വിദ്യാരംഭദിനാശംസകള്‍
പൂജവെയ്പ്പ് കുട്ടികള്‍ക്ക് ആഹ്ലാദകരമാണ്. കാരണം രണ്ടു ദിവസം പുസ്തകശല്യത്തില്‍നിന്നും രക്ഷപെടുന്നു! ഇഷ്ടംപോലെ കളിച്ചുനടക്കാം. കളിക്കോപ്പുകള്‍ പൂജവെയ്ക്കാറില്ലല്ലോ.. പൂജവെയപ്പും പൂജയെടുപ്പും ഭക്തിനിര്‍ഭരമായ ചടങ്ങുകളാണ്. വിദ്യാദേവതയെ ഉപാസിക്കുന്നതിനു വേണ്ടിയാണ് ഈ ചടങ്ങുകള്‍. വിജയദശമി ദിവസമാണ് പൂജവെയ്പ്പും വിദ്യാരംഭവും നടത്തുന്നത്. വാസ്തവത്തില്‍ ഇത് വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള ചടങ്ങാണോ? ഏതെങ്കിലും വിദ്യയെ ഉപാസിക്കുന്ന എല്ലാവര്‍ക്കും വിദ്യാരംഭം വേണ്ടതല്ലേ? നമ്മുടെ പാരമ്പര്യമനുസരിച്ച് എല്ലാവരും അവരുടെ ആയുധങ്ങളും കൃഷിയുപകരണങ്ങളും പൂജ വെയ്ക്കാറുണ്ട്. അതുകൊണ്ട് വിദ്യാരംഭം കുട്ടികള്‍ക്ക മാത്രമുള്ളതല്ല എന്നു വ്യക്തമാണ്.
ലോകത്തിന്റെ നാനാഭാഗത്തും കലയ്ക്കും വിദ്യക്കുമായി ദേവതകളുണ്ട്. ഭാരതത്തില്‍ കലകളുടെ ദേവി സരസ്വതിയാണ്. ഗ്രീക്ക് സംസകാരത്തില്‍ കലകളുടെ ദേവത ‘മ്യൂസസ’് ആണ്. ചൈനയില്‍ ‘മാസു’ എന്ന പേരിലാണ് ഈ കലാദേവത അറിയപ്പെടുന്നത്. പ്രാചീന സംസ്‌കാരങ്ങളിലെല്ലാംതന്നെ കലയുടെയും വിദ്യയുടെയും മഹത്വം ജനങ്ങള്‍ അംഗീകരിച്ചിരുന്നതുകൊണ്ട് അവയക്ക് ദേവതയെ സങ്കല്പിച്ച് ആരാധിച്ചുപോന്നു. ദേവതാപൂജ ഒരുതരത്തില്‍ ആത്മപൂജയും ആത്മസമര്‍പ്പണവുമാണ്. അതുകൊണ്ടാണ് ഈ 21ാം നൂറ്റാണ്ടില്‍പ്പോലും യഥാര്‍ഥ കലാകാരന്‍മാരും കലാകാരികളും ഗുരുവിന്റെ പാദവന്ദനം നടത്തിയതിനു ശേഷം സ്വന്തം കലാപ്രകടനം ജനങ്ങള്‍ക്കു മുന്‍പില്‍ അവതിരിപ്പിക്കുന്നത്.
ഭാരതീയരുടെ വിദ്യാരംഭം ആശ്വിന മാസത്തില്‍(സെപ്തംബര്‍-ഒക്ടോബര്‍) മാസത്തിലാണ്. ഇത് പുരാതനമായ കലാപരിശീലനത്തിന്റെ പിന്തുടര്‍ച്ചയാണെന്നു കരുതാം. പാശ്ചാത്യസംസ്‌കാരത്തിന്റെ കടന്നുകയറ്റത്തിനു മുമ്പ്് നാം വിദ്യാരംഭത്തിന് ഉപയോഗപ്പെടുത്തിയിരുന്ന കാലം ശ്രദ്ധേയമാണ്. വിളവെടുപ്പിന് ശേഷമുള്ള സമയമാണത്. പൂക്കള്‍ സമൃദ്ധിയായി ഉണ്ടാകുന്ന കാലവും കൂടിയാണ്. ഇതിനെക്കാള്‍ അനുകൂലമായ മറ്റൊരു സമയം വേറെയില്ല.
