Jagath Guru Sree Narayana Gurudevan
Jagath Guru Sree Narayana Gurudevan |
- ജീവിതമാണു പഠിക്കേണ്ടത്..!!
- ദൈവത്തെ എവിടെ ദര്‍ശിക്കാം
- രസപ്പടം എടുക്കാമോ...?
- കല്പന ധിക്കരിച്ച മദ്യപാനിക്കുണ്ടായ അനുഭവം
Posted: 14 Feb 2015 01:16 AM PST
(ദുബായിയിൽ നിന്നു പ്രസിദ്ധീകരിച്ച ദൈവദശകം രചനാശതാബ്ദി സ്മരണിക"മഹസ്സി"ൽ നൽകിയ ലേഖനം)
കലുഷിതമായ സമകാലത്തിന്റെ ആകുലതകൾക്ക് സാന്ത്വനം തിരയുമ്പോൾ സ്വാഭാവികമായും നാം ചെന്നെത്തി നിൽക്കുക ശ്രീനാരായണ ഗുരുവിനു സമീപമാകും. അതുകൊണ്ടുതന്നെയാണു ഗുരുവിന്റെ പ്രസക്തി കാലദേശഭേദമെന്യേ മുമ്പെന്നേത്താക്കാൾ ഇന്നു വർദ്ധിച്ചിരിക്കുന്നത്, ഗുരുചൈതന്യം കൂടുതൽ കൂടുതൽ ചർച്ചചെയ്യപ്പെടുന്നത് . കാലത്തിന്റെ ഭാവപ്പകർച്ചകളിൽ ലോകമൊരു രക്ഷകനെത്തിരയുകയുമാകാം. പക്ഷെ, കേരളത്തിന്റെ ഈ നവോത്ഥാന നായകനെ, നാം വേണ്ടവിധത്തിൽ ഉൾക്കൊണ്ടോ എന്നതിൽ സന്ദേഹമുണ്ട്. ശ്രീനാരായണഗുരുവിന്റെ ജീവിതവും പ്രവർത്തനവും ആഴത്തിൽ പഠിക്കുവാൻ പലരും ശ്രമിക്കുന്നില്ല എന്ന ദുഃഖവും മറയ്ക്കുന്നില്ല.
ഗുരുവിന്റെ കൃതികൾ എന്നത്തേക്കാളതികം ഇന്ന് പഠനത്തിനു വിധേയമായി ക്കൊണ്ടിരിക്കുകയാണു്. ഗഹനമായ ആ ശ്ലോകച്ചിമിഴുകൾ പണ്ഡിതപാമര ഭേദമെന്യേ തുറക്കുവാനിന്നു ശ്രമിക്കുന്നു എന്നതും നല്ലകാര്യം. പക്ഷെ ആ ജീവിതമോ? അതു തുറക്കുന്നതിനെത്ര ഗുരുഭക്തർ തുനിയുന്നു? ഗുരു സാധാരണ ജനത്തെ പഠിപ്പിച്ചത് തന്റെ ജീവിതംകൊണ്ടായിരുന്നു. ചോദ്യംചെയ്യാൻ യാതൊരു പഴുതകളും അവശേഷിപ്പിക്കാതെ ചെയ്തുകാണിച്ച സാമൂഹ്യ വിപ്ലവങ്ങൾ ഒരുപാടുണ്ട്. അടിച്ചുവാരി കെട്ടിയൊഴുക്കിവിട്ട ആ അനാചാര മാമൂലുകൾ പലതും ഇന്നു തിരിച്ചൊഴുകിവരുന്നു. ഗുരുവിന്റെ അനുയായികളെന്നു സ്വയം വിശേഷിപ്പിക്കുന്ന നമ്മൾ പലരും അറിഞ്ഞോ അറിയാതെയോ അവ വീണ്ടും വലിച്ചടുപ്പിക്കുകയും ചെയ്യുന്നു എന്ന വിരോധാഭാസവും നിലനിൽക്കുന്നു. എവിടെയാണു നമുക്ക് പിഴച്ചത്? ഇതിനുത്തരം തേടുമ്പോൾ നാം ബുഹുഭൂരി പക്ഷം പേരും ഗുരുവിനെ അറിഞ്ഞില്ല എന്ന യാഥാർത്ഥ്യ ത്തേയാണു തൊടേണ്ടിവരിക.. അരുവിപ്പുറത്തു നടന്നതുപോലും നാം യഥാതഥമായി