അരുവിപ്പുറം പ്രതിഷ്ഠയുടെ പ്രസക്തി
അരുവിപ്പുറത്ത് 127 വര്‍ഷംമുമ്പ് നടന്നത് കേവലമായ ഒരു വിഗ്രഹപ്രതിഷ്ഠമാത്രമല്ല. കേവലമായ വിഗ്രഹപ്രതിഷ്ഠ എന്നതില്‍ കവിഞ്ഞ സാമൂഹികവും ചരിത്രപരവുമായ പ്രാധാന്യം അരുവിപ്പുറം പ്രതിഷ്ഠയ്ക്കുണ്ട്. ആധുനിക നവോത്ഥാനത്തിന്റെ പ്രോല്‍ഘാടനമായിരുന്നു 127 വര്‍ഷംമുമ്പ് ഇവിടെ നടന്നത്. അതിനുള്ള ഉപാധിയായിരുന്നു ശ്രീനാരായണഗുരുവിന് ശിവപ്രതിഷ്ഠ. പ്രതിഷ്ഠകളും ദേവാലയങ്ങളും എണ്ണമറ്റ തോതിലുള്ള കേരളത്തില്‍ ഈ ഒന്നിനെമാത്രം കേരളീയര്‍ പ്രത്യേക പ്രാധാന്യംകൊടുത്ത് വേര്‍തിരിച്ച് ആഘോഷിക്കുന്നത് ഇതിന്റെ സാമൂഹികമായ പ്രസക്തി മുന്‍നിര്‍ത്തിത്തന്നെയാണ്.
ഇവിടെ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതില്‍ വിപ്ലവകരമായ ഒരു സാമൂഹിക ഇടപെടലിന്റെ സന്ദേശമുണ്ട്. പ്രതിഷ്ഠ നടത്താനുള്ള അവകാശം ബ്രാഹ്മണര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഒരു ചരിത്രഘട്ടത്തിലാണ് ബ്രാഹ്മണനല്ലാത്ത ശ്രീനാരായണഗുരു ഈ പ്രതിഷ്ഠ നടത്തിയത്. മനുഷ്യരെല്ലാം സമന്മാരാണെന്നും മനുഷ്യരില്‍ ഒരു വിഭാഗത്തിന് പ്രത്യേകമായ അധികാരമോ അവകാശമോ ഒന്നും ഇല്ലെന്നുമുള്ള സമത്വബോധത്തിന്റെ സന്ദേശമാണ് ഗുരു വിഗ്രഹപ്രതിഷ്ഠ എന്ന കര്‍മത്തിലൂടെ സമൂഹത്തിന് പകര്‍ന്നുനല്‍കിയത്. അതുകൊണ്ടാണ് ആ പ്രവൃത്തിയെ വിപ്ലവാത്മകം എന്ന് ഞാന്‍ വിശേഷിപ്പിക്കുന്നത്. ശൂദ്രന്‍ അക്ഷരം പഠിക്കാന്‍ പാടില്ല, ആരാധിക്കാന്‍ പാടില്ല എന്നൊക്കെയുള്ള സാമൂഹ്യനിയമങ്ങള്‍ നിലനിന്ന ഘട്ടത്തില്‍ അതിനെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യത്വത്തിന്റെ മഹാസന്ദേശം പ്രസരിപ്പിക്കുകയാണ് ഗുരു ചെയ്തത്. അരുവിപ്പുറം പ്രതിഷ്ഠയെ ആ നിലയ്ക്കാണ് നാം നോക്കിക്കാണേണ്ടത്.
