.

"വര്‍ത്തമാന സാമൂഹ്യ സാഹചര്യത്തില്‍ ഗുരുദേവ ദര്‍ശനത്തിന്‍റെ പ്രസക്തി "

  •  ശ്രീ നാരായണ ഗുരുവിന്റെ സമകാലിക പ്രസക്തി

    -ലാലു നടരാജന്‍
     -------------------------------------------------------------------------------
     
    ആരാണ് ശ്രീ നാരായണ ഗുരു ?
     
     
    ലോകത്തോടാണ് ചോദ്യം. 700 കോടി ജനങ്ങളോട്..
     
     
    കഷ്ടിച്ച് ഒരു കോടി ആളുകള്‍ക്ക് അറിയാമായിരിക്കും. അതായത് ബഹുഭൂരിപക്ഷത്തിനും അറിയില്ല.
     
     
    ഓഷോ പറഞ്ഞ കഥ ആണ് ഓര്‍മ വരുന്നത്.
     
     
    (സദാചാരികളുടെ മുഖം ചുളിയുന്നോ ? ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തു കൊള്ളട്ടെ. ഓഷോ പ്രചരിപ്പിക്കപ്പെട്ട പോലെ ഒരു സെക്സ് ഗുരു അല്ല. സെക്സിനു അപ്പുറം ആണ് ദൈവീകത എന്നു അറിഞ്ഞ മറ്റൊരു ഗുരു ആണ്. ദൈവികതയില്‍ എത്താന്‍ ഉള്ള ഓഷോയുടെ മാര്‍ഗമോ ? വളരെ എളുപ്പം. ലോകത്തെ മനസ്സില്‍ നിന്നും വിടുക. പിന്നെ മനസ്സിനെ തന്നെ വിടുക. വെറുതെ ഇരിക്കുക. ബോധോദയം ഉണ്ടായില്ലെന്കിലെ അത്ഭുതം ഉള്ളു എന്ന് ഓഷോ. എല്ലാവരും ബുദ്ധന്മാര്‍ തന്നെ ആണെന്നും അത് തിരിച്ചു അറിയാതെ പോകുന്നതാണെന്നും തുറന്നടിച്ച ഗുരു. അറിഞ്ഞില്ലെങ്കില്‍ നഷ്ടം എന്ന് പറയാവുന്ന വിരലില്‍ എണ്ണാവുന്ന അപൂര്‍വ്വം ഗുരുക്കന്മാരില്‍ അഗ്രഗണ്യന്‍. വായിക്കാതെ പോകരുത് ആ ഗുരുവിനെ ! നഷ്ടം നിങ്ങള്‍ക്ക് തന്നെ ആണ് സദാചാരികളെ !)
     
     
    വിഷയത്തിലേക്ക് വരാം.
     
     
    ഓഷോ കഥ ഇങ്ങനെ.
     
     
    ഒരാള്‍ മരിച്ചു സ്വര്‍ഗത്തു ചെന്നു. അവിടെ ഘോഷയാത്ര നടക്കുന്നു. മുന്‍പില്‍ യേശു. പിന്നില്‍ 200 കോടി അനുയായികള്‍. ദൈവപുത്രന് നന്ദി.. ദൈവത്തിനു സ്തുതി.. ബഹുകേമം.
     
     
    പിന്നാലെ നബിയും 150 കോടി പരിവാരങ്ങളും.. ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടാണ്.. കെങ്കേമം
     
     
    പിന്നെ ബുദ്ധനും 125 കോടി അനുയായികളും.. നിശബ്ദ യാത്ര.. സ്തുതിയെ ഇല്ല..
     
     
    100 കോടി ഹിന്ദുക്കള്‍ അതിനു പിന്നില്‍... കോലാഹലം..
     
     
    അങ്ങനെ പല നേതാക്കളുടെ പിന്നില്‍ ജനകോടികള്‍. ജനലക്ഷങ്ങള്‍.. അനുയായികളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നു... ഒപ്പം സമ്പത്തും..
     
     
    അവസാനം ഒരു വയസ്സന്‍ ഒറ്റയ്ക്ക് വരുന്നു.
     
     
    നേതാവും ഇല്ല അനുയായിയും ഇല്ല. ഒറ്റത്തടി.. ഇയാള്‍ക്ക് മറ്റു സംഘങ്ങള്ടെ കൂടെ പോകാരുതായിരുന്നോ.
     
     
    സംശയ നിവൃത്തി വരുത്താന്‍ ചോദിച്ചു. നിങ്ങള്‍ ആരാ ?
     
     
    ഒറ്റയാന്‍ പറഞ്ഞു. ഞാന്‍ ആണ് ദൈവം.
     
     
    ദൈവമോ ? താങ്കളെ അല്ലെ മുന്നേ പോയവര്‍ സ്തുതിക്കുന്നത് ? പറയാന്‍ പാടില്ലേ ഞാന്‍ ആണ് ദൈവം എന്ന്.
     
     
    ദൈവം പറഞ്ഞു. അവര്‍ക്ക് എന്നെ അല്ല വേണ്ടത്. എനിക്ക് അനുയായികള്‍ ഇല്ല.
     
     
    ഈ കഥ കേട്ടപ്പോള്‍ തന്നെ പലര്‍ക്കും ബോധോദയം ഉണ്ടായി എന്ന് ഓഷോ.
     
     
    ഇനി കാര്യത്തിലേക്ക് വരാം.
     
     
    ലോകത്തിന്റെ സ്വഭാവം ഇങ്ങനെ ആണ്. തങ്ങളുടെ താല്പര്യങ്ങള്‍ അനുവദിക്കുന്ന നേതാക്കളുടെ പിന്നാലെ ജനം തടിച്ചു കൂടും. താല്പര്യം ഇല്ലാത്തവരുടെ കൂടെ ജനം കൂടില്ല.
     
     
    ഇതില്‍ മനസ്സിലാക്കേണ്ട കാര്യം അനുയായികളുടെ എണ്ണം ആവണമെന്നില്ല ആത്മീയ നേതാവിന്റെ കഴിവ് തെളിയിക്കുന്ന ഘടകം എന്നതാണ്.
     
