.

ആറാട്ടുപുഴ വേലായുധപ്പണിക്കര്

അഡ്വ. ഇ രാജന്‍

ശ്രീനാരായണ ഗുരുവിന് മുന്‍പ് അധഃകൃതരുടെ ഉന്നമനത്തിനും സാമൂഹ്യ പരിവര്‍ത്തനത്തിനും വേണ്ടി പരിശ്രമിച്ച കര്‍മധീരനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. 1825 ല്‍ കാര്‍ത്തികപ്പിള്ളി താലൂക്കിലെ പ്രശസ്ത ഈഴവ കുടുംബത്തിലാണ് വേലായുധപ്പണിക്കര്‍ ജനിച്ചത്. വളരെ സമ്പന്നമായ പശ്ചാത്തലമുണ്ടായിരുന്നതിനാല്‍ പ്രഗത്ഭരായ അധ്യാപകരെ വീട്ടില്‍ കൊണ്ടുവന്ന് വേലായുധനെ പഠിപ്പിക്കുകയാണുണ്ടായത്. അക്കാലത്ത് നല്ലനിലയില്‍ തന്നെ സംസ്‌കൃതവും മലയാളവും തമിഴും പഠിച്ചു. ഭാഷാപഠനത്തിനുപുറമെ ആയൂര്‍വേദവും ജ്യോതിഷവും അദ്ദേഹത്തിന് പഠിക്കാന്‍ കഴിഞ്ഞു. സാമ്പത്തിക സൗകര്യമുണ്ടായിരുന്നതിനാല്‍ കുതിരസവാരിയും വാള്‍പയറ്റും അദ്ദേഹം അഭ്യസിച്ചു. ഉന്നതശീര്‍ഷനും അഭ്യാസമുറകള്‍ പഠിച്ച ദൃഢശരീരവും കോമള രൂപനുമായതിനാല്‍ എല്ലാവരുടേയും ശ്രദ്ധപിടിച്ചു പറ്റുന്ന പുരുഷകേസരിയായിരുന്നു അദ്ദേഹം. കാര്‍ത്തികപ്പിളളി താലൂക്കിലെ പുതുപ്പള്ളിയിലുള്ള പ്രസിദ്ധ കുടുംബമായ വാരണപ്പിള്ളിയിലെ വെളുമ്പി എന്ന യുവതിയെ വേലായുധന്‍ വിവാഹം കഴിച്ചു. വാരണപ്പിള്ളി തറവാട് അക്കാലത്തു പണ്ഡിതരായ അധ്യാപകരാല്‍ പ്രസിദ്ധമായിരുന്നു. ശ്രീനാരായണഗുരു വിദ്യാര്‍ഥിയായി പഠിക്കാനെത്തുന്നത് വാരണപ്പിള്ളി തറവാട്ടിലാണ്.
സാമ്പത്തികമായി ഉച്ചാവസ്ഥയിലായിരുന്നെങ്കിലും സാമൂഹ്യമായ അവഗണനകള്‍ വേലായുധന്‍ ജനിച്ച ഈഴവ സമുദായത്തിന് അനുഭവിക്കേണ്ടിവന്നു. ഈഴവരേക്കാള്‍ താഴ്ന്ന ജാതിക്കാരുടെ സ്ഥിതി അതിലും കഷ്ടമായിരുന്നു. അയിത്താചരണവും സവര്‍ണരുടെ സാമീപ്യത്തില്‍ നിന്ന് അടികണക്കിന് മാറി നില്ക്കണമെന്നുള്ള അവസ്ഥയും വേലായുധനില്‍ അമര്‍ഷത്തിന്റെ അഗ്നി പടര്‍ത്തി. അമ്പലങ്ങളില്‍ പ്രവേശനമില്ലാതിരുന്നതു കൊണ്ട് ദൂരെമാറി ആരാധിക്കാന്‍ മാത്രമെ അവര്‍ണര്‍ക്ക് കഴിഞ്ഞിരുന്നുള്ളു. സവര്‍ണരുടെ കലയായി അറിയപ്പെട്ടിരുന്ന കഥകളി പോലുള്ള ക്ഷേത്രകലകളും അവര്‍ണര്‍ക്ക് അപ്രാപ്യമായിരുന്നു.
കേരളത്തിലെ നവോത്ഥാന സമരത്തിന് തീകൊളുത്തിയത് ശ്രീനാരായണഗുരു അരുവിപുറം പ്രതിഷ്ഠ നടത്തിയതോടെയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഗുരുദേവനു തന്നെയും മാര്‍ഗദര്‍ശിയായി വേലായുധന്‍ ഒരു അമ്പലം പണിത് ശിവപ്രതിഷ്ഠ നടത്തിച്ചു. 1888 ല്‍ ഗുരുദേവന്‍ അരുവിപുറം പ്രതിഷ്ഠ നടത്തുന്നതിന് 36 വര്‍ഷം മുമ്പ് 1852 ല്‍ ആറാട്ടുപുഴ വേലായുധ പണിക്കരുടെ നേതൃത്വത്തില്‍ കാര്‍ത്തികപ്പിള്ളിയിലെ മംഗലത്ത് കേരള ശൈലിയില്‍ ഒരു ക്ഷേത്രം നിര്‍മിച്ച് ശിവപ്രതിഷ്ഠ നടത്തി. ശ്രീനാരായണ ഗുരു ജനിക്കുന്നതിനും നാലുവര്‍ഷം മുമ്പാണ് ഈ സംഭവം നടന്നത്. മാവേലിക്കര കണ്ടിയൂര്‍ മറ്റത്തില്‍ വിശ്വനാഥന്‍ ഗുരുക്കള്‍ എന്ന തന്ത്രിയാണ് പ്രതിഷ്ഠ നടത്തിയത്. എല്ലാജാതി മതസ്ഥര്‍ക്കും അവിടെ പ്രവേശനം അനുവദിച്ചിരുന്നു. അയിത്തജാതിക്കാരന്റെ ഈ ധിക്കാരം സവര്‍ണപ്രമാണിമാരെ പ്രകോപിപ്പിച്ചു. എങ്കിലും വേലായുധപണിക്കരുടെ പ്രതാപവും ആയോധനകലകളിലുള്ള പ്രാവീണ്യവും ആള്‍ബലവും മൂലം അവര്‍ നിശബ്ദരായി.
1853 ചേര്‍ത്തല തണ്ണീര്‍മുക്കം ചെറുവാരണംകരയില്‍ വേറൊരു ശിവക്ഷേത്ര നിര്‍മാണത്തിനും വേലായുധപണിക്കര്‍ ശ്രമിച്ചു. ക്ഷേത്രനിര്‍മ്മാണവും വിഗ്രഹപ്രതിഷ്ഠയും അവര്‍ണരുടെ ധര്‍മാചരണത്തിന് എതിരാണെന്നു പറഞ്ഞു സവര്‍ണര്‍ ദിവാന് പരാതി അയച്ചു. പ്രതിഷ്ഠാകര്‍മം മുടക്കുന്നതിനായി ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. പ്രശ്‌നം സനാതനവും ആചാരത്തെ സംബന്ധിച്ചതുമാകയാല്‍ ദിവാന്‍ ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചുവരുത്തി തെളിവെടുപ്പു നടത്തുകയുണ്ടായി. അവര്‍ണര്‍ക്കായി ക്ഷേത്രനിര്‍മാണവും ശിവപ്രതിഷ്ഠയും മുമ്പ് നടന്നിട്ടുണ്ടെന്ന് ദിവാന് മുമ്പില്‍ തെളിവു കൊടുക്കുകയും, അതിന് മുന്‍ അനുഭവമായി മംഗലത്തു നടന്ന ശിവപ്രതിഷ്ഠ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ദിവാന്റ തീരുമാനം ക്ഷേത്രനിര്‍മാണത്തിനനുകൂലമായിരുന്നു. അങ്ങനെ സവര്‍ണരുടെ ഭീഷണിക്കും ഭരണകൂടത്തിന്റെ ഇടപെടലിനും എതിരെ പോരാടിയാണ് തണ്ണീര്‍മുക്കത്ത് വേലായുധ പണിക്കര്‍ ക്ഷേത്രം നിര്‍മിക്കുന്നത്.
