.


മലയാളം 1103 -ല്‍ ഗുരു കോട്ടയം നാഗമ്പടം ശിവക്ഷേത്രത്തില്‍ വിശ്രമിക്കുമ്പോള്‍ സ്ഥലത്തെ ഭക്ത ജനങ്ങള്‍ ശ്രീ. ടി കെ കിട്ടന്‍ റൈറ്റര്‍ , ശ്രീ. വല്ലഭശേരില്‍ ഗോവിന്ദന്‍ വൈദ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവിടെയെത്തി;
ഗുരു : എന്താ, വൈദ്യര്‍ വിശേഷിച്ചു റൈറ്റര്‍ ഉം ആയിട്ട് ?
വൈദ്യര്‍ : റൈറ്റര്‍ക്ക് തൃപ്പാദ സന്നിധിയില്‍ ഒരു കാര്യം ഉണര്‍ത്തിച്ചു അനുവാദം വാങ്ങിപ്പാനുണ്ട് .
ഗുരു: എന്താണ് പറയാമല്ലോ ?
വൈദ്യര്‍ : കാര്യങ്ങള്‍ ചോദ്യ രൂപത്തില്‍ അക്കമിട്ടു എഴുതി വച്ചിരിക്കുകയാണ് ?
 റൈറ്റര്‍ : " ശിവഗിരി തീര്‍ത്ഥാടനം " (എന്ന് വായിച്ചു )
ഗുരു : തീര്‍ത്ഥാടനം ? ശിവഗിരിയിലോ ? കൊള്ളാം. നമ്മുടെ കുഴല്‍ വെള്ളത്തില്‍ കുളിക്കാം , ശാരദ ദേവിയെ വന്ദിക്കുകയും ചെയ്യാം.നല്ല കാര്യം , വായിക്കണം കേള്‍ക്കട്ടെ .
റൈറ്റര്‍ : കേരളത്തിലെ ഈഴവര്‍ക്ക് ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങള്‍ കല്‍പ്പിച്ചു അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.
ഗുരു : വര്‍ക്കല ജനാര്‍ദ്ദനം പുണ്യ സ്ഥലമാണല്ലോ . അതിനടുത് ശിവഗിരി കൂടി പുണ്യ സ്ഥലമാകുമോ ?
റൈറ്റര്‍ : ഹിന്ദുക്കളുടെ പുണ്യ സ്ഥലങ്ങളില്‍ ഞങ്ങള്‍ക്ക് പ്രവേശനം ഇല്ല . അല്ലാതെ പോകുന്നവര്‍ക്ക് മര്‍ദ്ദനവും , മാനക്കേടും, പണ നഷ്ടവും ആണ് ഫലം .തൃപ്പാദങ്ങള്‍ കല്‍പ്പിച്ചാല്‍ ശിവഗിരി പുണ്യസ്ഥലം ആകും . കല്പന ഉണ്ടായാല്‍ മതി.
 ഗുരു: നാം പറഞ്ഞാല്‍ ശിവഗിരി പുണ്യസ്ഥലം ആകുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു അല്ലെ?
വൈദ്യര്‍ : ഞങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു.
ഗുരു : അപ്പോള്‍ നാം പറയുകയും നിങ്ങള്‍ രണ്ടാളും വിശ്വസിക്കുകയും ചെയ്താല്‍ അകെ മൂന്നു പേരായി . മതിയാകുമോ ?
വൈദ്യര്‍ : കല്പന ഉണ്ടായാല്‍ ഞങ്ങള്‍ ഇരുപതു ലക്ഷവും ഞങ്ങളെ പോലുള്ള മറ്റു അധ:കൃതരും ശിവഗിരി പുണ്യ സ്ഥലമായി സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യും.
ഗുരു : വിശ്വാസമുണ്ടല്ലോ , കൊള്ളാം ; " അനുവാദം തന്നിരിക്കുന്നു."
റൈറ്റര്‍ : തീര്‍ത്ഥാടനം ആണ്ടിലൊരിക്കല്‍ നടത്തണമെന്നാണ് ആഗ്രഹിക്കുന്നത് .അത് എപ്പോള്‍ , എതു മാസം , തീയതി, നക്ഷത്രം ആയിരിക്കണമെന്ന് കല്പന ഉണ്ടായിരിക്കണം.
ഗുരു : ( അല്പം ആലോചിച്ചിട്ട് ) തീര്‍ത്ഥാകര്‍ ശിവഗിരിയില്‍ വന്നു കൂടുന്നത് യൂറോപീന്‍ മാരുടെ ആണ്ടു പിറപ്പിനു ആയിക്കൊള്ളട്ടെ . ജനുവരി മാസം 1 )o തീയതി . അത് നമ്മുടെ കണക്കിന് ധനു മാസം പതിനാറു , പതിനേഴു, തീയതികളില്‍ ആയിരിക്കണം . അത് നല്ല സമയം ആണ്.
റൈറ്റര്‍ : തീര്‍ത്ഥാകര്‍ വല്ല വൃതവും ആചരിക്കണമോ ? അതിന്റെ രീതികള്‍ക്ക് കല്പന ഉണ്ടായിരിക്കണം.
 ഗുരു : നീണ്ട വൃതവും കഠിന വ്യവസ്ഥകളും ഇക്കാലത്ത്‌ എല്ലാവരും ആചരിചെന്നു വരില്ല. പത്തു ദിവസത്തെ വൃതം ശ്രീ ബുദ്ധന്റെ പഞ്ച ശുദ്ധിയോടെ ആചരിച്ചാല്‍ മതിയാകും. വൈദ്യര്‍ എന്ത് പറയുന്നു. ?
വൈദ്യര്‍ : കല്‍പ്പിച്ചത് ധാരാളം മതിയാകും.
ഗുരു : കൊള്ളാം, അതുമതി, നന്നായിരിക്കും.