     
    രാഷ്ട്രീയത്തില്‍ ഇത് കുറെ ഒക്കെ ശരിയായിരിക്കും. നേതാക്കള്‍ സ്വയം തങ്ങളുടെ തന്നെ പ്രചാരണം നടത്തുന്നു. ആര്‍ക്കും പെട്ടെന്ന് മനസ്സിലാകാത്ത രീതികളില്‍. "ഞാന്‍ ആണ് ഏറ്റവും ബുദ്ധിമാന്‍.. പഠിക്കാന്‍ എനിക്ക് മടിയാണ്.. ജോലി ചെയ്യാന്‍ എനിക്ക് വയ്യ.. എങ്കിലും പഠിച്ചവരെ പോലും ഭരിക്കണം എന്നൊരു എളിയ ആഗ്രഹം.. അത് കൊണ്ട് രാഷ്ട്രീയത്തില്‍ നില്കുന്നു" എന്ന് അങ്ങോട്ട്‌ തുറന്നു പറയുന്നില്ലെന്നെ ഉള്ളു. വിനയം നയം ആയതു കൊണ്ടാണ്.. തെറ്റിദ്ധരിക്കണ്ട...
     
     
    ആത്മീയത മറ്റൊരു ലോകം ആണ്. അവിടെ ലൌകിക ലോകത്തിലെ മൂല്യങ്ങള്‍ക്ക് പ്രാധാന്യം ഇല്ല. കല്ലും പൊന്നും കരിക്കട്ടയും ഒരുപോലെ കാണുന്ന ഒരു അവസ്ഥ ആണ് അത്. അങ്ങനെ ശരിക്കും സുദര്‍ശനം കിട്ടിയവര്‍ എത്ര പേര്‍ കാണും? വിരലില്‍ എണ്ണാം എന്ന് ഉത്തരം. അങ്ങനെ ഒരു അവസ്ഥ ഉണ്ടോ എന്നാണു ഇന്നത്തെ സംശയം.
     
     
    കാരണം മറ്റൊന്നും അല്ല.
     
     
    അങ്ങനെ ഒരു അവസ്ഥയില്‍ എത്തണം എങ്കില്‍ അതിനു രണ്ടു മൂന്നു കാര്യങ്ങള്‍ ചെയ്യണം. ചെയ്തെ പറ്റു.
     
     
    ആദ്യം മനസ്സില്‍ നിന്നും ലോക ബന്ധങ്ങള്‍ വിടണം. പിന്നെ മനസ്സ് ശുദ്ധീകരിക്കണം. പിന്നെ ഏകാന്തമായി നിവര്‍ന്നു ഇരുന്നു ധ്യാനിക്കണം. നട്ടെല്ല് ഉണ്ടെങ്കില്‍.
     
     
    ശ്രമിച്ചു നോക്കു. ഇത് അത്ര എളുപ്പം അല്ല. ധീരന്മാര്‍ക്കു പോലും. കാരണം എന്താ ?
     
     
    ബന്ധങ്ങളുടെ ശക്തി തന്നെ. ഭൂഗുരുത്വാകര്‍ഷണം ശരീരങ്ങളെ ഭൂമിയില്‍ പിടിച്ചു നിറുത്തുന്നത് പോലെ തന്നെ ആണ് ഇത്. ഈ ആകര്‍ഷണം ഇല്ലെങ്കില്‍ ശരീരങ്ങള്‍ സ്വതന്ത്രമായി പറന്നു നടക്കും. ആകര്‍ഷണം ഇപ്പോഴും ഉണ്ട്. അതുകൊണ്ട് റോക്കറ്റിന് ഭൌമാന്തരീക്ഷം ഭേദിക്കാന്‍ ഒരു നിശ്ചിത വേഗത ആര്ജിക്കെണ്ടാതായി വരും. ഭൂമിയുടെ ആകര്ഷണത്തെ അതിര്‍കടക്കാന്‍ ആണ് ഈ വേഗത വേണ്ടത്.
     
     
    ഈ നിയമം അത്മീയതയിലും ബാധകം ആണ്. അതായത് ലോകബന്ധങ്ങള്‍ ഉള്ളിടത്തോളം മനസ്സ് അതില്‍ നിന്നും വിട്ടു പോരാന്‍ മടിക്കും. മനസ്സ് അതില്‍ എന്തോ രസം കണ്ടു പിടിച്ചതാണ് പ്രശ്നം. വിടുമോ ? ചത്താലും വിടില്ല. എല്ലാവരും ആയി അങ്ങനെ സന്തോഷമായി അങ്ങനെ കഴിയണം. ആരും മരിക്കരുത്. എപ്പഴും സന്തോഷം വേണം. സമ്പത്ത് വേണം. ആരോഗ്യം വേണം.
     
     
    നടക്കുമോ ? എവിടെ നടക്കാന്‍.
     
     
    എങ്കിലും മിക്കവരും അതിനു തന്നെ ശ്രമിക്കുന്നു. ഇതിനിടയില്‍ സമയം ശരീരങ്ങളെ കീഴടക്കുന്നു. ഇഷ്ടപ്പെട്ടവര്‍ മരിക്കുന്നു. അപ്പോള്‍ നമ്മള്‍ കരയുന്നു. കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ നമ്മള്‍ ചിരിക്കുന്നു. ഇത് സാധാരണ മനുഷ്യരുടെ കഥ. ബഹുഭൂരിപക്ഷത്തിന്റെയും അവസ്ഥ ഇങ്ങനെ.
     
     
    ഇങ്ങനെ ഒരു അവസ്ഥയെ ജീവിതത്തില്‍ പറ്റുള്ളൂ എന്നില്ല എന്ന് പക്ഷെ നമുക്ക് ഇന്ന് അറിയാം. കാരണം ഈ ലോകത്തിനപ്പുറത്തെക്ക് പോയി നോക്കാന്‍ ധൈര്യം കാണിച്ച ചിലര്‍ ഉണ്ടായത് കൊണ്ട്. അവരെ നമ്മള്‍ ഗുരുക്കന്മാര്‍ എന്ന് വിളിക്കുന്നു.
     
     
    ലോകത്തിനപ്പുറം എന്താണ് ? പോയി നോക്കാതെ നേരിട്ടറിയാന്‍ പറ്റില്ല. അതിനു ഗുരുക്കന്മാര്‍ ഒന്നടങ്കം ഒരേ ഒരു മാര്‍ഗം ആണ് പറഞ്ഞിട്ടുള്ളത്. അതായത് ബന്ധങ്ങള്‍ മനസ്സില്‍ നിന്നും വിടുക. മനസ്സ് പരിഭവിക്കും. അതു ശാന്തം ആവുന്നതിനു കാത്തിരിക്കുക. പിന്നെ ഏകാന്ത ധ്യാനം.
     