ഉൾക്കൊണ്ടോ? "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" എന്നു അരുവിപ്പുറത്ത് എഴുതിവച്ചുകൊണ്ട്, താൻ വരുത്തുവാനു ദ്ദേശിക്കുന്ന സമൂലമാറ്റത്തിന്റെ കാഹളധ്വനി അന്നദ്ദേഹം മുഴക്കിയിരുന്നു. . പക്ഷെ അന്നു നെയ്യാർ എന്ന നീർച്ചാലിലെ ശങ്കരൻകുഴിയിൽ നിന്നു മുങ്ങിയെടുത്ത ശില ഈഴവശിവാനായിരുന്നു എന്ന് പറയനാണു നമ്മിൽ പലർക്കും താല്പര്യം. ഈഴവൻ എന്ന ഒരുവാക്ക് അവിടെ ഗുരു ഉച്ചരിച്ചിരുന്നോ ചുഴിഞ്ഞു നോക്കുക, ഗുരുവിന്റെ ലക്ഷ്യമെന്തായിരുന്നു എന്നും. അതിനൊരു മാറ്റവും അവ സാനശ്വാസം വരെ ഇല്ലായിരുന്നു എന്നതും തിരിച്ചറിയേണ്ടതുണ്ട്. പിന്നീടൊരുപാട് പ്രതിഷ്ഠകൾ അദ്ദേഹം നടത്തി. അവയുടെ പരമമായ ലക്ഷ്യം വിഗ്രഹാരാധനയായിരുന്നു എന്നു കരുതുന്ന ഗുരുഭക്തർ ഗുരുവിനെ അറിയുന്നില്ലല്ലോ എന്ന സങ്കടം അവശേഷിപ്പിക്കും. ദൈവരൂപങ്ങൾക്കു പകരം കണ്ണാടിയും പ്രഭാമണ്ഡലവും മറ്റും പ്രതിഷ്ഠിച്ചതും എന്തിനെന്നു കൂടി തിരയണം അവർ. അതുകൊണ്ടാണു് "താങ്കളെന്താ മുഹൂർത്തം നോക്കാതെ പ്രതിഷ്ഠി ക്കുന്നത്" എന്ന വേദ പണ്ഡിതന്മാരുടെ ചോദ്യത്തിനു്, അവരുടെ വായടപ്പിക്കുന്ന മറുപടി ഇങ്ങെനെ ഗുരു കൊടുത്തത് :
" മുഹൂർത്ത നേരം കുറിച്ച ശേഷം
ജനിച്ച താരാണോ ? ജനിച്ച ശേഷം വിധിപ്രകാരം ജാതകമെഴുതുന്നു ! പ്രതിഷ്ഠ തീർന്നു, മുഹൂർത്തമെന്തോ- യിനിക്കുറിച്ചീടാം!! " (ഗുരുദേവഗീത – ഷാജി നായരമ്പലം)
ജീവിതത്തിലുടനീളം, ചോരചീന്താതെ, ഒരു ചെറുവിരൽ പോലും എതിർത്തു ചൂണ്ടുവാനിടനൽകാതെ ഇത്തരം സാമൂഹ്യവിപ്ലവങ്ങൾ അദ്ദേഹം സ്വയം നടത്തിക്കൊണ്ടിരുന്നു.. സമൂഹത്തെ സമൂലം ബാധിച്ച ഭയത്തിന്റേയും, അടിമത്വത്തിന്റേയും, അനാചാര വിധേയത്വത്തിന്റേയും ചിതൽപ്പുറ്റുകൾ അദ്ദേഹം ഒറ്റയ്ക്കു തല്ലിയുടച്ചു. " സർപ്പകോപമൊക്കെയും ഞാനൊരാളെടുത്തിടാം, വെട്ടിമാറ്റുക സർപ്പക്കാടുകൾ….. " എന്നു പറഞ്ഞും പ്രവർത്തിച്ചും ശക്തി പകരുവാൻ സദാ സന്നദ്ധനായിരുന്നു അദ്ദേഹം. പക്ഷെ ഇന്നോ ? കേരളീയ സമൂഹത്തിൽ അന്ധവിശ്വാങ്ങളുടെ കൊടുംകാടുകൾ വല്ലാതെ വളർന്നിരിക്കുന്നു. വീട്ടിൽ വന്നു കയറുന്ന ചിതൽപ്പുറ്റിനെപ്പോലും ആരാധിക്കാനൊ രുങ്ങുന്നവർ വിരളമല്ല!