ഏതുവിദ്യയും തനിമയോടെ അഭ്യസിക്കണമെങ്കില്‍ ഗുരുവിന്റെ സാമീപ്യം അത്യന്താപേക്ഷിതമാണ്. ഓക്‌സ്‌ഫോര്‍ഡ്, ഹാര്‍ഡ്‌വാര്‍ഡ്് തുടങ്ങിയ സര്‍വകലാശാലകള്‍ ഗുരുകുല സമ്പ്രദായം പുതിയ രീതിയില്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. നമ്മുടെ നാട്ടിലെ നര്‍ത്തകരും ഗായകരും ഗുരുക്കന്‍മാരുടെ അന്തേവാസികളായി ജീവിച്ചുകൊണ്ടാണ് കലയില്‍ നൈപുണ്യം നേടുന്നത്. ഉദാഹരണമായി എത്രപേരുകള്‍ വേണമെങ്കിലും പറയാന്‍ കഴിയും.
വിദ്യാരംഭം എന്നത് അക്ഷരജഞാനം നേടാനുള്ള തുടക്കമല്ല. അത് ബ്ര്ഹജ്ഞാനം, യഥാര്‍ഥ അറിവേതോ അത് നേടാനുള്ള ആരംഭമാകുന്നു. അതിനുള്ള ശ്രമമാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാകേണ്ടത്. എങ്കില്‍ മാത്രമേ സമചിത്തതയുള്ള പൗരന്‍മാര്‍ ഉണ്ടാവുകയുള്ളൂ. കലകളിലൂടെ സ്വന്തം ശരീരത്തിലെ ആനന്ദമയ കോശങ്ങളെ പരിപോഷിപ്പിച്ച് സമചിത്തത നേടണമെന്നാണ് ആചാര്യന്‍മാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. അതിനുള്ള തുടക്കമാകട്ടെ ഈ വര്‍ഷത്തെ വിദ്യരംഭം.
വിദ്യാരംഭം എപ്പോള്‍, എങ്ങനെ?
വിദ്യാരംഭം മൂന്ന്, അഞ്ച് വയസ്സുകളിലാവുന്നതാണ് ഉത്തമം. അതായത്, രണ്ട്, നാല് തുടങ്ങിയ ഇരട്ട വയസ്സുകളില്‍ വിദ്യാരംഭം നടത്തുന്നത് ശുഭകരമല്ല.
ഗുരുവിന്റെയോ ഗുരുസ്ഥാനീയരുടെയോ മടിയില്‍ ശിശുവിനെ ഇരുത്തി നാക്കില്‍ സ്വര്‍ണ്ണം കൊണ്ട് “ഹരി ശ്രീ ഗണപതയെ നമഃ” എന്ന് എഴുതുന്നു. തുടര്‍ന്ന്, മുന്നില്‍ ഓട്ടുരുളിയിലോ തളികയിലോ തൂശനിലയിലോ ഉണക്കലരിയിട്ട് അതില്‍ ഹരി ശ്രീ യില്‍ തുടങ്ങി അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും കുട്ടിയുടെ മോതിര വിരല്‍ കൊണ്ട് എഴുതിക്കുന്നു. ചിലയിടങ്ങളില്‍ ചൂണ്ടു വിരല്‍ കൊണ്ടാണ് എഴുതിക്കുന്നത്.