റൈറ്റര്‍ : തീര്‍ത്ഥാടകരുടെ വസ്ത്ര ധാരണ രീതിയില്‍ വല്ല പ്രത്യേകതയും ഉണ്ടായിരിക്കണമോ ?
ഗുരു : വെള്ള വസ്ത്രം ഗൃഹസ്ഥന്‍മാരുടെത് , കാഷായം സന്യസിമാരുടെത് , കറുത്ത തുണിയും കരിമ്പടവും ശബരിമലക്കാര്‍ക്ക്. ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് മഞ്ഞ വസ്ത്രം ആയിക്കൊള്ളട്ടെ . ശ്രീ കൃഷ്ണന്റെയും , ശ്രീ ബുദ്ധന്റെയും മുണ്ട് . നന്നായിരിക്കും .
ഈ സമയം കൂട്ടത്തില്‍ ഒരാള്‍ : തീര്‍ത്ഥാകര്‍ രുദ്രാക്ഷം ധരിക്കണമോ?
ഗുരു : വേണ്ട, രുദ്രാക്ഷം കുറെ ഉരച്ചു പച്ചവെള്ളത്തില്‍ കുടുക്കുന്നത് നന്നായിരിക്കും . ഗുണമുണ്ടാകതിരിക്കുകയില്ല .
ഗുരു : ഇനി എന്തെങ്കിലും ചോദിപ്പാനുണ്ടോ ?(സന്ദര്‍ശകര്‍ തലേന്നാള്‍ രാത്രിയില്‍ തയ്യാര്‍ ചെയ്തു വച്ചിരുന്ന ചോദ്യങ്ങള്‍ അവിടെ അവസാനിച്ചു .)
റൈറ്റര്‍ : ഇനി ഒന്നുമില്ല .
ഗുരു : ശ്രീ ബുദ്ധന്റെ പഞ്ച ശുദ്ധി അറിയാമോ വൈദ്യര്‍ക്കു ?
വൈദ്യര്‍ : അറിയാം. "ശരീര ശുദ്ധി , ആഹാര ശുദ്ധി , മന ശുദ്ധി , വാക് ശുദ്ധി , കര്‍മ്മ ശുദ്ധി ."
ഗുരു : ശരി, ഇത് അനുഷ്ഠിച്ചാല്‍ മതിയാകും .മഞ്ഞ വസ്ത്രം എന്ന് നാം പറഞ്ഞതിന് മഞ്ഞപ്പട്ടു വാങ്ങിക്കാന്‍ ആരും തുനിയരുത് . കോടി വസ്ത്രം പോലും ആവശ്യമില്ല. ഉപയോഗത്തില്‍ ഇരിക്കുന്ന വെള്ള വസ്ത്രം മഞ്ഞളില്‍ മുക്കി ഉപയോഗിച്ചിട്ടു പിന്നീടു അലക്കി തെളിച്ചു എടുക്കാം. യാത്ര ആര്‍ഭാടരഹിതമാക്കണം. വിനീതമായിരിക്കണം. ഈശ്വര സ്തോത്രങ്ങള്‍ ഭക്തിയായി ഉച്ചരിക്കുന്നത് കൊള്ളാം. ഇതിന്റെ പേരില്‍ ആര്‍ഭാടങ്ങളും ആടംബരങ്ങളും ഒച്ചപ്പാടുകളും ഉണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപെടുത്തരുത് . ഈഴവര്‍ പണം ഉണ്ടാക്കും , പക്ഷെ മുഴുവന്‍ ചെലവു ചെയ്തു കളയും. ചിലര്‍ കടം കൂടി വരുത്തി വയ്ക്കും . അത് പാടില്ല മിച്ചം വയ്ക്കുവാന്‍ പഠിക്കണം. സമുദായം വിദ്യാഭ്യാസത്തിലും , ധനസ്ഥിതിയിലും , ശുചിത്വത്തിലും വളരെ പിന്നോക്കം . ഈ രീതി മാറണം- മാറ്റണം.
ഗുരു : ഈ തീര്‍ത്ഥാടനം നടത്തുന്നതിന്റെ ഉദ്ദേശം എന്ത് ? ഉന്നുമില്ലന്നുണ്ടോ ?
റൈറ്റര്‍ : ഉദ്ദേശങ്ങള്‍ മുന്‍പ് കല്പിച്ചിട്ടുണ്ടല്ലോ .
ഗുരു : അത് അതിന്റെ രീതികള്‍ അല്ലയോ ? രീതികള്‍ ആണോ ഉദ്ദേശം .(ആരും മറുപടി പറഞ്ഞില്ല . അടുത്തുണ്ടായിരുന്ന വൈദ്യരെയും സന്യാസിമാരെയും ചുറ്റുപാടും നിന്നിരുന്ന ജന പ്രമാണിമാരെയും ഗുരു നോക്കി , എന്നിട്ട് അല്പം ഗൌരവത്തോടെ തുടര്‍ന്നു.. )ആണ്ടിലൊരിക്കല്‍ കുറെ ആളുകള്‍ രാജ്യത്തിന്‍റെ നാനാ ഭാഗത്ത്‌ നിന്നും മഞ്ഞ വസ്ത്രവും ധരിച്ചു യാത്ര ചെയ്തു ശിവഗിരിയില്‍ ചെന്ന് ചുറ്റും നടന്നു കളിയും ഊണും കഴിഞ്ഞു പണവും ചിലവാക്കി വീടുകളില്‍ ചെല്ലുന്നത് കൊണ്ട് എന്ത് സാധിച്ചു ? ഒന്നും സാധിച്ചില്ല . വെറും ചെലവും , ബുദ്ധിമുട്ടും ! ഇതു പാടില്ല . ഏതു പ്രവര്‍ത്തിക്കും ഒരു ഉദ്ദേശം വേണം .
(പ്രധാനിയുടെ നേര്‍ക്ക്‌ നോക്കി ഗുരു എഴുതാന്‍ കല്പിച്ചു .)
ശിവഗിരി തീര്‍ത്ഥയാത്രയുടെ ഉദ്ദേശങ്ങള്‍ , സാധിക്കേണ്ട കാര്യങ്ങള്‍ ., അതിന്റെ ലക്‌ഷ്യം.
1 . വിദ്യാഭ്യാസം
2 . ശുചിത്വം
3 . ഈശ്വര ഭക്തി
4 . സംഘടന
5 . കൃഷി
6 . കച്ചവടം
7 . കൈത്തൊഴില്‍
8 . സാങ്കേതിക പരിശീലനങ്ങള്‍ .

