ശ്രീനാരായണ ഗുരുദേവന്റെ ആശ്ചര്യ ചിന്തകൾ!!!
ശ്രീനാരായണ ഗുരുദേവന്റെ ആശ്ചര്യ ചിന്തകൾ!!!
ശ്രീനാരായണ ഗുരുദേവന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ താത്കാലിക കേന്ദ്രം അരുവിപ്പുറമായിരുന്നല്ലോ. പിന്നോക്ക വിഭാഗത്തിൽ പെട്ട ഈഴവ-തീയ ജനതയുടെ സാമൂഹിക ജീവിതത്തിൽ മൗലിക ചില പരിഷ്കാരങ്ങൾ അടിയന്തിരമായ ഏർപ്പെടുത്തേണ്ടത് അതിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കു അത്യന്താപേക്ഷി തമായി ഗുരുദേവൻ കണ്ടു.അതിന്റെ വിജയത്തിനു വേണ്ടി യോഗത്തിന്റെ ആദർശങ്ങളെ സാക്ഷാൽക്കരിക്കാൻ സ്വാമി പലയിടങ്ങളിലും ചുറ്റി സഞ്ചരിച്ചു. പലതും കണ്ടു മനസ്സിലാക്കി.അന്ധമായ പാരമ്പര്യത്തിലെ അധിഷ്ഠിതമായ അനാചാരങ്ങളെ അനുകരിക്കുന്നതിൽ നിന്നും സമുദായത്തെ പിന്തിരിപ്പിക്കാൻ ചിലനിയമങ്ങൾ തന്നെ ഏർപ്പെടുത്തേണ്ടതായി വന്നു. താലികെട്ടിടയന്തിരം എന്ന കെട്ടുകല്ല്യാണം നിറുത്തൽ ചെയ്തതെങ്ങനെയെന്നു 'ശ്രീ നാരായാണ ഗുരുദേവന്റെ ആശ്ചര്യ ചിന്തകൾ' എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പ്രതിപാദിച്ചിരിക്കുന്നു: "സ്വാമി തൃപ്പാദങ്ങൾ കരുംകുളത്തുവന്നാൽ പതിവായി താമസിച്ചിരുന്നതു ഞങ്ങളുടെ പഴയ തറവാടിനോടനുബന്ധിച്ചുള്ള പൂജാമുറിയിലാണ് .(റിട്ടയേർഡ് ജഡ്ജി കരുങ്കുളം വാസുദേവന്റെ അനുഭവമായിട്ടാണ് ഗോപാലൻ തന്ത്രി ആ സംഭവം വിവരിക്കുന്നത് .) എന്റെ പിതാമഹൻ നടത്തിപ്പോന്ന പൂജാനുഷ്ഠാനങ്ങളിൽ ഞാൻ സംബന്ധിക്കാറുണ്ട്. പൂജാമുറിയിൽ പ്രതിഷ്ഠിച്ചിരുന്ന ഗുരുദേവ ചിത്രത്തിനു മുമ്പിൽ പൂജ ചെയ്യാൻ ബാല്യകാലത്തു എനിക്കവസരം കിട്ടിയിരുന്നു .... ഞങ്ങളുടെ പഴയ കുടുംബത്തിൽ വച്ചാണ് കെട്ടുകല്യാണം എന്ന അനാചാരത്തിനു സ്വാമി വിരാമമിട്ടത്.അച്ഛന്റെ രണ്ട് ഇളയ സഹോദരിമരുടെ കെട്ടു കല്യാണമായിരുന്നു അത്. ദശവർഷങ്ങളായി നിലനിന്നുപോന്ന ആ ദുരാചാരം സദാചാരമെന്നും തറവാടിത്തമെന്നും അന്തസ്സെന്നും വിചാരിച്ചും വിശ്വസിച്ചും പോന്നിരുന്ന ഒരു വലിയ സമുദായത്തിന്റെ അംഗീകാരവും വിശ്വാസവും ഗുരുവിന്റ കല്പനാ ശക്തിയാൽ മാറ്റിയെടുക്കാൻ കഴിഞ്ഞത് ഒരു വൻപിച്ച നേട്ടമാണ്; അത്ഭുതമാണ്'' കെട്ടു കല്യാണം നിറുത്തൽ ചെയ്ത സംഭവം കുറേക്കൂടി വിശദമായി 'ശ്രീ നാരായണഗുരുസ്വാമികൾ ' എന്ന ജീവചരിത്ര ഗ്രന്ഥത്തിലുണ്ട്. "നെയ്യാറ്റിൻകര കരുങ്കുളത്തു വലിയ ഒരു ഗൃഹസ്ഥനും സ്വാമി തൃപ്പാദങ്ങളുടെ വിശ്വസ്ത ഭക്തനുമായ ഒരു ഈഴവ മാന്യന്റെ ഏകപുത്രിയുടെയും മറ്റ് ഏതാനും ബാലികമാരുടെയും താലി കെട്ടുകല്യാണം നടത്താനുള്ള ഒരുക്കങ്ങൾ പൊടിപൂരമായി നടന്നു വരുകയായിരുന്നു. ഈ വിവരമറിഞ്ഞ സ്വാമി തൃപ്പാദങ്ങൾ മുഹൂർത്ത സമയ ത്തെവിടെയെത്തി.