അരുവിപ്പുറം പ്രതിഷ്ഠയുടെ സാമൂഹികമായ ഈ ഉള്ളടക്കത്തെ മറന്ന് ശിവപ്രതിഷ്ഠയ്ക്കു മാത്രമായി പ്രാധാന്യം കല്‍പ്പിച്ചാല്‍ ഗുരുവിന്റെ കാഴ്ചപ്പാടിനോട് ചെയ്യുന്ന അപരാധമായിപ്പോകും അത്. ഗുരുവിന്റെ കര്‍മങ്ങളുടെ സാമൂഹ്യപ്രസക്തിയെയും മാനവിക സന്ദേശത്തെയും വിസ്മരിച്ച് ആത്മീയതയില്‍ ഊന്നാന്‍ ശ്രമം നടക്കുന്നതുകൊണ്ടാണ് ഞാന്‍ ഇതുപറയുന്നത്. ഗുരു അരുവിപ്പുറത്ത് വിഗ്രഹം പ്രതിഷ്ഠിച്ചപ്പോള്‍ വിഗ്രഹപ്രതിഷ്ഠ എന്നതിനേ ആയിരുന്നില്ല ഊന്നല്‍. വിഗ്രഹം പ്രതിഷ്ഠിക്കണമെന്നു തോന്നിയാല്‍ അത് ചെയ്യാനുള്ള അവകാശം അബ്രാഹ്മണര്‍ക്കുമുണ്ട് എന്ന അവകാശം സ്ഥാപിക്കലിലാണ് ഊന്നല്‍. ഇത് നാം തിരിച്ചറിയണം. മറിച്ചായാല്‍ മരം കണ്ട് കാട് കാണാതെപോകുന്ന സ്ഥിതിയിലാകും നാം ചെന്നുപെടുക. വിഗ്രഹത്തിനല്ല പ്രാധാന്യം എന്ന് ഞാന്‍ പറയുന്നതല്ല. ഗുരുതന്നെ തന്റെ ചെയ്തികളിലൂടെ അത് നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ഗുരു പിന്നീട് ചിലയിടങ്ങളില്‍ പ്രതീകങ്ങളെയാണ് പ്രതിഷ്ഠിച്ചത്. കളവങ്കോടത്താകട്ടെ കണ്ണാടിയാണ് പ്രതിഷ്ഠിച്ചത്. ചിലയിടത്ത് അക്ഷരം പ്രതിഷ്ഠിച്ചു. മറ്റുചിലയിടത്ത് ദീപം പ്രതിഷ്ഠിച്ചു. വിഗ്രഹത്തിനും വിഗ്രഹാരാധനയ്ക്കും അമിതപ്രാധാന്യം കല്‍പ്പിച്ചിരുന്നെങ്കില്‍ ഗുരു കണ്ണാടിയും മറ്റും പ്രതിഷ്ഠിക്കുമായിരുന്നോ? കളവങ്കോടത്ത് കണ്ണാടി പ്രതിഷ്ഠിച്ചതിലൂടെ ഗുരു പകരാന്‍ ശ്രമിച്ച അര്‍ഥം ""നിങ്ങള്‍ നിങ്ങളെത്തന്നെ മനസ്സിലാക്കണം"" എന്നതല്ലേ? അത് കാണാതിരിക്കാന്‍ പാടുണ്ടോ എന്ന് കേരളം ആലോചിക്കണം.