കാലത്തെ, അതിന്റെ രൂപഭാവമാറ്റങ്ങളെ, നേരിടേണ്ടിവരുന്നു വെല്ലുവിളികളെ മുന്നിൽ ക്കണ്ടവനായിരുന്നു ഗുരു. അതുകൊണ്ടാണദ്ദേഹം മദ്യം വിഷമാണെന്നു പറഞ്ഞത്. എന്തിനേക്കാളും അതിനെ വെറുക്കണമെന്നു പറഞ്ഞു പഠിപ്പിച്ചത്. പ്രവചനസ്വഭാവമുള്ള ആ മുന്നറിയിപ്പ് ഗുരുഭക്തർ പോലും അർഹിക്കുന്ന ഗൌരവത്തൊടെ കണക്കിലെടുത്തില്ല എന്നതല്ലേ സത്യം? അത് ഇന്നു കേരളത്തിന്റെ ഏറ്റവും രൂക്ഷമായ സാമൂഹ്യവിപത്തായി വളർന്നു പന്തലിച്ചു നിൽക്കുകയും ചെയ്യുന്നു. പണ്ടു "കെട്ടുകല്യാണം" എന്നൊരു അനാവശ്യവും അസംബന്ധവുമായ ചടങ്ങുണ്ടായിരുന്നു. വളരെ ധനം നശിപ്പിക്കുന്ന ഒരു സാമൂഹ്യ അനാചാരം. ഗുരു നേരിട്ടെത്തി അത്തരമൊരു ചടങ്ങ് മുടക്കിയതായി ജീവചരിത്രകാരന്മാർ എല്ലാവരും എഴുതി വച്ചിട്ടുണ്ട്. വിവാഹത്തിനു പത്തുപേർ മതിയാവുമെന്ന് അദ്ദേഹം നിഷ്കർഷിച്ചിട്ടുണ്ട്. അപരക്രിയ (മരണാനന്തരകർമ്മങ്ങൾ) പരേതന്റെ ഉറ്റമിത്രങ്ങൾ ചെയ്താൽ മതിയെന്നും അതിനൊരു ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമായി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പാലിക്കുന്നുണ്ടോ അതെല്ലാം ഗുരുഭക്തർതന്നെ? വിവാഹം മാത്രമല്ല വിവാഹ നിശ്ചയവും നമ്മൾ ആഘോഷമാക്കിയിരിക്കുന്നു. ജ്യോത്സ്യന്മാരെയും തന്ത്രിമാരെയും ആശ്രയിക്കാതെ ഇത്തരം ചടങ്ങുകൾ നടത്തുന്നവർ എത്രപേരുണ്ട് ഗൂരു ഭക്തരുടെ ഇടയിൽ?
ഗുരുവിനെ വിളക്കുവച്ചാരാധിച്ചതുകൊണ്ടായില്ല. അദ്ദേഹം പ്രവർത്തിച്ചു കാണിച്ച തിന്റേയും പറഞ്ഞുവച്ചതിന്റേയും ഉള്ളെന്തെന്നെറിയണം . ഗുരുവിന്റെ കൃതികൾ ഉരുവിട്ടതു കൊണ്ടോ, ആ ശ്ലോകച്ചിമിഴുകൾ തുറക്കുവാൻ പഠിപ്പിക്കുകയോ പഠിക്കുകയോ ചെയ്തതു കൊണ്ടു മാത്രമോ നമ്മളാരും ഉത്തമഗുരു ഭക്തരാകില്ല. അതിന് ആ ജീവിതം കൂടി പഠിക്കണം; മരുത്വാമലയിൽ നിന്ന്, താഴെ കീടങ്ങളെപ്പോലെ അലയുന്ന മനുഷ്യരെക്കണ്ട് മലയിറങ്ങി വന്ന ഗുരു നമുക്കായി , ഈ ലോകത്തിനായിത്തന്ന ആ ജീവിതം!
