നിങ്ങള് അറിയുന്ന ശ്രീനാരായണഗുരു
-
1. നവോത്ഥാനനായകന്‍ ആയിരുന്ന ശ്രീനാരായണഗുരു ജനിച്ച വര്‍ഷം ?
1856 ആഗസ്റ്റ് 20 (കൊല്ലവര്‍ഷം 1032 ചിങ്ങമാസം ചതയം നക്ഷത്രം)
ചെമ്പഴന്തി (ഈഴവ സമുദായത...
Jagath Guru Sree Narayana Gurudevan |
- സന്ന്യാസം ത്യാഗം മാത്രമല്ല
- പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം
- മഹാസമാധി ദിനത്തിൽ ഭൈരവൻ സ്വാമിക്കുണ്ടായ പ്രത്യക്ഷ അനുഭവം
- നമ്മുടേതും ബുദ്ധമതം തന്നെ ~ ശ്രീ നാരായണ ഗുരു
Posted: 23 Jul 2016 05:40 AM PDT
<< അല്‌പാഹാരിയും വികാരങ്ങളെ അടക്കിയവനായും ജീവിക്കുന്നതു മാത്രമല്ല സന്ന്യാസം. കാരണം ഇത്രയും സാധിച്ചതുകൊണ്ടുമാത്രം ഒരാള്‍ സന്ന്യാസിയാകില്ല. മുമ്പ് സൂചിപ്പിച്ചത് സാമാന്യനിയമമാണ്. സന്ന്യാസം അതിലും ഉപരിയായ ഒന്നാകുന്നു......(കുണ്ഡികോപനിഷത്ത് 4-5)
ഒരു സന്ന്യാസിയെപ്പറ്റിയുള്ള കഥ പറയട്ടേ... ഉത്തരപ്രദേശിലെ ശ്രീവല്ലഭ വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരമുള്ള കഥയാണ്.
ഒരു ആചാര്യന്റെ പുരാണപ്രവചനങ്ങളിലും ധ്യാനത്തിലും പങ്കുകൊള്ളാന്‍ നാടിന്റെ നാനാ ഭാഗത്തിനുന്നും ആളുകള്‍ എത്തിക്കൊണ്ടേയിരുന്നു. ഒരുദിവസം അവിടെ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ ഒരു മോഷണക്കുറ്റത്തിന് ആളുകള്‍ പിടികൂടി ആചാര്യന്റെ അരികില്‍ കൊണ്ടുവന്നു. കുറ്റവാളിക്ക് കടുത്ത ഷിക്ഷ നല്‍കണമെന്ന് അവര്‍ ആചാര്യനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആചാര്യന്‍ ആ ആവശ്യം കാര്യമായി എടുത്തില്ല.
കുറേ ദിവസം കഴിഞ്ഞ് വീണ്ടും ആ വിദ്യാര്‍ത്ഥിയെതന്നെ മോഷണക്കുറ്റത്തിന് ആളുകള്‍ പിടികൂടി. അയാളെ ശിക്ഷിച്ച് ആശ്രമത്തില്‍നിന്ന് പറഞ്ഞയക്കണമെന്ന് ആവര്‍ ആചാര്യനോട് ആവശ്യപ്പെട്ടു. ആചാര്യന്‍ അതിനും മൗനംപാലപിച്ചു. ഇതില്‍ പ്രതിഷേധിച്ച് അവര്‍ ആചാര്യസമക്ഷം വന്ന് തങ്ങള്‍ എല്ലാവരും ആശ്രമം വിട്ടുപോകാന്‍ തീരുമാനിച്ച വിവരം അറിയിച്ചു.
ആചാര്യന്‍ എല്ലാവരേയും അടുത്തുവിളിച്ചു. എന്നിട്ട് പറഞ്ഞു.. നിങ്ങള്‍ എല്ലാവരും സത്സ്വഭാവികളും വിവേകികളുമാണ്. ശരിയും തെറ്റും തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടത്തിനൊത്ത് എവിടെയും പോയി ജീവിക്കാനും പഠിക്കാനും കഴിയും. പക്ഷേ ഇവന് തെറ്റും ശരിയും തിരിച്ചറിയാനാവുന്നില്ല. ഞാനില്ലെങ്കില്‍ ഇവനെ ആരാണ് പഠിപ്പിക്കുക.? നിങ്ങള്‍ എല്ലാവരും ഇവിടം വിട്ടാലും ഞാന്‍ ഇവിടെ കൈവിടില്ല.... ഇതുകേട്ട് മോഷ്ടാവായ വിദ്യാര്‍ത്ഥിയുടെ കണ്ണുകള്‍ നിറഞ്ഞു. അയാള്‍ പശ്ചാത്താപത്തോടെ ഇനി ഒരിക്കലും താന്‍ മോഷ്ടിക്കില്ലെന്ന് ഏവരുടേയും മുന്നില്‍വച്ച് തന്നെ ശപഥം ചെയ്‌തു.
സന്ന്യാസിയെ യഥാര്‍ത്ഥ സന്ന്യാസിയാക്കുന്നത് ചില ത്യാഗങ്ങള്‍ മാത്രമല്ല. സഹജീവികളോടുള്ള കാരുണ്യംകൂടിയാണ്. ഒരാളെ ഗുരുവാക്കുന്നത് അയാളുടെ ശാരീരിക ഗാംഭീര്യമോ, വസ്‌ത്രധാരണമോ, പണമോ, അത്ഭുത സിദ്ധികളോ ഒന്നുമല്ല. അയാളുടെ ജ്ഞാനവും മനോഗുണവും ജീവിത കര്‍മ്മങ്ങളുമാണ്. ഇക്കാര്യം സാധാരണക്കാരായ നമുക്കും ബാധകമല്ലേ.?
കടപ്പാട് : ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്)
|
Posted: 23 Jul 2016 05:35 AM PDT
തൃശ്ശൂരിൽ കാഞ്ഞാണിക്ക് തെക്ക് ഭാഗത്ത് ആണ് പെരിങ്ങോട്ടുകര.തൃശ്ശൂരിൽ നിന്നും കണ്ടശാം കടവിലേക്ക് പോകുന്ന വഴിക്കാണ് കാഞ്ഞാണി.ഇ പ്രദേശത്ത് ആദ്യം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആളായിരുന്നു കാരാട്ട് പറമ്പിൽ കെ.എസ് കൃഷ്ണൻ.അദ്ദേഹം അരിമ്പൂർ വില്ലേജിലെ ഉദ്യോഗസ്ഥനായിരുന്നു.എന്നാൽ ഉദ്യോഗം രാജിവെച്ച ശേഷം ഒരു വലിയ പലചരക്കുകട തുടങ്ങി.ഒരിക്കൽ പീടികയിലേക്ക് സാധനങ്ങൾ വാങ്ങാൻ അദ്ദേഹം കൊച്ചിയിലേക്ക് പോയി.തിരിച്ചു വരുന്ന സന്ദർഭത്തിലാണ് ഗുരുടെവനും കുമാരനാശാനും മുത്തകുന്നം ക്ഷേത്രത്തിൽ വിശ്രമിക്കുന്ന വിവരം അറിയുന്നത്.കൃഷ്ണൻ അവിടെ വള്ളം അടുപ്പിച്ചു.ഗുരുദേവനെ മുഖം കാണിച്ചു.തന്നോടൊപ്പം പെരിങ്ങോട്ടു കരയിലേക്ക് വരണം എന്ന് അപേക്ഷിച്ചു.
കൃഷ്ണന്റെ ക്ഷണം സ്വീകരിച്ചു ഗുരുദെവനും കുമാരനാശാനും ഒരു അനുചരനും കൂടി കൃഷ്ണന്റെ കുടുംബ വീട്ടിലെത്തി.ഒരാഴ്ചയോളം അവർ അവിടെ താമസിച്ചു.കൃഷ്ണന്റെ കുടുംബ വകയായി ഒരു ക്ഷേത്രവും അവിടെയുണ്ടായിരുന്നു.അവിടുത്തെ വിഗ്രഹവും വാളും അരമണിയും ഗുരുദേവന്റെ നിർദേശ പ്രകാരം അവിടെ നിന്നും നീക്കം ചെയ്തു.ക്ഷേത്രത്തിലെ കുരുതി അവസാനിപ്പിച്ചു.തല്ക്കാലം പൂജ നടത്തേണ്ടതില്ല എന്നും നിര്ദേശിച്ചു.പൊതു ജനങ്ങളുടെ ആരാധനയ്ക്ക് വേണ്ടി ഒരു പുതിയ ക്ഷേത്രം പണിയണമെന്ന് ഗുരുദേവൻ ആവശ്യപെട്ടു.
അതിനു ശേഷം 1080-ൽ ഗുരുദേവൻ വീണ്ടും പെരിങ്ങോട്ടുകര സന്ദർശിച്ചു.ഇ വേളയിലാണ് ക്ഷേത്രം പണിയുവാൻ ആവശ്യമായ വസ്തു അതിന്റെ ഉടമകൾ ഗുരുദേവന് എഴുതി കൊടുത്തത്.അതിനു ശേഷം കഴിവതും വേഗം ക്ഷേത്രം പണി തീർക്കണമെന്ന് ഗുരുദേവൻ ജനങ്ങളോട് ആവശ്യപെട്ടു.ക്ഷേത്രം പണിയുടെ മേല്നോട്ടം ഗുരുദേവൻ എല്പ്പിച്ചത് ശിവലിംഗ സ്വാമികളെ ആയിരുന്നു.എന്നാൽ പ്രധാന ക്ഷേത്രത്തിന്റെ പണി പ്രതീക്ഷിച്ചതിലും വളരെ നീണ്ടു പോയി.കൊച്ചി ഗവണ്മെന്റ് ഉന്നയിച്ച തടസ്സ വാദങ്ങളാണ് അതിനു കാരണമായി തീർന്നത്.ആദ്യം നിര്മ്മിച്ച ചെറിയ ആരാധനാലയത്തിന് അനുവാദം വാങ്ങിയില്ലെന്ന കാരണം പറഞ്ഞു കൊച്ചി ഗവണ്മെന്റ് കേസ് എടുത്തു. കെ.എസ് കൊച്ചു കൃഷ്ണനെ ശിക്ഷിച്ചു.കുറെ താമസിച്ചെങ്കിലും ക്ഷേത്രം പണി പൂർത്തിയക്കുവാൻ ശിവ ലിംഗ സ്വാമികൾക്ക് കഴിഞ്ഞു.ക്ഷേത്രം പണി പൂർത്തിയായയുടനെ തന്നെ ശിവലിംഗ സ്വാമികൾ സമാധിയായി.കുറഞ്ഞൊരു കാലയലവിനുള്ളിൽ പെരിങ്ങോട്ടുകരയിലെ മുഴുവൻ ജനങ്ങളുടെയും ആരാധനാ പാത്രമായി തീരുവാൻ സ്വാമികൾക്ക് കഴിഞ്ഞു.
ശിവലിംഗ സ്വാമികളുടെ സമാധിയുടെ നാല്പത്തിയൊന്നാം ദിവസം ക്ഷേത്ര പ്രതിഷ്ഠ നടത്തുന്നതിനുള്ള തീരുമാനം ഗുരുദേവൻ കൈക്കൊണ്ടിരുന്നു.പ്രതിഷ്ഠയുടെ തലേദിവസം തന്നെ ഗുരുദേവൻ കൃഷ്ണന്റെ വീട്ടിലെത്തി.ഒരു വൻ ജനാവലിയുടെ അകമ്പടിയോടും വാദ്യ മേളങ്ങളോടും കൂടിയാണ് കൃഷ്ണന്റെ വീട്ടില് നിന്നും ഗുരുദേവനെ സ്വീകരിച്ച് ക്ഷേത്രാങ്കണത്തിലേക്ക് ആനയിച്ചത്.ക്ഷേത്രവും പരിസരവും അലങ്കരിച്ച് ആകർഷകമാക്കിതീരത്തിരുന്നു.ഒരു ജനതയുടെ മുഴുവൻ ആഹ്ലാദത്തിലും ഉത്സവ ലഹരിയിലും അമഗ്നനായി തീര്ന്ന ധന്യ മുഹൂർത്തത്തിലാണ് ഗുരുദേവൻ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിലെ പ്രതിഷ്ഠ കർമ്മം നിർവ്വഹിക്കുന്നത്.
|
Posted: 23 Jul 2016 05:33 AM PDT
തൃപ്പാദങ്ങൾ മഹാസമാധി പ്രാപിച്ച സമയത്ത് തൃപ്പാദശിഷ്യനും സിദ്ധ പുരുഷനുമായിരുന്ന ശ്രി ഭൈരവൻ ശാന്തികൾ അരുവിപ്പുറത്ത് ഗുരുദേവ ചിത്രത്തിനു മുന്നിൽ
കർപ്പുരാരാധന നടത്തി ഗുരുപൂജ നിർവ്വഹിച്ചു. (സിദ്ധപുരുഷനായ)
സ്വാമികൾക്ക്തൃപ്പാദങ്ങളുടെ മഹാസമാധിയെ കുറിച്ച് നല്ലവണ്ണം അറിയാമായിരുന്നു. മഹാസമാധിയായതിൽ സ്വാമികൾ ഏറെ ദു:ഖിച്ചു.അന്ന് സ്വാമികൾ ഉപവാസമെടുത്തു. രാത്രി ഉറങ്ങാൻ സാധിച്ചില്ല. ഗുരുദേവസ്മരണയോടും പ്രാർത്ഥനയോടും കൂടി സ്വാമികൾ സമയം ചിലവഴിച്ചു രാവേറെ ചെന്നപ്പോൾ ഗുരുദേവൻ്റെ ദിവ്യദർശനം സ്വാമികൾക്ക് ലഭിച്ചു.
" " " വിഷമിക്കേണ്ട. നാമൊരിടത്തും പോയിട്ടില്ല. ശരീരനാശം ആത്മനാശംഅല്ല. നാമെന്നും നിങ്ങളോടൊപ്പം ഉണ്ടാകും " " "
ഞെട്ടിയുണർന്ന സ്വാമികൾ ആ ദിവ്യദർശനത്തിൻ്റെ മധുരാനുഭൂതിയിൽ മുഴികി തുടർന്ന് സ്വാമികൾ ആഗ്രഹിക്കുമ്പോൾ എല്ലാം തൃപ്പാദങ്ങളുടെ "ദർശനം" ലഭിച്ചു കൊണ്ടിരുന്നു. ഗുരുദേവൻ നാം എന്നും നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് ദർശന നല്കിയതിലെ "നിങ്ങൾ " എന്ന പദപ്രയോഗത്തിലെ ആഴവും പരപ്പുംലോകജനസമൂഹ
മാണെന്നേ മനസ്സിലാക്കാനാവു- അവിടുത്തെ ദർശനങ്ങളനുസരിച്ച് ഭക്തിപൂർവ്വം അനന്യ ചിന്തയോടെ ഗുരുവിനെ ഉപാസ്സിക്കുന്നവർക്ക് ഇന്നും തൃപ്പാദങ്ങളുടെ ദർശനം ലഭിക്കുന്നുണ്ടല്ലോ . പില്ക്കാലത്ത് അരുമാനൂർ ക്ഷേത്ര പ്രതിഷ്ഠ ഭൈരവൻ ശാന്തി സ്വാമികൾ നിർവ്വഹിച്ചവേളയിൽ തൃപ്പാദങ്ങളുടെ ദിവ്യസാന്നിധ്യം അവിടെ ഉണ്ടായി. ഗുരുദേവൻ വിഗ്രഹത്തിൽ സ്പർശിച്ചു നിൽക്കുന്നതായി ഭൈരവൻ സ്വാമി വ്യക്തമായുംകണ്ടു. മുൻപൊരിക്കൽ ഗുരുദേവൻ അരുളിചെയ്തിരുന്നു. " അരുമാനൂർ പ്രതിഷ്ഠാ വേളയിൽ നാം ഉണ്ടാകും. ഭൈരവൻ കാര്യങ്ങൾ നോക്കി കൊള്ളണം" മഹാസമാധിക്കു ശേഷവും ഗുരുദേവ സാന്നിധ്യം അനുഭവവേദ്യമായതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ സംഭവം 1117 - ൽ അരുവിപ്പുറത്തെത്തിയ ഞാൻ ശാന്തി സ്വാമിയുടെ സഹചരന്മാരിൽനിന്നും നേരിട്ടു ഗ്രഹിച്ചതാണ് ഈ വിവരണാതീത മായ സംഭവം (ഗീതാനന്ദ സ്വമി )
സച്ചിദാനന്ദ സ്വാമി
ശിവഗിരി മഠം
⭕ For More Updates
|
Posted: 23 Jul 2016 05:32 AM PDT
സിലോണില്‍ ഒരു കമ്പനിബ്രോക്ക൪ സംഭാഷണത്തിനിടയില്‍ താ൯ ബുദ്ധമതക്കാരനാണെന്നു പറയുകയും സ്വാമികളുടെ മതം ഏതാണെന്ന് അന്വേഷിക്കുകയും ചെയ്തു.