കാരമുക്കില്‍ ഗുരു പ്രതിഷ്ഠിച്ചത് ദീപമാണ്. മനസ്സില്‍നിന്ന് ഇരുട്ട് അകലണമെന്ന സന്ദേശമല്ലേ അതിനുപിന്നിലുള്ളത് എന്ന് ചിന്തിക്കണം. മുരുക്കുംപുഴയില്‍ സത്യം, ധര്‍മം, ദയ, ശാന്തി എന്നീ വാക്കുകളാണ് ആലേഖനംചെയ്ത് പ്രതിഷ്ഠിച്ചത്. ഈ മൂല്യങ്ങളില്‍ സമൂഹം അടിയുറച്ചുനില്‍ക്കണം എന്നതല്ലേ അതിനര്‍ഥം? ഇതൊന്നും കാണാതെ വിഗ്രഹപ്രതിഷ്ഠയില്‍ മാത്രമായി കേന്ദ്രീകരിക്കുന്നത് ഗുരുവിനോട് കാട്ടുന്ന അധര്‍മമാണ്. ഗുരു എങ്ങനെ ചിന്തിച്ചോ അതിന് നേര്‍ വിപരീതദിശയിലേക്ക് കാര്യങ്ങള്‍ പോകുന്നുവെന്നതുകൊണ്ടാണ് ഗുരുവിനെയും ആ സന്ദേശങ്ങളെയും ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കാനുള്ള ശ്രമമുണ്ടാകണമെന്ന് ഞാന്‍ പറയുന്നത്. വര്‍ക്കലയില്‍ ശാരദാപ്രതിഷ്ഠ നടത്തിയപ്പോള്‍ ഗുരു ബോധപൂര്‍വംതന്നെ താന്ത്രികവിദ്യാവിധി പ്രകാരമുള്ള പൂജാസംവിധാനങ്ങള്‍ ഒഴിവാക്കി. അതിലെ സന്ദേശം കാണാതെ താന്ത്രികവിദ്യ പഠിപ്പിക്കാനുള്ള വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കേള്‍ക്കുന്നു. ഗുരു വേണ്ട എന്നുവച്ചത് തിരിച്ചുകൊണ്ടുവരുന്നത് ആദരിക്കലാണോ എന്ന് ആലോചിക്കണം. ഗുരു നടത്തിയ വിഗ്രഹപ്രതിഷ്ഠകള്‍ക്ക് ചില സന്ദേശങ്ങള്‍ സമൂഹത്തിന് കൊടുക്കുക എന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഗുരു കല്‍പ്പിച്ചിരുന്നില്ല എന്നു ഞാന്‍ പറയുന്നത് ഗുരുവിന്റെതന്നെ വാക്യം മുന്‍നിര്‍ത്തിയാണ്. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് ഒരു അവകാശം സ്ഥാപിക്കാനും സാമുദായികമായ ഉച്ചനീചത്വങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാനുമാണ്. ഗുരുതന്നെ ഒരു ഘട്ടത്തില്‍ പറഞ്ഞില്ലേ, ""ഇനി ക്ഷേത്രനിര്‍മാണമല്ല, വിദ്യാലയ നിര്‍മാണമാണ് ജനതയ്ക്ക് വേണ്ടത്"" എന്ന്? പ്രധാന ദേവാലയം വിദ്യാലയംതന്നെയാകണം എന്നും ഗുരു പറഞ്ഞു. അതിന്റെ അര്‍ഥം മനസ്സിലാക്കാതെ വിഗ്രഹത്തിലും ക്ഷേത്രത്തിലും കേന്ദ്രീകരിച്ചാല്‍ നമുക്ക് നഷ്ടമാകുന്നത് ഗുരു മുമ്പോട്ടുവച്ച മഹത്തായ മാനവികസന്ദേശങ്ങളുടെ സത്തയായിരിക്കും.