അക്കാലത്ത് നെയ്ത്ത് പണിയില്‍ പ്രാവീണ്യം നേടിയിരുന്നത് ഈഴവ സമുദായക്കാരായിരുന്നു. എന്നാല്‍ അവര്‍ നെയ്‌തെടുക്കുന്ന മനോഹരമായ പുടവകള്‍ അവര്‍ക്ക് ഉടുക്കാന്‍ അവകാശമുണ്ടായിരുന്നില്ല. മുട്ടിറങ്ങിക്കിടക്കുന്ന നേര്‍ത്ത പുടവകള്‍ മേല്‍ജാതി സ്ത്രീകള്‍ക്ക് ഉടുക്കാനുള്ളതാണ്. അച്ചിപുടവ എന്നാണ് അതിന്റെ പേര്‍തന്നെ. അവര്‍ണരായ സ്ത്രീ-പുരുഷന്മാര്‍ മുട്ടിന് കീഴോട്ട് വസ്ത്രം താഴ്ത്തിധരിക്കുന്നത് അവര്‍ണര്‍ സമ്മതിച്ചിരുന്നില്ല. അത് ധിക്കാരവും നിയമലംഘനവുമായി പരിഗണിക്കപ്പെട്ടിരുന്നു. കായംകുളത്തിനടുത്ത് പന്നിയൂര്‍ പ്രദേശത്ത് ഒരു ഈഴവ യുവതി അച്ചിപ്പുടവ മുട്ടിന് താഴ്ത്തി ഉടുത്ത് വയല്‍വരമ്പില്‍ കൂടി നടന്നുപോകുന്നതുകണ്ട് രോഷാകുലരായ മേല്‍ജാതിക്കാര്‍ അവളുടെ പുടവ വലിച്ചുകീറി ചളിയിലെറിഞ്ഞ് അവളെ അപമാനിച്ച വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്ന് പണിക്കരുടെ ചെവിയിലുമെത്തി. പണിക്കര്‍ ഉടനെതന്നെ അഭ്യാസികളായ കുറെ ചെറുപ്പക്കാരുമായി പന്നിയൂരെത്തി. സവര്‍ണ മേധാവികളെ വെല്ലുവിളിച്ചുകൊണ്ട് കുറച്ചു യുവതികളെ അച്ചിപ്പുടവ ഉടുപ്പിച്ച് വയല്‍വരമ്പിലൂടെ നടത്തിച്ചു. ഒരു പ്രമാണിയും എതിര്‍ക്കാന്‍ ധൈര്യപ്പെട്ടില്ല.
ഈഴവര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നതിനും അക്കാലത്ത് വിലക്കുണ്ടായിരുന്നു. അവര്‍ണസ്ത്രീ സ്വര്‍ണ മൂക്കുത്തിധരിച്ച് പന്തളം ചന്തയിലെത്തിയതു കണ്ട് സവര്‍ണപ്രമാണിമാര്‍ പ്രകോപിതരായി. അവര്‍ ആ സ്ത്രീയുടെ മൂക്കുത്തി ബലമായി വലിച്ചുപറിച്ചു. ആ മൂക്കിന്റെ ഭാഗം കീറിപ്പറിഞ്ഞ് ആ ഈഴവസ്ത്രീ ചോരപാടുമായി നിലവിളിച്ച് ഓടിപ്പോയി. ഇതുകേട്ടറിഞ്ഞ വേലായുധപ്പണിക്കര്‍ അടുത്ത ചന്തദിവസം ഒരു വട്ടിനിറയെ പൊന്നിന്‍ മൂക്കുത്തികളുമായി പന്തളം ചന്തയിലെത്തി. എന്തിനും തയ്യാറായി തന്റെ സുഹൃദ്‌വൃന്ദവും കൂടെയുണ്ടായിരുന്നു. അവര്‍ണ യുവതികളെ വിളിച്ചുവരുത്തി അവരുടെ മൂക്കിലെ ആഭരണ തുളകളില്‍ നിന്ന് ഈര്‍ക്കില്‍ കഷ്ണങ്ങളും ഓലചിന്തുകളും പിച്ചളകമ്പികളുമെല്ലാം ഊരിക്കളഞ്ഞ് താന്‍ കൊണ്ടുവന്ന പൊന്നിന്‍ മൂക്കുത്തികള്‍ ഭംഗിയായി ധരിപ്പിച്ച് അവരെ ചന്തയില്‍ നടത്തിച്ചു. ധൈര്യമുള്ളവരുണ്ടെങ്കില്‍ മൂക്കുത്തി പറിച്ചെടുക്കാന്‍ വരാന്‍ പറഞ്ഞ് വെല്ലുവിളിച്ച് വാളുയര്‍ത്തി ആറാട്ടുപുഴ വേലായുധപണിക്കര്‍ കുതിരപ്പുറത്ത് കയറി അവിടെയെല്ലാം ചുറ്റിയടിച്ചു. അവര്‍ണരുടെ ആചാരങ്ങളെ തിരുത്തിക്കുറിച്ച് ധീരമായി മുന്നേറിയ സംഭവമാണിത്. സ്ത്രീ-സ്വാതന്ത്ര്യത്തിനും വിവേചനത്തിനുമായി നടന്ന ഉജ്ജ്വലപോരാട്ടമായി ഇതിനെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു.