     
    എന്ത് കിട്ടാം ?
     
     
    മരണത്തിനപ്പുറം ഉള്ള ബോധസത്തയാണ് താന്‍ എന്ന തിരിച്ചറിവ്. ദൈവദശകത്തില്‍ ഇതാണ് ശ്രീ നാരായണ ഗുരു എഴുതിയിരിക്കുന്നത്.
     
     
    ഇതില്‍ എന്താ പ്രത്യേകിച്ച് ഗുണം ? ഇവിടെ ഇങ്ങനെ സുഖമായി ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തോന്ന് ബോധസത്ത ? അതില്‍ തൂങ്ങി ഇരുന്നാല്‍ ലോകസുഖങ്ങള്‍ മറ്റുള്ളവര്‍ കൊണ്ട് പോകും. ബോധം ഉണ്ടെങ്കില്‍ മാന്യമായി ജീവിക്കാന്‍ നോക്കുകയല്ലേ വേണ്ടത് ? സത്ത തല്‍കാലം അവിടെ ഇരിക്കട്ടെ. എന്ന് പ്രായോഗിക ബുദ്ധികള്‍.
     
     
    ലോകം മാറുകയാണ്. പണ്ടത്തെ മൂല്യങ്ങള്‍ അല്ല ഇന്ന്. ആര്‍ക്കെങ്കിലും ലോകബന്ധം വിടാനുള്ള മനസ്സ് ഉണ്ടെങ്കില്‍ വിടാം. ധാനിക്കണോ ? ധ്യാനിച്ചോ. ചുമ്മാ ഇരിക്കണോ ? ഇരുന്നോ. പണം ഉണ്ടാക്കണോ ? ഉണ്ടാക്കാമല്ലോ. നല്ല ഭക്ഷണം കഴിക്കണോ ? എന്താ തടസ്സം ? ആരെയെങ്കിലും അടിക്കണോ ? കൊടുക്കാം പലിശ സഹിതം മേടിച്ചു കെട്ടാം. ഇവിടെ എന്തും ആവാം. ആരും ഒന്നിനും തടസ്സം അല്ല. അനുഭവിച്ചു അറിയുക എന്ന ഒറ്റക്കാര്യമേ ഉള്ളു.
     
     
    ലോകത്ത് ജീവനുള്ളിടത്തോളം ശരീരം കൊണ്ട് ചെയ്യാവുന്ന കുത്തിമറിയലുകള്‍ ഒക്കെ ആവാം. ജീവിക്കാനുള്ള അറിവ് ഇവിടെത്തന്നെ കിട്ടും. ലോകവുമായി മനസ്സ് പ്രവര്‍ത്തിക്കുമ്പോള്‍. അത്രയും അറിവ് സഞ്ചയിച്ച ആ മനസ്സ് ശരീരം ഒടുങ്ങുമ്പോള്‍ മറ്റൊരു ശരീരം സ്വീകരിച്ചു ആഗ്രഹ സാഫല്യം തേടുന്നു. വസ്ത്രം മാറുന്ന പോലെ എന്ന് ശങ്കരാചാര്യര്‍.
     
     
    ഈ ജനി മൃതി ചക്രത്തില്‍ നിന്നുള്ള മോചനത്തെകുറിച്ചാണ് ഗുരുക്കന്മാര്‍ പറയുന്നത്. അതിനാണ് സ്വാതന്ത്ര്യം എന്ന് പറയുന്നത്. എല്ലാറ്റില്‍ നിന്നും ഉള്ള സ്വാതന്ത്ര്യം. ലോകത്തില്‍ നിന്നും.. സ്വന്തം ബന്ധുക്കളില്‍ നിന്നും.. സ്വന്തം മനസ്സില്‍ നിന്നും.. സ്വന്തം തന്നില്‍ നിന്ന് തന്നെയും... ചുരുക്കി പറഞ്ഞാല്‍ ഈ 'ഞാന്‍' എന്ന ഭാവം തന്നെ ആണ് പ്രശ്നക്കാരന്‍. ശരീര ബോധം തന്നെ ആണ് ഈ ഞാന്‍ എന്ന് തോന്നുന്നത്.
     
     
    എന്നാല്‍ ശരീരം മാത്രം ആണോ താന്‍ ? അത് ഒരു ബോധം ആണ്. മനസ്സും ഇന്ദ്രിയങ്ങളും ബുദ്ധിയും ശരീരവും ഒക്കെ ചേര്‍ന്ന ഒരു ബോധം. ഇത് നമുക്ക് എല്ലാം ഉണ്ട്. തര്‍ക്കം ഇല്ല. ഈ ബോധം വെയില്‍ പോലെ ആണ്. സൂര്യപ്രകാശം. ഈ വെളിച്ചത്തില്‍ ആണ് നമ്മള്‍ കാര്യങ്ങള്‍ ചെയ്യുന്നതും കാണുന്നതും.
     
     
    നല്ലത് തന്നെ. എന്നാല്‍ ഇത്രയുമേ ഉള്ളോ ? ഇത്രയും നടക്കുന്നത് നമ്മുടെ മനസ്സില്‍ മാത്രം അല്ലെ ? ഈ മനസ്സ് ഇല്ലായിരുന്നെങ്കിലോ ?
     
     
    അല്ലെങ്കില്‍ വേണ്ട. മനസ്സില്‍ ആഗ്രഹങ്ങള്‍ ഒന്നും ഇല്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ലോകം ഉണ്ടെങ്കിലും ഇല്ലെങ്കിലും അയാള്‍ക്ക്‌ ഒന്നും ഇല്ല. ലോകം ഉണ്ടോ ? ഉണ്ട്. അയാള്‍ അതില്‍ ഉണ്ടോ ? ഇല്ല. ലോകത്തിനു അതില്‍ വല്ല പ്രശ്നവും ഉണ്ടോ ? മാനസികമായി ബന്ധം ഉള്ളവര്‍ക്ക് ഉണ്ടാവും. മറ്റുള്ളവര്‍ അതിനെ കുറിച്ച് ആലോചിക്കുക പോലും ഇല്ല.
     
