.
വൈക്കം ഗോപകുമാര്‍ - ജന്‍മഭൂമി
ഇന്ത്യയില്‍ നിലനിന്ന വര്‍ണ്ണവിവേചനത്തിനും അയിത്തക്കോട്ടയ്ക്കും തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും എതിരെനടന്ന ആദ്യത്തെ ദേശീയസംഘടിത സഹനസമരം ആരംഭിച്ചത് 1924മാര്‍ച്ച് 30ന് വൈക്കത്താണ്. വഴിനടക്കുവാന്‍പോലും സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു ജനതയ്ക്കുവേണ്ടി ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹത്തോടും ഗാന്ധിജിയുടെ പ്രോത്സാഹനത്തോടുംകൂടി സ്വദേശാഭിമാനി ടി.കെ.മാധവനാണ് പോരാട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്.


സത്യഗ്രഹത്തിന് വൈക്കം തന്നെ തെരഞ്ഞെടുക്കുവാനുണ്ടായ പ്രധാനകാരണം ശ്രീനാരായണ ഗുരുവിനുപോലും തീണ്ടല്‍പ്പലക കടന്ന് വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ സാധിച്ചില്ല എന്ന വസ്തുതയാണ്. മത്സരത്തിനുനില്‍ക്കാതെ പുറകോട്ടുപോയ ഗുരു ആശ്രമം സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ക്ഷേത്രത്തില്‍ നിന്ന് പടിഞ്ഞാറുമാറി തെക്കുഭാഗത്തായി കായലോരത്ത് സ്ഥിതിചെയ്യുന്ന 20 സെന്റ് സ്ഥലം ഒരു നായര്‍ തറവാട്ടില്‍ നിന്ന് സംഭാവനയായി സ്വീകരിക്കുകയും ചെയ്തു. അവിടെയാണ് പിന്നീട് സത്യഗ്രഹാശ്രമം പ്രവര്‍ത്തനമാരംഭിച്ചതും അതുകഴിഞ്ഞ് സത്യഗ്രഹസ്മാരക ശ്രീനാരായണ ഹൈസ്‌കൂള്‍ നിലവില്‍ വന്നതും. ഈ സമുച്ചയത്തില്‍ ഇപ്പോള്‍ ഹയര്‍ സെക്കന്ററി സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. വൈക്കം ക്ഷേത്രത്തിന്റെ ലോകപ്രശസ്തിയാണ് ഗുരുവിനെ സത്യഗ്രഹം തുടങ്ങാനും ആശ്രമം സ്ഥാപിക്കാനും പ്രേരിപ്പിച്ചത്. ജ്ഞാനമൂര്‍ത്തിയായ ദക്ഷിണാമൂര്‍ത്തിയാണ് വൈക്കത്തെ പ്രതിഷ്ഠ തന്നെ. തിരുവിതാംകൂറില്‍ ദിവാനെ നിയമിക്കുമ്പോള്‍ നടത്തിയിരുന്ന പ്രഖ്യാപനം ഇപ്രകാരമത്രെ. ” വൈക്കം മഹാദേവക്ഷേത്രത്തിന്റേയും ശുചീന്ദ്രം മഹാദേവക്ഷേത്രത്തിന്റേയും സംരക്ഷണത്തിനായിക്കൊണ്ട് നിങ്ങളെ നാം ദിവാനായി നിയമിക്കുന്നു..” ഈ രണ്ട് ക്ഷേത്രങ്ങളും സംരക്ഷിക്കപ്പെട്ടാല്‍ തിരുവിതാംകൂര്‍ സംരക്ഷിയ്ക്കപ്പെട്ടു എന്നാണ് ദൃഢമായ രാജവിശ്വാസം. വൈക്കം ക്ഷേത്രത്തിലെ ഉച്ചശ്രീബലി കഴിയാതെ രാജാവ് ജലപാനം കഴിയ്ക്കുമായിരുന്നില്ല. ശ്രീചിത്തിരതിരുനാള്‍വരെ ഈ സമ്പ്രദായം കാത്തുസൂക്ഷിച്ചു പോന്നതായി അറിയുന്നു. സത്യഗ്രഹത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി വൈക്കത്തെത്തിയ ടി.