ഈ വിഷയങ്ങളെ കുറിച്ച് പ്രസംഗ പരമ്പര നടത്തണം .ഓരോ വിഷയത്തിലും വൈദഗ്ധ്യം ഉള്ളവരെ ക്ഷണിച്ചു വരുത്തി പ്രസംഗം പറയിക്കണം .ജനങ്ങള്‍ അച്ചടക്കത്തോട്‌ കൂടി ഇരുന്നു ശ്രദ്ധിച്ചു കേള്‍ക്കണം. കേട്ടതെല്ലാം പ്രവര്‍ത്തിയില്‍ വരുത്താന്‍ ശ്രമിക്കണം . അതില്‍ വിജയം പ്രാപിക്കണം. അപ്പോള്‍ ജനങ്ങള്‍ക്കും , രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകും . ശിവഗിരി തീര്‍ത്ഥാടത്തിന്റെ പ്രധാന ഉദ്ദേശം ഇതായിരിക്കണം.



മരിച്ചു സ്വര്‍ഗത്തില്‍ ചെന്നാല്‍ അവിടെയും ജാതിവ്യത്യാസമുണ്ടെങ്കില്‍ ഒരു ഈഴവനായിരിക്കാനാണു താന്‍ ആഗ്രഹിക്കുകയെന്നു പറഞ്ഞ ധീരനാണു ഡോക്ടര്‍ പല്‍പ്പു (1863 - 1950). ഈഴവരെ 'താഴ്ന്ന ജാതിക്കാര്‍ എന്നു പ്രജാസഭയില്‍ പരാമര്‍ശിച്ചപ്പോള്‍ മേലാല്‍ ഇത്തരം പദപ്രയോഗങ്ങള്‍ ഉരിയാടിപ്പോകരുതെന്നു ദിവാന്‍ സി. രാജഗോപാലാചാരിയെ രൂക്ഷമായി ശാസിച്ച കുമാരനാശാനിലും ഈഴവരെക്കാള്‍ ഉല്‍ക്കൃഷ്ട ജാതിക്കാര്‍ ഇവിടെ വേറെയില്ലെന്നു ഗവേഷണം ചെയ്ത് ഉറക്കെ പ്രഖ്യാപിച്ച സി.വി. കുഞ്ഞുരാമനിലും ''ജാതി പറയുകതന്നെ എന്ന് ഒരിക്കല്‍ ദൃഢമായി പറഞ്ഞ സഹോദരന്‍ അയ്യപ്പനിലും ഈ അഭിമാനം നമുക്കു കാണാം..

 

''സ്വവര്‍ഗത്തിന്റെ ഉദ്ഗതിക്കായി ശ്രമിക്കേണ്ടത് ആ വര്‍ഗത്തില്‍പെട്ട സ്ത്രീപുരുഷന്‍മാരില്‍ ഓരോരുത്തരുടെയും ഒഴിച്ചുകൂടാത്ത ചുമതലകളില്‍ ഒന്നാണെന്നാണ് എന്റെ വിശ്വാസം.''നമ്മുടെ സമുദായം ഇപ്പോള്‍ ക്ഷുദ്രങ്ങളായ ചില പരസ്പര വ്യത്യാസങ്ങളെയും അര്‍ഥശൂന്യങ്ങളായ കക്ഷിമല്‍സരങ്ങളെയുംകൊണ്ടു കുഴങ്ങുകയാകുന്നു. സമുദായത്തിന്റെ നന്മയെ സംബന്ധിച്ച ഭാഗങ്ങളിലെങ്കിലും കഴിയുന്നത്ര നാം ആ ഇടുങ്ങിയ മാര്‍ഗങ്ങളെ വെടിയുന്നതിനു ശ്രമിക്കേണ്ട കാലം തീരെ അതിക്രമിച്ചിരിക്കുന്നു.ഈ രണ്ടു വാക്യങ്ങളും അരുവിപ്പുറത്തു കൂടിയ എസ്. എന്‍. ഡി. പി. യോഗത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഡോക്ടര്‍ പല്‍പ്പു എഴുതി വായിച്ച പ്രസംഗത്തിലുള്ളതാണ്. സമുദായം എങ്ങനെ ഉണരണമെന്നും വളരണമെന്നും വ്യക്തമാക്കുന്ന ജാജ്വല്യമാനമായ ഒരു മാര്‍ഗരേഖയാണ് ഈ പ്രസംഗം.

 

യോഗത്തിന്റെ ശതവാര്‍ഷിക സമ്മേളനത്തില്‍, പരലോകത്തുനിന്ന് ആഗതനായി പ്രസംഗിക്കേണ്ടിവന്നാലും ഡോക്ടര്‍ പല്‍പ്പുവിന് ഇതേ വാക്യങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരുമെന്നതാണു ദയനീയമായ സത്യം. ഇതര ജാതിമത വിഭാഗത്തില്‍പെട്ടവര്‍ സംഘടിച്ചുനിന്ന് അധികാരവും സമ്പത്തും കൈവരിക്കുമ്പോള്‍ തന്റെ സമുദായത്തില്‍പെട്ടവര്‍ തമ്മില്‍ കലഹമുണ്ടാക്കാനും ചാവേറുകളാകാനും തുനിയുന്നു. നൂറ്റാണ്ടു പിന്നിട്ടിട്ടും, ലക്ഷ്യമിട്ടതിന്റെ അടുത്തെത്തുന്ന ഭൌതിക, മാനസിക പുരോഗതികള്‍ നേടാനാവാത്ത തന്റെ സമുദായത്തിന്റെ ദയനീയാവസ്ഥ കണ്ട് ഒരുപക്ഷേ ആ ദീനദയാലു വേദിയില്‍നിന്നു പൊട്ടിക്കരഞ്ഞുപോകുമായിരിക്കും. വേഷംമാറിയ പഴയ ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ പുതിയ രാഷ്ട്രീയ നേതൃമുഖങ്ങളെ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അനുയായികളെ ഓര്‍ത്ത് അദ്ദേഹം പരിതപിച്ചേക്കാം.സ്വാമി വിവേകാനന്ദനെ റിക്ഷയില്‍ ഇരുത്തി മൈസൂറിലെ രാജവീഥിയിലൂടെ, മലയാളി ഹിന്ദുക്കളിലെ ഒന്നാമത്തെ ആ എല്‍. എം. എസുകാരന്‍ കോട്ടും സൂട്ടുമണിഞ്ഞു വലിച്ചുകൊണ്ടോടിയത്, ഒരു സമുദായത്തിന്റെ വിമോചനത്തിനുള്ള രഹസ്യമന്ത്രം ചൊല്ലിക്കൊടുത്തതിനുള്ള പ്രതിഫലമായിട്ടായിരുന്നു. അതെല്ലാം ഫലപ്രാപ്തിയിലെ ത്തിയില്ലല്ലോയെന്ന ചിന്താഭാരം അദ്ദേഹത്തിനു താങ്ങാവുന്നതിലും അധികമായിരിക്കും.

 

സമുദായപ്രവര്‍ത്തനം തികഞ്ഞ ക്ളേശാനുഭവമായിരുന്ന ഒരു കാലഘട്ടത്തിലാണു പല്‍പ്പു ഈഴവരെ സംഘടിപ്പിച്ച് അവകാശ സമരങ്ങള്‍ക്കു സജ്ജരാക്കാന്‍ ഒരുമ്പെടുന്നത്. കുറച്ചു വിദ്യാഭ്യാസവും ഒരു ഉദ്യോഗവുമുണ്ടെങ്കില്‍ ജാതി പറയുന്നതു നാണക്കേടായി കരുതുകയും സ്വന്തം മാളങ്ങളില്‍ ഒതുങ്ങിക്കൂടി ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി പ്രായേണ ജീവിതം വ്യര്‍ഥമാക്കാന്‍ തുനിയുന്ന ഇന്നത്തെ മനോഭാവത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോഴാണു ഡോക്ടര്‍ പല്‍പ്പുവിന്റെ മഹത്വം വെളിപ്പെടുക. മേല്‍ സൂചിപ്പിച്ചപോലെ കേരളത്തിലെ ഹിന്ദുക്കളില്‍ ആദ്യത്തെ എല്‍. എം. എസുകാരനായിരുന്നിട്ടുപോലും അഞ്ചു രൂപ ശമ്പളം കിട്ടുന്ന ഒരു ജോലിക്കുവേണ്ടി താണുവീണു കേണപേക്ഷിച്ചപ്പോള്‍ നമ്മുടെ 'ധര്‍മരാജ്യത്തിലെ പ്രത്യക്ഷ ദൈവമായ രാജാവും അദ്ദേഹത്തിന്റെ മന്ത്രിപ്രവരനും കനിഞ്ഞില്ല. എന്നല്ല, 'പോയി തെങ്ങുചെത്തി ജീവിച്ചുകൊള്ളാന്‍ ഇണ്ടാസും കൊടുത്തു. പ്രാണനാശത്തെക്കാളും സങ്കടകരമായ ഈ പരിഹാസവും പേറിക്കൊണ്ടാണ് ഒരു ജോലി തേടി മദ്രാസിലേക്കും മൈസൂറിലേക്കും പല്‍പ്പു വണ്ടികയറിയത്. ഹിന്ദുരാജാവു ഭരിക്കുന്ന ഒരു രാജ്യത്തു ചവിട്ടിത്താഴ്ത്തപ്പെട്ടവനായ ഒരു ഹിന്ദു പ്രജ ക്രിസ്തുമതമോ ഇസ്ലാംമതമോ സ്വീകരിച്ചാല്‍ ജോലിയുള്‍പ്പെടെ എല്ലാ പ്രവേശനകവാടങ്ങളും മലര്‍ക്കെ തുറന്നുകൊടുക്കുമായിരുന്ന സന്ദര്‍ഭത്തിലാണ് ഈ പലായനം എന്നോര്‍ക്കണം. 

 

മൈസൂര്‍ സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായി ഉദ്യോഗം ലഭിച്ചിട്ടും തിരുവിതാംകൂറിലെ പൊന്നുതമ്പുരാനേല്‍പ്പിച്ച അവധീരണവും സ്വജാതിയില്‍പെട്ട ലക്ഷോപലക്ഷം ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരുന്ന ദുരിതങ്ങളും മറക്കാന്‍ ആ ദീനവല്‍സലനായില്ല. സര്‍വീസില്‍ ഇരുന്നുകൊണ്ടുതന്നെ തന്റെ ബുദ്ധിയും ശക്തിയും ധനവും വിനിയോഗിച്ച്, അടിച്ചമര്‍ത്തപ്പെട്ടും അവകാശങ്ങള്‍ നിഷേധിച്ചും കിടന്ന സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം യത്നിച്ചു.മലയാളി മെമ്മോറിയലിന് (1891) ഏറ്റവും കൂടുതല്‍ ഒപ്പുകള്‍ ശേഖരിച്ചുകൊടുത്തത് അദ്ദേഹമാണ്. അതിലെ മൂന്നാമത്തെ ഒപ്പുകാരനും. ഈഴവര്‍ തെങ്ങുചെത്തും കയര്‍പിരിപ്പുംകൊണ്ടു തൃപ്തരാണെന്നും അവരെ മെമ്മോറിയലില്‍ ആകര്‍ഷിച്ചു ചേര്‍ത്തതാണെന്നുമായിരുന്നു സര്‍ക്കാരിന്റെ സമാധാനം.സ്കൂളുകള്‍ ഉള്‍പ്പെടെ ഈഴവരുടെ മുന്നില്‍ അടച്ചിട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാതായനങ്ങള്‍ ഓരോന്നായി തുറന്നുകിട്ടാനുള്ള ഹര്‍ജികളുടെയും പത്രമാധ്യമങ്ങള്‍വഴിയുള്ള പ്രചാരണങ്ങളുടെയും കാലമായിരുന്നു അത്. ഇന്ത്യയിലും വിദേശത്തുമുള്ള ഇംഗീഷ് പത്രങ്ങളിലെല്ലാം ഈഴവരുടെ ദുരിതങ്ങള്‍ അദ്ദേഹം വിവരിച്ചെഴുതി. മലയാള മനോരമ, കേരള സഞ്ചാരി തുടങ്ങിയ മലയാള പത്രപംക്തികളും പ്രയോജനപ്പെടുത്തി. ആ പത്രലേഖനങ്ങളും നിവേദനങ്ങളും സമാഹരിച്ച് >'Treatment of Thiyas in Travancore'

 

സെപ്റ്റംബര്‍ മൂന്നിന് 13176 ഈഴവര്‍ ഒപ്പിട്ട ഈഴവ മെമ്മോറിയല്‍ ഡോക്ടര്‍ പല്‍പ്പു മഹാരാജാവിനു സമര്‍പ്പിച്ചതും ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നു. ഈഴവരുടെ അത്യന്തം ദയനീയമായ അവസ്ഥയെ രാജസമക്ഷം അവതരിപ്പിക്കുന്ന ഈ മെമ്മോറിയല്‍ ഒരു ചരിത്രവിദ്യാര്‍ഥി ഒരു വിലാപഗീതമായിട്ടായിരിക്കും വീക്ഷിക്കുക. ഒരു സമുദായത്തിന്റെ കദനഭാരം മുഴുവന്‍ ഹൃദയത്തിലേറ്റുവാങ്ങിക്കൊണ്ട് എഴുതിയ മെമ്മോറിയലിലെ ഒരു വാക്യം മാത്രം ഇവിടെ ഉദ്ധരിക്കാം:''ധര്‍മതല്‍പ്പരതയ്ക്കും പ്രജാവാല്‍സല്യത്തിനും ഇരിപ്പിടമായ പൊന്നുതിരുമേനിയുടെ കാരുണ്യമല്ലാതെ മറ്റൊരാശ്രയമില്ലാത്തവരും, നിരപരാധികളുമായ ഈ അടിയങ്ങളെ സ്വരാജ്യത്തിലും സ്വമതത്തിലുംനിന്ന് അകറ്റിക്കളയാതെ മേലാലെങ്കിലും എല്ലാ ഗവണ്‍മെന്റ് പള്ളിക്കൂടങ്ങളിലും കടന്നു പഠിച്ചുകൊള്ളത്തക്കവണ്ണവും യോഗ്യതാനുസാരവും അടിയങ്ങള്‍ക്കു സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ കിട്ടത്തക്കവണ്ണവും തിരുവുള്ളമലിഞ്ഞു കല്‍പ്പനയുണ്ടായി അടിയങ്ങളുടെ സങ്കടം തീര്‍ത്തു രക്ഷിപ്പാറാകണമെന്ന്, അടിയങ്ങള്‍ എത്രയും ഭയഭക്തിവിനയങ്ങളോടുകൂടി തൃപ്പാദങ്ങളില്‍ വീണു പ്രാര്‍ഥിച്ചുകൊള്ളുന്നു ശിലപോലും അലിഞ്ഞുപോകുമാറുള്ള ഈ രോദനം പത്മനാഭദാസനെ തെല്ലും ഇളക്കിയതില്ലെന്നതു ചരിത്രസത്യം.പക്ഷേ, തോറ്റു പിന്‍മാറാന്‍ തയാറല്ലായിരുന്നു പല്‍പ്പു. അതേ വര്‍ഷംതന്നെ അദ്ദേഹത്തിന്റെ ഉല്‍സാഹത്തില്‍ തിരുവിതാംകൂര്‍ ഈഴവസഭ രൂപീകൃതമായി. 