     
    അപ്പോള്‍ അതാണ്‌ ലോക സ്വഭാവം. മനസ്സിലെ ബന്ധങ്ങള്‍ ആണ് ലോകവുമായി ബന്ധിപ്പിക്കുന്നത്. മനസ്സില്‍ ബന്ധങ്ങള്‍ ഇല്ലെങ്കില്‍ മനസ്സ് സ്വതന്ത്രം ആയി. ഇനി വേണ്ടത് മനസ്സ് ശാന്തം ആവുന്നത് വരെ കാക്കുക. അതിനു വേണ്ട ജീവിതരീതികള്‍ സ്വീകരിക്കുക. ഭയം, വേദന, അരക്ഷിത ബോധം, ദുഃഖം, ഇളിഭ്യത, അസൂയ, ലജ്ജ, കോപം ഒക്കെ ലോകബന്ധം വിടുമ്പോള്‍ മനസ്സിന് ഉണ്ടാകും. അതാണ്‌ ലോകത്തെ മനസ്സില്‍ നിന്നും വിടുവിച്ചാല്‍ ഉടനെ ധ്യാനത്തിലേക്ക് കടക്കാന്‍ കഴിയാത്തത്.
     
     
    ഇങ്ങനെ സ്വന്തം സത്തയെ അറിയാന്‍ മറ്റുള്ളതിനെ ഒക്കെ വിട്ടിട്ടു ഏകാന്ത ധ്യാനം ചെയ്തവര്‍ക്ക് ആണ് ലോകരഹസ്യങ്ങള്‍ വെളിപ്പെട്ടിട്ടുള്ളത്. ഈ ബോധസ്വരൂപത്തെ ആണ് ഈശ്വരന്‍ എന്ന് വിളിക്കുന്നത്‌. അസംഖ്യം സൂര്യന്മാര്‍ ഒരുമിച്ചു ഉദിക്കുന്ന ജ്ഞാനപ്രകാശം ആണ് അത് എന്ന് ഗുരു തന്നെ എഴുതിയിരിക്കുന്നു. അതിന്റെ സ്വഭാവമോ ? സച്ചിദാനന്ദം.. സത്ത് എന്നാല്‍ സത്യം.. ചിത് എന്നാല്‍ അറിവ്.. ആനന്ദം എന്നാല്‍ അവസാനമില്ലാത്ത സന്തോഷം.
     
     
    ഓഷോ പറയുന്നത് രതിമൂര്‍ച്ചയില്‍ ഉണ്ടാകുന്ന ആനന്ദം ആത്മാവ്ന്റെ പ്രകടനം ആണെന്നാണ്. അതായത് ആ സമയത്ത് സ്ഥലം കാലം എന്നീ കാര്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു. തിരിച്ചു പറഞ്ഞാല്‍ സ്ഥലം കാലം എന്നീ കാര്യങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ മനസ്സില്‍ ആത്മാവിന്റെ സാന്നിദ്ധ്യം പ്രകടമാവുന്നു. അത് നിര്‍വചിക്കാനാവാത്ത ആനന്ദം ആയി മനസ്സില്‍ അനുഭവപ്പെടുന്നു. പിന്നെ അത് വീണ്ടും വീണ്ടും അനുഭവിക്കാന്‍ ഉള്ള വെമ്പലില്‍ ആണ് മനസ്സ്. അതാണ്‌ ലോകത്ത് കാണുന്ന പരക്കം പാച്ചില്‍. വീണ്ടും വീണ്ടും ആ ആനന്ദം അനുഭവിക്കാന്‍ ആണ് ഉദ്ദേശം.
     
     
    എന്നാല്‍ അതിനു വേറൊരു വഴി ഉണ്ട്. അതായത് മനസ്സിനെ സമയത്തില്‍ നിന്നും ലോകത്തില്‍ നിന്നും മോചിപ്പിക്കുക. പിന്നെ ആനന്ദത്തിന് അതിര്‍വരമ്പ് ഇല്ല. അവസാനിക്കാത്ത രതിമൂര്‍ച്ച ആണ് ആനന്ദം. അതിനു രതി വേണമെന്നില്ല.
     
     
    ഇതാണ് ബ്രഹ്മവിദ്യ.
     
     
    ഇനി പറയു.. അവസാനിക്കാത്ത ആനന്ദം കിട്ടുമെങ്കില്‍ പിന്നെ അതല്ലേ ഭേദം ? അതിനാണ്‌ ഋഷികള്‍ ശ്രമിച്ചത്. അവര്‍ മണ്ടന്മാര്‍ അല്ല. പിന്നെ എന്തുകൊണ്ടാണ് നമ്മള്‍ അതിനു ശ്രമിക്കാത്തത് ?
     
     
    ശ്രമിക്കാഞ്ഞിട്ടല്ല. നമ്മളെ കൊണ്ട് സംഗതി നടക്കില്ല.
     
     
    അത് മിക്കവര്‍ക്കും അറിയാം. പിന്നെ കിട്ടിയത് തള്ളി ജീവിക്കുക തന്നെ. ഒടുക്കമോ ? വിരഹവും മരണവും. എല്ലാവരുടെയും ഗതി തന്നെ ഇത്. ഈ ശൂന്യതയില്‍ നിന്നും രക്ഷപ്പെടാന്‍ ആണ് സ്വര്‍ഗം എന്നൊരു അത്ഭുത ലോകം ചില ശാസ്ത്ര അജ്ഞന്മാര്‍ കണ്ടു പിടിച്ചത്. എന്തായാലും ഇവിടെ ഒന്നും കിട്ടിയില്ല. ഇനി ചത്തു കഴിഞ്ഞു പോയതൊക്കെ കിട്ടും എന്നാ ഒരു മിഥ്യാ വാഗ്ദാനം. പാവങ്ങള്‍ ഇതില്‍ വീഴും. പണക്കാര്‍ പറയും പോയി പണി നോക്കടെ എന്ന്. കാരണം അവര്‍ക്ക് ജീവിതം അനുഭവിക്കാന്‍ ഉള്ള സൌകര്യങ്ങള്‍ ഉണ്ട്. അത് ഇല്ലാത്തവരോടു മതങ്ങള്‍ പറയുന്ന ക്രൂരമായ തമാശയാണ് സ്വര്‍ഗം എന്നത് ..
     
     
    എപ്പോ കിട്ടും ? ചത്തു കഴിഞ്ഞ്.. ഇപ്പൊ ഇന്നതൊക്കെ ഞങ്ങള്‍ പറയുന്ന പോലെ ചെയ്.. കിട്ടിയാല്‍ കിട്ടി. ഇല്ലെങ്കില്‍ ചെയ്ത രീതിയില്‍ എന്തെങ്കിലും തെറ്റ് പറ്റിയാരിക്കും.. അതിനു ഞങ്ങള്‍ എന്ത് ചെയ്യാനാ?
     
