നവോത്ഥാനത്തിന്റെ പതാകവാഹകന്‍
ശ്രീനാരായണ
ഗുരുവിനെ പലരും പല തരത്തിലാണ് അറിയുന്നത്. ചിലര്‍ക്ക് അദ്ദേഹം ആത്മീയ
പുരുഷനാണ്. മറ്റൊരുകൂട്ടര്‍ക്ക് നവോത്ഥാനത്തിന്റെ പതാകവാഹകനാണ്.
ചിലര്‍ക്ക് മഹാനായ എഴുത്തുകാരനാണ്. കടുത്ത വിശ്വാസികള്‍ക്ക് ദൈവവുമാണ്.
പക്ഷെ, ദൈവം എന്നത് ഒരു സങ്കല്‍പ്പമാണ്, വിശ്വാസമാണ്. എന്നാല്‍, ഗുരു ഒരു
യാഥാര്‍ത്ഥ്യമാണ്. വെറുമൊരു വിശ്വാസത്തേക്കാള്‍ എത്ര ഉയരത്തിലാണ്
യാഥാര്‍ത്ഥ്യത്തിന്റെ സ്ഥാനം. അതുകൊണ്ട് ദൈവം എന്ന സങ്കല്‍പ്പത്തേക്കാള്‍
ഉന്നതങ്ങളിലാണ് ശ്രീനാരായണ ഗുരു എന്ന യാഥാര്‍ത്ഥ്യം നിലകൊള്ളുന്നത്.
125
വര്‍ഷം മുമ്പ് അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു സ്ഥാപിച്ച
പ്രതിഷ്ഠയോടുകൂടിയാണ് കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തിന് പുതിയ രൂപവും
ഭാവവും കൈവരുന്നത്. അന്ന് ശ്രീനാരായണ ഗുരു ചെയ്തത് ഒരു വിപ്ളവ
പ്രവര്‍ത്തനമായിരുന്നു. രാജഭരണത്തെ വെല്ലുവിളിച്ചുകൊണ്ടാണ് 32-ാമത്തെ
വയസ്സില്‍, 1888ല്‍ ശ്രീനാരായണ ഗുരു ഈ ധീരകൃത്യത്തിനായി മുന്നോട്ടുവന്നത്.
അധസ്ഥിത ജനവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശനം
നിഷേധിക്കപ്പെട്ടതിനെതിരായുള്ള പ്രതിഷേധമായിരുന്നു അത്. സ്വാമി
വിവേകാനന്ദന്‍ ഒന്നേകാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളക്കരയെ നോക്കി
ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച പ്രത്യേക സാഹചര്യം നിലനിന്നിരുന്ന
കാലത്താണ് ജാതി- മത ഭ്രാന്തുകള്‍ക്കെതിരായി ശ്രീനാരായണ ഗുരു രംഗത്ത്
വന്നത്.
അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരായണ
ഗുരു, ഒരു ക്ഷേത്രമെന്നല്ല ആ സ്ഥലത്തെ വിശേഷിപ്പിച്ചത്. ‘ജാതിഭേദം
മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’
എന്നായിരുന്നു. ക്ഷേത്രമെന്നല്ല മാതൃകാ സ്ഥാനം എന്നാണ് ശ്രീനാരായണ ഗുരു
എഴുതിവെച്ചത്. തുടര്‍ന്ന് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട ജനങ്ങള്‍
ശ്രീനാരായണ ഗുരുവിനെ വിളിച്ചുകൊണ്ടുപോയി നാനാഭാഗങ്ങളില്‍
ക്ഷേത്രങ്ങളുണ്ടാക്കി. 1908ല്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രവും ശ്രീനാരായണഗുരു
മുന്‍കൈയെടുത്താണ് സ്ഥാപിച്ചത്. ജാതീയമായ വിവേചങ്ങളില്ലാത്ത ക്ഷേത്രമായ
പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ മാതൃകയാണ് തലശ്ശേരിയില്‍ സ്വീകരിച്ചത്.
മുരുക്കുംപുഴയില്‍ സ്ഥാപിച്ച ക്ഷേത്രത്തില്‍ പ്രതിഷ്ഠക്ക് പകരം നാല്
വാക്കുകളായിരുന്നു എഴുതി വെച്ചത്. ‘സത്യം ധര്‍മ്മം ദയ സ്നേഹം’. ചേര്‍ത്തല
കളവന്‍കോട് ക്ഷേത്രത്തിലും വൈക്കത്ത് ഉല്ലല ക്ഷേത്രത്തിലും കണ്ണാടിയാണ്
സ്ഥാപിച്ചത്. തൃശൂര്‍ കാരമുക്ക് ക്ഷേത്രത്തില്‍ കെടാവിളക്കാണ് സ്ഥാപിച്ചത്.