ആത്മീയരംഗത്ത് വ്യാപരിച്ച പല ഗുരുക്കന്മാര്‍ നമുക്കുണ്ട്. ശങ്കരാചാര്യര്‍ മുതല്‍ക്കിങ്ങോട്ട് എത്രയോ പേര്‍. എന്നാല്‍, ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ചശേഷം മഹാകവി രവീന്ദ്രനാഥടാഗോര്‍ പറഞ്ഞത് ശ്രീനാരായണഗുരുവിന് സമാനായി ഇന്ത്യയില്‍ മറ്റൊരു പരമഹംസനില്ല എന്നാണ്. ശ്രീരാമകൃഷ്ണനും അരവിന്ദമഹര്‍ഷിയും രമണമഹര്‍ഷിയും ഒക്കെ ജീവിച്ചിരുന്ന ഘട്ടത്തിലാണ് ടാഗോര്‍ ഇതുപറഞ്ഞത് എന്നോര്‍ക്കണം. എന്തായിരുന്നു ശ്രീനാരായണഗുരുവിനെ വേറിട്ടുനിര്‍ത്തിയ ഘടകം? ഇന്ത്യ കണ്ട മറ്റ് ഋഷിമാരെല്ലാം മോക്ഷത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഈ ഗുരുമാത്രം ഈ ലോകത്തിലെ ജീവിതത്തെക്കുറിച്ച് സംസാരിച്ചു എന്നതുതന്നെയാണത്. മറ്റ് സന്യാസിമാരൊക്കെ ബ്രഹ്മമേ സത്യമായുള്ളൂ, ജഗത് മിഥ്യയാണ് എന്നുപറഞ്ഞപ്പോള്‍ ഈ ലോകവും ഇവിടത്തെ ജീവിതവും മിഥ്യയാണ് എന്നുപറയാന്‍ ശ്രീനാരായണഗുരു നിന്നില്ല. എന്നുമാത്രമല്ല, മനുഷ്യന്റെ ഈ ലോകജീവിതത്തെക്കുറിച്ചും അത് മനുഷ്യത്വയോഗ്യമല്ലാതായിത്തീരുന്നതിനെക്കുറിച്ചും അത് മാറ്റിക്കൊടുക്കേണ്ടതിനെക്കുറിച്ചും ചിന്തിച്ചു. അതുകൊണ്ടാണല്ലോ, സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും അദ്ദേഹം ഉല്‍ബോധിപ്പിച്ചത്.
ഇങ്ങനെ മണ്ണിലും മനുഷ്യമനസ്സിലും കാലുറപ്പിച്ചുനിന്ന മഹാനായ ശ്രീനാരായണഗുരുവിനെ "ആള്‍ദൈവ"ങ്ങളുടെ ഇടയില്‍ ഒരാളാക്കി താഴ്ത്തിക്കെട്ടണോ എന്ന് ആലോചിക്കണം. ശ്രീനാരായണഗുരു ദൈവമാണ് എന്ന് ഈയിടെയായി ചിലര്‍ പ്രഖ്യാപിച്ച് തുടങ്ങിയിരിക്കുന്നു. ദൈവം എന്ന വിശേഷണം വേണ്ട ഗുരുവിന്റെ മഹത്വത്തെ ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍. മനുഷ്യന്‍ എന്ന അവസ്ഥ അധമമായ എന്തോ ഒന്നാണ് എന്ന അപകര്‍ഷതാബോധമാണ് ഗുരുവിനെ ദൈവമായി പ്രഖ്യാപിക്കുന്നതിനു പിന്നിലുള്ളത്. മനുഷ്യനാകുന്നതില്‍ പോരായ്മയൊന്നുമില്ല. നമ്മുടെ രാജ്യം കണ്ട ഏറ്റവും ഉത്തമരായ സന്യാസിമാരുടെ നിരയില്‍ പ്രമുഖസ്ഥാനമുള്ള ഗുരുവാണിത്. ദൈവികപരിവേഷം ചാര്‍ത്തിയാലേ ഗുരുവിന് മഹത്വം വരൂ എന്ന് കരുതുന്നത് ഗുരുവിനെയും ഗുരുവിന്റെ സന്ദേശങ്ങളെയും ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കാത്തതുകൊണ്ടാണ്. ഗുരു എന്നത് എത്രയോ ഉന്നതമായ സ്ഥാനമാണ്. ഗുരുവും ദൈവവും ഒരുമിച്ചുമുമ്പില്‍ വന്നാല്‍ ദൈവത്തെയല്ല, ഗുരുവിനെയാകും ആദ്യം താന്‍ നമസ്കരിക്കുക എന്നുപറഞ്ഞ മഹാന്മാരുണ്ട്. അവര്‍ അതുപറഞ്ഞത് ദൈവത്തെക്കുറിച്ചുപോലും അറിവ് പകര്‍ന്നുകിട്ടണമെങ്കില്‍ ഗുരുവേണം എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് ഗുരു എന്നത് മോശം സ്ഥാനമല്ല എന്ന് മനസ്സിലാക്കാന്‍ ഗുരുവിനെക്കൂടി ആള്‍ദൈവമാക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കണം.