 

കണ്ടത്തില്‍ വറുഗീസ് മാപ്പിള അഭിപ്രായപ്പെട്ടതുപോലെ: (മലയാള മനോരമ 1896 ഏപ്രില്‍ 18) ''സമുദായത്തിനു പൊതുവേ ഉണ്ടാകണമെന്നാഗ്രഹിച്ച അഭിവൃദ്ധിയുടെ ഒരുവക തോടയം മാത്രമേ ആയിരുന്നുള്ളു ഈ സഭകൂടലും പ്രസംഗങ്ങളുംമറ്റും തോടയം കഴിഞ്ഞുവരുന്ന ശ്ളോകവും പുറപ്പാടും മേളപ്പദവും പിന്നിട്ടു കഥയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നതിനു വീണ്ടും ഏതാനും വര്‍ഷങ്ങള്‍ വേണ്ടിവന്നു. ശ്രീനാരായണഗുരുവിന്റെ പാവനചരിതത്തിലും ഉല്‍ക്കൃഷ്ടമായ ദര്‍ശനത്തിലും ദിവ്യതേജസ്സിലും ആകൃഷ്ടനായി പല്‍പ്പു എസ്. എന്‍. ഡി. പി. യോഗം രൂപീകരിച്ചതോടെ കേരളത്തിലെ സമസ്ത ഈഴവരുടെയും ഉദ്ധാരണത്തിനും മുന്നേറ്റത്തിനുമുള്ള അരങ്ങൊരുങ്ങി. പദം പാടാനും ശ്ളോകം ചൊല്ലാനും മാത്രമല്ല, ചൊല്ലിയാടാനും ഇളകിയാടാനും ഈഴവര്‍ സന്നദ്ധരാണെന്ന് അതോടെ പല്‍പ്പു അധികാരികളെ ബോധ്യപ്പെടുത്തി. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ ഈ സംസ്ഥാനങ്ങളിലുള്ള ഈഴവരുടെ മതസംബന്ധമായും സാമൂഹികമായും വ്യവസായ വിഷയമായുമുള്ള അഭിവൃദ്ധിക്കുവേണ്ടി റജിസ്റ്റര്‍ ചെയ്ത എസ്. എന്‍. ഡി. പി. യോഗത്തിന്റെ ജൈത്രയാത്രയിലെ ശ്രദ്ധേയമായ സംഭവമായിരുന്നു രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു കൊല്ലത്തു നടത്തിയ ഇന്ത്യയിലെ ഒന്നാമത്തേതായ വ്യാവസായിക പ്രദര്‍ശനവും സാഹിത്യ പ്രദര്‍ശനവും. സംഖ്യാബലത്തില്‍ മാത്രമല്ല, വ്യവസായ ശീലത്തിലും സാംസ്കാരിക പ്രബുദ്ധതയിലും ഈഴവര്‍ കേരളത്തില്‍ ഒന്നാമതായി നില്‍ക്കുന്ന ഒരു സമുദായമാണെന്നു ലോകരെ വിളിച്ചറിയിക്കാനുള്ള ഒരു ഉദ്യമമായിരുന്നു അത്. കേരളത്തിലെ ഈഴവരുടെ വ്യവസായ സാധനങ്ങളും സാഹിത്യസംഭാവനകളും മാത്രമേ അതില്‍ പ്രദര്‍ശിപ്പിച്ചിരുന്നുള്ളു. ജാതിമത ഭേദമെന്യേ എല്ലാ വിഭാഗക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടു നാലാം വാര്‍ഷികത്തോടനുബന്ധിച്ചു കണ്ണൂരില്‍ നടത്തിയ കൃഷി വ്യവസായ പ്രദര്‍ശനവും പല്‍പ്പുവിന്റെ നേതൃത്വപാടവത്തിനു ദൃഷ്ടാന്തമാണ്.

 

വിവേകാനന്ദ സ്വാമികളുടെ സഹായത്തോടെ, ഡോക്ടര്‍ സ്വന്തം കീശയില്‍നിന്നു പണം കൊടുത്തു ബാരിസ്റ്റര്‍ ജി.പി. പിള്ളയെ ഇംഗണ്ടില്‍ അയച്ച് ഈഴവരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയിലെത്തിച്ചതും ശ്രദ്ധേയമാണ്.ഇക്കാലത്ത് മൈസൂറിലെ വലിഗര്‍ എന്ന അവശസമുദായത്തെയും ഡോക്ടര്‍ സംഘടിപ്പിക്കയുണ്ടായി. വലിഗര്‍ അസോസിയേഷന്‍ എന്നായിരുന്നു അവരുടെ സംഘടനയുടെ പേര്.ഈഴവരുടെ വ്യവസായ സംരംഭത്തെയും സാമ്പത്തി കാഭിവൃദ്ധിയെയും ലക്ഷ്യമാക്കി ഡോക്ടറുടെ ചുമതലയില്‍ കൊച്ചി കേന്ദ്രമാക്കി 'മലബാര്‍ എക്കണോമിക് യൂണിയന്‍ എന്ന പേരില്‍ ഒരു കമ്പനിയും സ്ഥാപിച്ചു പ്രവര്‍ത്തിച്ചിരുന്നു. ശ്രീനാരായണഗുരുവാണ് അതില്‍ ആദ്യം ഷെയറെടുത്തത്. എന്നാല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യാഘാതത്തില്‍പെട്ട് ആ ഉദ്യമം തകര്‍ന്നുപോകുകയാണുണ്ടായത്.ഇങ്ങനെ അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ ഡോക്ടര്‍ പല്‍പ്പുവിനെ ഈഴവസമുദായത്തിന് ഒരുകാലത്തും മറക്കാനാവില്ല.

 