     
    ഇതാണ് മതങ്ങളും പുരോഹിതന്മാരും പൂജാരികളും കൂടി ചെയ്യുന്നത്. പാവങ്ങളെ പറഞ്ഞു പറ്റിക്കുക. സമ്പന്നനു ജീവിക്കാനുള്ള ഒത്താശ ചെയ്യുക.
     
     
    ലോകത്ത് ഇന്ന് 300 ഓളം മതങ്ങള്‍ ഉണ്ട്. എല്ലാം വിശിഷ്ട വ്യക്തികളുടെ പേരില്‍ അവരുടെ കാലശേഷം സ്ഥാപിക്കപ്പെട്ടിട്ടുള്ളവ. ഈ മതങ്ങള്‍ നിയന്ത്രിക്കുന്നത് സാദാ മനുഷ്യര്‍ ആണ്. അതാണതിന്റെ കുഴപ്പവും. കൂടുതല്‍ പറയണോ ?
     
     
    ഓഷോയുടെ തമാശ കേള്‍ക്കുക. "ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ ബിസിനസ്സൂകാര്‍ ഇറ്റലിക്കാര്‍ ആണ് (വത്തിക്കാന്‍). ഒരിക്കലും നഷ്ടം വരാത്ത വിശ്വാസകച്ചവടം (ക്രൈസ്തവ സഭ) കണ്ടു പിടിച്ചത് ഇറ്റലിക്കാര്‍ ആണ്".
     
     
    മതങ്ങളുടെ ഉദ്ദേശം തുടക്കത്തില്‍ നല്ലതായിരുന്നിരിക്കാം. ദൈവമാര്‍ഗം കാണിച്ചു കൊടുക്കുക. മനുഷ്യരെ നേര്‍വഴിക്കു നടത്തുക. പ്രാകൃത മനുഷ്യ മൃഗങ്ങളില്‍ നിന്ന് നന്മയുള്ള മനുഷ്യരെ ഉണ്ടാക്കുക. നല്ലത് തന്നെ.
     
     
    പക്ഷെ അതിനു സ്വീകരിക്കുന്ന രീതിയോ ? ഒരു പ്രവാചകനില്‍ വിശ്വസിക്കാന്‍ പറയും. പ്രവാചകന്‍ ചെയ്തപോലെ ഒക്കെ ചെയ്തോളാന്‍ പറയും. വിശ്വസിച്ചു കഴിഞ്ഞാലോ?
     
     
    നാം ഒരാളെ ചുമക്കുന്നു എന്ന് കരുതുക. അയാള്‍ ചെയ്തത് ഒക്കെ ശരി എന്ന് വിശ്വസിക്കാന്‍ ശീലിക്കുക. പിന്നെ ഒന്നും ചോദിയ്ക്കാന്‍ പറ്റില്ല. അയാള്‍ നമ്മുടെ മനസ്സില്‍ ഒരു വടവൃക്ഷം ആയി പടരും. അയാള്‍ പറയുന്നതൊക്കെ മാത്രമേ സത്യം ആയി ഉള്ളു എന്ന് കരുതും. ആത്മീയതയുടെ അവസാനം ആണ് അത്. അങ്ങനെ അല്ല വേണ്ടത്.
     
     
    വേണ്ടത് എന്താണ് ? നമ്മുടെ ഉള്ളിലെ ജീവന്‍ (ബോധം) ആണ് നമ്മുടെ യഥാര്‍ത്ഥ അവസ്ഥ എന്ന് തിരിച്ചറിയുക. അപ്പോള്‍ പിന്നെ എന്ത് സംഭവിക്കും ? നാം സ്വയം പ്രവാചകന്‍റെ അവസ്ഥയിലേക്ക് ഉയരും. പക്ഷെ മതങ്ങള്‍ ഇതല്ല ചെയ്യുന്നത്. അത് തന്നെ ആണ് മതങ്ങളുടെ പ്രശ്നവും.
     
     
    മതങ്ങള്‍ക്ക് വേണ്ടത് പ്രവാചകന്മാരുടെ ഒരു പടയെ അല്ല. മറിച്ചു ഭയം ഉള്ള അനുസരണ ഉള്ള ആട്ടിന്കുട്ടികളെ ആണ്. അവരെ ഇഷ്ടമുള്ള പോലെ നിയന്ത്രിക്കാന്‍ കഴിയും. പ്രവാചകന്മാരുടെ അത്രയുമോ അതില്‍ അധികമോ അറിവുള്ള മനുഷ്യരെ നിയന്ത്രിക്കാന്‍ പറ്റില്ല. പണി പാളും.
     
     
    ഇതാണ് മതങ്ങള്‍ മനുഷ്യരോട് ചെയ്യുന്ന ദ്രോഹം. മതങ്ങള്‍ നിയന്ത്രിക്കുന്ന പുരോഹിതര്‍ക്ക് അതിലപ്പുറം ഒന്നും ചെയ്യാനും പറ്റില്ല. കാരണം സാദാ മനുഷ്യര്‍ ആണ് ഈ പുരോഹിതര്‍. അവര്‍ക്ക് ദൈവം എന്താണെന്നോ പ്രവാചകന്‍ എങ്ങനെ അങ്ങനെ ആയി എന്നോ അറിയാന്‍ താല്പര്യം ഇല്ല. ആകെ താല്പര്യം ഉള്ളത് ലോകത്തോടാണ്. സമ്പത്തും സ്ത്രീകളും.. അതിങ്ങനെ ഉരുട്ടി പെരട്ടി ഇരിക്കാന്‍ നല്ല രസം..
     
     
    അങ്ങനെ മതങ്ങള്‍ മനുഷ്യരെ പല ചിട്ടവട്ടങ്ങളിലൂടെയും ആചാര ആരാധനാ രീതികളിലൂടെയും വസ്ത്രധാരണത്തിലും ജീവിത രീതികളിലും ഉള്ള വ്യത്യസങ്ങളിലും ശ്രദ്ധ ചെലുത്തി അവരെ മറ്റു മതങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നു. അങ്ങനെ മനുഷ്യരെ പല വിഭാഗങ്ങള്‍ ആക്കി മാറ്റുന്നു.
     
     
    ഇവിടെ ആണ് ശ്രീ നാരായണ ഗുരുവിന്റെ സമകാലിക പ്രസക്തി.
     
