.

നിങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടോ ?

ഈഴവര്‍ 'താഴ്ന്ന' ജാതിക്കാര്‍ ആണെന്ന് സമുദായത്തിലെ ചിലര്‍ എങ്കിലും കരുതുന്നുണ്ടോ? നായര്‍ ബ്രാഹ്മണര്‍ എന്നിവരേക്കാള്‍ താഴെ ആണ് ഈഴവര്‍ എന്ന് ആര്‍കെങ്കിലും തോന്നുന്നുണ്ടോ ?

ഇങ്ങനെ തോന്നുന്നവര്‍ ഉണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ നിങ്ങളില്‍ അടിച്ചേല്പിച്ച ഒരു മാനസിക അടിമത്തം ആണ്. അതില്‍ നിന്നും എത്രയും പെട്ടെന്ന് പുറത്തു കടക്കുക.

ഇന്ത്യക്കാരുടെ പൊതുവായ പ്രശ്നം ആണ് ആത്മവിശ്വാസം ഇല്ലായ്മ. ഉയരക്കുറവ്, ഇരുണ്ട നിറം, പറയത്തക്ക ഭംഗി ഒന്നും ഇല്ലാത്ത അവയവങ്ങള്‍, സാധാരണ ബുദ്ധി, ജീവിത സാഹചര്യങ്ങള്‍ എന്നിവ കൊണ്ടാകാം ഈ അവസ്ഥയില്‍ എത്തിയത്.

ഇത് മനസ്സിലാകണം എങ്കില്‍ ഒരു വെള്ളക്കാരന്‍ ഇന്ത്യക്കാരുടെ ഇടയിലൂടെ കടന്നു പോയാല്‍ മതി. പ്രതികരണങ്ങള്‍ ഉടന്‍ അറിയാം. ആണുങ്ങള്‍ മിക്കവരും മുങ്ങും. പിടിച്ചു നില്‍കുന്നവര്‍ സായിപ്പിന്റെ എന്തെങ്കിലും കുഴപ്പം കണ്ടു പിടിച്ചു പരിഹാസത്തോടെ നില്കും. അന്തസ്സായി സായിപ്പിനോട്‌ സംസാരിക്കാന്‍ ഉള്ള ആമ്പിയര്‍ എത്ര ഇന്ത്യക്കാര്‍ക്ക് ഉണ്ട് ? വെള്ളക്കാര്‍ മാത്രം ഉള്ള ഒരു ബസ്സില്‍ ഒരു പുഞ്ചിരിയോടെ കയറാന്‍ ധൈര്യം ഉള്ള എത്ര ആണുങ്ങള്‍ കാണും ? എന്താ കാരണം ?

എന്നാല്‍ സ്ത്രീകളോ ? അവര്‍ ഈ പുരുഷന്മാരേക്കാള്‍ എത്രയോ ഭേദം ! മദാമ്മകള്‍ മാത്രം ഉള്ള ഒരു ബസ്സില്‍ ഒരു ഇന്ത്യക്കാരിയെ വിട്ടു നോക്ക്. അവള്‍ അന്തസ്സായി അതില്‍ കയറും. ഒരു പരിഭ്രമവും ഉണ്ടാവില്ല. എന്നാല്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ ബഹുമാനിക്കുമോ ? ഇല്ല ! എന്താവും അതിന്റെ കാരണം ?

എന്താ ഈ ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ ഉള്ള വ്യത്യാസം ?

പ്രശ്നം നമ്മള്‍ മറ്റുള്ളവരെ താരതമ്യം ചെയ്തു ശീലിച്ചു പോയി എന്നതാണ്. നമ്മളെക്കാള്‍ താഴ്ന്നവരെ (ഉയരം, നിറം, ബുദ്ധി, സ്വത്ത്, പദവി) കണ്ടാല്‍ നമുക്ക് ആത്മവിശ്വാസം വര്‍ധിക്കും. നമ്മെക്കാള്‍ 'ഉയര്ന്നവരെ' കണ്ടാലോ ? വാല് കാലിന്റെ ഇടയില്‍ ഒളിക്കും..

ഇതിന്റെ ആവശ്യം ഇല്ല. 'ഉയര്ന്നവരെയും' 'താഴ്ന്നവരെയും' ഒരേപോലെ കാണാന്‍ ഒരു വഴി ഉണ്ട്. അത് സ്ത്രീകള്‍ക്ക് അറിയാം. കാരണം സ്ത്രീകള്‍ക്ക് ഇത് പരിചയം ആണ്. ആണുങ്ങള്‍ക്ക് അല്ല.

ഒരു എളുപ്പ വഴി ഉണ്ട്.

സൂര്യനെ കണ്ടിട്ടുണ്ടോ ഈ അടുത്ത കാലത്ത് എങ്ങാനും ? ഇല്ലെങ്കില്‍ എല്ലാ ദിവസവും രാവിലെ സൂര്യനെ കാണണം. എന്നിട്ട് ഇങ്ങനെ ചിന്തിക്കുക. സൂര്യന്‍ ആണ് നമുക്ക് ചൂടും വെളിച്ചവും തരുന്നത്. സൂര്യന്‍ ഇല്ലെങ്കില്‍ നമ്മുടെ ഗതി എന്താ ? അതുകൊണ്ട് സൂര്യനോട് മനസ്സില്‍ ഒരു നന്ദി പറയുക. പറ്റുമോ ? നാണം വരുന്നുണ്ടോ ? സൂര്യന്‍ ഇല്ലായിരുന്നെങ്കില്‍ നിന്റെ കാര്യം കട്ടപ്പൊഹ. ഓര്‍ക്കുക. ചൂടിനും വെളിച്ചത്തിനും നമ്മള്‍ സൂര്യനോട് കടപ്പെട്ടിരിക്കുന്നു. അത് മനസ്സില്‍ അംഗീകരിക്കുക.

അപ്പോള്‍ സൂര്യനുമായി നമുക്ക് ഒരു ബന്ധം ആയി.

അടുത്തത്‌ മരങ്ങള്‍. അവയാണ് നമുക്ക് ഭക്ഷണവും പ്രാണവായുവും തരുന്നത്. മരങ്ങള്‍ ഇല്ലാതിരുന്നെങ്കിലത്തെ അവസ്ഥ ഒന്ന് ആലോചിക്കുക. മരങ്ങളോട് നന്ദി പറയുക. ഉച്ചത്തില്‍ വേണ്ട. മനസ്സില്‍ മതി..

അപ്പോള്‍ മരങ്ങളുമായും നമുക്ക് ബന്ധം ആയി.

ഇനി വായു, വെള്ളം, മണ്ണ്.. ഇവയോടൊക്കെ നമുക്ക് ആശ്രിതത്വം ഉണ്ട്. ഇവ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ പറ്റില്ല. അപ്പോള്‍ അവയുമായി നമുക്കുള്ള ബന്ധം എന്താണെന്ന് ഒന്ന് ഓര്‍ത്തു നോക്കുക. വല്ല ബന്ധവും ഉണ്ടോ ? അതോ കഞ്ചാവടിച്ചു ചുമ്മാ കവിത പറയുകയാണോ ?

ഈ ബന്ധങ്ങള്‍ ഒക്കെ പണ്ടേ ഉള്ളതാണ്. നമ്മള്‍ മറ്റുള്ളവരെ നോക്കി നടന്നപ്പോള്‍ സൂര്യനെയും മരങ്ങളെയും ഒക്കെ മറന്നു പോയതാണ്..

ഇനി മറ്റുള്ളവരെ നോക്കുക. അവരും നമ്മുടെ അതെ അവസ്ഥയില്‍ ആണ്. സൂര്യനെയും മരങ്ങളെയും ആശ്രയിച്ചാണ് അവരുടെയും നിലനില്പ്. ആരും വലുതോ ചെറുതോ അല്ല. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജനിച്ചിട്ടുള്ള ആത്മാക്കള്‍ ആണ് മനുഷ്യര്‍ എല്ലാം. എല്ലാവരും തുല്യര്‍.

ഇനി സായിപ്പിനെ നോക്കുക. ആദ്യം കണ്ണ് പിടിച്ചില്ലെന്നു വരാം.. ശ്രമിക്കുക. അവരും നമ്മെ പോലെ തന്നെ ഉള്ള മനുഷ്യര്‍ ആണ്. രൂപത്തിലും ഭാഷയിലും ജീവിത രീതികളിലും ഉള്ള വ്യത്യാസങ്ങളെ ഉള്ളു.

സ്ത്രീകള്‍ കാണുന്നത് ഇങ്ങനെ ആണ്. പുരുഷന്മാര്‍ക്കും ആവാം..

ഇടയ്ക്ക് സ്വയം ചോദിക്കുക. എനിക്ക് അപകര്‍ഷതാ ബോധം ഉണ്ടോ ? ഉണ്ടെങ്കില്‍ അത് അംഗീകരിക്കുക. അല്ലാതെ അത് മറച്ചു വയ്ക്കാന്‍ ഉഡായിപ്പുകള്‍ എടുക്കരുത്. ഇന്നല്ലെങ്കില്‍ നാളെ മറച്ചു വച്ച ദൌര്‍ബല്യങ്ങള്‍ പുറത്തു വരും. പിന്നെ അത് തിരുത്താന്‍ പറ്റിയെന്നു വരില്ല. ജീവിതം മുഴുവന്‍ ദൌര്‍ബല്യം മറച്ചു വച്ച് അല്ലെങ്കില്‍ ചുമന്നു കൊണ്ട് നടക്കേണ്ടി വരും.

സായിപ്പിനെ കണ്ടു പഠിക്കുക. തല ഉയര്‍ത്തി അന്തസ്സായി നടക്കാത്ത ഏതെങ്കിലും സായിപ്പിനെ കണ്ടിട്ടുണ്ടോ ?

lalunatarajan

Category: , , ,

Article Copyright Disclaimer:
The article content published on this blog is for the purpose of sharing useful information with blog readers and visitors. Some of these may contain excerpts from other internet sources. If you believe an article has infringed on your copyright, please contact us and we'll delete or revise it immediately.