.

സ്ഫടികപ്പാത്രത്തിൽ ഇളനീർ കുടിക്കാറുണ്ടോ?

സജീവ് കൃഷ്ണൻ

കൊൽക്കത്തയിൽ നടന്ന ശാസ്ത്രകോൺഗ്രസിൽ ഒരു പ്രബന്ധം അവതരിപ്പിച്ചിട്ട് ശിവഗിരിയിൽ മടങ്ങിയെത്തിയതാണ് നടരാജഗുരു. ശ്രീനാരായണഗുരു ആ സമയം ശിവഗിരിയിലുണ്ട്. ശിഷ്യനെ കണ്ടപാടേ ഗുരു ചോദിച്ചു: "തമ്പീ നീ ഈയിടെ കൽക്കട്ടയിൽ പോയി ഒരു ഉപന്യാസം വായിച്ചെന്നു കേട്ടല്ലോ. അതെന്തായിരുന്നു?'

"ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തെക്കുറിച്ചായിരുന്നു അത്.'

"കുരങ്ങിൽനിന്ന് പരിണമിച്ച് മനുഷ്യനുണ്ടായി എന്ന് പറഞ്ഞ സായ്പിന്റെ സിദ്ധാന്തത്തെപ്പറ്റിയാണോ?'

"അതേ.'

ശിഷ്യനെ ശ്രദ്ധിച്ചുനോക്കിക്കൊണ്ട് ഗുരു വീണ്ടും ചോദിച്ചു: "അങ്ങനെയുള്ള ഒരു പരിണാമപ്രക്രിയ ഇപ്പോൾ നടക്കുന്നുണ്ടോ?'

ശിഷ്യൻ ആ ചോദ്യത്തോട് മൗനംപൂണ്ടു.

"ആട്ടെ, കാട്ടിലെവിടെയെങ്കിലും പകുതി വാലുപോയി നില്ക്കുന്ന കുരങ്ങിനെ നീ കണ്ടിട്ടുണ്ടോ?'

പരിണാമദശയിലുണ്ടായ മിസിംഗ് ലിങ്കുകളെപ്പറ്റിയാകും ഗുരു ചോദിക്കുന്നതെന്നാണ് നടരാജഗുരു കരുതിയത്. അപ്പോൾ ഗുരു തന്റെ നിലപാട് കുറച്ചുകൂടി വ്യക്തമാക്കി: "ഘടികാരത്തിലെ മണിക്കൂർ സൂചി ചലിക്കുന്നത് കാണാൻ കഴിയുന്നില്ല. അതുപോലെ ദീർഘകാലംകൊണ്ട് നടക്കുന്ന ഒരു പ്രക്രിയയാണ് പരിണാമമെന്നും ആ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർ കരുതിയേക്കാം. ഒരു ചോദ്യം കൂടി നിന്നോടു ചോദിക്കട്ടെ. എന്താണ് പരിണമിക്കുന്നത്, ചിത്തോ അതോ ജഡമോ?'

ഗുരു ഉന്നയിച്ച ചോദ്യത്തിന്റെ ആഴംകണ്ടു ഭയന്നുപോയി ശിഷ്യൻ. ആധുനിക ശാസ്ത്രസങ്കല്പങ്ങളുടെ അടിവേരുപറിക്കാൻ കെല്പുള്ള ചോദ്യമാണ് ഗുരു ഉന്നയിച്ചിരിക്കുന്നത്. ജീവശാസ്ത്രവും നരവംശശാസ്ത്രവും ഗുരുവിന്റെ മുന്നിൽ തോൽവി സമ്മതിച്ച് തലകുനിക്കുന്നതായി നടരാജഗുരുവിനു തോന്നി. അതോടെ നടരാജഗുരു മണ്ണിലേക്ക് കമിഴ്ന്നുവീണ് ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ദണ്ഡനമസ്കാരം ചെയ്തു.

മുമ്പൊരിക്കലും ഗുരു പരിണാമവാദത്തെ നിരസിച്ചിട്ടുണ്ട്. "കുരങ്ങ് മനുഷ്യനായി മാറുന്നത് സായ്പ് കണ്ടോ?' എന്നായിരുന്നു ഒരു ഭക്തന്റെ ചോദ്യത്തോട് ഗുരു പ്രതികരിച്ചത്.

പരിണാമസിദ്ധാന്തം ലോകം അന്നും ഇന്നും അംഗീകരിച്ചതാണ്.

ജന്തുവംശത്തെക്കുറിച്ചുള്ള പഠനത്തിന്റെ ആധാരശിലയാണ് പരിണാമവാദം. ഈ വാദം അനുസരിച്ച് 20 ലക്ഷം വർഷങ്ങൾക്കുമുമ്പാണ് കുരങ്ങിൽനിന്ന് മനുഷ്യനിലേക്കുള്ള ആദ്യകണ്ണി ജനിച്ചത്. ആസ്ട്രലോപിത്തിക്കസ് എന്ന വംശവൃക്ഷത്തിലെ ഹോമോ എന്ന ശാഖയിലാണ് മനുഷ്യന്റെ സ്ഥാനം. വംശനാശം സംഭവിച്ച ആദ്യ കുരങ്ങുമനുഷ്യന്റെ അവശിഷ്ടങ്ങൾ 2008ൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഈ പറഞ്ഞ പരിണാമത്തിന്റെ ആദിമൻ എന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ വിശ്വസിക്കുന്ന ആസ്ട്രലോപിത്തിക്കസ് സെഡിബയെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പരിണാമവാദത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം തെളിവുകൾ കിട്ടിക്കൊണ്ടിരിക്കുമ്പോൾ ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയെ അനുകൂലിച്ചിരുന്ന ശ്രീനാരായണഗുരു എന്തുകൊണ്ട് മനുഷ്യപരിണാമവാദത്തെ എതിർത്തു എന്ന് പുരോഗമനവാദികളെങ്കിലും സംശയിക്കാം. അതിനുളള വ്യക്തമായ ഉത്തരം ഗുരു തന്റെ കൃതികളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

സൃഷ്ടിയുടെ തുടക്കവും ഒടുക്കവും ബ്രഹ്മമാണ് എന്ന വേദാന്തദർശനമാണ് ജഗത്തിനെക്കുറിച്ചുള്ള ഗുരുവിന്റെ സത്യദർശനം. വർണശബളമായ ചിത്രങ്ങൾ വരച്ച ഒരു കാൻവാസ് നിവർത്തിയാൽ ചിത്രങ്ങൾ പ്രത്യക്ഷപ്പെടും. കാൻവാസ് ഒതുക്കി മടക്കിയാൽ ചിത്രങ്ങൾ മറയും. ബ്രഹ്മസ്വരൂപത്തിൽ ശക്തി സ്പന്ദിച്ചു തുടങ്ങുമ്പോൾ ലോകവും ജീവജാലങ്ങളുമെല്ലാമടങ്ങുന്ന വൈവിധ്യം സൃഷ്ടിക്കപ്പെടുന്നു.

ശക്തിസ്പന്ദനം നിലയ്ക്കുമ്പോൾ വിവിധങ്ങളായ രൂപങ്ങൾ ബ്രഹ്മത്തിലേക്ക് തന്നെ ലയിക്കുന്നു. ദർശനമാലയുടെ അധ്യാരോപദർശനം എന്ന ആദ്യഭാഗത്തുതന്നെ പ്രപഞ്ചം എന്താണെന്നും അതിന്റെ സൃഷ്ടിവൈവിദ്ധ്യം എങ്ങനെ സംഭവിക്കുന്നുവെന്നും ഗുരു വെളിപ്പെടുത്തുന്നുണ്ട്. ചിത്താണ് എല്ലാറ്റിനും അടിസ്ഥാനം, ജഡമല്ല. നമ്മുടെ പരിണാമവാദവും ശാസ്ത്രാന്വേഷണങ്ങളും ജഡശരീരത്തെ ചുറ്റിപ്പറ്റിയാണ്. സ്വന്തമായ അസ്തിത്വം ഇല്ലാത്ത ജഡത്തിന് എന്ത് പരിണാമം? സർവതിനും ആധാരമായ ചിത്തിന് പരിണാമം സംഭവിക്കുകയുമില്ല. ഓരോകാലത്ത് ഓരോതരം ജീവികൾ ഉണ്ടാകുന്നു, കാലഭേദത്തിൽ അവ മറഞ്ഞ് പുതിയവ ഉണ്ടാകുന്നു. എല്ലാ ജീവജാലങ്ങളിലും നിറഞ്ഞിരിക്കുന്ന ചിത്ത് ഒന്നു തന്നെയാണ്. അതിന് മാറ്റമില്ല.

ഭാരതീയരുടെ പരമാണുവിനെക്കാൾ ചെറിയ അണുവിനെ പാശ്ചാത്യ ശാസ്ത്രജ്ഞർ കണ്ടെത്തി എന്ന് ഒരിക്കൽ ടി.കെ. മാധവൻ ഗുരുവിനോടു പറഞ്ഞു. അപ്പോൾ ഗുരു ചോദിച്ചു: "പരമാണുവിന് മാറ്റം സംഭവിച്ചു എന്നാണോ?' മാധവന് അത് വിശദീകരിക്കാനായില്ല. ഗുരു തുടർന്നു: "അവർ പറഞ്ഞതനുസരിച്ച് സംഭവിച്ചാൽ നിമിഷം, നാഴിക, ദിനരാത്രങ്ങൾ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ഭൂമി മുതലായ എല്ലാം മാറണം. അത്തരത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ?'