|
Posted: 14 Feb 2015 01:13 AM PST
'ഈ സ്‌തോത്രങ്ങളും സങ്കീര്‍ത്തനങ്ങളും ജപമാലകളും വലിച്ചെറിയുക. വാതിലടഞ്ഞ, ഇരുളടഞ്ഞ ഈ ശൂന്യതയില്‍ നീ ആരെയാണ് ആരാധിക്കുന്നത്? കണ്ണുതുറക്കുക. നിന്റെ ദൈവം ഇവിടെയില്ല.' (ഗീതാഞ്ജലി, ടാഗോര്‍)
പണംകൊടുത്ത് ഈശ്വരാനുഗ്രഹം വാങ്ങാം എന്ന് തെറ്റിദ്ധരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണിത്. അവര്‍ ഒരിക്കലും ദൈവത്തെ അറിയുന്നില്ല. ഈശ്വരന്‍ നിന്ദിതരും പീഡിതരും നിസ്വരുമായവരുടെ കൂടെയാണ് എന്ന ക്രിസ്തുവചനം ഇവിടെ ഓര്‍മ്മിക്കുന്നത് ഉചിതമായിരിക്കും.
ദൈവത്തെ ഒരു വേലക്കാരന്റെയോ, ക്വട്ടേഷന്‍ സംഘത്തലവന്റേയോ ഒക്കെ റോളിലാണോ നാം അവരോധിച്ചിരിക്കുന്നത് എന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.
ക്ഷേത്രത്തില്‍ ചെന്ന് ഭഗവാനേ എനിക്ക് പണം സമ്പാദിക്കാനുള്ള വഴി കണ്ടെത്തിത്തരണേ.....എന്റെ മക്കളുടെ കല്യാണം നടത്തിത്തരണേ.... വീടുവയ്ക്കാന്‍ നല്ല സ്ഥലം കാണിച്ചുതരണേ.... എന്നു മാത്രമല്ല, അയല്‍ക്കാരന്‍ എനിക്ക് ശത്രുവായിരിക്കുന്നു, അവനെ ഒരു പാഠം പഠിപ്പിക്കണേ എന്നോ ചിലപ്പോള്‍ അവനെ തട്ടിക്കളയണേ എന്നോ ഒക്കെ പ്രാര്‍ത്ഥിക്കുന്നവര്‍ ഇല്ലാതില്ല. തത്ത്വം അറിയാതെയാണെങ്കിലും ഇക്കാര്യത്തെ മുന്‍നിറുത്തി ശത്രുസംഹാര പുഷ്പാഞ്ജലികള്‍ കഴിക്കുന്നവരും കുറവല്ല. ഇതൊക്കെ കാണുമ്പോള്‍ ഈശ്വരന്‍ നമ്മുടെ ആരായിരിക്കുന്നു എന്ന് ചിന്തിക്കുന്നതില്‍ തെറ്റ് പറയുവാന്‍ സാധിക്കുമോ..?
ഇതി അയം ഹൃദി എന്ന ഉപനിഷദ് വാക്യം ആരും ഓര്‍ക്കാറില്ല. തത്ത്വമസി എന്ന് ശബരിമലയില്‍ എഴുതിവച്ചിരിക്കുന്നത് ആരും കാണാറില്ല ഇനി കണ്ടാല്‍ കണ്ടഭാവവും നടിക്കാതെ സ്വാമിയേ ശരണമയ്യപ്പ എന്ന് തൊണ്ടപൊട്ടുമാറ് വിളിച്ച് സ്വാമി അയ്യപ്പനെ തേടി അലയുന്നത് കാണുമ്പോള്‍ അതിന്റെ തത്ത്വം അറിയുന്നവര്‍ക്ക് ഈ ഒച്ചപ്പാടും അലച്ചിലും വലിയൊരു കോമഡിഷോ കാണുന്ന മാനസികോല്ലാസത്തില്‍ അതിനെ ഒരു ചിരിവ്യായാമം ആയി മാറ്റുന്നു.
സ്‌ത്രോത്രങ്ങളും സങ്കീര്‍ത്തനങ്ങളും ജപമാലകളും മാനസികാരോഗ്യത്തെ, ഏകാഗ്രതയെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉപായങ്ങള്‍മാത്രമാണ്. ഏകാഗ്രതയിലൂടെ ബുദ്ധി-മനസ്സുകള്‍ക്ക് സത്യത്തിന്റെ പാത സുവ്യക്തമാകും. ഋഷികള്‍ ഇവയെ നിര്‍മ്മിച്ചിരിക്കുന്നതും ഈ ഒറ്റ കാര്യത്തിനുമാത്രം. എന്നാല്‍ ഇന്ന് ഇവയെ ഉപയോഗിച്ച് സാമ്പത്തിക-ഭൗതിക നേട്ടങ്ങള്‍ ഉണ്ടാക്കാനാണ് പുരോഹിതവര്‍ഗ്ഗം ശ്രമിക്കുന്നത്. ഋഷിവചനങ്ങളെ മതങ്ങള്‍ കയ്യേറി മതത്തിന്റെ വേലിക്കെട്ടില്‍ തളച്ചു. അതാണ് ഇന്ന് ദര്‍ശനങ്ങള്‍ നേരിടുന്ന വെല്ലുവിളി. ദര്‍ശനങ്ങളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നാം ഇനിയും തുടങ്ങേണ്ടിയിരിക്കുന്നു...
(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്) |
Posted: 14 Feb 2015 01:12 AM PST
ആദ്യത്തെ ഗുരുദേവ പ്രതിമ സ്ഥാപിക്കപ്പെട്ടത് തലശ്ശേരിയിലെ ജഗനാഥ ക്ഷേത്രാങ്കണത്തിലാണ്. ഇത് ഗുരു സശ്ശരീരനായിരുന്ന കാലത്ത് ഇറ്റലിക്കാരനായ പ്രൊഫ. തവറലി എന്ന വിദഗ്ധ ശില്പിയെക്കൊണ്ടാണ് പണിതീര്‍ത്തത്. ഈ പ്രതിമാ നിര്‍മ്മാണത്തിനായി ശില്പിക്കു കൊടുക്കുവാന്‍ ഗുരുവിന്റെ ഒരു ഫോട്ടോ വേണമായിരുന്നു. അങ്ങനെ പ്രതിമാ നിര്‍മമാണ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ശേഖരന്‍ എന്ന ഫോട്ടോഗ്രാഫര്‍ തലശ്ശേരിയില്‍നിന്നും ശിവഗിരിയിലെത്തി. ശാരദാമഠത്തിനു സമീപത്തെ മാവിന്‍തണലില്‍ വിശ്രമിക്കുകയായിരുന്നു അപ്പോള്‍ ഗുരു.
ഗുരു: എവിടുന്ന്?
ശേഖരന്‍: തലശ്ശേരിയില്‍നിന്ന്. പ്രതിമയുണ്ടാക്കുന്നതിനായി സ്വാമിതൃപ്പാദങ്ങളുടെ ഫോട്ടോ എടുക്കാന്‍ പ്രതിമാകമ്മറ്റി അയച്ചതാണ്.
ഗുരു: അറിയാമോ ?
ശേഖരന്‍: അറിയാം
(അടുത്തുനിന്ന മാവിലെ മാങ്ങാ ചൂണ്ടിക്കാണിച്ചുകൊണ്ട്)
ഗുരു: ഈ മാങ്ങായുടെ പടം എടുക്കാമോ?
ശേഖരന്‍: എടുക്കാം ഗുരു: അതിന്റെ രസപ്പടം എടുക്കാമോ? ശേഖരന് മറുപടിയുണ്ടായില്ല.
