.

നാം എന്തിന്‌ ഗുരുദര്‍ശനം അറിയണം, പഠിക്കണം?





മനുഷ്യ ജീവിതത്തില്‍ പരസ്‌പര പൂരകങ്ങളായ ആത്മീയ ഭൗതിക തലത്തില്‍ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട്‌ മനുഷ്യനെ സമഗ്രതയിലേക്ക്‌ ഉയര്‍ത്തുന്നതിന്‌ ഉതകുന്ന നിഗൂഢവും സുലളിതവുമായ സൂത്രവാക്യങ്ങളുടെ സമാഹാരമാണ്‌ ശ്രീനാരായണ ദര്‍ശനം. തപസ്സിലൂടെ ജ്ഞാനസിദ്ധി കൈവരിച്ച ഗുരു ഇടപെട്ടതും മാനവസമൂഹത്തില്‍നിന്നും ഒഴിവാക്കാനാവാത്ത ആത്മിയ-ഭൗതിക തലത്തിലാണ്‌.

ഗുരുദര്‍ശനം ജീവിതത്തിന്‌ ലക്ഷ്യബോധം ഉണ്ടാക്കിത്തരുന്നു.
1922 നവംബര്‍ 22ന്‌ വിശ്വമഹാകവി ടാഗോര്‍ ശിവഗിരിയി സന്ദര്‍ശിച്ചപ്പോള്‍ ഗുരുവിന്റെ ചിന്തയും പ്രവര്‍ത്തികളും മനസ്സിലാക്കി പറഞ്ഞു... ജനങ്ങളുടെ കണ്ണു തെളിച്ചുകൊടുക്കണം... എന്ന്‌. അപ്പോള്‍ ഗുരു പറഞ്ഞു..... ജനങ്ങളുടെ കണ്ണ്‌ തുറന്നുതന്നെയാണിരിക്കുന്നത്‌. എന്നിട്ടും അവര്‍ക്ക്‌ കാണാന്‍ കാഴിയുന്നില്ലല്ലോ....

മുറയ്‌ക്ക്‌ പഠിച്ചോരേ കണ്ണുള്ളൂ... അപരര്‍തന്‍ മുഖത്തുകാണുന്നതോ... രണ്ടുപുണ്ണുകള്‍ മാത്രം..(തിരുക്കുറള്‍ പരിഭാഷ)

നമ്മുടെ കണ്ണുകള്‍ തുറന്നിരുന്നാലും ലക്ഷ്യബോധമില്ലെങ്കില്‍ ഒന്നും കാണാന്‍ സാധിക്കില്ല. മനസ്സ്‌ ലക്ഷ്യത്തില്‍ ഉറക്കണം. ശ്രദ്ധ കേന്ദ്രീകരിക്കാതെ നമുക്ക്‌ ലക്ഷ്യം നേടാനുമാവില്ല. ഇതിനുള്ള കഴിവ്‌ വളര്‍ത്തിയെടുക്കാന്‍ ഗുരുദര്‍ശനത്തിന്‌ സാധിക്കും.

1952 ജൂലായ്‌ 4ന്‌ ഫ്‌ളോറന്‍സ്‌ ചാഡ്‌വിക്‌ എന്ന്‌ വനിത കാറ്റലീന ചാനല്‍ നീന്തിക്കടക്കുന്ന ആദ്യത്തെ വനിതയാകാനുള്ള ശ്രമത്തിലായിരുന്നു. കനത്ത മഞ്ഞും എല്ലുമരവിപ്പിക്കുന്ന തണുപ്പും കൊമ്പന്‍ സ്രാവുകളുമായി മല്ലിട്ടുംകൊണ്ട്‌ അവര്‍ നീന്തി. കഠിനമായി പരിശ്രമിച്ചെങ്കിലും മൂടല്‍മഞ്ഞിനാല്‍ മറുകര കാണാന്‍ സാധിക്കാതെ അവര്‍ ശ്രമം ഉപേക്ഷിച്ചു. ലക്ഷ്യത്തിന്‌ വെറും അരനാഴിക അകലെവച്ചാണ്‌ താന്‍ ശ്രമം ഉപേക്ഷിച്ചതെന്ന്‌ മനസ്സിലാക്കിയ ചാഡ്‌വിക്‌ നിരാശയായി. രണ്ടുമാസത്തിനുശേഷം അവര്‍ ശ്രമം തുടര്‍ന്നു. ഇത്തവണ കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടുകൂടി ലക്ഷ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതുകൊണ്ട്‌ വിജയിച്ചു. പുരുഷന്മാരുടെ റിക്കാര്‍ഡ്‌ ഭേദിക്കാനും സാധിച്ചു.