ജി. പ്രിയദര്‍ശനന്‍

അഡ്വ. ഇ രാജന്‍

ശ്രീനാരായണ ഗുരുവിന് മുന്‍പ് അധഃകൃതരുടെ ഉന്നമനത്തിനും സാമൂഹ്യ പരിവര്‍ത്തനത്തിനും വേണ്ടി പരിശ്രമിച്ച കര്‍മധീരനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. 1825 ല്‍ കാര്‍ത്തികപ്പിള്ളി താലൂക്കിലെ പ്രശസ്ത ഈഴവ കുടുംബത്തിലാണ് വേലായുധപ്പണിക്കര്‍ ജനിച്ചത്. വളരെ സമ്പന്നമായ പശ്ചാത്തലമുണ്ടായിരുന്നതിനാല്‍ പ്രഗത്ഭരായ അധ്യാപകരെ വീട്ടില്‍ കൊണ്ടുവന്ന് വേലായുധനെ പഠിപ്പിക്കുകയാണുണ്ടായത്. അക്കാലത്ത് നല്ലനിലയില്‍ തന്നെ സംസ്‌കൃതവും മലയാളവും തമിഴും പഠിച്ചു. ഭാഷാപഠനത്തിനുപുറമെ ആയൂര്‍വേദവും ജ്യോതിഷവും അദ്ദേഹത്തിന് പഠിക്കാന്‍ കഴിഞ്ഞു. സാമ്പത്തിക സൗകര്യമുണ്ടായിരുന്നതിനാല്‍ കുതിരസവാരിയും വാള്‍പയറ്റും അദ്ദേഹം അഭ്യസിച്ചു. ഉന്നതശീര്‍ഷനും അഭ്യാസമുറകള്‍ പഠിച്ച ദൃഢശരീരവും കോമള രൂപനുമായതിനാല്‍ എല്ലാവരുടേയും ശ്രദ്ധപിടിച്ചു പറ്റുന്ന പുരുഷകേസരിയായിരുന്നു അദ്ദേഹം. കാര്‍ത്തികപ്പിളളി താലൂക്കിലെ പുതുപ്പള്ളിയിലുള്ള പ്രസിദ്ധ കുടുംബമായ വാരണപ്പിള്ളിയിലെ വെളുമ്പി എന്ന യുവതിയെ വേലായുധന്‍ വിവാഹം കഴിച്ചു. വാരണപ്പിള്ളി തറവാട് അക്കാലത്തു പണ്ഡിതരായ അധ്യാപകരാല്‍ പ്രസിദ്ധമായിരുന്നു. ശ്രീനാരായണഗുരു വിദ്യാര്‍ഥിയായി പഠിക്കാനെത്തുന്നത് വാരണപ്പിള്ളി തറവാട്ടിലാണ്.
സാമ്പത്തികമായി ഉച്ചാവസ്ഥയിലായിരുന്നെങ്കിലും സാമൂഹ്യമായ അവഗണനകള്‍ വേലായുധന്‍ ജനിച്ച ഈഴവ സമുദായത്തിന് അനുഭവിക്കേണ്ടിവന്നു. ഈഴവരേക്കാള്‍ താഴ്ന്ന ജാതിക്കാരുടെ സ്ഥിതി അതിലും കഷ്ടമായിരുന്നു. അയിത്താചരണവും സവര്‍ണരുടെ സാമീപ്യത്തില്‍ നിന്ന് അടികണക്കിന് മാറി നില്ക്കണമെന്നുള്ള അവസ്ഥയും വേലായുധനില്‍ അമര്‍ഷത്തിന്റെ അഗ്നി പടര്‍ത്തി. അമ്പലങ്ങളില്‍ പ്രവേശനമില്ലാതിരുന്നതു കൊണ്ട് ദൂരെമാറി ആരാധിക്കാന്‍ മാത്രമെ അവര്‍ണര്‍ക്ക് കഴിഞ്ഞിരുന്നുള്ളു. സവര്‍ണരുടെ കലയായി അറിയപ്പെട്ടിരുന്ന കഥകളി പോലുള്ള ക്ഷേത്രകലകളും അവര്‍ണര്‍ക്ക് അപ്രാപ്യമായിരുന്നു.
കേരളത്തിലെ നവോത്ഥാന സമരത്തിന് തീകൊളുത്തിയത് ശ്രീനാരായണഗുരു അരുവിപുറം പ്രതിഷ്ഠ നടത്തിയതോടെയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഗുരുദേവനു തന്നെയും മാര്‍ഗദര്‍ശിയായി വേലായുധന്‍ ഒരു അമ്പലം പണിത് ശിവപ്രതിഷ്ഠ നടത്തിച്ചു. 1888 ല്‍ ഗുരുദേവന്‍ അരുവിപുറം പ്രതിഷ്ഠ നടത്തുന്നതിന് 36 വര്‍ഷം മുമ്പ് 1852 ല്‍ ആറാട്ടുപുഴ വേലായുധ പണിക്കരുടെ നേതൃത്വത്തില്‍ കാര്‍ത്തികപ്പിള്ളിയിലെ മംഗലത്ത് കേരള ശൈലിയില്‍ ഒരു ക്ഷേത്രം നിര്‍മിച്ച് ശിവപ്രതിഷ്ഠ നടത്തി. ശ്രീനാരായണ ഗുരു ജനിക്കുന്നതിനും നാലുവര്‍ഷം മുമ്പാണ് ഈ സംഭവം നടന്നത്. മാവേലിക്കര കണ്ടിയൂര്‍ മറ്റത്തില്‍ വിശ്വനാഥന്‍ ഗുരുക്കള്‍ എന്ന തന്ത്രിയാണ് പ്രതിഷ്ഠ നടത്തിയത്. എല്ലാജാതി മതസ്ഥര്‍ക്കും അവിടെ പ്രവേശനം അനുവദിച്ചിരുന്നു. അയിത്തജാതിക്കാരന്റെ ഈ ധിക്കാരം സവര്‍ണപ്രമാണിമാരെ പ്രകോപിപ്പിച്ചു. എങ്കിലും വേലായുധപണിക്കരുടെ പ്രതാപവും ആയോധനകലകളിലുള്ള പ്രാവീണ്യവും ആള്‍ബലവും മൂലം അവര്‍ നിശബ്ദരായി.
1853 ചേര്‍ത്തല തണ്ണീര്‍മുക്കം ചെറുവാരണംകരയില്‍ വേറൊരു ശിവക്ഷേത്ര നിര്‍മാണത്തിനും വേലായുധപണിക്കര്‍ ശ്രമിച്ചു. ക്ഷേത്രനിര്‍മ്മാണവും വിഗ്രഹപ്രതിഷ്ഠയും അവര്‍ണരുടെ ധര്‍മാചരണത്തിന് എതിരാണെന്നു പറഞ്ഞു സവര്‍ണര്‍ ദിവാന് പരാതി അയച്ചു. പ്രതിഷ്ഠാകര്‍മം മുടക്കുന്നതിനായി ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. പ്രശ്‌നം സനാതനവും ആചാരത്തെ സംബന്ധിച്ചതുമാകയാല്‍ ദിവാന്‍ ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചുവരുത്തി തെളിവെടുപ്പു നടത്തുകയുണ്ടായി. അവര്‍ണര്‍ക്കായി ക്ഷേത്രനിര്‍മാണവും ശിവപ്രതിഷ്ഠയും മുമ്പ് നടന്നിട്ടുണ്ടെന്ന് ദിവാന് മുമ്പില്‍ തെളിവു കൊടുക്കുകയും, അതിന് മുന്‍ അനുഭവമായി മംഗലത്തു നടന്ന ശിവപ്രതിഷ്ഠ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ദിവാന്റ തീരുമാനം ക്ഷേത്രനിര്‍മാണത്തിനനുകൂലമായിരുന്നു. അങ്ങനെ സവര്‍ണരുടെ ഭീഷണിക്കും ഭരണകൂടത്തിന്റെ ഇടപെടലിനും എതിരെ പോരാടിയാണ് തണ്ണീര്‍മുക്കത്ത് വേലായുധ പണിക്കര്‍ ക്ഷേത്രം നിര്‍മിക്കുന്നത്.