സ്വാമി : നമ്മുടേതും ബുദ്ധമതം തന്നെ.
സ്വാമി തന്നെ പരിഹസിക്കുകയാണോ എന്നു ബ്രോക്ക൪ സംശയിച്ചു.
അദ്ദേഹം ചോദിച്ചു : അതെങ്ങനെ ?
സ്വാമി : നിങ്ങള് ബുദ്ധന്‍റെ പര്യായങ്ങള് കേട്ടിരിക്കുമല്ലോ.
"ഷഡഭിജ്ഞോ ദശബലോ അദ്വയവാദീ വിനായകഃ" എന്ന്.
ബ്രോക്ക൪ - ഉവ്വ്.
സ്വാമി : നാം അദ്വയവാദി ആയതുകൊണ്ടു തന്നെയാണു നമ്മുടേതും ബുദ്ധമതമാണെന്നു പറഞ്ഞത്.
ബ്രോക്ക൪ സന്തുഷ്ടനായി.
- സി.ആ൪. കേശവ൯ വൈദ്യ൪, ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ
|
You are subscribed to email updates from ഗുരുദേവ ചരിത്രം. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
Jagath Guru Sree Narayana Gurudevan |
Posted: 22 Jul 2016 05:15 AM PDT
ആസ്വാദനം: ഷൗക്കത്ത് ----------------------------------------------- വേദം എന്നാല്‍ അറിവു് എന്നാണര്‍ത്ഥം. വേദാന്തം എന്നാല്‍ അറിവിന്റെ അവസാനം എന്നും. അറിഞ്ഞറിഞ്ഞുവരുംതോറും അറിവില്ലായ്മയുടെ ലോകം വെളിപ്പെട്ടുവരുന്ന ഒരു പ്രപഞ്ചമാണത് . അവിടെ അറിയാന്‍ ഇറങ്ങിത്തിരിച്ചവര്‍ എല്ലാ അടവും അടക്കി പ്രണമിച്ചു നില്ക്കും. സര്‍വ്വസമര്‍പ്പണത്തിന്റെ ആ വിശുദ്ധവഴിയാണ് വേദാന്തത്തിന്റെത് . വിചാരംചെയത് ശുദ്ധിവന്ന ബോധത്തില്‍ പ്രകാശിക്കുന്ന അറിവിന്റെ വെളിച്ചമാണത് . ചിന്തയും വിചാരവും ഒരു വഴിമാത്രമാണവിടെ. അതു ലക്ഷ്യമായതോടെയാണ് വേദാന്തം വരട്ടുവേദാന്തമായി അധഃപതിച്ചത് . വാദത്തിന്റെയും തര്‍ക്കത്തിന്റെയും കുരുക്കില്‍ പെട്ടുപോയ വേദാന്തദര്‍ശനങ്ങളെ ഗുരുവിനെപ്പോലുള്ളവരാണ് കാലാകാലങ്ങളില്‍ തെളിച്ചെടുത്തിട്ടുള്ളത് . കരുണവറ്റി നിര്‍ജ്ജീവമായിപ്പോയ വേദാന്തികളുടെ അഹന്തയില്‍ നൊന്തിട്ടുതന്നെയാണത് . 'അരുളില്ലയതെങ്കിലസ്ഥിതോല്‍സിര നാറുന്നൊരുടമ്പുതാനവന്‍ മരുവില്‍പ്രവഹിക്കുമംബുവപ്പുരുഷന്‍ നിഷ്ഫലഗന്ധപുഷ്പമാം'' എന്നു ഗുരുവിനു പാടേണ്ടിവന്നത് . നിഷേധാത്മകതയുടെ പാരമ്യതയില്‍ കണ്‍മുമ്പിലുള്ളതിനെ അവഗണിക്കുന്ന ദര്‍ശനമായി അതു അധഃപതിച്ചപ്പോള്‍ 'സകലവുമുള്ളതുതന്നെ തത്വചിന്താഗ്രഹനിതു സര്‍വ്വവുമേകമായ് ഗ്രഹിക്കും' എന്നു് അദ്ദേഹത്തിന് പറയേണ്ടി വന്നു. സേ്‌നഹവും മര്യാദയും അറിവിന്റെ ലോകങ്ങളില്‍ അവഗണിക്കപ്പെടുമ്പോള്‍ ഗുരുവിനെപ്പോലുള്ളവരാണു് അതു വീണ്ടെടുത്ത് മൂല്യനവീകരണംചെയ്തു് നമുക്കു് അനുഗ്രഹമായി നല്‍കിയത് . വിരസവും നിര്‍ജ്ജീവവും മൂല്യരഹിതവുമായ ആത്മീയലോകത്തെ അതിന്റെ തനിമയിലേക്കു് ഉണര്‍ത്തിക്കൊണ്ടുവരുവാനായി ഗുരു രചിച്ചതാണ് ആത്മോപദേശശതകം. ഭാരതീയദര്‍ശനങ്ങളുടെ സാരസംഗ്രഹം എന്നു പറയാവുന്ന സൃഷ്ടിയാണത് . ഇതില്‍ അദ്വൈതവും വിശിഷ്ഠാദൈവതവും ദൈവതവും എല്ലാം ഇഴുകിച്ചേര്‍ന്നു കിടക്കുന്നു. ഏതു പക്ഷത്തുനിന്നു വായിച്ചാലും അതാണു ശരിയെന്നുതോന്നുന്ന ഒരു സമഗ്രത ഈ ദര്‍ശനങ്ങള്‍ക്കുണ്ട് . അതുകൊണ്ടുതന്നെ വേദാന്തം എന്നു് പൊതുവെ പറയുന്ന അദ്വൈതദര്‍ശനമായി ഇവിടെ പറയുന്ന വേദാന്തത്തെ മനസ്സിലാക്കാതിരിക്കണം. അതുമല്ല, ഇതുമല്ല, സദര്‍ത്ഥവുമല്ല അഹം എന്നറിഞ്ഞ് ; അത് സച്ചിദാമൃതമാണെന്ന് തെളിഞ്ഞു് , സത്ത്, അസത്ത് എന്നൊക്കെയുള്ള പ്രതിപത്തികളില്‍നിന്നു മോചിതരായി ആ പരംപൊരുളില്‍ മൃദുവായ് മൃദുവായ് അലിഞ്ഞുചേരണം എന്നു പറയുന്ന ദര്‍ശനമാണു് ഗുരുവിന്റേത് . അതൊരു അനുഭവലോകമാണ് . ആനുഭൂതികപ്രപഞ്ചമാണ് . വേദങ്ങളുടെയെല്ലാം അന്തിമസ്ഥാനമാണ്. ആ ആനുഭൂതികപ്രപഞ്ചത്തിലേക്കുള്ള പ്രചോദനം മാത്രമാണ് ഈ കൃതി. ശ്ലോകം : ഒന്ന് അറിവിലുമേറി, യറിഞ്ഞിടുന്നവന്‍ത- ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി- ത്തെരുതെരെ വീണുവണങ്ങിയോതിടേണം.
അന്വയം
അറിവിലും ഏറി - അറിവായും
അറിഞ്ഞിടുന്നവന്‍തന്നുരുവിലും - അറിയുന്നവനായും ഒത്തു പുറത്തും - അറിയപ്പെടുന്നതായും ഉജ്ജ്വലിക്കും- പ്രകാശിക്കുന്ന കരുവിന് - പൊരുളിന് കണ്ണുകളഞ്ചുമുള്ളടക്കി- അഞ്ചിന്ദ്രിയങ്ങളും സൂക്ഷ്മമാക്കി തെരുതെരെവീണുവണങ്ങി- ധാരമുറിയാതെ വീണു വണങ്ങി ഓതിടേണം- ധ്യാനിക്കണം.