കെ.മാധവന് താമസ സൗകര്യവും ഭക്ഷണവും അപൂര്‍വ്വം തറവാടുകളില്‍നിന്ന് മാത്രമാണ് ലഭിച്ചിരുന്നത്. ഗാന്ധിജിയെ കാണാനും കോണ്‍ഗ്രസിന്റെ സഹകരണം സത്യഗ്രഹകാര്യത്തില്‍ തേടുവാനും ടി.കെ.മാധവനെ പ്രേരിപ്പിച്ചത് സര്‍ദാര്‍ കെ.എം.പണിക്കരാണ്. കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും കെ.പി.കേശവമേനോനുമൊന്നിച്ച് ടി.കെ.മാധവന്‍ 1921 – ല്‍ തിരുനെല്‍വേലിയില്‍പോയി ഗാന്ധിജിയെ കണ്ടു. അയിത്തത്തിന്റെ ഭീകരാവസ്ഥ മനസ്സിലാക്കിയ ഗാന്ധിജി കാക്കിനട കോണ്‍ഗ്രസ് സമ്മേളനത്തില്‍ വരുവാനും വിഷയം അവതരിപ്പിക്കുവാനും ആവശ്യപ്പെട്ടു. 1921 ലെ കാക്കിനട സമ്മേളനത്തില്‍ വിഷയം അവതരിപ്പിച്ചെങ്കിലും പ്രതിനിധികള്‍ക്ക് വസ്തുതകള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. 1923 ലെ ബെല്‍ഗാം കോണ്‍ഗ്രസിലാണ് പരിപൂര്‍ണ്ണ പിന്തുണ സത്യഗ്രഹത്തിന് ലഭിച്ചത്. സത്യഗ്രഹം രണ്ട് വര്‍ഷത്തോളം നീണ്ടുനിന്നു. സത്യഗ്രഹത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പില്‍ ചുമതലപ്പെട്ടവരുടെ ശ്രദ്ധ ആദ്യം പതിഞ്ഞത് സത്യഗ്രഹികള്‍ക്ക് താമസിക്കുവാനുള്ള സ്ഥലം സജ്ജമാക്കുക, കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുക എന്നീ അടിസ്ഥാനകാര്യങ്ങളിലാണ്. ആശ്രമം സ്ഥാപിക്കുവാനായി തനിക്ക് ലഭിച്ച സ്ഥലത്ത് സത്യഗ്രഹികള്‍ക്കുള്ള താമസ സൗകര്യം ഏര്‍പ്പെടുത്തിക്കൊള്ളുവാന്‍ ഗുരുവിന്റെ അനുവാദം ലഭിച്ചു. ശ്രീമുലം തിരുനാള്‍ ബാലരാമവര്‍മ്മയുടെ കാലത്തെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായി വൈക്കത്തു നിര്‍മ്മിച്ചിരുന്ന ആറുകുളങ്ങളും ആറ് കിണറുകളും ചന്തയും വിശ്രമകേന്ദ്രങ്ങളും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അപ്രാപ്യമായിരുന്നുവല്ലോ. ഈ വസ്തുത മനസ്സിലാക്കിയതുകൊണ്ടാണ് സത്യഗ്രഹ പ്രസ്ഥാനത്തിന്റെ സാരഥികള്‍ സവര്‍ണ്ണാവര്‍ണ്ണ ഭേദമില്ലാതെ സത്യഗ്രഹികള്‍ക്കെല്ലാം ശുദ്ധജലലഭ്യത ഉറപ്പ് വരുത്തുന്നതിനുവേണ്ടി സ്വന്തമായി സ്ഥലം വാങ്ങി, ഇപ്പോഴും നിലനില്‍ക്കുന്ന, കിണര്‍ കുഴിച്ചത്. വൈക്കം മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം മുതല്‍ ബോട്ടുജെട്ടി വരെയുള്ള റോഡില്‍ കച്ചേരിക്കവലയില്‍ നിന്ന് 33 മീറ്റര്‍ പടിഞ്ഞാറായി വീഥിയുടെ വടക്കുവശത്തായിട്ടാണ് ഈ കിണര്‍ സ്ഥിതിചെയ്യുന്നത്. അറുപത്തിരണ്ടേകാല്‍ രൂപയായിരുന്നു, ഞള്ളേലില്‍ നമ്പൂതിരി വക കുരിയ്ക്കത്തില്‍ പുരയിടത്തില്‍ നിന്നും വാങ്ങിയ, ഈ ഒരുസെന്റ് ഭൂമിയുടെ അന്നത്തെ വില. 203/27 എന്നാണ് ഈ സ്ഥലത്തിന്റെ സര്‍വ്വേനമ്പര്‍, ഈ വിവരങ്ങള്‍ വൈക്കം മുനിസിപ്പാലിറ്റിയുടെ രേഖകളിലുണ്ട്. ആശ്രമം സ്ഥാപിക്കാനായി ലഭിച്ച സ്ഥലം സ്ഥിതിചെയ്തിരുന്നത് കായലോരത്തായതുകൊണ്ട് അവിടെ കിണര്‍ കുത്തിയാല്‍ ലഭിക്കുന്ന ജലത്തിന് ഉപ്പ് ചുവ ഉണ്ടാകുവാനുള്ള സാദ്ധ്യത ഉണ്ടായിരുന്നു. അതുകൊണ്ടാണ് പടിഞ്ഞാറെ നടയില്‍ത്തന്നെ അക്കാലത്തെ വന്‍വിലകൊടുത്ത് സ്ഥലംവാങ്ങി കിണര്‍ കുഴിയ്ക്കാന്‍ സത്യഗ്രഹ നേതാക്കന്മാര്‍ തയ്യാറായത്. കിണര്‍ കുഴിക്കാന്‍ നേതൃത്വം നല്‍കിയത് ശ്രീനാരായണ ഗുരുവിന്റെ പ്രഥമ ശിഷ്യനായ സ്വാമി സത്യവ്രതനാണ്. പൂര്‍വ്വാശ്രമത്തില്‍ അയ്യപ്പന്‍പിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. 1924 മാര്‍ച്ച് 30ന് സത്യഗ്രഹം ആരംഭിച്ചു. ഒരു മാസം തികയുന്നതിന് മുമ്പ് (അതായത് ഏപ്രില്‍ 26ന് ) രാജാവ് ഇ.ചീ. 216/22 ഞല്.ഘഏ റമലേറ 26/04/1924 എന്ന ഉത്തരവുപ്രകാരം കിണറും സ്ഥലവും ജപ്തിചെയ്ത് അന്നത്തെ മുനിസിപ്പല്‍ കമ്മീഷണറായ വൈക്കം ദേവസ്വം മാനേജരെ ഏല്‍പിച്ചു. എങ്കിലും സത്യഗ്രഹകാലഘട്ടം മുഴുവനും ഈ കിണറ്റില്‍ നിന്നുതന്നെയാണ് സത്യഗ്രഹികള്‍ കുടിവെള്ളം ശേഖരിച്ചിരുന്നത്. ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു സെന്റ് ഭൂമിയും കിണറും ചരിത്രബോധമില്ലാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം സമൂഹമനസ്സില്‍ നിന്നുപോലും അപ്രത്യക്ഷമാകാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് വലിയ വാണിജ്യ വ്യാപാര സമുച്ചയത്തിന്റെ ഉടമ കൈയ്യേറി സ്വകാര്യസ്വത്തുപോലെ ഉപയോഗിച്ചിരുന്ന ഈ ഒരു സെന്റ് സ്ഥലത്തിന്റെ ചരിത്രവും ചരിത്രപ്രാധാന്യവും മുനിസിപ്പല്‍ ഓംബുഡ്‌സ്മാന്റെ സജിവശ്രദ്ധയ്ക്കും ഉത്തരവിനും പാത്രമായത്. വ്യാപാര സമുച്ചയ ഉടമയും മറ്റൊരു വ്യാപാരിയും തമ്മില്‍ പരാമര്‍ശവിധേയമായ ഭൂമിയിലെ കയ്യേറ്റത്തെക്കുറിച്ച് തര്‍ക്കമുണ്ടാവുകയും അവരില്‍ ഒരാള്‍ ഓംബുഡ്‌സ്മാന്റെ മുമ്പില്‍ എത്തുകയുമാണുണ്ടായത്. ഇത്രയും കാലമായി മാറിമാറിവന്ന (എല്‍ഡിഎഫിലും യുഡിഎഫിലുംപെട്ട) മുനിസിപ്പല്‍ ഭരണ സമിതികളും കൗണ്‍സിലര്‍മാരും ചരിത്രഭൂമിയുടെ കൂടുതല്‍ ഭാഗവും കയ്യേറി തന്റെ വാണിജ്യ-വ്യാപാര സമുച്ചയത്തിലേയ്ക്കുള്ള സ്വകാര്യവഴിക്ക് വീതികൂട്ടിയ കയ്യേററക്കാരനോടൊപ്പമാണ് നിലകൊണ്ടത്. കാരണം അദ്ദേഹം അവര്‍ക്കൊരു ഗള്‍ഫായിരുന്നു. ഓംബുഡ്‌സ്മാനില്‍ മുനിസിപ്പാലിറ്റി മൊഴി നല്‍കിയതും കയ്യേറ്റക്കാരനനൂകൂലമായിട്ടാണ്. കയ്യേറ്റക്കാരന് അയാള്‍ കയ്യേറിയ ചരിത്ര ഭൂമി ലീസിനു നല്‍കാന്‍ മുനിസിപ്പാലിറ്റി തീരുമാനമെടുക്കുകപോലും ചെയ്തു. വിവരാവകാശനിയമ പ്രകാരം ഈ വിവരം ശേഖരിച്ചാണ് ഈ ലേഖകന്‍ ഹൈക്കോടതിയില്‍ പോയത്. ഹൈക്കോടതിയുടെ ഇടപെടല്‍ കൊണ്ടാണ്, ഈ ചരിത്രഭൂമിയുടെ അതിരു തിരിച്ച് താല്‍ക്കാലികമായിട്ടാണെങ്കിലും, ഒരു ചെറിയ വേലികെട്ടാന്‍ നഗരസഭ സന്നദ്ധമായത്. കേസില്‍ മുനിസിപ്പാലിറ്റി, തഹസില്‍ദാര്‍, ജില്ലാ കളക്ടര്‍, ചീഫ് സെക്രട്ടറി, ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരെ കക്ഷി ചേര്‍ത്തെങ്കിലും, ഭരണപക്ഷത്തെ ഇടപെടല്‍കൊണ്ട്, ഇവരാരുംതന്നെ സത്യം കോടതിയില്‍ ബോദ്ധ്യപ്പെടുത്തിയിട്ടില്ല. ആര്‍ക്കിയോളജി വകുപ്പുമാത്രം ചരിത്രത്തിനുനിരക്കാത്ത ഒരു സ്റ്റേറ്റ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 1921, 1922 കാലഘട്ടത്തിലാണ് വൈക്കം സത്യഗ്രഹം നടന്നതെന്നും ആയതിനാല്‍ ഇതിനെക്കുറിച്ചുള്ള രേഖകള്‍ ചിതലരിച്ചുപോയെന്നും ഒന്നും തന്നെ ലഭ്യമല്ലെന്നുമാണ് അവരുടെ സ്റ്റേറ്റ്‌മെന്റ്. രേഖകള്‍ സ്വയം മുന്നോട്ട് വന്ന് വിവരങ്ങള്‍ നല്‍കുകയില്ലല്ലോ. എന്നാല്‍, അനേകം ബഹുജനസമരങ്ങളുടേയും ബഹു. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന്റെയും ഫലമായി, വൈക്കം സത്യഗ്രഹത്തോട് എത്രയും അവിഭാജ്യമായ ബന്ധമുള്ള ഒരു സെന്റു ഭൂമിയോടും അതില്‍ സത്യഗ്രഹികള്‍ നിര്‍മിച്ച കിണറിനോടുമുള്ള അവഗണനയും നിരുത്തരവാദപരമായ സമീപനവും ഉപേക്ഷിക്കുവാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചതായി സൂചനകളുണ്ട്. ബന്ധപ്പെട്ട ഭൂമിയും കിണറും സംരക്ഷിക്കുന്നതിനായുള്ള ചില പ്രവൃത്തികള്‍ ചെയ്യുന്നതിനായി നഗരസഭ ഇപ്പോള്‍ ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുകയാണ്. ട.