ജഡജീവികളുടെ ബാഹ്യമായ ചിത്രമേ ഈ ക്യാമറയിലും മാംസചക്ഷുസിലും ലഭ്യമാകുന്നുള്ളൂ. ആന്തരികമായിട്ടുള്ള അതിന്റെ ചൈതന്യത്തെ ആരും തിരിച്ചറിയുന്നില്ലല്ലോ..ആ ചൈതന്യമാകുന്ന രസത്തെ അറിയിക്കാനുള്ള സൂത്രം ഉണ്ടാകുമായിരുന്നെങ്കില്‍ ഈ ജഡരൂപമായ ശരീരത്തേയോ അതിന്റെ പ്രതിരൂപമായ പ്രതിമയേയോ ആവശ്യമായി വരുമായിരുന്നില്ല. എന്നാല്‍ അത് അറിയാന്‍ നിവൃത്തിയില്ല എന്ന സത്യമാണ് ശേഖരന്‍ എന്ന ഫോട്ടോഗ്രാഫറിലൂടെ തെളിയുന്നത്. അതുവരെ നിങ്ങള്‍ പ്രതിമയിലൂടെയെങ്കിലും അറിയുക. എന്നാല്‍ അതില്‍തന്നെ നില്‍ക്കേണ്ടതുമില്ല. പ്രതിമയേയും അതിക്രമിച്ച് മുന്നേറണം. അതാവാം ഗുരു പ്രതിമ നിര്‍മ്മിച്ചതിനെ എതിര്‍ക്കാതിരുന്നതും. ആന്തരിക സത്തയായ രസത്തെ അറിയുന്നതാണല്ലോ ഗുരുവിന്റെ ദാര്‍ശനിക കൃതികള്‍ അവയെ ശ്രീനാരായണ ജ്ഞാനസമീക്ഷയിലെ ദര്‍ശനാമൃതത്തിലൂടെ പരിചയപ്പെടാം.
ശ്രീനാരായണ ജ്ഞാനസമീക്ഷ ഗ്രൂപ്പ്) |
Posted: 14 Feb 2015 01:11 AM PST
(ടി.സി. കേശവന്‍ വൈദ്യര്‍ എഴുതിയത്)
1080 ല്‍ സ്വാമിതൃപ്പാദങ്ങള്‍ വൈക്കം താലൂക്കില്‍ വടയാറ്റുദേശത്ത്, കുന്നേല്‍ ശേഖരപ്പണിക്കന്റെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. അവിടെ ഒരു ഈഴവന്‍ ധാരാളം കള്ളുകുടിച്ചുകൊണ്ട് ചെന്നു. സ്വാമി അവനോട് ' നീ കള്ളുകുടിക്കുമോ ' എന്ന് ചോദിച്ചു. കുടിക്കും എന്ന് അവന്‍ മറുപടി പറഞ്ഞു. ' എന്നാല്‍ മേലാല്‍ കുടിക്കരുത് ' എന്ന് സ്വാമി പറയുകയും അവന് അല്പം മുന്തിരങ്ങ കൊടുക്കുകയും ചെയ്തു. അതുകൊണ്ട് അവന് മദ്യത്തിലുള്ള ആഗ്രഹം ശമിച്ചില്ലെന്നു മാത്രമല്ല കല്പന ധിക്കരിക്കണം എന്നുവിചാരിച്ച് അവന്‍ അന്ന് നല്ലപോലെ മദ്യപിക്കാന്‍ തീര്‍ച്ചയാക്കി ഒരു കോഴിയെ കൊല്ലിച്ചു. ഭാര്യയെക്കൊണ്ട് പാകം ചെയ്യിക്കുന്നതിനിടയില്‍ ചാരായം വാങ്ങിക്കൊണ്ടുവരാന്‍ തീര്‍ച്ചയാക്കി. അകത്തുകടന്ന് ഒരു കുപ്പിയെടുക്കാന്‍ ഭാവിച്ചപ്പോള്‍ ഒരാള്‍ ശൂലം ഓങ്ങിക്കൊണ്ട് അവനെ കുത്താന്‍ ഭാവിക്കുന്നതായി തോന്നി. അവന്‍ നിലവിളിച്ച് ഓടി. സമീപവാസികള്‍ നിലവിളികേട്ട് ഓടിയെത്തി അവനെ പിടിച്ച് സ്വാമിയുടെ മുമ്പാകെ കൊണ്ടുചെന്നു. സ്വാമി കുറേ ഭസ്മം ഇട്ട് അവനെ അനുഗ്രഹിച്ചു പറഞ്ഞയച്ചു. അവന്‍ അന്നുമുതല്‍ കുടിച്ചില്ല എന്നുമാത്രമല്ല ധാരാളം സമ്പാദിച്ചു യോഗ്യനായി. പിന്നെ ദേശസഭയില്‍ നേതാവായിത്തീര്‍ന്നു.