അതിവിശാലവും പണം ദുർവ്യയം ചെയ്തു തീർത്ത അതി മനോഹരവുമായ പന്തലിൽ വാദ്യഘോഷങ്ങളോടും മറ്റനേകം ആഡംബരങ്ങളോടും കൂടി ശുഭമുഹൂർത്തത്തിൽ തന്നെ താലികെട്ടൽ കർമ്മത്തിനു വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തു പെൺകുട്ടികളെ യഥാസ്ഥാനത്തു അലങ്കരിച്ചിരുത്തിയിരുന്നു .നാനാജാതി മതസ്ഥരായ അതിഥികളെ അവിടെ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. സദ്യയുടെ കേമമായ സ്വഭാവം കൊണ്ട് വീടും പറമ്പും തിക്കിത്തിരുക്കി വലിയൊരു പുരുഷാരം അവിടെ തടിച്ചുകൂട്ടിയിരുന്നു. കൗരവസദസിലേയ്ക്കു പുറപ്പെട്ട ശ്രീ കൃഷ്ണനെപ്പോലെ സ്വാമി തൃപ്പാദങ്ങൾ അവിടെയെത്തിയപ്പോൾ പലർക്കും സമ്മിശ്ര വികാരങ്ങളാണുണ്ടായത്.പ്രധാനപ്പെട്ട പെൺകുട്ടിയുടെ അച്ഛനെ അടുത്തു വിളിച്ചിട്ട് സ്വാമി പറഞ്ഞു ." കെട്ടു കല്യാണം ആവശ്യമുള്ളതല്ല, നാം ഇതിനെപ്പറ്റി പലപ്പോഴും ജനങ്ങളെ അറിയിച്ചിട്ടും ഇതുവരേയും നിങ്ങൾ അതു കേൾക്കുന്നില്ലല്ലോ. നിങ്ങളുടെ ഗുണത്തിനയിട്ടാണ് പറയുന്നത്. നമ്മുടെ വാക്കിൽ നിങ്ങൾക്കു വിശ്വാസമുണ്ടെങ്കിൽ കെട്ടു കല്യാണം നടത്താതെ കഴിക്കണം.'' ഇതു കേട്ടിട്ടു ഗൃഹസ്ഥൻ വിനീതനായി മറുപടി കൊടുത്തു. " സ്വാമി എങ്ങെനെ കൽപ്പിക്കുന്നോ അങ്ങെനെ, ഞങ്ങളുടെ കുടുംബത്തിൽ മേലാൽ കെട്ടു കല്യാണം നടത്തുകയില്ല.'' അതു കേട്ടിട്ടുസ്വാമി തുടർന്നു: "അതുപോരാ, ഈ കെട്ടു കല്യാണം തന്നെ അനാവശ്യമാണ്;നിരർത്ഥകമാണ്. അതു നിങ്ങൾക്കു മുടക്കിക്കൂടെ? മുടക്കിയതുകൊണ്ട് ആർക്കും ഒരു ദോഷവും വരാനില്ല." അതു കേട്ടു ഗൃഹസ്ഥൻ വനിതനായി അറിയിച്ചു;" സ്വാമി കൽപ്പിക്കുന്നതു കേൾക്കാൻ എനിക്കു സമ്മതമാണ്.'' ഉടനെ സ്വാമി പന്തലിൽ അണിഞ്ഞൊരുങ്ങിയിരുന്ന പെൺകുട്ടികളെ വിളിച്ച് അവർക്കു പഴവും പൂവും നൽകി അകത്തേയ്ക്ക് പറഞ്ഞയച്ചു. എന്നിട്ട് ഇങ്ങനെ കല്പിച്ചു;" ഈ കെട്ടു കല്യാണം ഞാൻ മുടക്കിയിരിക്കുന്നു. സ്വജനങ്ങളിൽ ആരും ഈ അനാവശ്യമായ അടിയന്തിരം മേലാൽ നടത്തരുതെന്നാണു ഞാൻ ആഗ്രഹിക്കുന്നത്.'' അത് അലംഘനീയമായ ഒരു അജ്ഞയായിരുന്നു. അതോടു കൂടി കെട്ടു കല്യാണം തുടങ്ങിയ അനാചാരങ്ങൾ ഈഴവ സമുദായത്തിൽ മാത്രമല്ല ഇതര സമുദായങ്ങളിലും നാമാവശേഷമായിത്തീർന്നു.തുടർന്നാണു സ്വാമി അന്ധവിശ്വാസജടിലമെന്നു പറയാവുന്ന ബഹുഭാര്യാത്വംമൃഗബലി തുടങ്ങിയ ദുരാചാരങ്ങൾക്കു അറുതി വരുത്തിയത്. |
Posted: 04 Sep 2015 09:50 AM PDT
|
Posted: 04 Sep 2015 09:48 AM PDT
