുണ്ടായി: 'നമ്മെ ഒരവതാരമായി ആരെങ്കിലും കണക്കാക്കുകയാണെങ്കില്‍ ജാതി എന്ന അസുരനെ നിഹനിക്കാനുണ്ടായ അവതാരം എന്നു കണക്കാക്കുന്നതില്‍ വിരോധമില്ല.' അധ്യാത്മിക ശാസ്ത്രങ്ങളുടെ പിന്‍ബലമുള്ളത് എന്നു കരുതിപ്പോരുന്നതും മനുഷ്യനെ മനുഷ്യനില്‍നിന്ന് അകറ്റിനിര്‍ത്തുന്നതുമായ ഒരു സാമൂഹിക തിന്മയാണല്ലോ ഭാരതത്തിലെ ജാതിവ്യവസ്ഥ. ആധുനിക നഗരങ്ങളില്‍ ശക്തമല്ലെങ്കിലും ഗ്രാമജീവിതത്തെ ഇപ്പോഴും ശക്തമായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു ഘടകമാണ് ജാതീയത. ഈ തിന്മക്ക് ഏറ്റവുമധികം അയവുവന്നത് കേരളത്തിലാണ്. അതിന് ഇടവരുത്തിയ മുഖ്യമായ ശക്തികേന്ദ്രം നാരായണഗുരുവും.
ഗുരുവിന്റെ മുഖ്യതാല്‍പര്യം ജാതി നിര്‍മാര്‍ജനത്തിലായിരുന്നുവെന്നും അതിനുവേണ്ടി ആധ്യാത്മികതയെ ഗുരു കൂട്ടുപിടിക്കുകയായിരുന്നു എന്നും കരുതുന്ന ആരാധകരുണ്ട്. എന്നാല്‍, ഗുരുവിന്റെ ജീവിതവും അദ്ദേഹം വ്യക്തമായി രേഖപ്പെടുത്തിവെച്ച കൃതികളും സൂക്ഷ്മദൃഷ്ട്യാ പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകും ഗുരു ഒരു തപസ്വിയായിത്തന്നെ, ആധ്യാത്മിക പുരുഷനായിത്തന്നെ ആദ്യന്തം ജീവിച്ചു എന്ന്. ഗുരുവിന്റെ ആധ്യാത്മികമായ ഉള്‍ക്കാഴ്ച മറ്റു പല കാര്യങ്ങളിലെന്നപോലെ ജാതീയതയുടെ രംഗത്തും ശക്തമായി പ്രതിഫലിച്ചു എന്നുമാത്രം. ആധ്യാത്മികതയുടെ ഉന്നതിയില്‍ നിന്നുകൊണ്ട് ജീവിതപ്രശ്നങ്ങളെ ഗുരു നിരീക്ഷിക്കുകയാണ് ചെയ്തത്. ജീവിതപ്രശ്നങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് അതിന് പരിഹാരം കണ്ടെത്താന്‍ ആധ്യാത്മികതയെ കൂട്ടുപിടിക്കുകയല്ല അദ്ദേഹം ചെയ്തത് എന്നുസാരം.
നാരായണഗുരു ജയന്തി ഒരിക്കല്‍കൂടി നാം ആഘോഷിക്കുന്നു. ഗുരുവില്‍ ഭക്തിയും വിശ്വാസവും ഉള്ളവര്‍ ലോകത്തിന്റെ ഏതുഭാഗത്തും ഈ സന്ദര്‍ഭം ഓര്‍ക്കുന്നുണ്ട്. നാരായണഗുരുവിലെ യഥാര്‍ഥ ഗുരുവിന്റെ മഹത്ത്വം കണ്ടറിഞ്ഞ് ആദരിക്കുന്നതിന്റെ സ്ഥാനത്ത് ജാത്യഭിമാനത്തിന്റെ പ്രതീകമെന്ന നിലയില്‍ അദ്ദേഹത്തെ കാണാനാണ് പലര്‍ക്കും അറിയാവുന്നത്. സാമുദായികമായി ഉണ്ടായ നേട്ടങ്ങളുടെയും അവകാശവാദങ്ങളുടെയും കേന്ദ്രസ്ഥാനത്തുവെക്കാന്‍ കൊള്ളാവുന്ന ഒരു മൂര്‍ത്തിയായി സമുദായനേതാക്കന്മാര്‍ ഗുരുവിനെ കാണുമ്പോള്‍, മറ്റു നേതാക്കളുടെ ദൃഷ്ടിയില്‍ കേരളത്തിനുണ്ടായ നവോത്ഥാനത്തിനു കാരണക്കാരനായ ശക്തിസ്രോതസ്സാണ് അദ്ദേഹം.
