.

മേല്‍ക്കൂരയില്‍ ഒരു മഹാകാവ്യം അഥവാ ബിസിനസ്സില്‍ ആശാന്‍

കാലാതിശായിയും കാലികപ്രസക്തവുമായ കവിതകള്‍ എഴുതിയ മഹാകവി  കുമാരനാശാന്‍  അക്കാലത്ത   'ആധുനിക'മായ ഒരു വ്യവസായവും നടത്തി:  ഒരു ഓട്ടുകമ്പനി.   അദ്ദേഹത്തിന്റെ മരണശേഷം75 വര്‍ഷം 'യൂണിയന്‍ ടൈല്‍ വര്‍ക്‌സ്' എന്ന  സ്ഥാപനം നിലനിന്നു. കുമാരനാശാന്റെ അധികമൊന്നും  അറിയപ്പെടാത്ത കര്‍മമേഖലയെക്കുറിച്ച്..

ഒരിക്കല്‍ ഒരു കവി പൗര്‍ണമിയെ ചൂണ്ടി പറഞ്ഞു: ''നോക്കൂ , എന്തു നല്ല ഭംഗിയുള്ള നിലാവ്!''

കേട്ടുനിന്ന കച്ചവടക്കാരന്‍ പറഞ്ഞു: ''നിലാവ് എന്തിനു കൊള്ളാം? കൊപ്ര ഉണക്കാന്‍ പോലും ഉപകാരമില്ല!''

 
 കവിയും ബിസിനസ്സുകാരനും വിരുദ്ധധ്രുവത്തിലാണെന്ന് സ്ഥാപിക്കുന്ന കഥയാണിത്. നമ്മുടെ കവിയശഃപ്രാര്‍ഥികളുടെ ധാരണയും മറ്റൊന്നല്ല. എന്നാല്‍ മലയാളത്തിലെ ഏറ്റവും പ്രതിഭാധനനായ ഒരു കവി തന്റെ ജീവിതകാലഘട്ടത്തിലെ ഏറ്റവും ആധുനികമായിരുന്ന ഒരു ഉത്പന്നത്തിന്റെ ബിസിനസ്സു ചെയ്തിരുന്നു എന്നറിയുക. കവിതയും കച്ചവടവും ഒരേ ശിരസ്സില്‍ വിളഞ്ഞിരുന്ന ഒരു മലയാളി-മഹാകവി കുമാരനാശാന്‍.

മഹാകാവ്യങ്ങള്‍ എഴുതാതെ  മഹാകവിയായ ആളാണ് കുമാരനാശാനെന്ന് നമുക്കറിയാം. എസ്.എന്‍.ഡി.പി. യോഗത്തിന്റെ സ്ഥാപക ജനറല്‍സെക്രട്ടറിയായും ശ്രീമൂലം അസംബ്ലിയിലെ അംഗം എന്ന നിലയില്‍ ഇന്ത്യയിലെത്തന്നെ ആദ്യകാല നിയമസഭാ സാമാജികരിലൊരാളായും കുമാരനാശാന്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, അതിനേക്കാള്‍ പ്രധാനപ്പെട്ട ഒരു ദൗത്യവും അദ്ദേഹത്തിന് നിര്‍വഹിക്കാനുണ്ടായിരുന്നു. കവിത എഴുതണമെങ്കില്‍ അച്ചടക്കമില്ലാത്ത ജീവിതം വേണം എന്ന ഇപ്പോഴും പ്രേതപ്രചാരമുള്ള സിദ്ധാന്തത്തെ തന്റെ കാവ്യജീവിതം കൊണ്ട് അദ്ദേഹം പൊളിച്ചടുക്കി എന്നതാണ് അത്.

