.

തീര്‍ത്ഥാടനം


 ശരീരത്തേയും മനസ്സിനേയും ശുദ്ധീകരിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് തീര്‍ത്ഥാടന സങ്കല്പത്തിനാധാരം.
   ആചാരനുഷ്ഠാനങ്ങളില്‍ ലോകത്തിലെ എല്ലാ മതങ്ങളും തീര്‍ത്ഥാടനത്തിന് പ്രമുഖവും പ്രധാനവുമായ പ്രസക്തി നല്‍കിവരുന്നു. ജെറുസലേം തീര്‍ത്ഥാടനം, മക്കയിലെ ഹജ്ജ് തീര്‍ത്ഥാടനം, കാശി, പുരി തീര്‍ത്ഥടനങ്ങല്‍ തുടങ്ങി ലോകപ്രശസ്തമായ അനേക തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ നമുക്കറിയാം. ശബരിമല തീര്‍ത്ഥാടനം ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. ഓരോ തീര്‍ത്ഥാടനത്തിനും തയ്യാറെടുക്കുന്ന തീര്‍ത്ഥാടകന്‍ അനുഷ്ഠിക്കേണ്ടതായ യമനിയമാദികള്‍ തീര്‍ത്ഥാടന സങ്കല്പത്തിന്‍റെ ഏണിപ്പടികളാണ്. അനിയന്ത്രിതമായ ജീവിതത്തില്‍ നിന്ന് ഇന്ദ്രിയങ്ങളെയും മനസ്സിനെയും അടക്കിനിര്‍ത്തി ആത്മീയതയെ ഉണര്‍ത്തുവാനുള്ള അശ്രാന്തപരിശ്രമത്തെയാണ് വ്രതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വ്രതനിഷ്ഠനായ തീര്‍ത്ഥാടകന്‍ തന്‍റെ പചനസംവിധാനത്തെ ക്രമപ്പെടുത്തി ശരീരത്തിന്‍റെ ആരോഗ്യത്തെയും ജപധ്യാനാതികളിലൂടെ മനസ്സിനെ ഏകാഗ്രമാക്കി എല്ലാവിധ ദുശ്ശീലങ്ങള്‍ക്കും, ദുശ്ശാഠ്യങ്ങള്‍ക്കും വഴിമാറി ഈശ്വരോന്മുഖമായി നിരന്തരം അനുസന്ധാനം ചെയ്യുന്പോള്‍ വ്രതനിഷ്ഠയുടെ പൂര്‍ണ്ണ പരിപക്വഫലം സിദ്ധിക്കുന്നു. തീര്‍ത്ഥാടനം എന്നു പറയുന്നതിന്‍റെ അര്‍ത്ഥം പുണ്യതീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത് ശുദ്ധീകരിക്കപ്പെടുക എന്നതാണ്. യമനിയമാദികളുടെ നിയന്ത്രിതജീവിതം ശീലിക്കാത്ത ഒരുവനും തീര്‍ത്ഥാടനത്തിന്‍റെ ഫലത്തെ പ്രാപിക്കാനാകുന്നില്ല.
   മനുഷ്യരാശിയുടെ സര്‍വ്വതോന്മുഖമായ ഉയര്‍ച്ചയെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച മഹാമാനുഷികയാണ് ശ്രീനാരായണ ഗുരുദേവന്‍. അവിടുത്തെ ഭൗതികശരീരം വിലയംപ്രാപിച്ച ശിവഗിരിക്കുന്നിലേക്കുള്ള തീര്‍ത്ഥയാത്ര പഞ്ചശുദ്ധിയോടെയുള്ള അറിവിന്‍റെ തീര്‍ത്ഥാടനമാണ്. ഒരു ഋഷിവര്യന്‍റെ കര്‍മ്മസാന്നിദ്ധ്യംകൊണ്ട് തീര്‍ത്ഥീകരിക്കപ്പെട്ട ശിവഗിരിക്കുന്ന്, തീര്‍ത്ഥാടനത്തിന്‍റെ വേറിട്ട ഒരു അനുഭവം സാധകനു നല്‍കുന്നു. പരന്പരാഗത തീര്‍ത്ഥാടന സംസ്ക്കാരത്തിന്‍റെ പവിത്രത ഒട്ടും നഷ്ടപ്പെടാതെ, എന്നാല്‍ അനന്യവും, അനുപമവുമായ അനുഭൂതിയിലേക്ക്; അല്ല: അനുഭവത്തിലേക്ക് ശിവഗിരി തീര്‍ത്ഥാടനം നമ്മെ മാടിവിളിക്കുന്നു.