അര്‍ത്ഥം
യാതൊരു പൊരുളാണോ അറിവായും അറിയുന്നവനായും അറിയപ്പെടുന്നതായും വിളങ്ങുന്നത് അതിനെ സമര്‍പ്പിതഹൃദയത്തോടെ ധാരമുറിയാതെ ധ്യാനിച്ചുകൊണ്ടേയിരിക്കണം.
ആസ്വാദനം
ഓര്‍മ്മവെച്ചനാള്‍മുതല്‍ ലോകത്തെ ബഹിര്‍മുഖമായി അനുഭവിച്ചു ശീലിച്ചവരാണു നാം. കണ്ടും കേട്ടും തൊട്ടും രുചിച്ചും മണത്തുമാണ്. നാം അനുഭവങ്ങളെ സ്വാംശീകരിച്ചത് . അകമേ ചിന്തയായും പുറമേ വിഷയപ്രപഞ്ചമായും ജീവിതത്തെ പരിചയിച്ചുപോന്ന നമുക്കു് ഇതെല്ലാം ഒരേ ഉണ്മയുടെ ആവിഷ്ക്കാരങ്ങളാണെന്ന് പറഞ്ഞാല്‍ ആശയപരമായി സ്വീകാര്യമാകുമെങ്കിലും അനുഭവമായിത്തീരുക പ്രയാസംതന്നെയാണ് . എന്നാല്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എപ്പോഴെങ്കിലും ഉണ്മയുടെ ഏകാത്മകത നാം അനുഭവിച്ചിട്ടുള്ളതുകൊണ്ടാണ് എല്ലാ വിഭാഗീയതകളില്‍നിന്നും ബോധത്തെ നിവര്‍ത്തിച്ച് സ്വതന്ത്രരാകാനുള്ള വെമ്പല്‍ നമ്മില്‍ ഉണര്‍ന്നിരിക്കുന്നത് . അറിവ് , അറിയുന്നവന്‍, അറിയുന്ന ലോകം എന്നിങ്ങനെ മൂന്നായി പിരിഞ്ഞാണ് അറിവിനെ, ഈ പ്രപഞ്ചത്തെ നാമനുഭവിക്കുന്നത് . അറിവിന്റെ ഈ മുറിവുകളെ അടുത്തുചെന്നു പരിശോധിക്കുകയാണെങ്കില്‍ എല്ലാം ഒരേ ഉണ്മയില്‍നിന്നും വിടര്‍ന്നു വരുന്നതാണെന്ന് അനുഭവിക്കാനാകും. മുറിവുകളെല്ലാം നിനവുകളായിരുന്നെന്നു അറിയും.വൈവിധ്യവും വൈചിത്ര്യവുമാര്‍ന്നു പരിലസിക്കുന്ന വിഷയപ്രപഞ്ചത്തില്‍ ഇന്ദ്രിയങ്ങള്‍ അഭിരമിക്കുമ്പോള്‍ ഉണ്മ മറഞ്ഞുപോകുന്നു. ഓര്‍മ്മവെച്ച നാള്‍മുതല്‍ ശീലിച്ചുപോന്ന ജീവിതം ഇന്ദ്രിയാരാമത്വമായതിനാല്‍ ഇന്ദ്രിയങ്ങളെ പ്രത്യക്ഷാനുഭവങ്ങളുടെ ഉപരിതലത്തില്‍നിന്നും സൂക്ഷ്മതലത്തിലേക്ക് കൊണ്ടുപോകുകയെന്നത് പ്രയാസമാണ്. അനുഭവങ്ങളുടെ മധ്യബിന്ദുവായിരിക്കുന്ന മൗനത്തില്‍ നിമീലിതമാകുമ്പോഴാണ് ജീവിതത്തിന്റെ തനിമ അതിന്റെ എല്ലാ സൗന്ദര്യത്തോടും ആനന്ദത്തോടുംകൂടി അനുഭവിക്കാനാകുക. അതിന് നാമാദ്യം അനുനയപൂര്‍വ്വം ഇന്ദ്രിയങ്ങളെ അതിന്റെ ഭ്രമരങ്ങളില്‍നിന്നും ശമിപ്പിച്ചു് സൂക്ഷ്മതയുള്ളതാക്കണം. സ്ഥൂലത്തില്‍നിന്നും സൂക്ഷ്മത്തിലേക്കു ഒഴുകവേ ഇന്ദ്രിയങ്ങളെല്ലാം ശാന്തമാകും. നാം ഒരു പൂവു കാണുമ്പോള്‍ പൂ മാത്രമല്ല കാണുന്നത് . പല കാഴ്ചകളില്‍ ഒരു കാഴ്ച മാത്രമാണത് . കുറച്ചുസമയം പൂവിനടുത്തു ചിലവഴിക്കാന്‍ തയ്യാറാണെങ്കില്‍ പൂവിന്റെ ആത്മാവിലേക്കു പ്രവേശിക്കാനുള്ള വഴി അതു തുറന്നതരും. ഇതളുകളുടെ മാര്‍ദ്ദവവും വര്‍ണ്ണവൈവിധ്യവും കേസരങ്ങളും അതീവലോലമായ നാഡികളുമെല്ലാം ഒരു മഹാപ്രപഞ്ചംപോലെ വിരിഞ്ഞുവരും. പല കാഴ്ചകളില്‍ ഒരു കാഴ്ച മാത്രമായിരുന്നു അതുവരെ പൂവെങ്കില്‍ ഇപ്പോള്‍ നാം പൂവിന്റെ സവിശേഷതകളെ അനുഭവിക്കുകയാണ് . കണ്ണുകൊണ്ടാണു് നാം നോക്കുന്നതെങ്കിലും എല്ലാ ഇന്ദ്രിയങ്ങളും ആ പൂവിലേക്ക് സ്വാഭാവികമായി ഏകമുഖമായിത്തീരും. ഒരിന്ദ്രിയം സജീവമാകുമ്പോള്‍ മറ്റിന്ദ്രിയങ്ങളെല്ലാം അതിനോടൊപ്പം സജീവമാകുകയെന്നതു ഇന്ദ്രിയങ്ങളുടെ സ്വാഭാവികസ്ഥിതിയാണ് . നാം നിശ്ചലരാവും. ഏകാഗ്രമായ ശ്രദ്ധ ഇന്ദ്രിയങ്ങളില്‍ നിറയും. പൂനമ്മിലും നാം പൂവിലും അമര്‍ന്നുപോകും. ഏതോ മൗനത്താല്‍ എല്ലാം വലയം ചെയ്യപ്പെട്ടിരിക്കുന്നെന്ന ആനുഭൂതികമായ ഒരുണര്‍വ്വിലേക്കാവും ആ അനുഭവം നമ്മെ കൊണ്ടുപോകുക. ഇന്ദ്രിയങ്ങളെല്ലാം ഏതോ ഉണ്മയില്‍ വിലയം പ്രാപിക്കും. നാം ഒരു കസേര കാണുന്നു. അത് പ്രത്യക്ഷാനുഭവം. ഇനി നാം അകമേക്കു തിരിയണം. ഇതെന്തു് എന്നു നാം വീണ്ടു ചോദിച്ചാല്‍ അതു മരം എന്നുത്തരം. വീണ്ടും ആ ചോദ്യം തുടര്‍ന്നുകൊണ്ടിരുന്നാല്‍ അണുവിലേക്കും പരമാണുവിലേക്കും നാം ചെന്നെത്തും. അവസാനം ഞാനും കസേരയും മേശയും പേനയും വീടും ആകാശവും ഭൂമിയും എല്ലാം പരമാണുക്കളുടെ സംഘാതം മാത്രമാണെന്നറിയും. മഹാശൂന്യതയുടെ പ്രഭാവംമാത്രമാകും പിന്നീടവശേഷിക്കുക. അതെന്നും ഇതെന്നും പറയാന്‍ ഒന്നുമില്ലാതെ നമ്മുടെ വിചാരം നിശ്ചലമാകും. ചിന്തകളെല്ലാമടക്കും . ഇന്ദ്രിയരാഗങ്ങളെല്ലാം ശമിക്കും. കണ്ണുകളഞ്ചുമുള്ളടക്കുകയെന്നു പറഞ്ഞാല്‍ ശരീരത്തിനുള്ളിലെ ഏതെങ്കിലും കേന്ദ്രത്തിലേക്കു് തിരിക്കുകയെന്നല്ല മനസ്സിലാക്കേണ്ടത് . ഇന്ദ്രിയാനുഭവങ്ങളുടെ അകമേക്ക് കടന്നുചെല്ലുകയെന്നാണു് അറിയേണ്ടത് . പ്രത്യക്ഷാനുഭവങ്ങളുടെ അകമേക്കു തിരിയുമ്പോള്‍ നാം നമ്മുടെ അകമേക്കുതന്നെയാണ് തിരിയുന്നത് . നാമെന്നു പറയുന്നതും പ്രത്യക്ഷാനുഭവമെന്നു പറയുന്നതും ഒന്നുതന്നെയാണെന്നാണു ഗുരു പറയാന്‍ ശ്രമിക്കുന്നത് . നാമും ഈ ലോകവും എന്തിന്റെയെങ്കിലും അകത്തോ പുറത്തോ അല്ല. നമ്മുടെ അകമെന്നും ലോകത്തിന്റെ അകമെന്നും പറയാനൊരിടവുമില്ല. ആകെയുള്ളത് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാവാത്ത ഉണ്മയാണ് . ആ ഉണ്മയുടെ രശ്മികളാണ് ഇക്കാണായതെല്ലാമായി വിരിഞ്ഞു നില്ക്കുന്നത് . സൂക്ഷ്മത്തിലായിരിക്കുകയെന്നാല്‍ നിശ്ചലമായിരിക്കുകയെന്നാണര്‍ത്ഥം. എല്ലാ ചാഞ്ചല്യങ്ങളില്‍നിന്നും മുക്തമായ ആ മൗനത്തില്‍ നിശ്ചലരായിരിക്കണം. സര്‍വ്വപ്രപഞ്ചങ്ങളിലും പ്രസരിച്ചിരിക്കുന്ന ചൈതന്യം മൗനാത്മകമായ ആ ഉണ്മതന്നെയാണെന്നു് അറിയാനാകും. സൂക്ഷ്മത്തില്‍നിന്നും സ്ഥൂലത്തിലേക്കു് തിരിച്ചൊഴുകാനുള്ള വെമ്പല്‍ ഇന്ദ്രിയങ്ങളുടെ ശീലവിധേയമായ സ്വാഭാവികാവസ്ഥയാണ് . പുറമേക്കു തിരിയുമ്പോള്‍ അകം മറയുകയും അകമേക്കു തിരിയുമ്പോള്‍ പുറം മറയുകയും ചെയ്യുന്ന അനുഭവമാണു നമ്മുടേത് . അകവും പുറവും എന്ന ദൈവതത്തെ പൂര്‍ണ്ണമായും അലിയിപ്പിക്കുന്ന കരുവിലേക്കാണു നാം ഉണരേണ്ടത് . അതിന് ഇന്ദ്രിയങ്ങളിലൂടെ പ്രസരിക്കുന്ന വാസനകള്‍ ക്ഷയിച്ചുവരണം. ബോധപൂര്‍വ്വമുള്ള പരിശ്രമംകൂടി ഉണ്ടായാലേ അതു സംഭവിക്കുകയുള്ളൂ. പലതായിരിക്കുന്ന ലോകത്തിലേക്ക് അന്ധമായൊഴുകുന്ന ബോധവൃത്തിയെ അതിന്റെ എല്ലാ അവിദ്യാജന്യമായ ചലനങ്ങളില്‍നിന്നും നിവര്‍ത്തിപ്പിക്കണം. നിരന്തരമായ ശ്രദ്ധ ആവശ്യപ്പെടുന്ന സാധനയാണതു്. കൃതജ്ഞതാനിര്‍ഭരവും സമര്‍പ്പിതവുമായ ഹൃദയമുണ്ടെങ്കിലേ ധ്യാനാത്മകമായ ശ്രദ്ധ നമ്മില്‍ അന്തര്‍ധാരയായി പ്രവഹിക്കുകയുള്ളൂ. അകവും പുറവും വിളകൂന്ന ഉണ്മയെ, കരുവിനെ വീണുവണങ്ങി പ്രാര്‍ത്ഥിക്കണം. 'ദൈവമേ, ഇതെല്ലാം നീ തന്നെ. ഈ കാണപ്പെടുന്ന പ്രപഞ്ചമെല്ലാമായി പ്രകാശിക്കുന്നതു നീ മാത്രമാണ് . നിന്നെത്തന്നെ ഞങ്ങള്‍ കുഞ്ഞുങ്ങളായി കാണുന്നു. ഭാര്യഭര്‍ത്താക്കന്മാരായി കാണുന്നു. അന്യരായി കാണുന്നു. ഈ അവസരത്തില്‍ നീ തന്നെയാണു് ഇതെല്ലാമെന്നു് ഞങ്ങള്‍ മറന്നുപോകുന്നു. അതുകൊണ്ടു് ഞങ്ങളുടെ പെരുമാറ്റത്തില്‍ ഭവ്യത ഇല്ലാതായിത്തീരുന്നു. ഞങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കുറഞ്ഞു പോകുന്നു. അറിയാതെ ഞങ്ങള്‍ അനാദരവു കാണിച്ചു പോകുന്നു. കാരുണ്യത്തിന്റെ നിറകുടമായ സര്‍വ്വേശ്വരാ, ഞങ്ങളെ അനുഗ്രഹിച്ചു് ഉള്‍ക്കണ്ണു തുറന്നു തരുമാറാകണേ. കുഞ്ഞുങ്ങളെ കാണുമ്പോള്‍ നീ തന്നെ ബാലരൂപം പൂണ്ടു വിളയാടുകയാണെന്നു മനസ്സിലാക്കി ഞങ്ങള്‍ ആഹ്ലാദിക്കട്ടെ. ഏവരുടെയും കണ്ണില്‍ നിന്റെ ചൈതന്യം പ്രകാശിക്കുന്നതു വ്യക്തമായി കാണുവാന്‍ വരം തരേണമേ. എല്ലാ ശബ്ദങ്ങളിലും നിന്റെ വൈഖരീവിലാസം കേള്‍ക്കുമാറാകണേ. ഞാനൊരു വ്യക്തി എന്ന അറിവിനു പകരം ഞാന്‍ ഈ സമഷ്ടിയുടെ ദിവ്യമായ ഒരംശം എന്ന അറിവു തന്നു അനുഗ്രഹിക്കുമാറാകണേ!' ഗുരു നിത്യ എഴുതിയ പ്രാര്‍ത്ഥനയാണു് മുകളില്‍ ഉദ്ധരിച്ചതു്. കേവലം അധരവ്യായാമം എന്നതിലുപരി സ്വജീവിതത്തെത്തന്നെ ധ്യാനാത്മകമാക്കലാണു് പ്രാര്‍ത്ഥന. ഹൃദയം നനവുള്ളതാകണം. വാക്കുകള്‍ സൗമ്യവും ശാന്തവുമാകട്ടെ. പ്രവൃത്തികള്‍ മൗനാത്മകമാകട്ടെ. ചിന്തയും വാക്കും പ്രവര്‍ത്തിയുമെല്ലാം വിഷയോന്മുഖതയില്‍നിന്നും ആത്മോന്മുഖതയിലേക്കു തിരിച്ചൊഴുകുമ്പോഴാണു ഇതെല്ലാം സംഭവിക്കുക. അങ്ങനെയൊരുണര്‍വ്വിലേക്ക് നമ്മെ നയിക്കാന്‍ സഹായിക്കുന്ന അറിവുകളാണ് ഇനി പറയാന്‍ പോകുന്നതു്.
https://www.facebook.com/photo.php?fbid=816020141767492&set=oa.831872170213601&type=3&theater
|
You are subscribed to email updates from ഗുരുദേവ ചരിത്രം. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
യോഗ യോഗം എന്നൊക്കെ പറഞ്ഞാല്‍ കൂടിച്ചേരല്‍ എന്നാണു അര്‍ത്ഥം. ഇംഗ്ലീഷ് ഭാഷയില്‍ UNION എന്നുള്ള വാക്കിനു എന്താണോ അര്‍ത്ഥം അത് തന്നെയാണ് യോഗയുടെ അര്‍ത്ഥവും.
സനാതന ധര്‍മ്മം അനുസരിച്ച് ആത്മാവും (Consciousness) പരമാത്മാവും (Universal Consciousness) ഒന്നാണ് എങ്കില്‍ കൂടി ശരീരമാകുന്ന ഉപാധി നിമിത്തം ഇത് രണ്ടായി കാണപ്പെടുന്നു; അഥവാ തോന്നുന്നു. മനസ്സിനെ നിയന്ത്രിച്ച് ബുദ്ധിയെ ഏകാഗ്രമാക്കി "ഞാന്‍" എന്നുള്ള ശരീര ബോധത്തെ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു വിലസുന്ന പരമാത്മബോധത്തില്‍ ലയിപ്പിച്ച് അഥവാ വിലയം പ്രാപിച്ച് ബ്രഹ്മത്തെ അറിഞ്ഞു ബ്രഹ്മമായി തീരുവാന്‍ (To merge with universal consciousness) പഠിപ്പിക്കുന്ന ഒരു ഉപാസനാമാര്‍ഗ്ഗം ആണ് യോഗാഭ്യാസം. അങ്ങിനെ "സമ ധീ" ആയവന്‍ ജനന മരണ ചക്രങ്ങളില്‍ നിന്നും മോചനം നേടുന്നു, അല്ലാത്തവര്‍ വീണ്ടും വീണ്ടും ജനിച്ച് മരിക്കുന്നു. സന്യാസിമാരുടെയും യോഗികളുടെയും ദേഹ വിയോഗത്തെ "സമ ധീ" എന്ന് പറയുവാനും കാരണം ഇത് തന്നെ.
സെമിറ്റിക് മതങ്ങളെ സംബന്ധിച്ച് സത്യത്തില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുന്നില്ല. മറിച്ച് മരിച്ചാല്‍ മണ്ണിനടിയില്‍ തന്നെ കിടക്കുമെന്നും; അന്ത്യവിധി നാളില്‍ ദൈവം എല്ലാവരെയും വിളിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് സ്വര്‍ഗ്ഗവും നരകവും നല്‍കും എന്നുമാണ് വിശ്വാസം.
പറഞ്ഞു വന്നത് ഒരു സെമിറ്റിക് മതവിശ്വാസിയെ കൊണ്ട് നിര്‍ബന്ധിച്ച് യോഗ ചെയ്യിപ്പിക്കുന്നത് അവരെ മതം മാറ്റുന്നതിന് തുല്യമാണ്. അങ്ങിനെ മതം മാറ്റത്തിന് ചതിയിലൂടെ നേതൃത്വം നല്‍കുകയാണ് ഇപ്പോള്‍ സത്യത്തില്‍ "ചാതുര്‍ വര്‍ണ്ണ്യ നിയന്ത്രിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി" ചെയ്യുന്നത്. യോഗ മതേതരം അല്ല...! സംശയം ഉള്ളവര്‍ പതഞ്‌ജലി മഹര്‍ഷിയുടെ യോഗസൂത്രം വായിക്കുക...!
പിന്നെ വിദേശികള്‍ യോഗയെ അംഗീകരിക്കുവാന്‍ ഉള്ള പ്രധാന കാരണം; അവര്‍ കാര്യങ്ങളെ ശാസ്ത്രീയമായി അറിയാന്‍ തുടങ്ങിയപ്പോള്‍ ആകാശത്തില്‍ ഇരിക്കുന്ന ഒരു ദൈവം എന്നുള്ള കാഴ്ചപ്പാട് ഉപേക്ഷിച്ചു എന്നതാണ്. അവര്‍ Universal Consciousness എന്നതിനെ അംഗീകരിക്കുന്നു എന്നതിനാല്‍ ആണ് യോഗയെ അവര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ ഉള്ള പ്രധാന കാരണം...!
യോഗ എന്നാല്‍ തലകുത്തിയും കാലുകള്‍ അകത്തിയും ഒടിഞ്ഞും വളഞ്ഞും തിരിഞ്ഞും നില്‍ക്കല്‍ ആണെന്ന് കരുതി ജീവിക്കുന്ന അന്തംകമ്മികള്‍ ഇതൊക്കെ എന്നറിയാന്‍...? ഒരു ഭാഗത്ത് മനുഷ്യര്‍ പട്ടിണി കിടന്നു മരിക്കുമ്പോള്‍ കല്ലിനെ ഈശ്വരന്റെ പേര് വിളിച്ച് അതിനെ പാല്‍ ഒഴിച്ച് കഴുകി നിര്‍വൃതി അടയുന്ന അന്ധവിശ്വാസികള്‍ ആയ ഹിന്ദുക്കളുടെ കാര്യവും തഥൈവ...!
|
Posted: 17 Jul 2016 07:43 AM PDT
"ഹിന്ദുമതം" എന്നതു് വിദേശികളുടെ ഭാരതത്തിന്‍റെ ദാർശനികതയെക്കുറിച്ചുള്ള അറിവില്ലായ്മയും ഭാരതീയ ഭാഷകളെക്കുറിച്ചുള്ള അറിവില്ലായ്മയും, ആ ഭാഷകൾ ശരിയായി ഉച്ചരിക്കാനും മനസ്സിലാക്കുവാനും ഉള്ള കഴിവുകേടും ചേർന്നുണ്ടാക്കിയ ഒരു തെറ്റാണു്. ഇതു് തെറ്റെന്നതിലും കൂടുതലായി മനഃപൂർവ്വമായി ചെയ്താണുന്നതാണു വാസ്ഥവം. അതിനെ എതിർത്തില്ലാ എന്ന തെറ്റു് ഭാരതീയരായ നമ്മുടെ പൂർവ്വികരുടേതു തന്നെ. കൂടാതെ അതിനെത്തന്നെ ഖണ്ഡങ്ങളാക്കി, ബുദ്ധമതം, ജൈനമതം, ശൈവമതം, ശക്തി മതം, വൈഷ്ണവമതം എന്നെല്ലാം പേരുകൾ നല്കിയതിനെയും എതിർത്തില്ല എന്നതും നമ്മുടെ പൂർവ്വികരുടെ മറ്റൊരു തെറ്റ്. ആ തെറ്റുകളെയെല്ലാം അംഗീകരിക്കുകയും അവയ്ക്കനുസരിച്ചു് ആത്മീയതയെ തരം താഴ്ത്തി അവയ്ക്കനുസരിച്ചു് മറ്റഹ്ങ്ങളുടെ പട്ടികയിലാക്കി. അതിനെ നമ്മുടെ പൂർവ്വികർ എതിർ ത്തില്ല. തന്നെയുമല്ല, അവർ അതു സ്വയം പ്ർഖ്യാപിച്ചു നടക്കുകയും ചെയ്യുന്നു.
ഇപ്പോൾ ഗുരുദേവനെയും അതേ വഴിക്കു (അവരവരുടെ മതത്തിലേക്കും ജാതിയിലേക്കും) കൊണ്ടു പേകയാണു, ഗുരുദേവൻ ഹിന്ദു സന്യാസിയാണെന്നും അല്ലെന്നും ഈഴവനാണെന്നും അല്ലെന്നു വാദിച്ചക്കുന്നവർ ചെയ്യുന്നതു്. ഗുരുദേവൻ ആരുടെയും സ്വകാര്യസ്വത്തല്ല. ദയവായി അങ്ങനെയാക്കാൻ ശ്രമിക്കാതെ ഇരിക്കുവാൻ അപേക്ഷിക്കുന്നു. ചിലരുടെ പ്രവർത്തികൾ ജീവിച്ചിരുന്നപ്പോൾ തന്നെ ഗുരുദേവനെ ക്കൊണ്ടു് "നാം ജാതി ഉപേക്ഷിച്ചു" എന്നു പറയിപ്പിക്കുക തന്നെ ഉണ്ടായി.
ഗുരുദേവനെ ആദരിക്കുകയും ആ ദർശനങ്ങളെ സ്വന്തം ജീവിതത്തിൽ പ്രായോഗികമാക്കുകയും ചെയ്യുന്ന കുറെ മനുഷ്യരെ നേരിട്ടറിയാനുള്ള ഭാഗ്യം ലഭിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. എന്നാൽ ഇന്നു കാണുന്ന ശ്രീനാരായണകൂട്ടായ്മകളിലല്ല അവരെ കണ്ടതെന്നതിൽ അല്പം വിഷമവും ഇല്ലാതില്ല. ആ കൂട്ടായ്മകളിൽ വളരെ പരിമിതമായ തോതിലെ ആങ്ങനെയുള്ളവരെ കാണാൻ സാധിച്ചുള്ളൂ. ഗുരുദേവൻ മതം സ്ഥാപിച്ചു എന്നു പോലും പ്രസംഗിച്ചും എഴുതിയും നടക്കുന്നവരും ഉണ്ട്. അവരോടു സഹതപിക്കയല്ലാതെ എന്തു ചെയ്യാൻ പറ്റും?
ഈ തെറ്റുകളെയെല്ലാം തിരുത്തേണ്ട സമയം ആയി. അതിനെ എതിർ ക്കേണ്ടതും അത്യാവശ്യം ആയിരിക്കുന്നു. ഭാരതത്തിന്റെ ആത്മീയതയുടെ കുത്തകക്കാർ എന്നു സ്വയം നടിച്ചു് നടക്കയും അങ്ങനെതന്നെ എന്നു വളരെപ്പേർ സമ്മതിച്ചു കൊടുക്കുകയും ചെയ്തിട്ടുള്ള സംഘടനകളും സാമൂഹ്യ-സാംസ്കാരിക ആത്മീയ നേതാക്കളും ഇനിയെങ്കിലും
'ഹിന്ദുത്വത്തെ'യും 'ഹിന്ദുമതം മറ്റുള്ളമതങ്ങൾ പോലെയല്ല' എന്ന വാദത്തേയും വിട്ടിട്ട്; 'ഞങ്ങളുടേതു ഒരു വെറും മതമല്ലാ, ഈ സനാതനമായ ധർമ്മം, ജീവാത്മാ-പരമാത്മ ഏകോപനമായ മോക്ഷപ്രാപ്തിക്കുള്ള ഏക മാർഗ്ഗം ആണെന്നും, ഇതു മതങ്ങൾക്കെല്ലാം അതീതമായ അദ്ധ്യാത്മജ്ഞാനത്തിന്റെയും വിജ്ഞാനത്തിന്റെയും ശാസ്ത്രം ആണെന്നു ഉദ്ഘോഷിക്കേണ്ട സമയം ആയിരിക്കുന്നു. അതിനവർക്കു സാധിക്കും എന്നു ആഗ്രഹിക്കുന്നു. സാധിക്കും എന്നു വിശ്വസിക്കുന്നു.
ഭാരതത്തിന്‍റെ ആത്മീയത; സനാതനമായ ഈ ധർമ്മം വെറും ഒരു മതതത്വമോ വിശ്വാസമോ അല്ല. അഹന്തയോടു കൂടിയോ അല്ലാതെയോ അടിച്ചേല്പിക്കേണ്ട ഒന്നല്ല. ഇതു് മതങ്ങൾക്കെല്ലാം അതീതമായ ഒരു ശാസ്ത്രം ആണു്. സനാതനമായ ധർമ്മം. ഇതു ആദിയും അന്തവും ഇല്ലാത്ത ആത്മീയജ്ഞാനത്തിന്റെ ശാസ്ത്രം ആണു്. ജനനനവും മരണവും ഇല്ലാത്തതും ആയ ബ്രഹ്മത്തിന്‍റെ ശാസ്ത്രം ആണു്, അത്മാവിന്‍റെ ശാസ്ത്രം, അതീതമായ സത്യത്തിന്‍റെ ശാസ്ത്രം, ജീവാത്മാവിനും പരമാത്മാവിനും തമ്മിലുള്ള ഏകത്വത്തിന്‍റെ ശാസ്ത്രവും ആണിതു്. ഇതിനെ മനസ്സിലാക്കുന്നവർക്കു് അനന്തമായ ആത്മീയ സംതൃപ്തിയും ആത്മസം യമനവും ലഭിക്കും.
അത്മാർത്ഥമായ അനുഷ്ടാനത്തോടുകൂടി ഇതിനെ പരിപാലിക്കുന്നവർക്കു് ഇതു വഴങ്ങും. അത്മീയവും പൻചഭൂതാത്മകവും ആയ് ആനന്ദവും ലഭിക്കും. എല്ലാവർക്കും ഉല്കൃഷ്ടജീവിതം നയിക്കാൻ, സകലത്തിനും ഉപരിയായി ഉപയോഗിക്കാവുന്ന സനാതനമായ് ഈ ധർമ്മം. ഇതു സ്വർഗ്ഗരാജ്യത്തേക്കുള്ള ഒറ്റയടിപ്പാതയല്ല. മറിച്ചു് ഇതൊരു ബഹുമുഖമായ രാജ വീഥിയാണു്. ജീവാത്മാവിനും പരമാത്മാവിനും തമ്മിലുൾല ലയനത്തിന്റെ ശാസ്ത്രം ആണിതു്. ആ ലയനമാണു് മോക്ഷം. അതാണു് എല്ലാ ജീവാത്മാക്കളുടെയും അന്തിമ ലക്ഷ്യം. ഇതിനു സമാനമായി മറ്റൊന്നില്ല. ഇതു മാത്രമേ ഉള്ളൂ. ഇതിനെ അളക്കുവാനുള്ള അളവുകോലും എങ്ങും കിട്ടില്ല. മതങ്ങൾ കടലോരത്തെ പൂഴിമണലിൽ കുട്ടികൾ ജലക്രീഡയ്ക്കായി ഉണ്ടാക്കിയ കുഴികളിൽ കുട്ടികൾക്കു് കളിക്കാനായുള്ള ജലമാണെങ്കിൽ, ഇതു് ആ ജലം അനവരതം നല്കിയതും നല്കിക്കൊണ്ടിരിക്കുന്നതും, ഭാവിയിലും നല്കാൻ കഴിവുള്ളതുമായ അനന്തമായ മഹാസാഗരവും ആണിതെന്ന സത്യം ഓർക്കുക.
മഹാത്മാക്കളുടെ സംഭാവനകളാൽ ഇതു സദാ പുഷ്ടിപ്പെട്ടു കൊണ്ടിരിക്കുന്നു. വേദങ്ങളിൽ അധിഷ്ഠിതമായ ഈ സനാതനമായ ധർമ്മത്തിന്‍റെ പാരമ്മ്യമാണു് വേദാന്തം അഥവ ഉപനിഷത്തുക്കൾ. അജ്ഞരും സംസാരബന്ധങ്ങളാൽ ദു:ഖിതരും ആയ ജീവാത്മാക്കളെ, ജ്ഞാനവിജ്ഞാനങ്ങളേകി മുക്തരാക്കുകയാണു് വേദാന്തത്തിന്‍റെ ലക്ഷ്യം. വേദാന്തം ജീവാത്മാവിനെ ബ്രഹ്മത്തിന്‍റെ പരാ-അപരാ പ്രകൃതികളെ തിരിച്ചറിഞ്ഞ്, പരാപ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചു സ്വതന്ത്രമായി, സുഖസമ്പന്നമായി അപരാപ്രകൃതിയിൽ വിഹരിക്കുന്നതിനു കഴിവുള്ളതാക്കിത്തീർക്കും. ഇതു മറ്റെങ്ങും ലഭ്യമല്ല. ഇതിനു ബ്രഹ്മവിദ്യ എന്നും പറയും. നമ്മിൽ ബ്രഹ്മവിദ്യ അതിന്‍റെ പാരമ്മ്യതയിൽ എത്തുമ്പോൾ നാമെല്ലം ഒന്നാണെന്ന ബോധം ഉണ്ടാകും. അവിടെ എല്ലാവിധമായ സമത്വവും സാഹോദര്യവും വിളയാടും. ജനങ്ങൾ എല്ലാം തന്നെ ഒരേ വംശജരാണെന്നും അവിടെ ഉച്ചനീചത്വങ്ങൾ പാടില്ലാ എന്നും മനസ്സിലാകും. ഇതു ബ്രഹ്മവിദ്യയാണു്.