(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്)
|
Posted: 14 Feb 2015 01:06 AM PST
ഒരിക്കല്‍ സ്വാമികള്‍ അദ്വൈതാശ്രമത്തില്‍ വിശ്രമിക്കുന്ന സമയത്ത് ഒരു പരിചാരകന്‍ കുറച്ച് ചക്കച്ചുള കൊണ്ടുവന്നു സമര്‍പ്പിച്ചു...
ഗുരുദേവന്‍: എന്താണത്...?
പരിചാരകന്‍: കുറച്ച് ചക്കച്ചുളയാണ് സ്വാമീ...
ഗുരുദേവന്‍: കുഴയോ വരിക്കയോ..?
പരിചാരകന്‍: വരിക്ക, നല്ല ചക്കയാണ്...
ഗുരുദേവന്‍: വരിക്ക നമുക്ക് വേണ്ട, കുഴയില്ലേ...?
പരിചാരകന്‍: ഉണ്ട്:
ഗുരുദേവന്‍: അതാണെങ്കില്‍ കഴിക്കാം...
പരിചാരകന്‍ കുഴച്ചക്ക കൊണ്ടുവന്നു. അത് ഭക്ഷിക്കുന്നതിനിടയില്‍ ഗുരുദേവന്‍ പറഞ്ഞു..."കുഴച്ചക്ക തിന്നാന്‍ ക്ഷമ വേണം, വിഴുങ്ങിയാല്‍ ദഹിക്കാന്‍ പ്രയാസം, അതിന്റെ രസം മാത്രമേ ഇറക്കാവൂ".
ആലുവാ അദ്വൈതാശ്രമത്തിലെ പ്ലാവുകളില്‍ കുഴച്ചക്ക ധാരാളം ഉണ്ടാകുമായിരുന്നു, പക്ഷെ ആരും കഴിക്കാതെ കൂടുതലും പാഴായി പോകുകയാണ് പതിവ്. ആര്‍ക്കും ഉപകാരം ഇല്ലാതെ അങ്ങിനെ പാഴാക്കി കളയുന്നതിന് ഒരു മറുമരുന്ന് എന്ന രീതിയില്‍ ആയിരിക്കണം ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞത് എന്ന് അനുമാനിക്കാം. ഭക്ഷ്യ വസ്തുക്കള്‍ ഒരിക്കലും നാം പാഴാക്കരുത്, നമുക്ക് ഇഷ്ടമില്ല എങ്കില്‍ എന്തുകൊണ്ട് അത് ഇഷ്ടമുള്ളവര്‍ക്ക് കൊടുത്തുകൂടാ...? പ്രകൃതി നമുക്ക് നല്‍കുന്ന വിഭവങ്ങള്‍ അനുഭവിക്കുക എന്നത് മാത്രമല്ല, അത് പാഴാക്കി കളയാതെ മറ്റുള്ളവര്‍ക്ക് കൂടി എത്തിച്ച് കൊടുക്കുവാനും നാം കടപ്പെട്ടിരിക്കുന്നു. ഇന്ന് നാം പാഴാക്കുന്ന ഓരോ ഭക്ഷ്യ വസ്തുക്കള്‍ക്കും പകരമായി അതിന്റെ വില നാം മനസ്സിലാക്കുന്ന ഒരു കാലം നമ്മുടെ ജീവിതത്തില്‍ തന്നെ വന്നുകൂടാ എന്നില്ലല്ലോ...!