 
ഏറെ വൈകി, അതായത് തന്റെ നാല്പത്തിനാലാം വയസ്സിലായിരുന്നു ആശാന്റെ വിവാഹം. എന്നാല്‍, അന്നത്തെക്കാലത്ത് ആധുനികം എന്നുപറയാവുന്ന ഒരു വ്യവസായവും അദ്ദേഹം നടത്തുകയുണ്ടായി. 1921-ല്‍ ആലുവയ്ക്കടുത്ത് ചെങ്ങമനാട് എന്ന ഗ്രാമത്തില്‍, പെരിയാറിന്റെ കൈവഴിയോരത്ത് നാല് പങ്കാളികളോടൊത്ത് സ്ഥാപിച്ച 'യൂണിയന്‍ ടൈല്‍ വര്‍ക്‌സ്'. (കമ്പനിക്കുവേണ്ടി ആദ്യം ആലുവാ പാലസിനോട് ചേര്‍ന്ന സ്ഥലമാണ് വാങ്ങിയത്. ഓടുനിര്‍മാണത്തിന് കൊണ്ടുവരുന്ന കളിമണ്ണ് കലങ്ങി കൊട്ടാരത്തിന്റെ കടവ് വൃത്തികേടാവുമെന്നതിനാല്‍ നീക്കം ഉപേക്ഷിക്കുകയായിരുന്നു. സ്ഥലമാണ് അദൈ്വതാശ്രമം നടത്തുന്നതിനായി  നാരായണഗുരുവിന് സമര്‍പ്പിച്ചത്.)

ഓടുനിര്‍മാണത്തിന് വന്‍തോതിലാവശ്യമായ കളിമണ്ണും വിറകുമെത്തിക്കാനുള്ള സൗകര്യം നോക്കിയാണ് ആശാനും കൂട്ടുകാരും പുഴയോരത്തുതന്നെ ഫാക്ടറി സ്ഥാപിച്ചത്. ഒരു ട്രക്ക് ലോഡില്‍ 4000മുതല്‍ 5000വരെ ഓടുകള്‍ കയറ്റാനാവുമ്പോള്‍ നാടന്‍വള്ളത്തില്‍ 20,000വരെ ഓടുകള്‍ കയറ്റാനാവും. മഹാകവി ഇവിടെ സ്ഥാപിച്ച മൂന്ന് ചൂളകള്‍ കളിമണ്ണ് ചുട്ട് മേച്ചിലോടുകളാക്കി കേരളത്തിലങ്ങോളമിങ്ങോളമുള്ള വീടുകളുടെ മേല്‍ക്കൂരകളായി 'വിവര്‍ത്തനം' ചെയ്യപ്പെട്ടു. ഓലയും പുല്ലും മേഞ്ഞ മേല്‍ക്കൂരകള്‍ ഓടുമേയാന്‍ തുടങ്ങിയ കാലമായിരുന്നു അത്. അങ്ങനെ ജാതീയത, അയിത്തം എന്നീ ജീര്‍ണതകള്‍ക്കെതിരെ പേനയെടുത്തതുപോലെത്തന്നെ ഓലയുടെയും പുല്ലിന്റെയും ജീര്‍ണതയ്‌ക്കെതിരെയും അദ്ദേഹം പ്രവര്‍ത്തിച്ചുവെന്ന് പറയാം. വ്യവസായത്തിലും അദ്ദേഹം വിപ്ലവകാരിയായിരുന്നുവെന്ന് ചുരുക്കം.

 


നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഓട്ടുകമ്പനി അതിന്റെ വിജയകരമായ മുന്നേറ്റം ആരംഭിക്കുന്നതിന് മുമ്പേ പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ (1924) ആശാന്‍ ലോകം വെടിഞ്ഞു. ഓട്ടുകമ്പനിയുടെ കാര്യങ്ങള്‍ നോക്കാന്‍ ഇടയ്ക്കിടെ നടത്തിയ ദീര്‍ഘയാത്രകളിലൊന്നായിരുന്നു അതും. (തെക്കന്‍ കേരളത്തിലെ തോന്നയ്ക്കല്‍നിന്ന് മധ്യകേരളത്തിലെ ചെങ്ങമനാട്ടെത്താന്‍ അന്ന് ദിവസങ്ങള്‍ വേണം. തോന്നയ്ക്കല്‍നിന്ന് മുരുക്കുംപുഴ വരെ വള്ളം, പിന്നെ മുരുക്കുംപുഴ-കൊല്ലം തീവണ്ടി, അതുകഴിഞ്ഞ് കൊല്ലം-എറണാകുളം ബോട്ട്, എറണാകുളം-ആലുവ കാളവണ്ടി, വീണ്ടും ആലുവ-ചെങ്ങമനാട് വള്ളം). വിധവയായെങ്കിലും ചെറുപ്പം വിട്ടിട്ടില്ലാത്ത ആശാന്റെ പത്‌നി ഭാനുമതിയമ്മ പക്ഷേ പതറിയില്ല. ഓട്ടുകമ്പനിയുടെ ഭരണം അവര്‍ ഏറ്റെടുത്തു. എന്നുമാത്രമല്ല കാലക്രമത്തില്‍ മറ്റ് പങ്കാളികളുടെ ഓഹരികള്‍ ഭാനുമതിയമ്മ  വാങ്ങുകയും ചെയ്തു. (സ്ത്രീശാക്തീകരണം എന്നൊക്കെ കേള്‍ക്കാന്‍ പിന്നീട് എത്ര വര്‍ഷങ്ങള്‍ വേണ്ടിവന്നു!)

ചെങ്ങമനാട്ടെ അയല്‍ക്കാര്‍ ഭാനുമതിയമ്മയെ ഇപ്പോഴും ഓര്‍ക്കുന്നു. ആശാന്റെ പത്‌നിയെ അവര്‍ 'ആശാട്ടി' എന്നാണ് ആദരപൂര്‍വം വിളിച്ചിരുന്നത്. 1976-ല്‍ ഭാനുമതിയമ്മ മരിച്ചപ്പോള്‍ ആശാന്റെ ചെറുമകന്‍ പ്രദീപ് കുമാറിനായി യൂണിയന്‍ ടൈല്‍ വര്‍ക്‌സിന്റെ ചുമതല. 1940-1960 കാലഘട്ടത്തിലായിരുന്നു യൂണിയന്‍ ടൈല്‍ വര്‍ക്‌സിന്റെ സുവര്‍ണകാലം. കൂടുതല്‍ മേല്‍ക്കൂരകള്‍ ഓടിലേക്ക് മാറിയപ്പോള്‍ കമ്പനിയുടെ ഉത്പാദനം പ്രതിവര്‍ഷം 12-15 ലക്ഷം എണ്ണമായി. എന്നാല്‍, പിന്നീട് കളിമണ്‍ ഖനനത്തിലും ഭൂമിയുടെ ഉപയോഗത്തിലും വന്ന നിയമങ്ങള്‍ എറണാകുളം ജില്ലയിലെ ഓട്ടുകമ്പനികളുടെ പ്രവര്‍ത്തനം പൂര്‍ണമായും അസാധ്യമാക്കി. അങ്ങനെ 2003-ല്‍ യൂണിയന്‍ ടൈല്‍ വര്‍ക്‌സ് എന്നെന്നേക്കുമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു.

ഭാനുമതിയമ്മയുടെ രണ്ടാം വിവാഹത്തിലെ അനന്തരാവകാശികളുള്‍പ്പെടെ പത്തുപേര്‍ക്ക് അവകാശപ്പെട്ട അഞ്ചേക്കറിലേറെ വരുന്ന സ്ഥലം ഇപ്പോള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്.