എന്നാല്‍, ഇത്തരത്തിലുള്ള വിലയിരുത്തലെല്ലാം നടത്തപ്പെടുമ്പോഴും അത്തരമൊരു ശക്തിയുടെ ഉറവിടമായിരിക്കാന്‍ പ്രാപ്തനാക്കുന്ന തരത്തില്‍ ഗുരുവിനുണ്ടായിരുന്ന അറിവിനെ മനസ്സിലാക്കാനും അതിന്റെ സ്വരൂപം ഉള്‍ക്കൊള്ളാനും ഉള്ള ശ്രമം ഗുരുഭക്തന്മാരില്‍ വളരെക്കുറച്ചേ നടക്കുന്നുള്ളൂ. അത്തരം താല്‍പര്യം ഉണരണമെങ്കില്‍, സമുദായനേതാക്കന്മാരും രാഷ്ട്രീയ നേതാക്കന്മാരും ഗുരുവിനെ വിലയിരുത്തിക്കൊണ്ട് നടത്തുന്ന പ്രസംഗങ്ങളിലും അവരുടെ ലേഖനങ്ങളിലും മാത്രം ഒതുങ്ങിനില്‍ക്കാതെ അദ്ദേഹത്തിന്റെ നേരിട്ടുള്ള വാക്കുകളിലേക്കുതന്നെ നമ്മുടെ ശ്രദ്ധ തിരിയണം. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്', 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നിങ്ങനെയുള്ള ഏതാനും സൂക്തങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഗുരുവിന്റെ വാക്കുകള്‍. 240 പുറങ്ങളുള്ള ഒരു പുസ്തകമായി അച്ചടിച്ചു പ്രസിദ്ധീകരിക്കത്തക്കവണ്ണം വിസ്തൃതമാണ് ഗുരു എഴുതിവെച്ചിരിക്കുന്ന വാക്കുകള്‍. നേതാക്കന്മാരുടെ പ്രസംഗങ്ങള്‍ മനസ്സിലാക്കുന്ന ലാഘവത്തോടെ ഗുരുവിന്റെ വാക്കുകള്‍ മനസ്സിലാക്കാനാവുകയില്ല എന്നുള്ളതു വാസ്തവംതന്നെ. എങ്കിലും ഗുരുവിന്റെ വാക്കുകള്‍ മനസ്സിലാക്കാനുള്ള ശ്രമം നടത്താത്തവരെ ഗുരുഭക്തരെന്നു വിളിക്കാനാവുകയില്ല എന്നുവേണം കരുതാന്‍.
ആദ്യം ഗുരുവിന്റെ കൃതികളുടെ പാരായണം, പിന്നെ വിശദമായ പഠനം, തുടര്‍ന്ന് സ്വന്തമായ മനനം എന്നിങ്ങനെയൊരു പഠനസാധന അദ്ദേഹത്തെപ്പറ്റി മനസ്സിലാക്കാന്‍ ആവശ്യമാണ്.
ഗുരുവിന്റെ കൃതികള്‍ പഠിച്ചു ചെല്ലുമ്പോള്‍ കണ്ടെത്തും, അത് ഒരാളിനുണ്ടായ അറിവു മാത്രമല്ല, പ്രപഞ്ച രഹസ്യമായിരിക്കുന്ന സത്യം കൂടിയാണെന്ന്. ആ സത്യം ഓരോരുത്തരിലും ഇരുന്ന് അവരവരുടെ അറിവായി പ്രകാശിക്കുമ്പോള്‍ അതിന് 'അന്യ'യെന്നും 'സമ'യെന്നും രണ്ട് ഭാവങ്ങള്‍ കൈവരുന്നതായി ഗുരുതന്നെ 'ആത്മോപദേശശതക'ത്തില്‍ വിവരിക്കുന്നു. അതില്‍ 'അന്യ' പലതിനെ സത്യമായി കാണുന്ന അറിവാണ്. പലതായി കാണപ്പെടുന്ന സകലതിലും ഒരു സത്യത്തെ ദര്‍ശിക്കുന്ന അറിവാണ് 'സമ'. 'പലവിധമായറിയുന്നതന്യ ഒന്നായ് വിലസുവതാം സമ.'
ഗുരുവിന്റെ മുഖ്യ സന്ദേശങ്ങളില്‍കൂടി കണ്ണോടിച്ചാലും കാണാവുന്നത് 'ഒരു' എന്നത് ആവര്‍ത്തിച്ചുവരുന്നതായാണ്. അങ്ങനെ 'ഒന്നി'നെ മാത്രം കാണുന്ന അറിവാണ് മനുഷ്യരാശി ഒരേ ജാതിയില്‍പെട്ടതാണെന്നു കാണാനും അതു ലോകത്തോടു സധൈര്യം വിളിച്ചുപറയാനും ഗുരുവിനെ ശക്തനാക്കിയത്. പല മതങ്ങളുടെയും പല ജാതികളുടെയും പലതരം ദൈവവിശ്വാസങ്ങളുടെയും പല രാഷ്ട്രീയ പാര്‍ട്ടികളുടെയും പല സംഘടനകളുടെയും രൂപത്തില്‍ മനുഷ്യര്‍ വിഘടിച്ചുനില്‍ക്കുന്നതിനെയാണ് ഇന്ന് ആധുനിക ലോകം ആരാധ്യമായി കരുതുന്നത്. ആധുനിക രാജ്യഭരണക്രമങ്ങളില്‍ ഏറ്റവും ആരാധ്യമായി കരുതിപ്പോരുന്ന ജനാധിപത്യവും വാസ്തവത്തില്‍ ഇത്തരം വിഘടനവാദത്തെയും മത്സരത്തെയും കേന്ദ്രതത്ത്വമായി അംഗീകരിച്ചുകൊണ്ടുള്ളതാണെന്നും മറക്കാന്‍ പാടില്ല. ഗുരു പറയുന്നത് 'യഃപശ്യതീഹ നാനേവ മൃത്യോര്‍ മൃത്യും സ ഗച്ഛതി' എന്നാണ്. അതായത്, പലതിനെ കാണുന്നവന്‍ മരണത്തില്‍നിന്ന് മരണത്തിലേക്കാണ് പോകുന്നത്. ലോകരാഷ്ട്രീയത്തിന്റെയും മതരാഷ്ട്രീയത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും ഒക്കെ ഇന്നുള്ള പോക്ക് മരണത്തില്‍നിന്ന് മരണത്തിലേക്കാണെന്ന് അതിനെ നയിക്കുന്നവര്‍തന്നെ അറിയുന്നില്ല. പിന്നെയെങ്ങനെ നയിക്കപ്പെടുന്നവര്‍ അറിയും? ഈ നേതാക്കന്മാരാരും ഏകത്വബോധമുള്ളവരല്ല, സത്യം പുലരണമെന്ന് ആഗ്രഹമുള്ളവരല്ല, ജനങ്ങളുടെ നന്മയെ ലക്ഷ്യംവെക്കുന്നവരുമല്ല. പലതിനെ മാത്രം കാണുന്ന അവര്‍ ആദ്യം ശ്രമിക്കുന്നത്, പലരുടെ കൂട്ടത്തില്‍ സ്വന്തം താല്‍പര്യങ്ങളും സ്ഥാനമാനങ്ങളും നേതൃസ്ഥാനവും ഉറപ്പുവരുത്താനാണ്. പിന്നീടാണ് ജനങ്ങള്‍ക്ക് നന്മ ചെയ്യുന്നു എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കാനുള്ള ശ്രമം വരുന്നത്.
ഗുരുക്കന്മാര്‍ അങ്ങനെയുള്ള നേതാക്കന്മാരല്ല. അവര്‍ സ്ഥാനമാനങ്ങള്‍ കൊതിക്കാറില്ല. നേതൃസ്ഥാനത്തേക്ക് മത്സരിക്കാറില്ല. സാമ്പത്തികമോ അല്ലാത്തതോ ആയ താല്‍പര്യങ്ങള്‍ അവര്‍ക്കൊട്ടില്ലതാനും. ഏകത്വബോധം അവരില്‍ ഉണര്‍ത്തുന്നത്, താനും മറ്റുള്ളവരും പല സത്യങ്ങളല്ല, ഒരു സത്യത്തിന്റെ പല ഭാവങ്ങള്‍ മാത്രമാണ് എന്നാണ്. സത്യവും നീതിയും പുലരണം, ആനന്ദം യാഥാര്‍ഥ്യമായിത്തീരണം എന്നൊക്കെയുള്ളത് തന്റെ മാത്രം കാര്യമല്ല, തന്നിലും സകലരിലും അത് ഒരേ സമയം സംഭവിക്കണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് 'തന്‍ പ്രിയമപരപ്രിയമെന്നറിഞ്ഞീടേണം' എന്ന് അവര്‍ ഉറക്കെപ്പറയും. ഇങ്ങനെ യഥാര്‍ഥ ഗുരുത്വത്തിലേക്ക് ഉണരാനുള്ള ഗൗരവമേറിയ ശ്രമത്തിന്റെ തുടക്കമാവട്ടെ ഈ ഗുരുജയന്തി എന്ന് ആശംസിക്കുന്നു.