‘ദൈവദശകം’ ശതാബ്ദി നിറവില്‍
“ദൈവമേ കാത്തുകൊള്‍കങ്ങ്…” എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാ ഗീതം ‘ദൈവദശകം’ മലയാളി കുടുംബങ്ങള്‍ ആലപിക്കാന്‍ തുടങ്ങിയിട്ട് നൂറു വര്‍ഷമാകുന്നു.
അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയ്ക്ക് ശേഷം ശ്രീനാരായണഗുരുദേവന്‍ മാനവരാശിക്ക് നല്‍കിയ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് ‘ദൈവദശകം’. അദ്വൈതദര്‍ശനത്തിലധിഷ്ഠിതമായ ഭാരതീയ ദര്‍ശനമാണ് ഗുരുദേവന്‍ ദൈവദശകത്തിലൂടെ ലളിതമായി അവതരിപ്പിച്ചിട്ടുള്ളത്. 1914 ല്‍ ശിവഗിരി മഠത്തിലെ അവിടത്തെ അന്തേവാസികളായ കുട്ടികളുടെ ആവശ്യപ്രകാരം അവര്‍ക്ക് ചൊല്ലുവാനാണ് ശ്രീനാരായണഗുരു ‘ദൈവദശകം’ പ്രാര്‍ത്ഥനാഗീതം രചിച്ചത്. എട്ടക്ഷരം വീതമുള്ള പത്ത് ശ്ലോകങ്ങളാണ് ഇതിലുള്ളത്. ആകെ 40 വരികള്‍. കൊച്ചുകുട്ടികള്‍ക്ക് വരെ ആയാസരഹിതമായി അര്‍ത്ഥമറിഞ്ഞ് ആലപിക്കാന്‍ കഴിയുന്ന കൃതിയില്‍ ഗുരുദേവന്റെ സത്യദര്‍ശനങ്ങള്‍ തെളിമയാര്‍ന്ന് നിറഞ്ഞ് നില്‍ക്കുന്നു. ഗുരുവിന്റെ കവിത്വം ഏറെ പ്രകടമാകുന്ന കൃതിയുമാണിത്.
ജാതിമതഭേദങ്ങള്‍ക്കപ്പുറം ആര്‍ക്കും അവരവര്‍ വിശ്വസിക്കുന്ന ഈശ്വരനെ മനസ്സില്‍കണ്ട് പ്രാര്‍ത്ഥിക്കാന്‍ ദൈവദശകത്തിന്റെ ആലാപനത്തിലൂടെ കഴിയുമെന്നതും പ്രത്യേകതയാണ്. സരളവും പ്രസാദാത്മകവുമായ കൃതി മാനവരാശിക്ക് മുഴുവന്‍ വേണ്ടിയുള്ളതാണ്. എന്നാല്‍ ഒരു സമുദായത്തിന്റെ മാത്രം പ്രാര്‍ത്ഥനാഗീതമായി ‘ദൈവദശകം’ ഒതുങ്ങിപ്പോകുന്നുവെന്നുള്ളതാണ് ശതാബ്ദി വേളയിലെ ദുഃഖകരമായ കാര്യം. നൂറ് വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ സേവനം സെന്‍റര്‍ ദൈവദശകശതാബ്ദി ആഘോഷങ്ങളിലേക്ക് നിങ്ങളെവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു .
Category: ദൈവദശകശതാബ്ദി, പഠനം