"ഇല്ല.'

"എന്നാൽ ഭാരതീയരുടെ പരമാണു എന്താണെന്ന് പാശ്ചാത്യർ ഇന്നേവരെ അറിഞ്ഞിട്ടില്ല എന്നേ അർത്ഥമാക്കേണ്ടതുള്ളൂ' എന്ന് മൊഴിഞ്ഞു ഗുരുദേവൻ.

നമ്മുടെ നാട്ടിൽ അന്നും ഇന്നും ശാസ്ത്രവിദ്യാഭ്യാസമുള്ളവർ ഭാരതീയദർശനത്തിലെ പരമാണുവിനെക്കുറിച്ചോ പ്രപഞ്ചത്തിന്റെ ആധാരമായ സത്യസ്വരൂപത്തെക്കുറിച്ചോ പഠിക്കാനും അതിലൂടെ ആധുനികർക്ക് മനസിലാകുന്നവിധം സൃഷ്ടിയുടെ സത്യാവസ്ഥ അവതരിപ്പിക്കാനോ ശ്രമിക്കുന്നില്ല. ശാസ്ത്രത്തിന്റെ വളർച്ച ചില വാദഗതികളിൽത്തട്ടി നിൽക്കുന്നത് സത്യത്തിന്റെ ഏകവഴിയായ ചിത്തിനെക്കുറിച്ചുള്ള അന്വേഷണത്തോട് അവർ പിൻതിരിഞ്ഞ് നില്ക്കുന്നതുകൊണ്ടാണ്. ഭാരതീയർ നാലുവാക്ക് ഇംഗ്ളീഷ് പഠിച്ചാൽ പിന്നെ ജീവിതചര്യപോലും അതിൽത്തന്നെ സാധിക്കും.

ഇംഗ്ളീഷ് പാണ്ഡിത്യം നേടിയ സാധു ശിവപ്രസാദ് ഒരിക്കൽ ശിവഗിരിയിലെത്തി. "താങ്കൾ സംസ്കൃതം പഠിച്ചിട്ടുണ്ടോ?' എന്ന് ആശ്രമത്തിലെ സന്യാസിമാരിൽ ഒരാൾ ചോദിച്ചു. അപ്പോൾ ഗുരു അതിലിടപെട്ടു: "ഇംഗ്ളീഷ് നല്ലവണ്ണം അറിയാം അദ്ദേഹത്തിന്. ഇംഗ്ളീഷിൽ നല്ല ഗ്രന്ഥങ്ങളും മതസാഹിത്യങ്ങളും ധാരാളമുണ്ടല്ലോ?' സ്വാമി ഇങ്ങനെ പിന്തുണച്ചപ്പോൾ സാധു ശിവപ്രസാദിന് ആവേശമായി, "സ്വാമി വിവേകാനന്ദൻ, രാമതീർത്ഥർ, ആനി ബസന്റ് തുടങ്ങിയവർ ധാരാളം പുസ്തകങ്ങൾ ഇംഗ്ളീഷിൽ എഴുതിയിട്ടുള്ളതുകൊണ്ട് എന്നെപ്പോലുള്ളവർക്ക് വലിയ ഉപകാരമുണ്ട്.'

ഗുരു: "കൊളളാം, ഇളനീർ സ്ഫടികപ്പാത്രത്തിൽ കുടിക്കുംപോലെയാണ് ഇല്ലേ?'

അതുകേട്ട് അവിടെ നിന്ന മാധവൻകുട്ടിയാശാൻ എന്ന ഭക്തൻ പറഞ്ഞു: "സ്വാമീ, ഇളനീർ കുടിക്കണമെങ്കിൽ അതിന്റെ തൊണ്ടിൽത്തന്നെ കുടിക്കുന്നതാണ് സ്വാദ്.' സാധു ശിവപ്രസാദ് ആ വാദത്തോട് തീരെ യോജിച്ചില്ല. "ഞാൻ നേരെ മറിച്ചാണ് ശീലിച്ചത്. കഴിയുമെങ്കിൽ ഇളനീർ സ്ഫടികപ്പാത്രത്തിൽ ഒഴിച്ചേ കുടിക്കൂ.'

സ്വാമി ഒന്നു മന്ദഹസിച്ചു: "ഉവ്വോ? സ്ഫടികം സൂക്ഷിച്ചില്ലെങ്കിൽ ഉടഞ്ഞുപോകും. തൊണ്ട് അത്രവേഗം ഉടയുകയില്ല.'

Category: ,

Article Copyright Disclaimer:
The article content published on this blog is for the purpose of sharing useful information with blog readers and visitors. Some of these may contain excerpts from other internet sources. If you believe an article has infringed on your copyright, please contact us and we'll delete or revise it immediately.