അക്കാലത്ത് നെയ്ത്ത് പണിയില്‍ പ്രാവീണ്യം നേടിയിരുന്നത് ഈഴവ സമുദായക്കാരായിരുന്നു. എന്നാല്‍ അവര്‍ നെയ്‌തെടുക്കുന്ന മനോഹരമായ പുടവകള്‍ അവര്‍ക്ക് ഉടുക്കാന്‍ അവകാശമുണ്ടായിരുന്നില്ല. മുട്ടിറങ്ങിക്കിടക്കുന്ന നേര്‍ത്ത പുടവകള്‍ മേല്‍ജാതി സ്ത്രീകള്‍ക്ക് ഉടുക്കാനുള്ളതാണ്. അച്ചിപുടവ എന്നാണ് അതിന്റെ പേര്‍തന്നെ. അവര്‍ണരായ സ്ത്രീ-പുരുഷന്മാര്‍ മുട്ടിന് കീഴോട്ട് വസ്ത്രം താഴ്ത്തിധരിക്കുന്നത് അവര്‍ണര്‍ സമ്മതിച്ചിരുന്നില്ല. അത് ധിക്കാരവും നിയമലംഘനവുമായി പരിഗണിക്കപ്പെട്ടിരുന്നു. കായംകുളത്തിനടുത്ത് പന്നിയൂര്‍ പ്രദേശത്ത് ഒരു ഈഴവ യുവതി അച്ചിപ്പുടവ മുട്ടിന് താഴ്ത്തി ഉടുത്ത് വയല്‍വരമ്പില്‍ കൂടി നടന്നുപോകുന്നതുകണ്ട് രോഷാകുലരായ മേല്‍ജാതിക്കാര്‍ അവളുടെ പുടവ വലിച്ചുകീറി ചളിയിലെറിഞ്ഞ് അവളെ അപമാനിച്ച വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്ന് പണിക്കരുടെ ചെവിയിലുമെത്തി. പണിക്കര്‍ ഉടനെതന്നെ അഭ്യാസികളായ കുറെ ചെറുപ്പക്കാരുമായി പന്നിയൂരെത്തി. സവര്‍ണ മേധാവികളെ വെല്ലുവിളിച്ചുകൊണ്ട് കുറച്ചു യുവതികളെ അച്ചിപ്പുടവ ഉടുപ്പിച്ച് വയല്‍വരമ്പിലൂടെ നടത്തിച്ചു. ഒരു പ്രമാണിയും എതിര്‍ക്കാന്‍ ധൈര്യപ്പെട്ടില്ല.
ഈഴവര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നതിനും അക്കാലത്ത് വിലക്കുണ്ടായിരുന്നു. അവര്‍ണസ്ത്രീ സ്വര്‍ണ മൂക്കുത്തിധരിച്ച് പന്തളം ചന്തയിലെത്തിയതു കണ്ട് സവര്‍ണപ്രമാണിമാര്‍ പ്രകോപിതരായി. അവര്‍ ആ സ്ത്രീയുടെ മൂക്കുത്തി ബലമായി വലിച്ചുപറിച്ചു. ആ മൂക്കിന്റെ ഭാഗം കീറിപ്പറിഞ്ഞ് ആ ഈഴവസ്ത്രീ ചോരപാടുമായി നിലവിളിച്ച് ഓടിപ്പോയി. ഇതുകേട്ടറിഞ്ഞ വേലായുധപ്പണിക്കര്‍ അടുത്ത ചന്തദിവസം ഒരു വട്ടിനിറയെ പൊന്നിന്‍ മൂക്കുത്തികളുമായി പന്തളം ചന്തയിലെത്തി. എന്തിനും തയ്യാറായി തന്റെ സുഹൃദ്‌വൃന്ദവും കൂടെയുണ്ടായിരുന്നു. അവര്‍ണ യുവതികളെ വിളിച്ചുവരുത്തി അവരുടെ മൂക്കിലെ ആഭരണ തുളകളില്‍ നിന്ന് ഈര്‍ക്കില്‍ കഷ്ണങ്ങളും ഓലചിന്തുകളും പിച്ചളകമ്പികളുമെല്ലാം ഊരിക്കളഞ്ഞ് താന്‍ കൊണ്ടുവന്ന പൊന്നിന്‍ മൂക്കുത്തികള്‍ ഭംഗിയായി ധരിപ്പിച്ച് അവരെ ചന്തയില്‍ നടത്തിച്ചു. ധൈര്യമുള്ളവരുണ്ടെങ്കില്‍ മൂക്കുത്തി പറിച്ചെടുക്കാന്‍ വരാന്‍ പറഞ്ഞ് വെല്ലുവിളിച്ച് വാളുയര്‍ത്തി ആറാട്ടുപുഴ വേലായുധപണിക്കര്‍ കുതിരപ്പുറത്ത് കയറി അവിടെയെല്ലാം ചുറ്റിയടിച്ചു. അവര്‍ണരുടെ ആചാരങ്ങളെ തിരുത്തിക്കുറിച്ച് ധീരമായി മുന്നേറിയ സംഭവമാണിത്. സ്ത്രീ-സ്വാതന്ത്ര്യത്തിനും വിവേചനത്തിനുമായി നടന്ന ഉജ്ജ്വലപോരാട്ടമായി ഇതിനെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു.
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഒരു പ്രക്ഷോഭകനും അവര്‍ണരുടെ ജനനായകനും മാത്രമായിരുന്നില്ല. ആഢ്യസവര്‍ണരുടെ ഇല്ലങ്ങളിലും സവര്‍ണ ക്ഷേത്രങ്ങളിലും മാത്രം അരങ്ങേറിയിരുന്ന കഥകളി എന്ന കലാരൂപത്തെ ഈഴവര്‍ക്കും കെട്ടിയാടാന്‍ കഴിയുന്ന ഒരു കലയാക്കി മാറ്റിയത് വേലായുധപ്പണിക്കരായിരുന്നു. നമ്പൂതിരി ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും മാത്രമേ കഥകളി നടക്കൂ എന്നതിനാല്‍ അവര്‍ണര്‍ക്ക് ഒളിച്ചും പാത്തും പതുങ്ങിയും മാത്രമേ നോക്കിക്കാണാന്‍ കഴിഞ്ഞിരുന്നുള്ളു. ഈഴവരുടെ കഥകളി അരങ്ങേറ്റമെന്നത് സ്വപ്നംകാണാന്‍ പോലും കഴിഞ്ഞിരുന്നില്ല.