യൂണിയന്‍ ടൈല്‍ വര്‍ക്‌സിന്റെ അവസാന അടയാളങ്ങളും വില്‍പ്പനയോടെ അപ്രത്യക്ഷമാവുമെങ്കിലും പല മേല്‍ക്കൂരകളിലും കേടുകൂടാതെ അവശേഷിക്കുന്ന യൂണിയന്‍ ടൈല്‍ വര്‍ക്‌സിന്റെ ഓടുകള്‍  കുറച്ചുകാലംകൂടി ബാക്കിയുണ്ടാകും. എന്നാല്‍, ഖേദകരമായ കാര്യം അതല്ല. മഹാകവിയുടെ അകാലമരണം സംഭവിച്ച് 89 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന്, കേരളത്തിലെ കവിതയുടെയും നിര്‍മാണ വ്യവസായത്തിന്റെയും സ്ഥിതിയെന്താണ്? താഴ്ന്ന നിലവാരത്തിലുള്ള കവിതകളെഴുതുന്നവരും ഇന്ന് കവിതയുമായി ബന്ധമേതുമില്ലാത്ത കാരണങ്ങളാല്‍ ആരാധിക്കപ്പെടുന്നു. മദ്യപാനം, അലസത, അരാഷ്ട്രീയവാദം, അരാജകനാട്യങ്ങള്‍ തുടങ്ങിയവ പ്രതിഭയുടെ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നു. 'കവിസാന്ദ്രത'യുടെ കാര്യത്തില്‍ കേരളം മുന്നില്‍ത്തന്നെയാണ്. കവികള്‍മാത്രം വാങ്ങിയാലും നിങ്ങളുടെ ഒരു കവിതാസമാഹാരത്തിന്റെ ഒന്നാം പതിപ്പ് വിറ്റുപോവും. എന്നാല്‍, അതല്ല ഓടുപോലൊരു സാധനത്തിന്റെ കാര്യം. മറ്റെല്ലാ രംഗത്തും സാധ്യമാകുന്ന പരസ്പര പുറംചൊറിയല്‍ സഹായസംഘമല്ല കച്ചവടം. സൗഹൃദത്തിന്റെ പുറത്തോ ആവശ്യമില്ലാതെയോ ആരും ഓടും ഇഷ്ടികയും വാങ്ങിക്കുകയില്ല - അതിനി സാക്ഷാല്‍ കുമാരനാശാന്‍ ഉണ്ടാക്കിവിറ്റാല്‍ പോലും. ഓട്ടുകമ്പനി മാത്രമല്ല, 'ശാരദാ ബുക്ക് ഡിപ്പോ' എന്ന പേരില്‍ ഒരു പുസ്തക പ്രസാധക സ്ഥാപനവും 'ബിസിനസ്സുകാര'നായ കുമാരനാശാന്‍ നടത്തിയിരുന്നു. തന്റെ കൃതികള്‍ക്ക് ആവശ്യക്കാരേറെയുണ്ടെന്നും അത് മറ്റ് പ്രസാധകരിലൂടെ വിറ്റഴിക്കപ്പെടുമ്പോള്‍ അവര്‍ മാത്രമാണ് പണക്കാരാകുന്നതെന്നും മനസ്സിലാക്കിയാണ് ശാരദാ ബുക്ക് ഡിപ്പോയ്ക്ക് ആശാന്‍ തുടക്കമിട്ടത്. ആശാന്റെ മരണശേഷവും ആശാന്‍ കൃതികളുടെ കോപ്പിറൈറ്റ് തീരുന്നതുവരെ സ്ഥാപനവും ഭംഗിയായി നടന്നു.

കടപ്പാട് : മാതൃഭൂമി ബുക്സ്
തയ്യാറാക്കിയത് : രാംമോഹന്‍ പാലിയത്ത്‌

Category: , , , , , , ,

Article Copyright Disclaimer:
The article content published on this blog is for the purpose of sharing useful information with blog readers and visitors. Some of these may contain excerpts from other internet sources. If you believe an article has infringed on your copyright, please contact us and we'll delete or revise it immediately.