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഒരു പ്രക്ഷോഭകനും അവര്‍ണരുടെ ജനനായകനും മാത്രമായിരുന്നില്ല. ആഢ്യസവര്‍ണരുടെ ഇല്ലങ്ങളിലും സവര്‍ണ ക്ഷേത്രങ്ങളിലും മാത്രം അരങ്ങേറിയിരുന്ന കഥകളി എന്ന കലാരൂപത്തെ ഈഴവര്‍ക്കും കെട്ടിയാടാന്‍ കഴിയുന്ന ഒരു കലയാക്കി മാറ്റിയത് വേലായുധപ്പണിക്കരായിരുന്നു. നമ്പൂതിരി ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും മാത്രമേ കഥകളി നടക്കൂ എന്നതിനാല്‍ അവര്‍ണര്‍ക്ക് ഒളിച്ചും പാത്തും പതുങ്ങിയും മാത്രമേ നോക്കിക്കാണാന്‍ കഴിഞ്ഞിരുന്നുള്ളു. ഈഴവരുടെ കഥകളി അരങ്ങേറ്റമെന്നത് സ്വപ്നംകാണാന്‍ പോലും കഴിഞ്ഞിരുന്നില്ല.
കഥകളിയോഗം സ്ഥാപിക്കുകയെന്നത് സവര്‍ണ മേധാവിത്തത്തോടുള്ള വെല്ലുവിളിയായി സ്വീകരിച്ച വേലായുധപണിക്കര്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. മംഗലം ക്ഷേത്രത്തില്‍ കഥകളിക്ക് പ്രവേശനമുണ്ടായിരുന്നതിനാല്‍ അവിടെവച്ച് കഥകളി അഭ്യസിക്കാന്‍ തീരുമാനിച്ചു. കഥകളി ആചാര്യനായ അമ്പലപ്പുഴ മാധവകുറുപ്പിന്റെ സഹായത്തോടെ ക്ഷേത്രത്തിനുചുറ്റുമുള്ള കലാതാല്‍പ്പര്യമുള്ള കുറെ ഈഴവ ചെറുപ്പക്കാരെ കഥകളി പരിശീലിപ്പിച്ച് വേലായുധപണിക്കര്‍ ഒരു കഥകളി യോഗം സ്ഥാപിച്ച് അരങ്ങേറ്റം നടത്തി. വേലായുധപ്പണിക്കരുടെ നാലുമക്കളും കഥകളി പഠിച്ച് വേഷമിട്ടിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
വേലായുധപണിക്കരുടെ കഥകളിയോഗം പ്രസിദ്ധിയാര്‍ജിക്കുകയും അതോടൊപ്പം എന്തുവിലകൊടുത്തും ഇതിനെ എതിര്‍ക്കാന്‍ സവര്‍ണര്‍ രംഗത്തുവരികയും ചെയ്തു. ഈഴവ ചെറുപ്പക്കാര്‍ കഥകളിയിലെ ദേവരൂപങ്ങള്‍ കെട്ടിയാടുന്നത് സവര്‍ണര്‍ക്ക് ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യമായിരുന്നു. സവര്‍ണര്‍ സംഘടിതരായി ദിവാന്‍ജിക്ക് മുമ്പാകെ പരാതി നല്‍കി. കഥകളിയിലെ കഥാപാത്രങ്ങള്‍ പുരാണ പ്രസിദ്ധിയുള്ള ദേവന്മാരും ബ്രാഹ്മണരും രാജാക്കന്മാരും അസുരന്മാരുമൊക്കെയാണ്. മുഖത്തു പച്ചതേച്ച്, ചുട്ടികുത്തി, തലയില്‍ രാജപ്രൗഢിക്കു ചേരുന്ന കിരീടം വെച്ചാണ് വേഷങ്ങള്‍ രംഗത്തുവരുന്നത്. ആ വേഷം വിനോദത്തിനാണെങ്കില്‍പോലും അയിത്ത ജാതിക്കാരായ ഈഴവര്‍ കെട്ടുന്നതും കളിക്കുന്നതും ധര്‍മ്മനീതിക്കെതിരാണെന്നും കളിക്കുന്നവര്‍ക്കും കളി കാണുന്നവര്‍ക്കും ദൈവവിരോധമുണ്ടാകുമെന്നും ദിവാനയച്ച പരാതിയില്‍ സവര്‍ണര്‍ ബോധിപ്പിച്ചു. ജാതി ഹിന്ദുക്കള്‍ ഇത് സഹിക്കില്ലെന്നും സമാധാനലംഘനമുണ്ടാകുമെന്നും അവര്‍ ദിവാനെ ധരിപ്പിച്ചു. ദിവാന്‍ ടി മാധവറാവു ഇരുകക്ഷികളെയും വിളിച്ചുവരുത്തി. പുരാണങ്ങളും ഇതിഹാസങ്ങളും നിരത്തി വേലായുധപ്പണിക്കര്‍ തന്നെയാണ് ശക്തമായ വാദം നടത്തിയത്. സവര്‍ണരുടെ ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും മറ്റു നിയമതടസങ്ങള്‍ ചൂണ്ടിക്കാണിക്കാനില്ലാത്തതിനാല്‍ കഥകളി നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള വിധിയാണ് ദിവാന്‍ പുറപ്പെടുവിച്ചത്.