ആത്മീയവും ഭൗതികവും പരസ്പരപൂരകമായി കണ്ട് രണ്ടിനും ജീവിതത്തില്‍ തുല്യപ്രാധാന്യം നല്‍കിയ ദര്‍ശനവിസ്മയം അദ്വൈതത്തിലൂടെ സാക്ഷാത്ക്കരിച്ചു എന്നതാണ് ശ്രീനാരായണഗുരുദേവനെ ഇതര ആചാര്യന്മാരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. മനുഷ്യജീവിതം ഒരു പ്രപഞ്ച മായയെന്നു കണ്ട് അവഗണിക്കാതെ യാഥാര്‍ത്ഥ്യബോധത്തില്‍ കണ്ട് അതിനനിവാര്യമായ ഭൗതിക സാഹചര്യങ്ങളിലേയ്ക്കാണ് ഗുരു തീര്‍ത്ഥാടനത്തിലെ ദ്വിതീയവീക്ഷണം നടത്തിയത്. വിദ്യാഭ്യാസം, കൃഷി, കൈത്തൊഴില്‍, സംഘടന, ശുചിത്വം, ഈശ്വരഭക്തി, വ്യവസായം, സാങ്കേതിക പരിശീലനം എന്നീ എട്ടു ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ലക്ഷ്യമായി ഗുരു പ്രഖ്യാപിച്ചു. പഞ്ചശുദ്ധിയില്‍ നിര്‍മ്മലമായ ശരീരമനസ്സുകള്‍ക്ക് ഗുരുഭക്തി എന്ന അമൃതകരണത്തിലൂടെ, ബുദ്ധിയും പ്രകാശവും ഉദ്ദീപിപ്പിക്കപ്പെട്ട് മുന്‍പറഞ്ഞ തീര്‍ത്ഥാടന ലക്ഷ്യങ്ങളില്‍, തികഞ്ഞ അവബോധംവന്ന് പ്രായോഗിക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്പോള്‍ വ്യക്തിനിഷ്ഠമായ വികസനവും ദേശനിഷ്ഠമായ വികസനവും സര്‍വ്വോപരി രാജ്യത്തിന്‍റെ സമഗ്രവികസനവും സാദ്ധ്യമാകുന്നു. തീര്‍ത്ഥാടനത്തില്‍ ഇത്തരമൊരു ദ്വിതീയ വീക്ഷണം നല്കിയതിലൂടെ ശ്രീനാരായണഗുരു ലോകത്തിന് നല്‍കുന്ന സന്ദേശം "വ്യക്തി നന്നായാല്‍ സമൂഹം നന്നാവും സമൂഹം നന്നായാല്‍ ലോകം നന്നാവും." പരസ്പരം വിദ്വേഷത്തിന്‍റെയും ചൂഷണത്തിന്‍റെയും മാത്സര്യങ്ങളുടെയും വിഷലിപ്തമായ സാമൂഹിക അനീതികളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കാന്‍ ഗുരു ഉപദേശിച്ച മാര്‍ഗ്ഗം; അതാണ് മനുഷ്യന്‍ നന്നായാല്‍ മതി, "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി." 

സ്വരൂപ ചൈതന്യ
ശിവഗിരി തീർത്ഥാടന സമയത്ത് ശ്രീ നാരായണഗുരുവിന്റെ നിർദ്ദേശപ്രകാരമുള്ള വൃതാനുഷ്ഠാനങ്ങളൊടു കൂടി ആളുകൾ ഇവിടേയ്ക്ക് തീർത്ഥാടനം ചെയ്യുന്നു. ഡിസംബർ മാസത്തിലെ അവസാനത്തെ ആഴ്ചയാണ് ശിവഗിരി തീർഥാടനം നടത്തുന്നത്. 

Category:

Article Copyright Disclaimer:
The article content published on this blog is for the purpose of sharing useful information with blog readers and visitors. Some of these may contain excerpts from other internet sources. If you believe an article has infringed on your copyright, please contact us and we'll delete or revise it immediately.