II
ജാതിപറഞ്ഞ് ഭിന്നിപ്പിക്കുന്നവര്‍
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ് ഗുരു പറഞ്ഞത്. മതമേതായാലും എന്നുള്ളത് ശ്രദ്ധിക്കണം. മതമേതായാലും കുഴപ്പമില്ല എന്നും ഒരു മതവും ഇല്ലെങ്കിലും കുഴപ്പമില്ല എന്നും അല്ല അതിന്റെ ശരിയായ അര്‍ഥം. മതത്തിനല്ല, മനുഷ്യനാണ് പ്രാധാന്യം എന്നല്ലേ ഗുരു ഉദ്ദേശിച്ചത്. ഇത്രയേറെ പുരോഗമനപരമായി ഉണര്‍ന്നു ചിന്തിച്ച ഗുരുവിനെ ഏതെങ്കിലും ഒരു മതത്തിന്റെ കള്ളിയിലൊതുക്കണോ? ആള്‍ദൈവമായി അവരോധിക്കണോ? ഗുരുവിനെ താഴ്ത്തിക്കെട്ടലല്ലേ എന്ന് ആലോചിക്കണം. മതത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന ഒരാള്‍ക്ക് മുമ്പോട്ടുവയ്ക്കാവുന്ന ചിന്തയല്ല ""മതമേതായാലും"" എന്നത്. മതം അപ്രധാനവും മനുഷ്യന്‍ പ്രധാനവും എന്ന അര്‍ഥത്തില്‍ത്തന്നെയാണത് മനസിലാക്കേണ്ടത്. പക്ഷേ, ഒരു കാര്യമുണ്ട്. മതം അദ്ദേഹത്തിന്റെ വിമര്‍ശനപരമായ വിലയിരുത്തലുകള്‍ക്ക് അധികം വിഷയമായിട്ടില്ല. അതിന് കാരണവുമുണ്ട്. മതാന്ധതയേക്കാള്‍ ജാത്യാന്ധത നിറഞ്ഞ ഒരു സമൂഹമായിരുന്നു അദ്ദേഹത്തിന് മുമ്പില്‍. അതുകൊണ്ടുതന്നെ ജാതിയുടെ അന്ധത തുടച്ചുനീക്കാനായി അദ്ദേഹത്തിന്റെ അടിയന്തരശ്രദ്ധ.
ഈ ജാതീയതയാകട്ടെ, സവര്‍ണര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവര്‍ക്കും അവര്‍ണര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍ക്കുമിടയില്‍ മാത്രമായിരുന്നില്ല. ഈഴവരുടെ ഇടയില്‍ത്തന്നെയും അന്ന് ആഢ്യന്മാരും അല്ലാത്തവരും എന്ന വേര്‍തിരിവുണ്ടായിരുന്നു. ഈഴവസമുദായത്തിലെ ഒരു ആഢ്യപ്രമാണിയുടെ വീട്ടില്‍ വിവാഹത്തിന്റെ സദ്യയ്ക്കുചെന്ന കുമാരനാശാനെ ആഢ്യന്മാരുടെ പന്തിയിലിരിക്കാന്‍ സമ്മതിക്കാതെ ഇറക്കിവിട്ട സംഭവമുണ്ട്. സ്വന്തം സമുദായത്തിലെ ആഢ്യപ്രമാണി ഇറക്കിവിട്ട ദിവസംതന്നെ എ ആര്‍ രാജരാജവര്‍മ സ്വന്തം വീടിനകത്ത് ഒപ്പമിരുത്തി തനിക്ക് ഊണുനല്‍കിയ സംഭവം ആശാന്‍ കണ്ണീരോടെ പിന്നീട് അനുസ്മരിച്ചിട്ടുമുണ്ട്. സഹോദരന്‍ അയ്യപ്പന്‍ പിന്നീട് മിശ്രഭോജനം നടത്തിയപ്പോള്‍ ഈഴവപ്രമാണിമാരില്‍ ചിലര്‍തന്നെ അതിനെ എതിര്‍ത്തുവെന്നതും ചരിത്രം. ഈഴവര്‍ അവര്‍ക്ക് താഴെയുള്ളതെന്ന് കരുതപ്പെട്ട ജാതിയില്‍പെട്ടവര്‍ക്ക് ഒപ്പമിരുന്ന് ആഹാരം കഴിക്കാന്‍ തയ്യാറായിരുന്നില്ല. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ ജാതിവിവേചനം ഗുരുവിന്റെ പ്രധാന പരിഗണനയായത് സ്വാഭാവികംമാത്രമാണ്.