     
    ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. അസൂയാലുക്കളായ ആണുങ്ങള്‍ ആണ് ഇവിടെ എല്ലാ കുത്തിത്തിരിപ്പുകളും ഉണ്ടാക്കുന്നത്‌. സോക്രട്ടിസ്നെ വിഷം കൊടുത്ത് കൊന്നതും യേശുവിനെ കുരിശില്‍ കയറ്റിയതും 'അനല്‍ഹക്ക്' (ഞാന്‍ ആണ് സത്യം) എന്ന് പറഞ്ഞ സുഫി സുലൈമാനെ കല്ലെറിഞ്ഞു കൊന്നതും അള്ളാഹു ഉണ്ട് പക്ഷെ നബിയാണ് അവസാന പ്രവാചകന്‍ എന്ന് പറയാന്‍ വിസമ്മതിച്ച മര്മദിന്‍റെ തല വെട്ടിയതും ഓഷോയെ കള്ളക്കേസുകളില്‍ കുടുക്കിയതും ഈ അസൂയാലുക്കളായ ആണുങ്ങള്‍ ആണ്.
     
     
    അവര്‍ ഇന്നും ഉണ്ട്. എന്നും ഉണ്ടാവും. അവര്‍ ഇത്തരം സത്യാന്വേഷികളെ ഇഷ്ടപ്പെടില്ല. സ്ത്രീകളെ ശുദ്ധരായ അവര്‍ അറിയാതെ ആകര്‍ഷിക്കുന്നതാണ് അത്ഭുത ദ്വീപിലെ കുള്ളന്മാരായ വടക്ക് നോക്കി യന്ത്രങ്ങളുടെ പ്രശ്നം.
     
     
    എത്ര സുന്ദരമായ ലോകം ! ഇതില്‍ നിന്നും പക്ഷെ മോചനം ഇല്ല. വെരി സോറി !
     
     
    മതങ്ങള്‍ ഇങ്ങനെ മനുഷ്യരെ വേര്‍തിരിക്കുമ്പോള്‍ മറ്റു മതങ്ങളെ പരിഹസിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് മനുഷ്യത്വവും ദൈവീകതയും ആണ്. വന്നു വന്നു എന്ത് തെമ്മാടിത്തരം കാണിച്ചാലും ഏതെങ്കിലും മതത്തില്‍ വിശ്വസിച്ചാല്‍ അയാളുടെ പാപങ്ങള്‍ ദൈവം ക്ഷമിക്കും സ്വര്‍ഗം കിട്ടും വിശ്വസിച്ചില്ലെങ്കില്‍ അവര്‍ നരകത്തില്‍ പോവും എന്ന് അത്യാവശ്യം ബുദ്ധി ഉള്ളവര്‍ പോലും വിശ്വസിക്കുകയോ പറഞ്ഞു നടക്കുകയോ ചെയ്യുന്ന അവസ്ഥയില്‍ ലോകം ആയി. ഇത് മതങ്ങള്‍ ചെയ്യുന്ന മാനവരാശിയോടുള്ള തെറ്റാണ്. വ്യക്തികളെ വളരാന്‍ അനുവദിക്കാതെ മാനസ്സികമായി തളര്‍ത്തിക്കളയുന്ന രീതി ആണ്.
     
     
    മറ്റു മതങ്ങളെയും പ്രവാചകരെയും ഗുരുക്കളെയും ആരാധന സംപ്രദായങ്ങളെയും പരിഹസിച്ചും സ്വന്ത രീതികളെ കായിക ബലം കൊണ്ട് വളര്‍ത്തിയും നേടുന്നത് ഇഹലോകത്തില്‍ തന്നെ നരകം സൃഷ്ടിക്കല്‍ ആണ്.
     
     
    ഇവിടെ ആണ് മതങ്ങള്‍ക്ക് അപ്പുറത്തേക്ക് മനുഷ്യന്‍ ചിന്തിച്ചു പോവുന്നത്.
     
     
    ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം യേശു അല്ലെങ്കില്‍ നബി അല്ലെങ്കില്‍ ബുദ്ധന്‍ എന്നൊക്കെ അറിയപ്പെടുന്നവര്‍ അമാനുഷര്‍ ആണ്. എല്ലാവരോടും അവര്‍ക്ക് ബഹുമാനം തോന്നാം. മതങ്ങള്‍ പക്ഷെ ഈ ബഹുമാനത്തെ തന്‍റെ പ്രിയപ്പെട്ടവരിലേക്ക് ചുരുക്കാന്‍ ശ്രമിക്കുന്നു. പുരോഹിതര്‍ക്ക് ഇതാണ് ജോലി. ആള് കൂടുതല്‍ ഉണ്ടെങ്കില്‍ തലവരിപ്പണം കുറച്ചു മതിയല്ലോ. തലയില്‍ കിഡ്നി വേണം.
     
     
    പക്ഷെ ഇതില്‍ സംഭവിക്കുന്നത്‌ മനുഷ്യന്റെ നാശം ആണ്. മനുഷ്യന്റെ സ്വാഭാവിക സംശയങ്ങളെ ചിന്തകളെ മുറിച്ചു കളഞ്ഞു അവന്റെ ബുദ്ധിയെ ഉറക്കി കിടത്തുകയാണ് മതങ്ങള്‍ ചെയ്യുന്നത്. ഫലമോ ? മനുഷ്യര്‍ക്ക്‌ അന്യോന്യം വിശ്വാസം ഇല്ലാതെ വരുന്നു.
     
     
    യേശുവും നബിയും ബുദ്ധനും ഒരുമിച്ചു കണ്ടാല്‍ അവര്‍ അന്യോന്യം കെട്ടിപ്പിടിക്കാന്‍ ആണ് സാധ്യത. ഒരു ക്രിസ്ത്യാനിയും മുസ്ലിമും ഹിന്ദുവും തമ്മില്‍ കണ്ടാലോ?
     
     
    ആരാണ് ഇതിനു ഉത്തരവാദി ?
     
     
    മതങ്ങള്‍ തന്നെ. യേശുവോ നബിയോ ബുദ്ധനോ അല്ല. അവര്‍ വലിയ മനുഷ്യര്‍. മനുഷ്യത്വം തന്നെ കടന്നു പോയി ദൈവീകതയില്‍ എത്തിയവര്‍. അവര്‍ അവരുടെ പിന്നില്‍ ഈ പുരോഹിതര്‍ നടത്തുന്ന കൊള്ളരുതായ്മകള്‍ക്ക് ഉത്തരവാദികള്‍ അല്ല.
     
     
    ശ്രീ നാരായണ ഗുരു പറഞ്ഞത് ഓര്‍ക്കുക. എന്നെ വിശ്വസിച്ചാല്‍ സ്വര്‍ഗം തരാം എന്ന് ഗുരു പറഞ്ഞിട്ടുണ്ടോ ? ഇങ്ങനെ പറയുന്നത് പുരോഹിതര്‍ ആണ്. ഗുരുക്കള്‍ അല്ല. കാരണം അങ്ങനെ ഒരു സ്വര്‍ഗം ഇല്ല. പക്ഷെ ബോധോദയം എന്ന ഒരു അവസ്ഥ ഉണ്ട്. പക്ഷെ ഒരാളെ വിശ്വസിച്ചാല്‍ കിട്ടുന്ന ഒന്നല്ല ബോധോദയം. അതിനു സ്വയം പരിശ്രമിക്കണം. വേറെ വഴി ഒന്നും ഇല്ല. വെരി സോറി.
     
     
    ബോധോദയം ഉണ്ടായ ഓരോരുത്തരും, ഗുരു ഉള്‍പടെ, പറഞ്ഞിട്ടുള്ളത് ഒരേ സ്വരം ആണ്. അതായത് എല്ലാ ജീവജാലങ്ങളും ഒരു ജീവസ്രോതസ്സില്‍ നിന്നും തെന്നെ ആണ് ഉണ്ടായത്. കൈപ്പത്തിയിലെ വിരലുകള്‍ പോലെ. വിരലുകള്‍ക്ക് ഞാന്‍ വലുത് ചെറുത്‌ എന്നൊക്കെ തോന്നാം. കൈപ്പത്തിയെ സംബന്ധിചിടത്തോളം എല്ലാ വിരലുകളും അതിന്റെ ഭാഗങ്ങള്‍ മാത്രം ആണ്. എല്ലാ വിരലുകളും ഒരുപോലെ വേണമെങ്കില്‍ ഉണ്ടാക്കാമായിരുന്നു. പക്ഷെ മുറുക്കി പിടിക്കാന്‍ വിരലുകള്‍ ഇങ്ങനെ തന്നെ ആണ് വേണ്ടത്.
     
     
    മതങ്ങളുടെ വാദങ്ങള്‍ വിരലുകളുടെത് പോലെ വേറിട്ടതാണ്. എല്ലാ മരങ്ങളും മാങ്ങ തന്നാല്‍ പിന്നെ തേങ്ങക്ക് എന്ത് ചെയ്യും ? വൈവിധ്യം ആണ് ജീവന്‍റെ സന്ദേശം. അത് അതെ പടി അറിയണം.
     
     
    ഗുരുവിന്‍റെ വാക്കുകള്‍ നോക്കുക.
     
     
    വിദ്യ കൊണ്ട് പ്രബുദ്ധരാവുക.
     
     
    മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി.
     
     
    അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം.
     
     
    പലമതസാരവും എകമാം.
     
     
    പുണര്‍ന്നു പെറുന്നതെല്ലാം ഒരു ജാതി.
     
     
    മനുഷ്യരുടെ വേഷം ഭാഷ തുടങ്ങിയവ വ്യത്യസ്തം ആണെങ്കിലും അവര്‍ ഒരേ ജാതിയില്‍ പെടുന്നത് കൊണ്ട് വിവാഹം ചെയ്യുന്നതില്‍ തെറ്റില്ല.
     
     
    ലോകത്ത് രണ്ടു ജാതികള്‍ മാത്രം. ആണും പെണ്ണും.
     
     
    പാശ്ചാത്യരും പൌരസ്ത്യരും ഒന്നിക്കണം.
     
     
    ഇത് പോലെയോ ഇതേ അര്‍ത്ഥം വരുന്ന വാക്കുകളോ ആണ് എല്ലാ ഗുരുക്കന്മാരും പറഞ്ഞിട്ടൂള്ളത്. കാരണം പലര്‍ ദര്‍ശിച്ചാലും സത്യം ഒന്നേ ഉള്ളു. ഒരു സൂര്യന്‍. പല ജീവികള്‍ പലരീതിയില്‍ കാണുന്നു. സൂര്യന് മാറ്റം വല്ലതും ഉണ്ടോ ?
     
     
    ഗുരുവിന്റെ വാക്കുകള്‍ കാണിക്കുന്നത് വിശ്വ വീക്ഷണവും മനുഷ്യര്‍ വിശ്വപൌരന്മാരായി വളരാന്‍ ഉള്ള ആഹ്വാനവും ആണ്. ഇത് മറ്റു ഏതു ഗുരുക്കന്മാരോടും കിടപിടിക്കുന്നവ ആണ്. ഇവിടെ എങ്ങും നിങ്ങള്‍ ഇങ്ങനെ ചെയ്‌താല്‍ ദൈവം അനുഗ്രഹിക്കും എന്ന് പറയുന്നില്ല. ഇങ്ങനെ ചെയ്താല്‍ സ്വര്‍ഗം കിട്ടും എന്നും പറഞ്ഞിട്ടില്ല. ഭാഗ്യത്തിനു അങ്ങനെ പറയാന്‍ തൊലിക്കട്ടിയുള്ള പുരോഹിതന്മാര്‍ ഇല്ലാതെ പോയത് ഒരു ഭാഗ്യം എന്ന് കരുതുക. അല്ലെങ്കില്‍ ഗുരുവും ഇതിനകം മറ്റൊരു യേശുവോ നബിയോ ബുദ്ധനോ ആയേനെ.
     
     
    ഗുരു പറയുന്നത് ഓരോരുത്തരും തന്‍റെ ഉള്ളില്‍ ഉള്ള ജീവനെ തിരിച്ചു അറിയാന്‍ ആണ്. ദൈവദശകത്തില്‍ ഗുരു തന്‍റെ ആത്മബോധാനുഭവം അതുല്യമായ മിഴിവോടെ രേഖപ്പെടുത്തിയിരിക്കുന്നു. ഇതാണ് ഓരോ മനുഷ്യന്റെയും യഥാര്‍ത്ഥ അവസ്ഥ. അവിടെ എത്താനുള്ള വഴി ആണ് ഗുരു കാണിച്ചു തന്നത്. അതിനു ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ല.
     
     
    മനുഷ്യന്‍ ബുദ്ധന്‍ ആകുന്നില്ല എങ്കില്‍ എന്തോ കുഴപ്പം ഉണ്ടെന്നു പറഞ്ഞ ഓഷോയെ ഇവിടെ ഓര്‍ത്തുപോവുന്നു. സദാചാരികള്‍ ആദ്യം പോയി പുസ്തകം വായിക്കുക. നെറ്റി പിന്നെ ചുളിക്കാമല്ലോ. അതിനു സമയം ബാക്കി കാണും.
     
     
    ഇങ്ങനെ മതങ്ങള്‍ തമ്മില്‍ ദൈവത്തിന്റെ പേരില്‍ കുത്തിമരിക്കാന്‍ തയ്യാറാവുന്നത് തന്നെ ആണ് ദൈവത്തോടുള്ള വെല്ലുവിളി. ഇതിനു വളം വച്ച് കൊടുക്കുന്നതോ ? പുരോഹിതരും. ഏക ദൈവം എന്നാണു എല്ലാവരും പറയുന്നത്. രീതികള്‍ അനേകം. പിന്നെ എന്റെ ദൈവം നിന്റെ ദൈവം എന്ന് പറയുന്നതില്‍ തന്നെ ഇല്ലേ ഒരു സ്പെല്ലിംഗ് മിസ്ടെക്ക്? എല്ലാവരും ഒരു രീതി തന്നെ വേണം എന്ന് പറയുന്നത് അഹങ്കാരവും വിവരക്കേടും ആണ്. എല്ലാ മനുഷ്യരും വെളുത്തിരിക്കണം എന്ന് പറയുന്നപോലെ. അഥവാ എല്ലാ മനുഷ്യര്‍ക്കും ഒരേ ഉയരം വേണം എന്ന് പറയുന്നപോലെ.
     
     
    പ്രപഞ്ച വൈവിധ്യത്തെ അതേപടി അംഗീകരിക്കുന്നത് എത്രയോ എളുപ്പമുള്ള കാര്യം ആണ്. അതിനു പോവാതെ തന്‍റെ രീതികള്‍ മാത്രം ശരി എന്ന് പിടിവാശി കാണിക്കുന്ന മതങ്ങള്‍ ദൈവത്തെ അറിയുന്നില്ല. അവര്‍ക്ക് ദൈവം അല്ല വേണ്ടത്. കുറെ ഭയമുള്ള ആരാധകരെ ആണ്. അത് കിട്ടുകയും ചെയ്യും.
     
     
    ഗുരു ജീവിച്ച സമയത്ത് കണ്ട അനാചാരങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമായും മനുഷ്യരുടെ തുല്യതയില്‍ ആണ് ഗുരു ഊന്നല്‍ നല്‍കിയത്. അതിനു ഉള്ള ഇന്ധനം ആണ് ഗുരുവിന്റെ ദര്‍ശനം. അതില്‍ ഒന്നും മറച്ചു വച്ചിട്ടില്ല. മനുഷ്യനു എങ്ങനെ ബോധോദയത്തില്‍ എത്താം എന്ന ബ്രഹ്മവിദ്യ ആണ് ഗുരുവിന്റെ മാര്‍ഗം. അതാണ്‌ മനുഷ്യന്റെ ശരിയായ വളര്‍ച്ചയ്ക്കുള്ള വഴി. എല്ലാ മനുഷ്യരുടെയും.
     
     
    അതുകൊണ്ട് മതങ്ങളും പുരോഹിതരും ദൈവത്തെ കച്ചവടം ചെയ്യുന്ന നാളുകളില്‍ സ്വന്തം ഉള്ളിലെ ദൈവത്തെ കണ്ടെത്തുവാന്‍ പഠിപ്പിച്ച ഗുരുവാണ് നാളെയുടെ പ്രത്യാശ.
     
     
    ഇനി ഗുരുവിനെ വിശ്വസിച്ചാല്‍ ദൈവം പ്രസാദിക്കും എന്നോ ഗുരുവ്നോട് പ്രാര്‍ഥിച്ചാല്‍ മരണ ശേഷം സ്വര്‍ഗം കിട്ടും എന്നോ ആരും ധരിച്ചു വിഷമിക്കേണ്ട. സാധാരണ മനുഷ്യരോട് ദയയും സ്നേഹവും കാണിച്ച യേശുവിനെയും നബിയെയും ബുദ്ധനെയും സാധാരണക്കാര്‍ ഭയപ്പെടുന്ന അഥവാ ദൈവം ആക്കുന്ന പുരോഹിതര്‍ ഉള്ളിടത്തോളം അത്ഭുതങ്ങള്‍ സംഭവിച്ചു തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ ഉള്ളിടത്തോളം പറഞ്ഞിട്ട് വലിയ ഗുണം ഒന്നും ഉണ്ടാവില്ല എന്ന് അറിയാം.
     
     
    എങ്കിലും പറഞ്ഞു പോവുന്നു. ശ്രീ നാരായണ ഗുരു ഉള്‍പ്പടെ ഉള്ള ഗുരുക്കന്മാര്‍ എത്തിയ ശുദ്ധബോധാവസ്ഥയെ ആണ് ദൈവം എന്ന് പറയുന്നത്. രൂപം ഇല്ലാത്ത മരണം ഇല്ലാത്ത സ്ഥലപരിമിതി ഇല്ലാത്ത അനന്തമായ ദൈവീകത. അത് ഓരോ മനുഷ്യന്റെയും യഥാര്‍ത്ഥ അവസ്ഥ തന്നെ ആണ്. ഓരോ മനുഷ്യനും അവകാശപ്പെട്ട ആ അവസ്ഥയിലേക്ക് സ്വയം ഉയരുക.. ഗുരുക്കന്മാര്‍ മാര്‍ഗദീപങ്ങള്‍ ആണ്. എല്ലാ ഗുരുക്കളും. പക്ഷെ അവരുടെ പേരില്‍ നിങ്ങള്‍ പിരിഞ്ഞു നിന്ന് എന്റെ ഗുരു കേമന്‍ എന്ന് പറഞ്ഞു തല്ലുകൂടാതെ ഇരിക്കുകയെങ്കിലും ചെയ്യുക.
     
     
    ബോധോദയം കിട്ടിയില്ലെങ്കില്‍ വേണ്ട.
     
     
    മിനിമം ബോധം എങ്കിലും ഉണ്ടാവണ്ടേ ?

Category: , , ,

Article Copyright Disclaimer:
The article content published on this blog is for the purpose of sharing useful information with blog readers and visitors. Some of these may contain excerpts from other internet sources. If you believe an article has infringed on your copyright, please contact us and we'll delete or revise it immediately.