ഛ 318/15/2412015 എന്ന നമ്പരിലാണ് ക്വട്ടേഷനുവേണ്ടിയുള്ള ക്ഷണം. ക്വട്ടേഷന്‍ നോട്ടീസില്‍ ചെയ്യേണ്ട പ്രവൃത്തിയുടെ പേര് നല്‍കിയിരിക്കുന്നത് ഇപ്രകാരമാണ്. ഉലമേശഹലറ ഋേെശാമലേ ളീൃ കാുൃീ്‌ലാലി േംീൃസ ളീൃ ടമവ്യേമഴൃമവമ ടാമൃമസമ ഘമിറ (1രലി)േ മുനിസിപ്പാലിറ്റി ചരിത്രസത്യത്തെ ആദരിക്കാന്‍ തയ്യാറായിരിക്കുന്നു എന്നാണല്ലൊ ഇതിന്റെ അര്‍ത്ഥം. എത്രയും സ്വാഗതാര്‍ഹമാണ് മുനിസിപ്പാലിറ്റിയുടെ ഈ നടപടി. 1924-25 കാലഘട്ടത്തില്‍ നടന്ന സമരം സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിമാത്രം ആയിരുന്നില്ല. മഹാഭൂരിപക്ഷത്തിനും, അയിത്തം കല്‍പിച്ച് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരുന്ന വഴികളിലൂടെ അഹിന്ദുക്കള്‍ യഥേഷ്ടം സഞ്ചരിച്ചിരുന്നു. ഹിന്ദുമതം ഉപേക്ഷിച്ച് ക്രസ്തുമതമോ, ഇസ്ലാംമതമോ സ്വീകരിച്ചിരുന്നെങ്കില്‍ പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം ലഭിക്കുമായിരുന്നു. എന്നാല്‍ ഹിന്ദുമതം ഉപേക്ഷിക്കുവാന്‍ ജനങ്ങള്‍ തയ്യാറായില്ല. ഹിന്ദുവായി ജീവിച്ചുകൊണ്ടുതന്നെ സഞ്ചാരസ്വാതന്ത്ര്യവും മറ്റടിസ്ഥാന സ്വാതന്ത്ര്യങ്ങളും നേടണം എന്നതായിരുന്നു പിന്നാക്ക വിഭാഗങ്ങളിലെ സഹോദരന്മാരുടെ ആഗ്രഹം. ഈ ആഗ്രഹം സഫലമാക്കാന്‍ അനുയോജ്യനായ നേതാവായിരുന്നു താന്‍ ഒരു സനാതന ഹിന്ദുവാണെന്ന് അഭിമാനപൂര്‍വ്വം പ്രഖ്യാപിച്ച ടി.കെ.മാധവന്‍. അയിത്തം ആരോപിച്ച് അകറ്റിനിര്‍ത്തപ്പെട്ട പിന്നാക്കവിഭാഗ ജനതയുടെ ഹിന്ദുമതത്തോടുള്ള അനുപമമായ ആത്മാര്‍ത്ഥതയും ടി.കെ.മാധവന്റെ അനന്യമായ സമര്‍പ്പണബോധവും മന്നത്തു പത്മനാഭന്‍ നയിച്ച വിജയകരമായ സവര്‍ണ്ണ ജാഥ പകര്‍ന്ന കലവറയില്ലാത്ത പിന്തുണയും സമന്വയിച്ചപ്പോള്‍ ഹിന്ദുസമാജം ഒറ്റക്കെട്ടാണെന്ന സന്ദേശം ലോകം ശ്രവിച്ചു. ഞാന്‍ ഒരു ഹിന്ദുവാണ് എന്നുതുടങ്ങുന്ന പ്രതിജ്ഞ ചൊല്ലിക്കൊണ്ട് സത്യഗ്രഹികള്‍ മുന്നേറി. വൈക്കം സത്യഗ്രഹം എന്ന സാമൂഹ്യ മഹായജ്ഞം പൂര്‍ണ്ണഫലസിദ്ധി നല്‍കി. മുഴുവന്‍ ഹിന്ദുക്കള്‍ക്കും ഹിന്ദുവായി ജീവിക്കുവാനുള്ള അവകാശം അംഗീകരിച്ചുകിട്ടുക എന്നതായിരുന്നു സത്യഗ്രഹത്തിന്റെ യഥാര്‍ത്ഥലക്ഷ്യം. വൈക്കത്തെ ഒരു സെന്റ് ഭൂമിയും സത്യഗ്രഹികള്‍ക്ക് ദാഹജലം നല്‍കിയ കിണറും, ഹൈന്ദവജനതയെ ഓര്‍മ്മിപ്പിക്കുന്നത് വൈക്കം സത്യഗ്രഹം നല്‍കുന്ന സന്ദേശമാണ് ‘പരസ്പരം സ്‌നേഹിക്കുക, ഐക്യത്തോടെ എല്ലാ വെല്ലുവിളികളെയും നേരിടുക.’