തിരുവിതാംകൂര്‍ മഹാരാജാവും ഈ പുരുഷ കേസരിയെ ബഹുമാനിക്കുകയുണ്ടായി. പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ സാളഗ്രാമം തരണനല്ലൂര്‍ നമ്പൂതിരിപ്പാടില്‍ നിന്നും കായംകുളം കായലില്‍ വെച്ച് കീരിക്കാട്ടുകാരായ ചില അക്രമികള്‍ കൈവശമാക്കി. ആ സാളഗ്രാമം തിരികെ വാങ്ങുന്നതിനും അക്രമികളെ പിടിച്ചേല്‍പ്പിക്കുന്നതിനും തിരുവിതാംകൂര്‍ മഹാരാജാവ് വേലായുധപണിക്കരെ അധികാരപ്പെടുത്തി. തന്നെ ഏല്‍പ്പിച്ച ദൗത്യം വിജയകരമാക്കി തീര്‍ത്തതില്‍ സന്തോഷിച്ച് പണിക്കര്‍ക്ക് രണ്ടുകൈക്കും മഹാരാജാവ് വീരശൃംഖല നല്‍കുകയും ബഹുമതിയായി പണിക്കര്‍ സ്ഥാനം കല്‍പ്പിച്ചുനല്‍കുകയും ചെയ്തു.
സവര്‍ണര്‍ക്ക് എന്നും തലവേദനയായി പണിക്കര്‍ മാറി. അവര്‍ണരുടെ പ്രശ്‌നങ്ങള്‍ക്കും നീതിക്കും സമത്വത്തിനും വേണ്ടി പോരാടിയ മഹാധീരനായിരുന്നു പണിക്കര്‍. ആയോധനവിദ്യയും കുതിര സവാരിയും സ്വായത്തമാക്കിയ പണിക്കരെ 1874 ല്‍ ധനു 24 ന് തണ്ടുവച്ച ബോട്ടില്‍ കായംകുളം കായല്‍ വഴി കൊല്ലത്തേക്ക് പോകുമ്പോള്‍ ശത്രുക്കള്‍ ആസൂത്രിതമായി സംഘടിച്ച് നടുക്കായലില്‍ വച്ച് കുത്തിക്കൊല്ലുകയാണുണ്ടായത്.
തന്റെ ഹ്രസ്വമായ ജീവിതകാലത്ത് അധഃകൃതരുടെ ഉന്നമനത്തിനുവേണ്ടി പോരാടിയ ധീരോജ്ജ്വലനായ മറ്റൊരു നേതാവും വേലായുധപ്പണിക്കരെപോലെ ഉണ്ടാവില്ല. ആ സിംഹഗര്‍ജ്ജനം സവര്‍ണരെ വിറപ്പിച്ചു. അനാചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും കോട്ടകളില്‍ വിള്ളലുണ്ടാക്കി. കേരളത്തിലെ നവോഥാന പ്രസ്ഥാനത്തിലെ ആദ്യ രക്തസാക്ഷിയായി ചരിത്രം രേഖപ്പെടുത്തുക ആറാട്ടുപുഴ വേലായുധപ്പണിക്കരെ ആയിരിക്കും.

Category:

Article Copyright Disclaimer:
The article content published on this blog is for the purpose of sharing useful information with blog readers and visitors. Some of these may contain excerpts from other internet sources. If you believe an article has infringed on your copyright, please contact us and we'll delete or revise it immediately.