ഗുരുദേവന്റെ ഈ സംഭാഷണത്തില്‍ നിന്നും നാം മനസ്സിലാക്കേണ്ട മറ്റൊന്നുകൂടി ഉണ്ട്. ഭഗവാന്റെ ഓരോ ഉപദേശങ്ങളും കൃതികളും സത്യത്തില്‍ ഈ കുഴച്ചക്ക പോലെയാണ്., വെറുതെ അങ്ങ് വായിച്ച് പോയാല്‍ ദഹിക്കാന്‍ പ്രയാസം. സാവധാനം മനസ്സും ശ്രദ്ധയും എകാഗ്രമാക്കി അവയെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് നമുക്ക് അവയുടെ രസം അനുഭവിക്കാന്‍ കഴിയുന്നത്. ആത്മോപദേശ ശതകത്തിലെയോ ദൈവ ദശകത്തിലെയോ ഒരു ശ്ലോകം വെറുതെ വായിച്ചാല്‍ "യുക്തിവാദി" എന്ന് സ്വയം ധരിച്ച് നടക്കുന്ന "യുക്തിഹീനര്‍ക്ക്" അത് നിസ്സാരമായി തോന്നും. ദൈവദശകം ഒരു ഭജനപ്പാട്ട് ആണെന്ന് പറഞ്ഞുകൊണ്ട് ഇപ്രകാരം ഒരു യുക്തിജീവി എഴുതിയ കുറച്ച് വരികള്‍ ഈയിടെ കാണുകയുണ്ടായി. ഒരു സമൂഹജീവി എന്ന നിലയില്‍ എന്തെങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്തതിനു ശേഷമാണോ ഇവരെല്ലാം ഗുരുദേവ കൃതികളെ വിമര്‍ശിക്കാന്‍ നടക്കുന്നത്...? സ്വജീവിതം നിരാലംബരായ മനുഷ്യരുടെ ഭൌതികവും ആദ്ധ്യാത്മികവുമായ ഉന്നതിക്കുവേണ്ടി ബലി ചെയ്ത ഒരു ഗുരുവിനെ അറിയുവാനും പഠിക്കുവാനും എല്ലാവര്ക്കും കഴിഞ്ഞു എന്ന് വരില്ല...! വരിക്കച്ചക്ക മാത്രം തൊണ്ട തൊടാതെ വിഴുങ്ങുന്ന അവര്‍ക്ക് കുഴച്ചക്കയുടെ ഔഷധമൂല്യം ഒരു കാലത്തും അറിയുവാനും പോകുന്നില്ല.
കുഴച്ചക്ക നല്ല ഔഷധമൂല്യമുള്ള ഒന്നാണ്, പക്ഷെ മിക്കവാറും ആളുകള്‍ അത് ഒഴിവാക്കും. കഴിക്കാന്‍ എളുപ്പമുള്ളതും നാവിനു രസമുള്ളതും മാത്രം ഭക്ഷിച്ച് മാറാരോഗങ്ങളെ ക്ഷണിച്ച് വരുത്തും...!
നമുക്ക് ഗുരുദേവന്‍ നല്‍കിയ അറിവിന്റെ കുഴച്ചക്കകള്‍ കഴിയ്ക്കാം...! ഒന്നും തൊണ്ട തൊടാതെ വിഴുങ്ങാതെ; സാവധാനം അതിന്റെ രസം ആസ്വദിച്ച് തന്നെ കഴിക്കാം...!
================================================== വായിക്കുക, ഷെയര്‍ ചെയ്യുക...! ഗുരുധര്‍മ്മം ജയിക്കട്ടെ, പുതിയൊരു ധര്‍മ്മം പുലരട്ടെ...! ================================================== ശ്രീനാരായണ-ശ്രീബുദ്ധ ദര്‍ശനങ്ങളെ അറിയുവാനും പഠിക്കുവാനും JOIN ►►► www.facebook.com/groups/GURU.BUDDHISM ►►► ================================================== |
You are subscribed to email updates from ഗുരുദേവ ചരിത്രം To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
Category: