ഹൈന്ദവ നവോഥാനം
Jagath Guru Sree Narayana Gurudevan |
Posted: 11 Aug 2016 07:54 AM PDT
'ഒരിക്കൽ ഉള്ളൂർ, ശ്രീനാരായണ ഗുരുവിനെ കാണാനെത്തി. തന്‍റെ കാർ കുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനക്കു ശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിന്‍റെ സീറ്റിൽ വെച്ചു. ചെരുപ്പ് ഊരിയിട്ടു. ഔദ്യോഗിക പദവിയുടെ ഛന്ദസ്സും അലങ്കാരങ്ങളും ഉപേക്ഷിച്ചു അദ്ദേഹം കുന്നിന്‍റെ പടവുകൾ കയറി.
കുന്നിനു മുകളിൽ ശ്രീനാരായണ ഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്ക് നടന്നു. ഏറെ നേരം വർത്തമാനം പറഞ്ഞു. ആ തമിഴ് ബ്രാഹ്മണപ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്.
മധ്യാഹ്നം കഴിഞ്ഞപ്പോൾ ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി. അവിടെ ഒന്നുരണ്ട് സന്യാസി ശിഷ്യന്മാരും കുറെ ഹരിജൻ കുട്ടികളും ഊണ് കഴിക്കാൻ ഉണ്ടായിരുന്നു.
വേഷം കൊണ്ടും രൂപം കൊണ്ടും അത്ര യോഗ്യരല്ലാത്ത ഹരിജൻ കുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനു തോന്നി. വേടക്കിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ് ഉള്ളൂർ. നീലപ്പുലക്കള്ളിയെപ്പറ്റി പാട്ടിൽ പറഞ്ഞ കവിയാണ്. ഈ ഭാവനയുടെ ലോകം വിടുക. വ്യക്തി ജീവിതത്തിൽ തന്നെ മറ്റു പലരേയുംകാൾ മുൻപേ മാനസിക പുരോഗതിയുടെ പടികൾ കയറിയ വലിയ മനുഷ്യനാണ്. എന്നിട്ടും പെട്ടന്ന്‍ അഭിമുഖീകരിക്കേണ്ടി വന്ന കടുത്ത യാഥാർത്ഥ്യത്തിന് മുന്നിൽ കവി ഒന്ന് പതറിയതുപോലെ ഗുരുവിനു തോന്നി.
അടുത്തുനിന്ന ഹരിജൻ കുട്ടികളുടെ ശിരസിൽ ഗുരു തഴുകുന്നുണ്ടായിരുന്നു.
എല്ലാവരും ഉണ്ണാനിരുന്നു. ഗുരുവിന്‍റെ വലത്തുവശത്തു തന്നെയായിരുന്നു ഉള്ളൂരിന്‍റെ സ്ഥാനം.
ഇലയിട്ടു ചോറ് വിളമ്പി. പരിപ്പുകറി ഒഴിച്ചു. പിന്നീട് പപ്പടം വന്നു. അപ്പോൾ ഗുരു പറഞ്ഞു:
"പപ്പടം നമുക്ക് ഒന്നിച്ചു പൊട്ടിക്കണം.."
ഒരു നിമിഷത്തിനുശേഷം പപ്പടങ്ങൾ പട പട പൊടിയുന്ന ശബ്ദം കേട്ടു. അത് കഴിഞ്ഞു ഗുരു ഉള്ളൂരിനോട് ചോദിച്ചു: "പൊടിഞ്ഞോ?"
അതിന്‍റെ ധ്വനി "ജാതിചിന്ത പൊടിഞ്ഞോ?" എന്നാണെന്ന് മനസ്സിലാക്കാൻ കവിക്ക് ഒരു നിമിഷംപോലും വേണ്ടിവന്നില്ല. ഉള്ളൂരിന്‍റെ മുഖത്ത് ഒരു ചിരി കർണഭൂഷണമായി തിളങ്ങി....'
കെ. പി അപ്പൻ:
(ചരിത്രത്തെ അഗാധമാക്കിയ ഗുരു). |
You are subscribed to email updates from ഗുരുദേവ ചരിത്രം. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
Category: ഉള്ളൂർ, ശ്രീനാരായണ ഗുരു, ഹൈന്ദവ നവോഥാനം
0 comments