വിദ്യാരംഭം. ഭാരതീയ സങ്കല്പമനുസരിച്ച് വിദ്യാഭ്യാസത്തിന് ഏറ്റവും ഉത്തമമായ ദിനമെന്ന് പണ്ടു കാലം മുതലേ വിശ്വസിച്ചു പോരുന്നു. കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള രാത്രിവരെ ആഘോഷിക്കുന്നതിനാല്‍ ഇത് നവരാത്രി ഉത്സവം എന്നും ദശമി വരെ ചടങ്ങുകള്‍ നീണ്ടു നില്‍ക്കുന്നതിനാല്‍ ദസറ എന്നും അറിയപ്പെടുന്നു. കാലദേശഭേദമനുസരിച്ച് കാളീപൂജ, സരസ്വതീ പൂജ, എന്നെല്ലാം അറിയപ്പെടുന്നതും ഈ ഉത്സവം തന്നെ. അജ്ഞാനത്തിന്റെ മൂര്‍ത്തിമത് ഭാവമായിരുന്ന മഹിഷാസുരനെ കൊന്ന് ജ്ഞാനശക്തിയുടെ മറ്റൊരു പ്രതീകമായ ദുര്‍ഗ്ഗാദേവി വിജയം കൈവരിച്ച കാലമാണ് വിജയദശമി എന്നാണ് വിശ്വാസം.
ഈ ഉത്സവത്തില്‍ അവസാന മൂന്ന് ദിവസങ്ങള്‍ക്കാണ് പ്രാധാന്യം. ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയാണ് ആ ദിവസങ്ങള്‍. ദുര്‍ഗാഷ്ടമി സന്ധ്യയില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പുസ്തകങ്ങള്‍ പൂജ വെക്കുന്നു. മഹാനവമിയില്‍ യോദ്ധാക്കളും പണിയാളരും ആയുധങ്ങള്‍ പൂജവെക്കുന്നു. തുടര്‍ന്ന് വിജയദശമിയില്‍ പൂജയെടുപ്പോടെ, പുതിയൊരു ഉണര്‍ണവ്വോടെ തങ്ങളുടെ മേഖലയിലേക്കിറക്കം. പുസ്തകങ്ങള്‍ക്കും ആയുധങ്ങള്‍ക്കുമെല്ലാം ഒരവധി. അതെ, തയ്യാറെടുപ്പിന് വേണ്ടി ഒരു വിശ്രമദിനം. ഉത്തരേന്‍ഡ്യയിലാണ് നവരാത്രി ഉത്സവങ്ങള്‍ക്ക് ഏറെ പ്രാധാന്യം. എങ്കിലും മഹിഷാസുരവാസം മൈസൂറിലായിരുന്നുവെന്ന വിശ്വാസത്തിന്മേല്‍ പ്രൊഢാഡംബരപൂര്‍ണമായ ചടങ്ങുകള്‍ ദക്ഷിണേന്‍ഡ്യയിലും നടക്കുന്നുണ്ട്. പണ്ടുകാലത്ത് കേരളത്തില്‍ വഞ്ചിരാജാക്കന്മാരുടെ മേല്‍നോട്ടത്തിലാണ് ആഘോഷങ്ങള്‍ നടന്നു വന്നിരുന്നതെന്ന് ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്.
'സാര'മായ 'സ്വ'ത്തെ പ്രകാശിപ്പിക്കുന്ന ജ്ഞാനദേവതയാണ് സരസ്വതി. വിശ്വാസങ്ങളും ആചാരങ്ങളും നമുക്ക് മാറ്റി വെക്കാം. ജാതിമതഭേദമെന്യേ എല്ലാ വൈദികഗ്രന്ഥങ്ങളും മനുഷ്യനോട് ഒരു പോലെ തന്നെ അറിവ് സമ്പാദിക്കാന്‍ ആവശ്യപ്പെടുന്നുണ്ടല്ലോ. ശരിക്കും ഇതല്ലേ യഥാര്‍ത്ഥഅറിവ് ? 'എന്താണ് ഞാന്‍', 'എന്താണ് എന്റെ പോരായ്മ', 'എന്താണ് എന്റെ ഗുണങ്ങള്‍' ഇങ്ങനെ ഓരോരുത്തരേയും കുറിച്ച് അവരവര്‍ക്കു തന്നെ ഒരുപരിധി വരെയെങ്കിലും മനസ്സിലാക്കാന്‍ കഴിയുമ്പോഴല്ലേ നമുക്ക് ഒരു വ്യക്തിയാകാനാവൂ. സര്‍വകലാശാലകളില്‍ നിന്ന് ലഭിക്കുന്ന അറിവിന്റെ അംഗീകാരക്കടലാസുകളല്ല ജ്ഞാനം എന്ന് അത്തരമൊരു ഘട്ടത്തിലേ മനുഷ്യന് മനസിലാക്കാനാവൂ. അതുവരെ മാനവദ്രോണങ്ങള്‍ തുളുമ്പിത്തെറിച്ചുകൊണ്ടിരിക്കും. മനുഷ്യമനസിലെ അജ്ഞാനമാലിന്യങ്ങള്‍ സ്വയം നശിപ്പിച്ച് ജ്ഞാനസമ്പാദനത്തിന് തുടക്കം കുറിക്കാനാണ് ഓരോ നവരാത്രിക്കാലവും മനുഷ്യനോടാവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ തമസോമാ ജ്യോതിര്‍ഗമയാ എന്ന ശ്ലോകാര്‍ദ്ധം ഇവിടെ നമുക്കുള്ള വഴിവിളക്കായി ജ്വലിക്കട്ടെ.
ഇവിടെ വിദ്യാര്‍ത്ഥിക്കു മാത്രമല്ല അധ്യാപകനും പ്രാധാന്യമുണ്ട്. ആശാനൊന്നു പിഴച്ചാല്‍ അമ്പത്തൊന്ന് പിഴക്കും ശിഷ്യന് എന്നാണല്ലോ ചൊല്ല്. പക്ഷെ പുതിയ കാലഘട്ടത്തില്‍ അധ്യാപകന്‍ എന്നും തന്റെ ആവനാഴികള്‍ നിറച്ചുകൊണ്ടിരിക്കുകയാണ്. ശാക്തീകരണങ്ങളിലൂടെയും അധ്യാപനക്കുറിപ്പുകളിലൂടെയും (Teaching Note) തന്റെ കഴിവ് വര്‍ദ്ധിപ്പിക്കാന്‍ അധ്യാപകന്‍ എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അഞ്ചു മണി കഴിഞ്ഞാല്‍ ജോലി അവസാനിപ്പിക്കുന്നവരല്ലല്ലോ നമ്മള്‍. നാളത്തേക്കുള്ള നോട്ടെഴുതാന്‍, ക്ലാസ് പരീക്ഷകളുടെ പേപ്പര്‍ നോക്കാന്‍, ഒഴിവുകാലത്താണെങ്കില്‍ പരീക്ഷാപേപ്പര്‍ നോക്കാന്‍, ശാക്തീകരണകോഴ്സുകള്‍ കൂടാന്‍...(സര്‍വ്വേ എടുക്കാന്‍) അതെ, പുറമെ നിന്നു കാണുന്നത്ര ലളിതമല്ല അധ്യാപകന്റെ ഉത്തരവാദിത്വങ്ങള്‍. ഇങ്ങനെയെല്ലാമാണെങ്കിലും അധ്യാപകജോലിക്ക് ഒരു സുഖമുണ്ട്. നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളെ ഇരിക്കാനനുവദിച്ചു കൊണ്ട് എന്നും നിന്നുകൊണ്ട് തന്റെ ഉത്തരവാദിത്വം ചെയ്യുന്നവരാണ് അധ്യാപകര്‍. ശിഷ്യന്റെ പേരിലറിയപ്പെടുന്ന ഗുരുക്കന്മാര്‍ പുരാണകാലം മുതലേ ഭാരതത്തിലുണ്ട്. ശ്രീകൃഷ്ണഗുരുവായ സാന്ദീപനിയില്‍ നിന്നു തുടങ്ങുന്ന ആ പരമ്പര ഇന്നും ജീവിക്കുന്നുണ്ട്. അത്തരമൊരു ശിഷ്യനെയെങ്കിലും സൃഷ്ടിച്ചെടുക്കാന്‍ നമുക്കോരോരുത്തര്‍ക്കുമാകട്ടെയെന്ന് ആശംസിക്കുന്നു.
അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നവര്‍ക്ക് ആശംസകള്‍
കടപ്പാട് : mathematicsschool.blogspot.ae, ഡിസി ബുക്സ്
Ignorance is bliss, imperfect information is dangerous, perfect knowledge is power. So share it.
Category: ദുര്‍ഗാഷ്ടമി, നവരാത്രി, മഹാനവമി, വിജയദശമി, വിദ്യരംഭം