അങ്ങനെ ഓരോ ക്ഷേത്രനിര്‍മാണത്തെയും തുടര്‍ന്ന് വിശ്വാസികളുടെ
പിന്തുണയാര്‍ജ്ജിച്ച ശ്രീനാരായണ ഗുരു പടിപടിയായി ജനങ്ങളുടെ ബോധനിലവാരം
ഉയര്‍ത്തികൊണ്ടുവരാനാണ് ശ്രമിച്ചത്.
1917ല്‍ ശ്രീനാരായണ ഗുരു
ക്ഷേത്രനിര്‍മാണത്തെ ഇനി പ്രോത്സാഹിപ്പിക്കരുത് എന്ന നിലപാട്
സ്വീകരിച്ചു. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണമെന്നും
വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടാക്കാനാണ് മുന്‍കൈയെടുക്കേണ്ടതെന്നും
അദ്ദേഹം ആഹ്വാനം ചെയ്തു. 1928ല്‍ ശ്രീനാരായണ ഗുരു അന്തരിക്കുന്നത് വരെ
സാമൂഹ്യമാറ്റത്തിനുവേണ്ടിയിട്ടുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം
നല്‍കി. എന്നാല്‍, ശ്രീനാരായണ ഗുരുവിന്റെ സംഭാവനകള്‍ മലയാളത്തിനും മലയാള
ഭാഷക്കും എത്രത്തോളം ഗുണം ചെയ്തു എന്ന് വേണ്ടത്ര
ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. മലയാള ഭാഷയും സാഹിത്യവും ഗുരുദേവനും
തമ്മിലുള്ള ബന്ധം മലയാളത്തിന് ക്ളാസിക്കല്‍ പദവി ലഭ്യമാവുമെന്ന്
പ്രതീക്ഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് വളരെയധികം
പ്രസക്തിയുണ്ട്. ഇത്തരമൊരു വിഷയം ചര്‍ച്ച ചെയയ്പ്പെടുന്ന ഈ വേദിയില്‍
പങ്കെടുക്കാന്‍ സാധിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.
ശ്രീനാരായണ
ഗുരുവിനെ പലരും പല തരത്തിലാണ് അറിയുന്നത്. ചിലര്‍ക്ക് അദ്ദേഹം ആത്മീയ
പുരുഷനാണ്. മറ്റൊരുകൂട്ടര്‍ക്ക് നവോത്ഥാനത്തിന്റെ പതാകവാഹകനാണ്.
ചിലര്‍ക്ക് മഹാനായ എഴുത്തുകാരനാണ്. കടുത്ത വിശ്വാസികള്‍ക്ക് ദൈവവുമാണ്.
പക്ഷെ, ദൈവം എന്നത് ഒരു സങ്കല്‍പ്പമാണ്, വിശ്വാസമാണ്. എന്നാല്‍, ഗുരു ഒരു
യാഥാര്‍ത്ഥ്യമാണ്. വെറുമൊരു വിശ്വാസത്തേക്കാള്‍ എത്ര ഉയരത്തിലാണ്
യാഥാര്‍ത്ഥ്യത്തിന്റെ സ്ഥാനം. അതുകൊണ്ട് ദൈവം എന്ന സങ്കല്‍പ്പത്തേക്കാള്‍
ഉന്നതങ്ങളിലാണ് ശ്രീനാരായണ ഗുരു എന്ന യാഥാര്‍ത്ഥ്യം നിലകൊള്ളുന്നത്.
എഴുത്തുകാരന്‍
എന്ന നിലയില്‍ ശ്രീനാരായണ ഗുരുവിനെ സമൂഹം വേണ്ടത്ര മനസിലാക്കിയിട്ടില്ല.
അദ്ദേഹം മലയാളം സംസ്കൃതം തമിഴ് ഭാഷകളിലായി 70കൃതികള്‍ രചിച്ചിട്ടുണ്ട്.
സംസ്കൃതം മലയാളം തമിഴ് എന്നീ ഭാഷകളില്‍ അദ്ദേഹത്തിന്
പാണ്ഡിത്യമുണ്ടായിരുന്നു. കായംകുളത്തിനടുത്ത് പുതുപ്പള്ളിയില്‍ അദ്ദേഹം
സംസ്കൃതത്തില്‍ ഉന്നത പഠനം നടത്തുകയുണ്ടായി. അതുകൊണ്ടുതന്നെ സംസ്കൃത
വ്യാകരണത്തിലും വേദാന്തത്തിലും അഗാധമായ പാണ്ഡിത്യം ഉണ്ടാക്കാന്‍ ഗുരുവിന്
സാധിച്ചു. ശ്രീനാരായണ ഗുരുവിന്റെ സാഹിത്യ സംഭാവനകള്‍ വിലിയിരുത്തുമ്പോള്‍
രണ്ട് കാര്യങ്ങള്‍ കാണേണ്ടതുണ്ട്. അദ്ദേഹം രചിച്ച കൃതികളാണ് അതിലൊന്ന്.
ഗുരുദേവന്റെ ആദര്‍ശങ്ങളെ പിന്‍പറ്റി എഴുതപ്പെട്ട രചനകളും ഇതോടൊപ്പം കാണണം.
അതുകൂടി ചേരുമ്പോള്‍ മാത്രമാണ് ഗുരുദേവ സാഹിത്യം സമ്പൂര്‍ണമാവുക.
കുമാരനാശാന്‍ മുതല്‍ പ്രൊഫ. എം കെ സാനുവരെ എത്രയോ പ്രഗത്ഭരായ എഴുത്തുകാര്‍
ഗുരുദേവന്റെ ആശയങ്ങളെ കുറിച്ച് എഴുതി. അവരുടെ സംഭാവനകൂടി
ഉള്‍ചേര്‍ക്കുമ്പോള്‍ കണ്ണെത്താദൂരത്തേക്ക് പടര്‍ന്ന് കിടക്കുന്ന
കടല്‍പോലെയാണ് ഗുരുദേവ സാഹിത്യം എന്ന് പറയേണ്ടി വരുന്നു.
ശ്രീനാരായണ
ഗുരു സാഹിത്യസൃഷ്ടികള്‍ നടത്തുന്ന കാലം വളരെ പ്രത്യേകതയുള്ളതാണ്.
കുഞ്ചന്‍നമ്പ്യാര്‍ക്ക് ശേഷം ഒരു നൂറ്റാണ്ട്കാലം മലയാള സാഹിത്യ രംഗം
ശുഷ്കമായിരുന്നു. ഈ കാലഘട്ടത്തില്‍ ഒരുപാട് കാവ്യ
ഗ്രന്ഥങ്ങളുണ്ടായെങ്കിലും ഒട്ടും പുതുമയുള്ളതായിരുന്നില്ല. എന്നാല്‍,
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് വീണ്ടും സജീവമായി.
‘ഓമനതിങ്കള്‍ക്കിടാവോ” എന്ന ഉറക്കുപാട്ടൊക്കെ എഴുതിയ ഇരയിമ്മന്‍തമ്പിയും
മറ്റും ഇക്കാലത്താണ് വരുന്നത്. മലയാളത്തില്‍ ആദ്യമായി നോവലും നാടകവും
എഴുതപ്പെട്ടു. ഇങ്ങനെ പ്രതാപം വീണ്ടെടുക്കുന്ന മലയാള സാഹിത്യത്തിന്
ദാര്‍ശനികതയുടെ ദിവ്യശോഭ നല്‍കാന്‍ നാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക്
സാധിച്ചു. അദ്ദേഹം പ്രധാനമായും കവിയായിരുന്നു. വിരലിലെണ്ണാവുന്ന കൃതികള്‍
മാത്രമാണ് ഗുരു ഗദ്യത്തിലെഴുതിയത്. മലയാളകവിതയ്ക്ക് ദിശാബോധം നല്‍കിയ
വ്യക്തിയാണദ്ദേഹം. അതോടൊപ്പം പുരോഗമന സാഹിത്യം എന്ന് നാമിപ്പോള്‍
വിശേഷിപ്പിക്കുന്ന സാഹിത്യശാഖയ്ക്ക് വിത്തിട്ടത് അദ്ദേഹമാണ്.
കേന്ദ്രസാഹിത്യ അക്കാദമി ഭാരതീയ സാഹിത്യശില്‍പ്പികളെപറ്റി പുറത്തിറക്കിയ
പുസ്തകത്തില്‍ ഇക്കാര്യം എടുത്ത് പറയുന്നുണ്ട്. കവിതയിലെ ആശയങ്ങളെ കുറിച്ച്
ഗുരുവിന് നല്ല ബോധ്യമുണ്ടായിരുന്നു. മഹാകവി കുമാരനാശാന്‍ പോലും
ഗുരുവിന്റെ കാവ്യസംബന്ധിയായ ഉപദേശങ്ങള്‍ സ്വീകരിച്ചു. കവിതയില്‍ ശൃംഗാരം
കടന്നുവരരുതെന്ന് ഗുരു ആശാനെ ഉപദേശിക്കുകയുണ്ടായി. അന്നത്തെ മലയാള
കവിതയില്‍ നിറയെ ശൃംഗാരമായിരുന്നു. ഇത് തെറ്റായ മൂല്യബോധം സൃഷ്ടിക്കുമെന്ന്
ഗുരുവിന് തോന്നിയിരിന്നു എന്ന് ഇതില്‍ നിന്നും മനസിലാക്കാം.
1935
ഓടുകൂടിയാണ് പുരോഗമന സാഹിത്യത്തിന്റെ ഉദയമുണ്ടായതെന്നാണ് സാഹിത്യ
ഗവേഷകരുടെ അഭിപ്രായം. അത് കമ്യൂണിസ്റുകാരുടെ മാത്രം സാഹിത്യമാണെന്ന്
പില്‍ക്കാലത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഗുരു
അന്തരിച്ചതിന് ശേഷമാണ് പുരോഗമന സാഹിത്യത്തിന്റെ ഉദയമുണ്ടായത് എന്ന്
പറയുമ്പോള്‍ ശ്രീനാരായണ ഗുരുവിന്റെ സംഭാവനകളെ പരിഗണിച്ചില്ല എന്ന തോന്നല്‍
ഉളവാക്കും. യഥാര്‍ത്ഥത്തില്‍ പുരോഗമന സാഹിത്യത്തിന് നാന്ദി കുറിച്ചത്
ശ്രീനാരായണ ഗുരുവാണ്. ‘കല ജീവിതത്തിന് വേണ്ടി’ എന്നു കരുതിയവരാണ് പുരോഗമന
സാഹിത്യകാരന്‍മാര്‍. സമത്വം സാഹോദര്യം സ്വാതന്ത്യ്രം എന്നിവയാണ് അവരെ
നയിച്ചത്. ഈ മൂല്യങ്ങള്‍ എക്കാലത്തെയും ഇടതുപക്ഷ മൂല്യങ്ങളാണ്. അതിനാലാണ്
പുരോഗമനസാഹിത്യകാരന്‍മാരെ കമ്യൂണിസ്റ് സാഹിത്യകാരന്‍മാരായി മാറ്റി
നിര്‍ത്തിയത്. എന്നാല്‍, 1914ല്‍ തന്നെ ശ്രീനാരായണ ഗുരു സമത്വവും
സാഹോദര്യവും ഉയര്‍ത്തിക്കാട്ടുന്ന ‘ജാതിനിര്‍ണയം’ എന്ന കൃതി
രചിച്ചുകഴിഞ്ഞിരുന്നു. വെറും അഞ്ച് പദ്യങ്ങള്‍ മാത്രമാണ് ഇതിലുള്ളത്.
പക്ഷെ, ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നു ആ ചെറുകൃതി.
‘ഒരു
ജാതി ഒരുമതം / ഒരുദൈവം മനുഷ്യന് / ഒരു യോനി ഒരാകാരം / ഒരുഭേദവുമില്ലതില്‍’
എന്ന് അദ്ദേഹം എഴുതി. ‘നരനും നരനും തമ്മില്‍ / സാഹോദര്യമുദിക്കണം / അതിന്
വിഘ്നമായുള്ള- / തെല്ലാമില്ലാതെയാക്കണം’. എന്ന കാര്യത്തിലും ഗുരുവിന്
സംശയമില്ല. ഈ കൃതികളാണ് മലയാള സാഹിത്യത്തില്‍ പുരോഗമന സാഹിത്യത്തിന്
നാന്ദി കുറിച്ചത്. ആശാനെപോലുള്ളവര്‍ ഗുരുദേവന്‍ നല്‍കിയ പതാക
ഏറ്റുവാങ്ങുകയാണ് ചെയ്തത്.
സംസ്കൃതത്തില്‍ നല്ല
അറിവുണ്ടായിരുന്ന നാരായണ ഗുരു മലയാളത്തിലെഴുതുമ്പോള്‍ ശുദ്ധമലയാളം
തന്നെയാണ് പ്രയോഗിച്ചത്. ഏറ്റവും ലളിതമായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
ഉപനിഷത്തിലെയും മറ്റും ഗഹനമായ ആശയങ്ങള്‍ ഇത്ര ലളിതമായി വ്യാഖ്യാനിച്ചവര്‍
മലയാളത്തില്‍ അധികമില്ല. ലളിതമായി ഒരു കാര്യം അവതരിപ്പിച്ചാല്‍ അത്
മോശമാണ് എന്ന് കരുതുന്നവര്‍ ഗുരുവിനെ വായിച്ച് പഠിക്കണം. ഗുരുവിന്റെ
‘അറിവ്’ എന്ന പുസ്തകം ഇതിനുള്ള ഒന്നാംതരം ഉദാഹരണമാണ്. വെറും പതിനഞ്ച്
പദ്യശകലങ്ങള്‍. 60വരി മാത്രം. പക്ഷെ, ഓരോ വരിയും ആരംഭിക്കുന്നത് അറിവ്
എന്ന വാക്കിലാണ്. ആ കാലത്തെ എഴുത്തുകാര്‍ സംസ്കൃതം കൂട്ടികലര്‍ത്തിയെഴുതി
പൊങ്ങച്ചം കാണിക്കാറായിരുന്നു പതിവ്. ശ്രീനാരായണ ഗുരുവാകട്ടെ
പച്ചമലയാളത്തിലാണ് ഈ കൃതി എഴുതിയത്. വിവര്‍ത്തന ശാഖക്കും അദ്ദേഹം
സംഭാവനകള്‍ നല്‍കുകയുണ്ടായി. തിറുക്കുറള്‍ എന്ന പ്രസിദ്ധമായ തമിഴ് ഗ്രന്ഥം
അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി.
എഴുതപ്പെട്ട
സാഹിത്യ കൃതികളില്‍ മാത്രം ഒതുങ്ങുന്നില്ല ഗുരുദേവന്‍ ഭാഷയ്ക്കും
സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍. ഉപദേശങ്ങള്‍ പോലെ അവിടവിടെയായി
അദ്ദേഹം കോറിയിട്ട വാക്കുകള്‍ ഭാഷാഭംഗിയും ആശയഗാംഭീര്യവുമുള്ള
രത്നങ്ങളാണ്. ഏറ്റവും നല്ല ഒരുദാഹരണം പറയാം. ‘ജാതിഭേദം മതദ്വേഷം /
ഏതുമില്ലാതെ സര്‍വ്വരും / സോദരത്വേന വാഴുന്ന / മാതൃകാ സ്ഥാനമാണിത്’ എത്ര
ലളിതമായ വാക്കുകളാണിവ. പക്ഷെ, എത്രവലിയ ആശയം. മാതൃകസ്ഥാനം എന്നത് ഈ
ക്ഷേത്രമല്ല. ഈ നാടും മാത്രമല്ല. ഈ ലോകം തന്നെയാണ്. അതുപോലെ ആലുവയില്‍ 2-ാം
ലോകമതസമ്മേളനം സംഘടിപ്പിച്ചപ്പോള്‍ ഗുരു അതിന്റെ കവാടത്തില്‍
എഴുതിവെച്ചു. ‘വാദിക്കാനും ജയിക്കാനുമല്ല/അറിയാനും അറിയിക്കാനുമാണ്’
എന്ന്.
ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, എല്ലാവര്‍ക്കും
മനസിലാവുന്ന വാക്കുകളില്‍ അതിഗംഭീരമായ ആശയങ്ങള്‍ അതിമനോഹരമായി
അവതരിപ്പിക്കാന്‍ മഹാന്‍മാരായ എഴുത്തുകാര്‍ക്കേ സാധിക്കുകയുള്ളു.
ശ്രീനാരായണ ഗുരു അത്തരം വലിയ എഴുത്തുകാരുടെ നിലയിലാണ്. മറ്റ് മേഖലകളിലുള്ള
ഗുരുവിന്റെ പര്‍വ്വതസമാനമായ ഔന്നത്യം മൂലം അദ്ദേഹത്തിന്റെ
സാഹിത്യമേഖലയിലെ സംഭാവനകള്‍ തിരിച്ചറിയപ്പെടാതെ പോവുകയാണ്.
Category: gurudevan, ഗുരുദേവ ചരിത്രം, പഠനം