'കരിയും കരിമരുന്നും' പാടില്ലെന്ന കല്പന കര്‍ശനമായി നടപ്പാക്കണമെന്ന വര്‍ക്കല ശിവഗിരി മഠത്തിന്റെ നിര്‍ദ്ദേശം
തൃശ്ശൂര്‍: ശ്രീനാരായണ ഗുരുവിന്റെ 'കരിയും കരിമരുന്നും' (ആനയും വെടിക്കെട്ടും) പാടില്ലെന്ന കല്പന കര്‍ശനമായി നടപ്പാക്കണമെന്ന വര്‍ക്കല ശിവഗിരി മഠത്തിന്റെ നിര്‍ദ്ദേശം ഉത്സവങ്ങളുടെ നിറംകെടുത്തുമെന്ന് ആശങ്ക.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് യോഗം ജനവരി 21ന് എടുത്ത തീരുമാനമാണ് ട്രസ്റ്റിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ ഉത്സവാഘോഷങ്ങള്‍ക്ക് നിഴല്‍ വീഴ്ത്തിയിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിലെ ഉത്സവക്കമ്മിറ്റി ശിവഗിരി മഠത്തിന്റെ സര്‍ക്കുലറിനെതിരെ രംഗത്തുവന്നിട്ടുണ്ട്.കരിയും കരിമരുന്നും പാടില്ലെന്ന ഗുരുകല്പന നടപ്പാക്കാന്‍ 2006 ല്‍ ശിവഗിരിമഠം സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും പല ക്ഷേത്രങ്ങളും അതു പാലിച്ചില്ല. അതേത്തുടര്‍ന്നാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. കല്പന നടപ്പാക്കാനായി സര്‍ക്കുലറിന്റെ കോപ്പി ബന്ധപ്പെട്ട പോലീസ് - റവന്യു അധികാരികള്‍ നല്‍കിയിട്ടുണ്ടെന്നും മഠത്തിന്റെ അറിയിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍, പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിലെ ഉത്സവത്തിന് 96 വര്‍ഷത്തെ പഴക്കമുണ്ടെന്നും പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ ഇടപെടലാണ് ഇത്തരമൊരു നിരോധനത്തിനു പിന്നിലെന്നും ഉപദേശക സമിതി വൈസ് പ്രസിഡന്റ് ദീപക് പൊറ്റെക്കാട്ട് ആരോപിച്ചു. കുംഭമാസത്തിലെ ചോതിനാളിലാണ് ഉത്സവം ആഘോഷിക്കുന്നത്.
ട്രസ്റ്റിന്റെ കീഴില്‍ കേരളത്തില്‍ പന്ത്രണ്ട് ക്ഷേത്രങ്ങളാണുളളത്. അതില്‍ ഒമ്പതിലും ആനയും വെടിക്കെട്ടും നിരോധിച്ചുകഴിഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ പൊങ്ങണംകാട്, കുന്നംകുളം പഴഞ്ഞി പുത്തേശ്വരം ക്ഷേത്രം, പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഉത്സവത്തിന് ആനയെഴുന്നള്ളിപ്പും കരിമരുന്നു പ്രയോഗവും ഉള്ളത്.
ശ്രീനാരായണ ഗുരു കല്പന നടപ്പാക്കാന്‍ വേണ്ടിയാണ് സര്‍ക്കുലര്‍ ഇറക്കിയതെങ്കിലും മാനുഷിക പ്രശ്‌നങ്ങളും ഇതിനു പിന്നിലുണ്ടെന്ന് ശിവഗിരിമഠം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു. പെരിങ്ങോട്ടുകര ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ 2008 ല്‍ ഒരു കുട്ടി മരിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തിനടുത്തുള്ള ശ്രീനാരായണാശ്രമത്തിന് വെടിക്കെട്ടിന്റെ ഫലമായി ഏറെ കേടുപാടുകള്‍ പറ്റുന്നുണ്ട്. ചുറ്റുമുള്ള വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നു. ഉത്സവത്തിനിടെ ആനകള്‍ക്ക് മദമിളകിയുള്ള പ്രശ്‌നങ്ങള്‍ വേറെയും. അതിനാലാണ് ഗുരുകല്പന കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനമെടുത്തതെന്ന് സ്വാമി അറിയിച്ചു.
Category: