.

കേരളത്തിലെ ആദ്യതൊഴിലാളി പ്രസ്ഥാനം


   ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രാങ്കണത്തില്‍ ഗുരുദേവന്‍ വന്നിരിക്കുന്നു എന്ന് ടി.സി. കേശവന്‍ വൈദ്യരാണ് വാടപ്പുറം പി.കെ. ബാവയ്ക്ക് വിവരം നല്‍കിയത്. അറിഞ്ഞപാടേ ഓടിക്കിതച്ച് ബാവ ഗുരുസവിധത്തില്‍ എത്തി. ആലപ്പുഴയില്‍ വെളളക്കാര്‍ നടത്തിയിരുന്ന ഡറാസ് മെയില്‍ കമ്പനിയില്‍ ചാട്ടവാറടിയും പീഡനങ്ങളുമേറ്റ് തുച്ഛവരുമാനത്തിന് ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട അനേകരില്‍ ഒരാളാണ് ബാവ. "ഞങ്ങളെ സഹായിക്കണം സ...്വാമീ" എന്ന് തേങ്ങിയ ബാവയെ ഗുരുദേവന്‍ കരുണാര്‍ദ്രമായി നോക്കി. നിറഞ്ഞൊഴുകുന്ന ആ കണ്ണുകളില്‍ അടിമകളെപ്പോലെ പണിയെടുത്ത് ഒരു നേരത്തെ വിശപ്പടക്കാന്‍പോലും പാടുപെടുന്ന വലിയസമൂഹം തൊഴിലാളികളുടെ വേദനയാണ് ഗുരു കണ്ടറിഞ്ഞത്. "നാം പറയുന്നത് നിങ്ങള്‍ക്ക് രക്ഷയാകുമോ?"ഗുരു ചോദിച്ചു.   "അങ്ങേയ്ക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാന്‍ കഴിയൂ" ബാവ ബോധിപ്പിച്ചു.  "എങ്കില്‍ തൊഴിലെടുക്കുന്നവരുടെ ഒരു സംഘം ഉണ്ടാക്കുക, സംഘത്തിന്റെ ശക്തിയില്‍ അവര്‍ കരുത്തുളളവരും സ്വതന്ത്രരും ആകട്ടെ." തൊഴിലാളിവര്‍ഗത്തിന്റെ മോചനകാഹളം മുഴക്കിയ ആ പ്രഖ്യാപനം ആഹ്ളാദത്തോടെയാണ് ബാവ ശ്രവിച്ചത്. ബാവ തന്റെ സഹപ്രവര്‍ത്തകരുമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അങ്ങനെ 1922 മാര്‍ച്ച് 31ന് ആലുംമൂട്ടില്‍ കേശവന്റെ വക സ്ഥലത്ത് കേരളത്തിലെ ആദ്യതൊഴിലാളി പ്രസ്ഥാനം രൂപീകരിക്കാന്‍ യോഗം കൂടി. വാടപ്പുറം പി.കെ. ബാവയ്ക്കൊപ്പം എന്‍. കൃഷ്ണനും ഉണ്ടായിരുന്നു. ഗുരുദേവന്‍ പറഞ്ഞിട്ടാണ് സംഘം തുടങ്ങുന്നതെന്നറിഞ്ഞപ്പോള്‍ തൊഴിലാളികള്‍ക്ക് മറിച്ച് ചിന്തിക്കാനേ തോന്നിയില്ല. 1922 ഏപ്രില്‍ 23 ന് ആലപ്പുഴ കളപ്പുരക്ഷേത്രമൈതാനത്തായിരുന്നു 'തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍' എന്ന ആദ്യ തൊഴിലാളി സംഘത്തിന്റെ ഉദ്ഘാടന സമ്മേളനം. അതില്‍ മുഖ്യ അതിഥിയായി എത്തിയത് ഗുരുശിഷ്യനായ സ്വാമി സത്യവ്രതന്‍. ഗുരു പറഞ്ഞയച്ചതായിരുന്നു അദ്ദേഹത്തെ. "ഭയപ്പെടേണ്ട... തൊഴിലാളികളുടെ കാലമാണ് വരാന്‍പോകുന്നത്. ധൈര്യമായി എല്ലാവരുടെയും വിശ്വാസം നേടി മുന്നോട്ടു പോകുക" എന്ന ഗുരുസന്ദേശം അദ്ദേഹം അവിടെ വായിച്ചു. തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ ഉയര്‍ത്തിയ സംഘടനാ ശക്തിക്കുമുന്നില്‍ സായ്പിന്റെ ഉമ്മാക്കികള്‍ വിലപ്പോയില്ല എന്നതായിരുന്നു പിന്നീടുളള ചരിത്രം. പിന്നീട്് വര്‍ഷങ്ങള്‍ക്ക് ശേഷം 1938ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചത് ഈ പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ചായിരുന്നു. പി. കൃഷ്ണപിളള, ആര്‍. സുഗതന്‍, കെ.പി. പത്രോസ്, ടി.വി. തോമസ്, പി. കേശവദേവ് എന്നീ ജനനേതാക്കള്‍ കമ്മ്യൂണിസത്തിലേക്ക് വന്നത് ഈ സംഘടനാപാരമ്പര്യത്തില്‍ നിന്നാണ്. വര്‍ത്തമാനകാലത്ത് നമ്മെ പരിചയപ്പെടുത്തുന്ന തൊഴിലാളിസമരചരിത്രങ്ങളിലൊന്നും ഈ കഥകള്‍ കേള്‍ക്കാന്‍ വഴിയില്ല. കേള്‍പ്പിക്കാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടെന്നതും വിസ്മരിക്കാന്‍ കഴിയില്ല. കേരളത്തിന്റെ ഇരുട്ടുപിടിച്ചുകിടന്ന ബോധമണ്ഡലത്തില്‍ അറിവിന്റെ വെളിച്ചമായി ഉദിച്ച ഗുരുവിനെ തമസ്കരിച്ച് ആ സ്ഥാനത്ത് കരിതുപ്പുന്ന ചില മണ്ണെണ്ണവിളക്കുകളെ പ്രതിഷ്ഠിക്കാന്‍ പണ്ടുമുതല്‍ക്കേ ശ്രമമുണ്ട്. മാനവസമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി ഗുരു അരുളിയതൊക്കെയും കേരളത്തിന്റെ സമസ്തമേഖലകളിലും ഗുരു ശിഷ്യരും ഭക്തരും ചേര്‍ന്ന് പ്രവൃത്തിപഥത്തില്‍ എത്തിച്ചു എന്നതാണ് യഥാര്‍ത്ഥ ചരിത്രം.

(സജീവ്‌ കൃഷ്ണന്‍ ,കേരള കൗമുദി)

Category: ,

Article Copyright Disclaimer:
The article content published on this blog is for the purpose of sharing useful information with blog readers and visitors. Some of these may contain excerpts from other internet sources. If you believe an article has infringed on your copyright, please contact us and we'll delete or revise it immediately.