മനുഷ്യനെ തെറ്റായ മാര്‍ഗത്തിലേക്ക് എല്ലായ്പോഴും നയിക്കുന്നത് അവന്റെ അഞ്ച് ഇന്ദ്രിയങ്ങളാണ് എന്നതും, ഇന്ദ്രിയ വിഷയങ്ങളെ മനസ്സും, ബുദ്ധിയും സദാ പിന്തുടരുന്നു എന്നതും തര്‍ക്കമില്ലാത്ത വസ്തുതയാണ്. നിങ്ങള്‍ കുറച്ച് "സാധാരണക്കാരായ" സുഹൃത്തുക്കളോട് കൂടിയിരിക്കുന്ന സമയത്ത് ഒരു ആത്മീയ വിഷയം എടുത്ത്, അതിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങുക. ഉടനെ തന്നെ വിമര്‍ശനങ്ങള്‍ വരുന്നത് കാണാം, "വേറെ ഒന്നും പറയാന്‍ ഇല്ലേ" എന്നും മറ്റുമായി. ഒരു പക്ഷെ നിങ്ങളെ "ഭ്രാന്തന്‍" എന്ന് തന്നെ വിളിച്ചുകൂട എന്നില്ല. അതെ സമയം ഒരു സ്ത്രീയെ കുറിച്ചോ, അങ്ങിനെ ഉള്ള വിഷയങ്ങളെ കുറിച്ചോ സംസാരിക്കാന്‍ തുടങ്ങി എന്ന് കരുതുക, അഞ്ചു വയസ്സുള്ള ചെറിയ കുട്ടി മുതല്‍ നൂറു വയസ്സായ അപ്പൂപ്പനോ അമ്മൂമ്മയോ പോലും കാതും കൂര്‍പ്പിച്ചു വരുന്നത് കാണാം, കൂടാതെ ഒരുപാട് "comments" ഉം "like" ഉം അവരില്‍ നിന്ന് കിട്ടുകയും ചെയ്യും. പരിമിതി മൂലം ഒരു ചെറിയ ഉദാഹരണം പറഞ്ഞു എന്ന് മാത്രം. മനുഷ്യന്റെ ചെവി എന്ന ഇന്ദ്രിയം അവനെ നരകത്തിലേക്ക് നയിക്കുന്ന ഒരു ഉദാഹരണം ആണ് ഈ പറഞ്ഞത്. ഇതുപോലെ ഓരോ ഇന്ദ്രിയത്തിനും പൈശാചിക വിഷയങ്ങളിലേക്ക് അടുക്കുവാനുള്ള വാസന, സാത്വിക വിഷയങ്ങളെ അപേക്ഷിച്ച് എപ്പോഴും വളരെ കൂടുതലാണ്. ഒളിമുതലാം പഴമഞ്ചുമുണ്ട് നാറും നളികയിലേറി നയേന മാറിയാടും കിളികളെയഞ്ചു മരിഞ്ഞു കീഴ്മറിക്കും വെളിവുരുവേന്തി അകം വിളങ്ങിടെണം എന്ന് ഭഗവാന്‍ ശ്രീ നാരായണ ഗുരു നമ്മോടു പറഞ്ഞതിന്റെ സാരം ഇത് തന്നെ ആണ് എന്ന് ഏവര്‍ക്കും അറിയാമല്ലോ..! കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക് എന്നിവയാണ് മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങള്‍. വെറും സാധാരണക്കാര്‍ ആയ ജനങ്ങളുടെ ഈ പറഞ്ഞ ഇന്ദ്രിയങ്ങളെ വളരെ പെട്ടെന്ന് തന്നെ, സാത്വിക മാര്‍ഗത്തിലേക്ക് നയിക്കുവാനുള്ള ശാശ്ത്രീയമായ ഒരേ ഒരു മാര്‍ഗമാണ് ക്ഷേത്ര ദര്‍ശനം. 1) ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം, എന്നിവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും 2) ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും 3) പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും 4) ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം എന്നിവ നമ്മുടെ ചെവികളെയും 5) ചന്ദനം, ഭസ്മം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും സ്വാര്‍ത്ഥ, ലൗകിക, പൈശാചിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വരനില്‍ ലയിപ്പിക്കുന്നു. ഇന്ദ്രിയ വിഷയങ്ങളെ മനസ്സും ബുദ്ധിയും പിന്തുടരുന്നതിനാല്‍, കാലം ചെല്ലുമ്പോള് ആസക്തി മാറി, ഭക്തിയും വിരക്തിയും വര്‍ദ്ധിച്ച് ഇതൊന്നും കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രം അല്ലാതെ, സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരനെ ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു. മുകളില്‍ പറഞ്ഞതില്‍ നിന്ന് ഒരു ചോദ്യം ഉടനെ തന്നെ ഉയരാം, അതായത് വിഗ്രഹം ഈശ്വരന്‍ ആണോ, അതോ വിഗ്രഹത്തില്‍ ഈശ്വരന്‍ ഉണ്ടോ... എന്നൊക്കെ. അതിനും മറുപടി ഉണ്ട്. നിങ്ങളുടെ അച്ഛന്റെയോ അമ്മയുടെയോ ഫോട്ടോ കാണിച്ചിട്ട് ഞാന്‍ നിങ്ങളോട് "ഇതാരാണ്" എന്ന് ചോദിച്ചാല്‍ നിങ്ങള്‍ പറയും "എന്റെ അച്ഛന്‍" അല്ലെങ്കില്‍ "എന്റെ അമ്മ" എന്ന്. അത് ശരിയാണോ ? കാരണം ഞാന്‍ നിങ്ങളെ കാണിച്ചത് ഒരു കടലാസ് കഷണം, അത് എങ്ങിനെ നിങ്ങളുടെ "അച്ഛന്‍" അല്ലെങ്കില്‍ "അമ്മ" ആകും ? സത്യത്തില്‍ ഞാന്‍ കാണിച്ചത് കടലാസ് ആണ് എന്ന് നിങ്ങൾക്ക് പൂര്‍ണ്ണ ബോധം ഉണ്ട്. എന്നിട്ടും അതിനെ "അച്ഛന്‍" എന്ന് പറയാന്‍ കാരണം, നിങ്ങള്‍ കടലാസില്‍ കാണുന്നത് സ്വന്തം അച്ഛനെ ആണ് എന്നത് കൊണ്ടാണ്. ഒപ്പം അറിയുകയും ചെയ്യാം, അത് അച്ഛന്‍ അല്ല എന്ന്. ഇത് തന്നെ ആണ് ഭഗവാന്‍ ശ്രീ നാരായണ ഗുരു "എല്ലാവരും ആരാധിക്കുന്നത് ഈശ്വരനെ ആണ്, ബിംബത്തെ അല്ല" എന്ന് "ബുദ്ധിമാന്മാരെന്നു സ്വയം വിശ്വസിക്കുന്ന" വിഡ്ഢികളായ യുക്തിവാദികളോട് വിളിച്ചു പറഞ്ഞത്. ഈ സത്യം മനസ്സിലാക്കി ക്ഷേത്രദര്‍ശനം നടത്തുന്നവന് അതൊരു മഹാ അനുഭവം തന്നെ ആണ്. എന്നാല്‍ ഈ സത്യം മനസ്സിലാക്കാത്തവര്‍, പട്ടി ചന്തക്കു പോകും പോലെ ക്ഷേത്രത്തില്‍ പോകുന്നു, ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്നു... ഞാനും അത് തന്നെ ചെയ്യുന്നു. ഇനി അതായിട്ടു ഒരു കുറവ് വേണ്ട, എന്ന മട്ടില്‍..! ഈ ശാസ്തീയമായ വസ്തുത നിങ്ങളും നിങ്ങളുടെ എല്ലാ വേണ്ടപ്പെട്ടവരോടും, സ്നേഹത്തോടെ പറഞ്ഞു കൊടുത്ത്, അവരുടെ ശ്രദ്ധയെ അന്ധവിശ്വാസത്തിന്റെയും അജ്ഞാനതിന്റെയും മാര്‍ഗ്ഗത്തില്‍ നിന്നും ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവ തൃപ്പാദങ്ങളിലേക്ക് തിരിച്ചു വിടുവാന്‍ അപേക്ഷിക്കുന്നു..! |
You are subscribed to email updates from ഗുരുദേവ ചരിത്രം To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
Category: ചിന്തകൾ