എന്നാലിന്ന്, ഗുരു ജീവിച്ചിരുന്നകാലത്തെ ജാതീയമായ അന്ധത തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നമുക്ക് ചുറ്റും നടന്നുവരുന്നത്. കുട്ടികളെ തങ്ങളുടെ സമുദായത്തില്‍പെട്ട വിദ്യാലയങ്ങളില്‍തന്നെ പഠിപ്പിക്കണമെന്ന് ഒരു മതപുരോഹിതന്‍ നിര്‍ദേശിക്കുന്നു. സ്വന്തം സമുദായത്തിന്റെ ക്ഷേത്രങ്ങളില്‍ സ്വന്തം സമുദായക്കാര്‍തന്നെ പൂജാരികളാകണമെന്ന് ഒരു സമുദായനേതാവ് പറയുന്നു. ജാതി പറഞ്ഞാലെന്താണ് കുഴപ്പമെന്ന് മറ്റൊരു സമുദായനേതാവ് പരസ്യമായി ചോദിക്കുന്നു. ഇങ്ങനെ ആകെ കലുഷമാകുകയാണ് നമ്മുടെ സമൂഹം. ശ്രീനാരായണഗുരു വിഭാവനം ചെയ്തിരുന്ന മാതൃകാസമൂഹത്തില്‍നിന്ന് എത്രയകലേക്ക് മാറിപ്പോയിരിക്കുന്നു നമ്മള്‍! ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍മാത്രം പൂജാരികളായാല്‍ പോരാ എന്നുപറയുന്നത് പുരോഗമനപരമാണ്. എന്നാല്‍, ബ്രാഹ്മണരെ ഒഴിപ്പിച്ചിട്ട് നമ്മുടെ സമുദായക്കാര്‍മാത്രം പൂജാരികളാകട്ടെ എന്നുപറയുന്നിടത്ത് അത് ആക്ഷേപകരമാംവിധം പിന്തിരിപ്പനാകുന്നു. എല്ലാ ജാതികളിലുംപെട്ടവര്‍ക്ക് പൂജ ചെയ്യാനായി ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കും എന്നുപറയാന്‍ സമുദായ നേതാവ് തയ്യാറല്ല. ബ്രാഹ്മണര്‍ വേണ്ട; നമ്മുടെ സമുദായം മതി എന്നാണ് നിലപാട്. ബ്രാഹ്മണേതര സമുദായങ്ങള്‍ വേറെയുണ്ട്. അവരെയും വേണ്ട. ഈ നിലപാട് പുരോഗമന നിലപാടല്ല, മറിച്ച് ജാതീയതയുടെ നിലപാടാണ്. പുതിയകാലത്ത് പറയാന്‍ കൊള്ളുന്നതല്ല ഇത്. എന്നിട്ടും പരസ്യമായിത്തന്നെ ഇങ്ങനെ പറയാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഒരു സമുദായത്തെ അടച്ച് ആക്ഷേപിക്കാന്‍ കഴിയുന്നു. ഇത് നമ്മുടെ സമൂഹം ചെന്നുപെട്ട വലിയ ഒരു പതനത്തെയാണ് കാട്ടിത്തരുന്നത്. ജാതി പറഞ്ഞാലെന്താണ് എന്നാണ് ഒരു നേതാവ് ചോദിക്കുന്നത്. അഭിമാനത്തോടെ ജാതി പറയണമെന്നാണദ്ദേഹം പറയുന്നത്. ""മനുഷ്യാണാം മനുഷ്യത്വം ജാതി"" (മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്) എന്ന് ശ്രീനാരായണഗുരുതന്നെ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട് എന്നത് മനസിലാക്കിയിട്ടുണ്ടെങ്കില്‍ ഇദ്ദേഹം ഇങ്ങനെ സംസാരിക്കുമോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഗുരു പറഞ്ഞതിന്റെ അര്‍ഥം ഒരു പ്രത്യേക ജാതി, ഒരു പ്രത്യേക മതം എന്നതല്ല. ജാതി പറഞ്ഞാലെന്താ എന്നു ചോദിക്കുന്ന സുഹൃത്തിനോട് ""എല്ലാവരും ആത്മസഹോദരര്‍"" എന്ന് പഠിപ്പിച്ച ഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് താന്‍ നില്‍ക്കുന്നത് എന്ന ഓര്‍മവേണം എന്നുപറയാനാണ് എനിക്ക് തോന്നുന്നത്.