കഥകളിയോഗം സ്ഥാപിക്കുകയെന്നത് സവര്‍ണ മേധാവിത്തത്തോടുള്ള വെല്ലുവിളിയായി സ്വീകരിച്ച വേലായുധപണിക്കര്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. മംഗലം ക്ഷേത്രത്തില്‍ കഥകളിക്ക് പ്രവേശനമുണ്ടായിരുന്നതിനാല്‍ അവിടെവച്ച് കഥകളി അഭ്യസിക്കാന്‍ തീരുമാനിച്ചു. കഥകളി ആചാര്യനായ അമ്പലപ്പുഴ മാധവകുറുപ്പിന്റെ സഹായത്തോടെ ക്ഷേത്രത്തിനുചുറ്റുമുള്ള കലാതാല്‍പ്പര്യമുള്ള കുറെ ഈഴവ ചെറുപ്പക്കാരെ കഥകളി പരിശീലിപ്പിച്ച് വേലായുധപണിക്കര്‍ ഒരു കഥകളി യോഗം സ്ഥാപിച്ച് അരങ്ങേറ്റം നടത്തി. വേലായുധപ്പണിക്കരുടെ നാലുമക്കളും കഥകളി പഠിച്ച് വേഷമിട്ടിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
വേലായുധപണിക്കരുടെ കഥകളിയോഗം പ്രസിദ്ധിയാര്‍ജിക്കുകയും അതോടൊപ്പം എന്തുവിലകൊടുത്തും ഇതിനെ എതിര്‍ക്കാന്‍ സവര്‍ണര്‍ രംഗത്തുവരികയും ചെയ്തു. ഈഴവ ചെറുപ്പക്കാര്‍ കഥകളിയിലെ ദേവരൂപങ്ങള്‍ കെട്ടിയാടുന്നത് സവര്‍ണര്‍ക്ക് ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യമായിരുന്നു. സവര്‍ണര്‍ സംഘടിതരായി ദിവാന്‍ജിക്ക് മുമ്പാകെ പരാതി നല്‍കി. കഥകളിയിലെ കഥാപാത്രങ്ങള്‍ പുരാണ പ്രസിദ്ധിയുള്ള ദേവന്മാരും ബ്രാഹ്മണരും രാജാക്കന്മാരും അസുരന്മാരുമൊക്കെയാണ്. മുഖത്തു പച്ചതേച്ച്, ചുട്ടികുത്തി, തലയില്‍ രാജപ്രൗഢിക്കു ചേരുന്ന കിരീടം വെച്ചാണ് വേഷങ്ങള്‍ രംഗത്തുവരുന്നത്. ആ വേഷം വിനോദത്തിനാണെങ്കില്‍പോലും അയിത്ത ജാതിക്കാരായ ഈഴവര്‍ കെട്ടുന്നതും കളിക്കുന്നതും ധര്‍മ്മനീതിക്കെതിരാണെന്നും കളിക്കുന്നവര്‍ക്കും കളി കാണുന്നവര്‍ക്കും ദൈവവിരോധമുണ്ടാകുമെന്നും ദിവാനയച്ച പരാതിയില്‍ സവര്‍ണര്‍ ബോധിപ്പിച്ചു. ജാതി ഹിന്ദുക്കള്‍ ഇത് സഹിക്കില്ലെന്നും സമാധാനലംഘനമുണ്ടാകുമെന്നും അവര്‍ ദിവാനെ ധരിപ്പിച്ചു. ദിവാന്‍ ടി മാധവറാവു ഇരുകക്ഷികളെയും വിളിച്ചുവരുത്തി. പുരാണങ്ങളും ഇതിഹാസങ്ങളും നിരത്തി വേലായുധപ്പണിക്കര്‍ തന്നെയാണ് ശക്തമായ വാദം നടത്തിയത്. സവര്‍ണരുടെ ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും മറ്റു നിയമതടസങ്ങള്‍ ചൂണ്ടിക്കാണിക്കാനില്ലാത്തതിനാല്‍ കഥകളി നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള വിധിയാണ് ദിവാന്‍ പുറപ്പെടുവിച്ചത്.
തിരുവിതാംകൂര്‍ മഹാരാജാവും ഈ പുരുഷ കേസരിയെ ബഹുമാനിക്കുകയുണ്ടായി. പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ സാളഗ്രാമം തരണനല്ലൂര്‍ നമ്പൂതിരിപ്പാടില്‍ നിന്നും കായംകുളം കായലില്‍ വെച്ച് കീരിക്കാട്ടുകാരായ ചില അക്രമികള്‍ കൈവശമാക്കി. ആ സാളഗ്രാമം തിരികെ വാങ്ങുന്നതിനും അക്രമികളെ പിടിച്ചേല്‍പ്പിക്കുന്നതിനും തിരുവിതാംകൂര്‍ മഹാരാജാവ് വേലായുധപണിക്കരെ അധികാരപ്പെടുത്തി. തന്നെ ഏല്‍പ്പിച്ച ദൗത്യം വിജയകരമാക്കി തീര്‍ത്തതില്‍ സന്തോഷിച്ച് പണിക്കര്‍ക്ക് രണ്ടുകൈക്കും മഹാരാജാവ് വീരശൃംഖല നല്‍കുകയും ബഹുമതിയായി പണിക്കര്‍ സ്ഥാനം കല്‍പ്പിച്ചുനല്‍കുകയും ചെയ്തു.
സവര്‍ണര്‍ക്ക് എന്നും തലവേദനയായി പണിക്കര്‍ മാറി. അവര്‍ണരുടെ പ്രശ്‌നങ്ങള്‍ക്കും നീതിക്കും സമത്വത്തിനും വേണ്ടി പോരാടിയ മഹാധീരനായിരുന്നു പണിക്കര്‍. ആയോധനവിദ്യയും കുതിര സവാരിയും സ്വായത്തമാക്കിയ പണിക്കരെ 1874 ല്‍ ധനു 24 ന് തണ്ടുവച്ച ബോട്ടില്‍ കായംകുളം കായല്‍ വഴി കൊല്ലത്തേക്ക് പോകുമ്പോള്‍ ശത്രുക്കള്‍ ആസൂത്രിതമായി സംഘടിച്ച് നടുക്കായലില്‍ വച്ച് കുത്തിക്കൊല്ലുകയാണുണ്ടായത്.
തന്റെ ഹ്രസ്വമായ ജീവിതകാലത്ത് അധഃകൃതരുടെ ഉന്നമനത്തിനുവേണ്ടി പോരാടിയ ധീരോജ്ജ്വലനായ മറ്റൊരു നേതാവും വേലായുധപ്പണിക്കരെപോലെ ഉണ്ടാവില്ല. ആ സിംഹഗര്‍ജ്ജനം സവര്‍ണരെ വിറപ്പിച്ചു. അനാചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും കോട്ടകളില്‍ വിള്ളലുണ്ടാക്കി. കേരളത്തിലെ നവോഥാന പ്രസ്ഥാനത്തിലെ ആദ്യ രക്തസാക്ഷിയായി ചരിത്രം രേഖപ്പെടുത്തുക ആറാട്ടുപുഴ വേലായുധപ്പണിക്കരെ ആയിരിക്കും.