യാത്രാമധ്യേ ഒരാള്‍ റോഡുകള്‍ കൂടിച്ചേരുന്നിടത്തെത്തിയപ്പോള്‍ അവിടെ കണ്ട പ്രായം ചെന്ന മനുഷ്യനോട്‌ ഒരു ഭാഗത്തേക്ക്‌ പോകുന്ന റോഡ്‌ എവിടെയെത്തിച്ചേരും എന്ന്‌ ചോദിച്ചു. നിങ്ങള്‍ക്ക്‌ എവിടെയാണ്‌ പോകേണ്ടത്‌ എന്ന മറുചോദ്യം അയാള്‍ ചോദിച്ചു. ....എനിക്കറിയില്ല.... എന്ന്‌ യാത്രക്കാരന്‍ പറഞ്ഞപ്പോള്‍ പ്രായം ചെന്ന മനുഷ്യന്റെ മറുപടി ഇപ്രകാരമായിരുന്നു. .......... എന്നാല്‍ നിങ്ങള്‍ക്ക്‌ ഏത്‌ റോഡിലൂടെയും യാത്ര ചെയ്യാം. അതുകൊണ്ട്‌ ഒരു വ്യത്യാസവും വരാനില്ലല്ലോ.... അത്‌ എത്രശരിയാണ്‌.
ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത്‌ ആവശ്യമാണ്‌. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും പലപ്പോഴും മോഹങ്ങള്‍ മാത്രമാണ്‌. അവ ദുര്‍ബലങ്ങളുമാണ്‌. സമയപരിധിയോടും പ്രവര്‍ത്തന പദ്ധതിയോടും കൂടിയ സ്വപ്‌നങ്ങളാണ്‌ ലക്ഷ്യങ്ങള്‍. ലക്ഷ്യങ്ങള്‍ വിലയേറിയതോ അല്ലാത്തതോ ആകാം. വെറും ആഗ്രഹമല്ല. തീവ്രമായ വികാരമാണ്‌ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിമാറ്റുന്നത്‌.

ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ 4 വഴികളുണ്ട്‌.

1. കൃത്യവും വ്യക്തവുമായ ഒരു ലക്ഷ്യം മനസ്സില്‍ കുറിച്ചിടുക.
2. ഈ ലക്ഷ്യം നേടുവാനായി ഒരു പദ്ധതി രൂപീകരിക്കുക.
3. അത്‌ കുറിച്ചുവയ്‌ക്കുക.
4. ഇത്‌ ദിവസവും രണ്ടുനേരം വായിക്കുക.

ലക്ഷ്യം നിര്‍ണ്ണയിക്കപ്പെടാതെ പോകുന്ന കാരണങ്ങള്‍'

1. ശുഭാപ്‌തി വിശ്വാസമില്ലായ്‌മ.- അപകടങ്ങളെക്കുറിച്ച്‌ മാത്രം ചിന്തിക്കുക.
2. പരാജയഭീതി.- ചെയ്യാന്‍ കഴിഞ്ഞില്ലങ്കിലോ എന്ന ഭീതി.
3. വിജയത്തെക്കുറിച്ച്‌ ഒരുതരം ഭയം കുറഞ്ഞ ആത്മാഭിമാനം - വിജയിച്ചാല്‍ വിജയിയുടെ നിലവാരത്തില്‍ ജീവിക്കേണ്ടിവരുമല്ലോ എന്നുള്ള ഭയം.
4. ഉല്‍ക്കര്‍ഷേച്ഛയുടെ അഭാവം - പൂര്‍ത്തീകരിക്കപ്പെട്ട ജീവിതം നയിക്കാനുള്ള ആഗ്രഹമില്ലായ്‌മ. പരിമിതമായ ചിന്താഗതി പുരോഗതിക്ക്‌ തടസ്സമാകുന്നു.
കഥ: വലയില്‍ കുടുങ്ങിയ വലിയ മത്സ്യങ്ങളെയെല്ലാം ഒരാള്‍ തിരികെ പുഴയിലേക്ക്‌ തന്നെ എറിയുകയായിരുന്നു. ഈ വിചിത്ര പ്രവര്‍ത്തി കാണാന്‍ ഇടയായ മറ്റൊരാള്‍ എന്തിനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌ എന്ന്‌ ചോദിച്ചപ്പോള്‍ മീന്‍ പിടുത്തക്കാരന്‍ പറയുകയാണ്‌....എന്റെ വറവുചട്ടി തീരെ ചെറുതാണ്‌..... ഈ പരിമിതമായ ചിന്താഗതിയാണ്‌ പലരുടേയും പുരോഗതിക്ക്‌ തടസ്സം.
5. തിരസ്‌കരിക്കപ്പെടുമെന്നുള്ള ഭയം - ഞാന്‍ ലക്ഷ്യത്തിലെത്തിയില്ലെങ്കില്‍ മറ്റുള്ളര്‍ എന്തുപറയും എന്ന ചിന്ത.
6. നീട്ടിവയ്‌ക്കുന്ന സ്വഭാവം - എന്നെങ്കിലും ഞാന്‍ എന്റെ ലക്ഷ്യം നിര്‍ണ്ണയിക്കും എന്ത ചിന്ത. അടുത്തമാസമാകട്ട.......
7. കുറഞ്ഞ ആത്മാഭിമാനം -
8. ലക്ഷ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ - അവരെ ആരും പഠിപ്പിച്ചുമില്ല.. അവര്‍ പഠിച്ചതുമില്ല.
9. എങ്ങനെ ലക്ഷ്യം നിര്‍ണ്ണയിക്കാം എന്നതിനെക്കുറിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാടില്ലാത്ത അവസ്ഥ. - ഇതിനെ അതിജീവിക്കാന്‍ സത്സംഗം അനിവാര്യമാണ്‌.
ലക്ഷ്യങ്ങള്‍ സമീകൃതമായിരിക്കണം

നമ്മുടെ ജീവിതം 6 അഴികളുള്ള ഒരു ചക്രം പോലെയാണ്‌.

1. കുടുംബം - നാം ജീവിക്കുന്നതിനും ഉപജീവനമാര്‍ഗ്ഗം തേടുന്നതിനും കാരണം നാം സ്‌നേഹിക്കുന്ന കുടുംബാംഗങ്ങളാണ്‌.
2. സാമ്പത്തിക ഘടകം - ഇത്‌ നമ്മുടെ ജോലിയെയും പണം കൊണ്ടു വാങ്ങാന്‍ കഴിയുന്ന വസ്‌തുക്കളെയും സൂചിപ്പിക്കുന്നു.
3. ഭൗതിക ഘടകം - ആരോഗ്യമില്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല (ചുമരില്ലാതെ ചിത്രമെഴുതാന്‍ സാധിക്കില്ല)
4. മാനസികമായ ഘടകം - ഇത്‌ അറിവിനെയും ബുദ്ധിയേയും സൂചിപ്പിക്കുന്നു.
5. സാമൂഹികഘടകം - ഓരോ വ്യക്തിക്കും സംഘടനയ്‌ക്കും സമൂഹത്തോട്‌ ഉത്തരവാദിത്വമുണ്ട്‌. ഇതിന്റെ അഭാവത്തില്‍ സമൂഹം നശിക്കുന്നു.
6. ആത്മീയ ഘടകം - മൂല്യസംഹിത നമ്മുടെ സദാചാരബോധത്തെയും സ്വഭാവഗുണത്തെയും പ്രതിനിധീകരിക്കുന്നു.

ഇതിലേതെങ്കിലും ഘടകങ്ങളുടെ ക്രമം തെറ്റുമ്പോള്‍ ജീവിതത്തിന്റെ സമീകൃതസ്വഭാവം നഷ്‌ടപ്പെടുന്നു. ഗുരുദര്‍ശനം നമ്മുടെ ജീവിതത്തെ സമീകൃത സ്വഭാവമുള്ളതാക്കുന്നു.ഗുരുദര്‍ശനം നമ്മേ മൂല്യബോധമുള്ളവരാക്കുന്നു

ദുരാഗ്രഹിയായ മിഡാസ്‌ രാജാവിന്റെ കഥ പ്രസക്തമാണ്‌. ഒരുദിവസം രാജാവിന്റെ അടുക്കല്‍ ഒരു അപരിചിതന്‍ വന്നു. അദ്ദേഹത്തിന്‌ ഒരു വരം നല്‍കാമെന്ന്‌ പറഞ്ഞു. താന്‍ തൊടുന്നതെല്ലാം സ്വര്‍ണ്ണമായി മാറുന്ന വരം നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നാളെ സുര്യോദയത്തിനു മുമ്പ്‌ താങ്കള്‍ക്ക്‌ വരം ഫലിച്ചുതുടങ്ങും എന്ന്‌ അപരിചിതന്‍ വരവും നല്‍കി യാത്രയായി. പിറ്റേന്ന്‌ കാലത്ത്‌ ഉണര്‍ന്ന രാജാവ്‌ ഉണര്‍ന്ന ശേഷം കിടക്കയില്‍ തൊട്ടപ്പോള്‍ അത്‌ സ്വര്‍ണ്ണമായിമാറി. ഉദ്യാനത്തിലേക്ക്‌ പോകുന്നതിനുമുമ്പായി ഒരു പുസ്‌തകം എടുക്കാന്‍ ശ്രമിച്ചു. പുസ്‌തകവും സ്വര്‍ണ്ണമായി. രാജാവിന്‌ സന്തോഷം ഇരട്ടിച്ചു. പിന്നീട്‌ ആഹാരം കഴിക്കാനായി ഇരുന്നു. തൊട്ട ഭക്ഷണവും സ്വര്‍ണ്ണമായി. അങ്ങനെ ആഹാരം കഴിക്കാന്‍ സാധിക്കാതെയായി. ആ സമയം തന്റെ പുത്രി ഓടിവന്നു. അദ്ദേഹം പുത്രിയെ കെട്ടിപ്പിടിച്ച്‌ ചുമ്പിച്ചു. അപ്പോള്‍ പുത്രിയും സ്വര്‍ണ്ണപ്രതിമയായി മാറി. രാജാവ്‌ വിഷമത്തിലായി. ഭക്ഷവും ഇല്ല പുത്രിയും ഇല്ലാതായതോടെ രാജാവിന്റെ സങ്കടം വര്‍ദ്ധിച്ച്‌ ഭ്രാന്താകുമെന്ന അവസ്ഥയായി. അപ്പോള്‍ അപരിചിതന്‍ പ്രത്യക്ഷനായി. എന്താ തൊട്ടതെല്ലാം സ്വര്‍ണ്ണമായില്ലേ സന്തോഷമായില്ലേ എന്ന്‌ ചോദിച്ചു. അപ്പോള്‍......ലോകത്തില്‍ ഏറ്റവും ദുഃഖം അനുഭവിക്കുന്ന വ്യക്തി താനാണ്‌ എന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. രാജാവ്‌ അപരിചിതനോട്‌ കരഞ്ഞുകൊണ്ട്‌ മാപ്പ്‌ അപേക്ഷിച്ചു. വരം തിരിച്ചെടുക്കണമെന്നും തനിക്ക്‌ ഇപ്പോഴാണ്‌ ജ്ഞാനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അപരിചിതന്‍ വരം തിരിച്ചെടുക്കുകയും രാജാവിന്‌ പുത്രിയെ തിരികെ ലഭിക്കുകയും ചെയ്‌തു.

1. നമ്മുടെ വികലമായി മൂല്യബോധം ദുരന്തത്തിലേക്ക്‌ നയിക്കും.
2. ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടാതിരിക്കുന്നതിനേക്കള്‍ വലിയ ദുരന്തമായിരിക്കും ആഗ്രഹിക്കുന്നതെല്ലാം നേടുന്നത്‌.

കടപ്പാട് :  സുരേഷ് ബാബു മാധവന്‍


Category: , , , , , ,

Article Copyright Disclaimer:
The article content published on this blog is for the purpose of sharing useful information with blog readers and visitors. Some of these may contain excerpts from other internet sources. If you believe an article has infringed on your copyright, please contact us and we'll delete or revise it immediately.