ഓരോ സമുദായത്തിന്റെയും പ്രമാണിമാര്‍ ജാതീയതയെ തിരിച്ചുകൊണ്ടുവരുന്ന വിധത്തില്‍ പെരുമാറിയാല്‍ സ്വാമി വിവേകാനന്ദന്‍ പണ്ടുപറഞ്ഞ "ഭ്രാന്താലയം" എന്ന അവസ്ഥയാകും കേരളത്തില്‍ മടങ്ങിവരിക. സമുദായങ്ങള്‍ സ്വന്തം താല്‍പ്പര്യസംരക്ഷണം എന്നതുപോലും വിട്ട് ഇതര സമുദായങ്ങളോട് സ്പര്‍ധ വളര്‍ത്തുന്ന നിലയിലായാല്‍ കേരളത്തിന്റെ സ്ഥിതി എന്താകും? ഇക്കാര്യം ചിന്തിക്കണം. നവോത്ഥാനത്തിന്റെ തെളിവെളിച്ചങ്ങളെല്ലാം തല്ലിക്കെടുത്തുന്ന തരത്തിലുള്ള ഇടപെടല്‍ ഏത് സമുദായനേതാവില്‍നിന്നുണ്ടായാലും അത് അനുവദിച്ചുകൊടുക്കില്ല എന്ന് കേരളം ഒറ്റക്കെട്ടായി പറയണം.
സമുദായനേതാക്കളെ പ്രീണിപ്പിക്കുകയും സമുദായങ്ങളിലെ സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളെ കൈവിടുകയും ചെയ്താല്‍ താല്‍ക്കാലികമായി രാഷ്ട്രീയനേട്ടമുണ്ടാകുമായിരിക്കും. എന്നാല്‍, ആത്യന്തികമായി അത് നാടിന്റെ നാശത്തിനേ വഴിതെളിക്കൂവെന്ന തിരിച്ചറിവുണ്ടാകണം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു കേരളത്തെയാണ് ശ്രീനാരായണഗുരു സ്വപ്നം കണ്ടത്. സഹോദരങ്ങളായി എല്ലാവരും പാര്‍ക്കുന്ന മാതൃകാസ്ഥാനമായാണ് അദ്ദേഹം കേരളത്തെ സങ്കല്‍പ്പിച്ചത്. അത് സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഒരു ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയില്‍ ബ്രാഹ്മണരടക്കം വ്യത്യസ്ത ജാതികളില്‍പെട്ടവര്‍ ഉണ്ടായിട്ടുണ്ട്. ആ ജാതിനിരപേക്ഷ സ്വഭാവം തകര്‍ത്ത് എസ്എന്‍ഡിപി യോഗത്തെ ഏതെങ്കിലും ഒരു ജാതിയുടെ സ്ഥാപനമാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ശ്രീനാരായണ തത്വങ്ങളോട് കാട്ടുന്ന നിന്ദയായിരിക്കും. ശ്രീനാരായണ ധര്‍മപരിപാലനസംഘം എന്നാണ് ഈ പ്രസ്ഥാനത്തിന് ഗുരു പേരിട്ടത് എന്നോര്‍മിക്കണം. തെക്ക് ഈഴവ മഹാസഭയും വടക്ക് തീയമഹാസഭയും നിലനിന്നിരുന്ന ഒരു ഘട്ടത്തിലാണ് ഒരു ജാതിപ്പേരുമില്ലാത്ത ഒരു പ്രസ്ഥാനമായി ഗുരു എസ്എന്‍ഡിപി യോഗത്തിന് രൂപം നല്‍കിയത് എന്നോര്‍മിക്കണം. ഗുരു വിഭാവനംചെയ്തത് എന്താണെന്നത് ഇതില്‍നിന്നുതന്നെ വ്യക്തമാണ്. ഗുരുവിന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്ന ആ സാര്‍വജനീനസ്വഭാവത്തെ ഇടുങ്ങിയ ജാതിമതിലുകള്‍കൊണ്ട് വിഭജിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യരുത് എന്നുകൂടി പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. ഗുരു സന്യാസി മാത്രമായിരുന്നില്ല. ഒന്നാംതരം ദാര്‍ശനിക കവി കൂടിയായിരുന്നു. ഗുരുവിന്റെ കാവ്യവ്യക്തിത്വം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഇതരമുഖങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ മറഞ്ഞുപോകുന്നു എന്നത് കഷ്ടമാണ്. ഗുരുവിന്റെ കാവ്യകൃതികള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും ശ്രമമുണ്ടാകണം. ഗുരുവിന്റെ ജീവിതം സാമൂഹ്യപാഠത്തിന്റെ ഭാഗമാക്കിയാല്‍മാത്രം പോരാ, ഗുരുവിന്റെ കാവ്യകൃതികള്‍ സാഹിത്യപഠനത്തിന്റെ ഭാഗമാക്കുകകൂടി വേണം. നമ്മുടെ സംസ്കാരത്തിന്റെ വിലപ്പെട്ട ഈടുവയ്പിന്റെ ഭാഗമാണത്. അത് പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ശ്രദ്ധ ഇക്കാര്യത്തില്‍കൂടി പതിയണം.
ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനായകര്‍ കേന്ദ്രീകരിച്ചത്. അതിനെ സാമ്പത്തികമായ ഉച്ചനീചത്വമവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ഉള്ളടക്കംകൂടി കൊടുത്ത് മുമ്പോട്ടുകൊണ്ടുപോയത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ശ്രീനാരായണഗുരുവിനെപ്പോലുള്ള മഹത്തുക്കള്‍ ആ പോരാട്ടങ്ങള്‍ക്കുള്ള മണ്ണൊരുക്കിവച്ചിരുന്നു എന്നത് സത്യമാണ്. ആ മണ്ണിലാണ് കാര്‍ഷികസമരങ്ങള്‍ അലയടിച്ചുയര്‍ന്നത്. ഇത്തരമൊരു ഘട്ടത്തില്‍ അധ്വാനിക്കുന്ന വിഭാഗങ്ങളുടെ ഐക്യനിരയെ വീണ്ടും ജാതിപറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് നാടിനോടും ജനതയോടും ചെയ്യുന്ന ക്രൂരതയാണ്.
അരുവിപ്പുറം പ്രതിഷ്ഠയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് "അരുവിപ്പുറം പ്രതിഷ്ഠയും ശ്രീനാരായണ ഗുരുവിന്റെ സന്ദേശത്തിന്റെ പ്രസക്തിയും" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ പൂര്‍ണരൂപം
കടപ്പാട് : http://workersforum.blogspot.ae/2013/02/blog-post_3.html
Category: അരുവിപ്പുറം, ഗുരുദേവ ചരിത്രം, ഗുരുദേവന്, ശിവപ്രതിഷ്ഠ