ബ്രഹ്മവിദ്യ അതിന്‍റെ പാരമ്മ്യതയിൽ എത്തുമ്പോൾ നാമെല്ലം ഒന്നാണെന്ന ബോധം ഉണ്ടാകും. അവിടെ എല്ലാവിധമായ സമത്വവും സാഹോദര്യവും വിളയാടും. ഞാൻ പ്രായോഗികമാക്കാൻ ശ്രമിക്കുന്നതു ഈ ബ്രഹ്മവിദ്യയാണു്.
ഇതു "ഹിന്ദുമതം" അല്ല. അപ്പോൾ ഇതൊരു മതമേ അല്ല. ഗുരുദേവൻ ഒരു ബ്രഹ്മവിദ്യാ വിചക്ഷണനായിരിന്നു. അപ്പോൾ ഗുരുദേവനും ഹിന്ദുവല്ല. "ഹിന്ദുമതം" എന്നൊന്നില്ലാ എന്നും ഗുരുദേവൻ വളരെ വ്യക്തമായി ത്തന്നെ പറഞ്ഞിട്ടും ഉണ്ട്.
ആനന്ദോഹമഹം ബ്രഹ്മാ- ത്മാഹമസ്മീതി രൂപതഃ ഭാവനാ സതതം യസ്യ സ ഭക്തി ഇതി വിശ്രുതഃ ഇതു ഗുരുദേവന്റെ വാക്കുകളാണു്. ഞാൻ ആനന്ദമാകുന്നു. ആത്മാവാകുന്നു എന്നുള്ള രൂപത്തിൽ യാതൊരുവനു് എല്ലായ്പ്പോഴും ഭാവനയുണ്ടോ അവൻ തന്നെ ഭക്തനെന്നു വിശ്രുതനാകുന്നു എന്നാണിതിനർത്ഥം.
"ആനന്ദത്തെത്തന്നെ ബ്രഹ്മമെന്നു ധ്യാനിക്കുന്നതാണു് നാരായണഗൂരുവിന്‍റെ ഏക ദൈവം; ആനന്ദത്തെത്തന്നെ ആത്മാവെന്നറിയുന്നതാണു് നാരായണഗുരുവിന്റെ ഏകജാതി. എല്ലാവിധത്തിലും സരവ്വതിരക്തമായിരിക്കുന്നതും എല്ലാവിധത്തിലും സന്നികൃഷ്ടമായിരിക്കുന്നതും ആയ ആനന്ദം തന്നെയാണു് ജീവിതവും. ജീവിതത്തിന്റെ അർത്തവും ലക്ഷ്യവും എന്തു എന്നറിയുന്നതാണു് നാരായണഗുരുവിന്റെ ഏകമതം." "ഹിന്ദുമതവും" "ബുദ്ധമതവും" കൃസ്തുമതവും ഒന്നുമല്ല ആ ഏക മതം. ഈഴവനും നായരും നമ്പൂതിരിയും ഒന്നുമല്ല ഗുരുദേവൻ പറഞ്ഞ ഏക ജാതി; ക്രിസ്തുവും അള്ളായും ശ്രീരാമനും ശ്രീകൃഷണനും ഒന്നുമല്ല ആ ഏക ദൈവം.
"ത്വം ഹി ബ്രഹ്മ ന ചേന്ദ്രിയാണി ന മനോ ബുദ്ധിര്‍ന്ന ചിത്തം വപുഃ പ്രാണാഹങ്കൃതയോന്യദപ്യസദവിദ്യാകല്‍പിതം സ്വാത്മനി സര്‍വ്വം ദൃശ്യതയാ ജഡം ജഗദിദം ത്വത്തഃ പരം നാന്യതോ ജാതം ന സ്വതഏവ ഭാതി മൃഗതൃഷ്‍ണാഭം ദരീദൃശ്യതാം." - ഇതും ഗുരുദേവനാൽ വിരചിതമായതാണു്.
നീ ബ്രഹ്മം തന്നെയാണു്; ഇന്ദ്രീയങ്ങളല്ല, മനസ്സുമല്ല, ബുദ്ധിയും അല്ല, ചിത്തവും ശരീരവും അല്ല. മറ്റു പ്രാണൻ അഹങ്കാരം മുതലായവയും ഇല്ലാത്തവയാണു്;. (അവയെല്ലാം തന്നെ) സ്വ-രൂപമായ ആത്മാവിൽ അവിദ്യാകല്പിതങ്ങൾ മാത്രം ആണു്. ഈ സകല ജഗത്തും ദൃശ്യമായിരിക്കുന്നു എന്നതിനാൽതന്നെ ജടമാണു്. അവ നിന്നിൽ നിന്നും വേറിട്ടു് മറ്റൊന്നിൽ നിന്നും ഉണ്ടായതും അല്ല. എന്നാൽ അവ സ്വയം പ്രകാശിക്കുന്നവയും അല്ല; പിന്നെയോ അവ മരുഭൂമിയിൽ ഉണ്ടെന്നു തോന്നപ്പെടുന്ന, കാനൽജലം പോലെയാണെന്ന സത്യം ചിന്തിച്ചറിയുക. ബ്രഹ്മം, അതായതു് ആത്മാവു്, അതൊനുമാത്രം ആണുള്ളതു്. അതാണു് ഈ അഘിലാണ്ഡമെല്ലാം തന്നെ - ശുദ്ധബോധം; ശിവോഹം, ശിവോഹം ശിവോഹം. ഇതു് അമ്പലങ്ങളിൽ പൂജിക്കപ്പെടുന്ന ശിവനും അല്ല. ആനന്ദം, ആനന്ദം, ആനന്ദം മാത്രം ആണതു്.
|
Posted: 17 Jul 2016 07:37 AM PDT
ശ്രീനാരായണഗുരുവിന്‍റെ ഈ മഹനീയ വിളംബരത്തെ ഉള്‍ഘോഷിച്ചു കൊണ്ട് ഗുരുദേവവിശ്വാസികള്‍ ആഘോഷങ്ങള്‍ നടത്തുമ്പോഴും അതിനിടെ ചില ഭിന്നസ്വരങ്ങളും ഞാനീയിടെ കേള്‍ക്കുകയുണ്ടായി. അതില്‍ അധികാരമോഹങ്ങലോടെ ഗുരുദേവനെ കാവിയണിയിച്ചു ഒരുപകരണമായി കൂടെ നിറുത്താന്‍ ശ്രമിച്ചവരും ശ്വാസ-നിശ്വാസങ്ങളില്‍പ്പോലും ഗുരുദേവനെ സ്വന്തം ദൈവമായി കൊണ്ടുനടക്കുന്നതായി അവകാശപ്പെടുന്നവരും അടുത്തകാലത്തായി ജാതിസ്നേഹം മൂത്തുപോയി ഇവരുടെ താങ്ങുകാരായി മാറിയ ചിലരുമൊക്കെയുണ്ട്.അവരുടെയൊക്കെ വാദഗതിക്കുപോല്‍ബലമായി ജന്മഭൂമി ദിനപ്പത്രത്തില്‍ വന്ന ഒരു ലേഖനവും അതിനെക്കുറിച്ച് നമ്മുടെ ബിനു കേശവനും മറ്റുചിലരും വ്യത്യസ്തസ്വരങ്ങളിലൂടെ എഴുതിയ പോസ്റ്റുകളുമാണ് എന്‍റെ ഈ ലേഖനത്തിനാധാരം. ശ്രീമാന്മാര്‍ കോട്ടുകോയിക്കല്‍ വേലായുധന്‍റെയും മൂര്‍ക്കോത്ത് കുമാരന്‍റെയും ഗുരുദേവജീവിതചരിത്രങ്ങളാണ് ഇവരുടെ വാദഗതികള്‍ക്ക് കൂട്ടുപിടിച്ചിട്ടുള്ളത്.
ചെങ്ങന്നൂരിനടുത്ത് കണിക്കുറുപ്പന്മാരെന്നു (പിച്ചനാട്ടു കുറുപ്പെന്നും ഇവരെ വിളിച്ചിരുന്നതായി മൂര്‍ക്കോത്ത് കുമാരന്‍റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്) അറിയപ്പെട്ടിരുന്ന ഒരു സമുദായക്കാര്‍ അന്നുണ്ടായിരുന്നു. ചില കാര്യങ്ങളിളൊക്കെ ഈഴവര്‍ക്ക് ഉണ്ടായിരുന്നതിനെക്കാളും കൂടുതല്‍ സ്വീകാര്യത (അയിത്തമില്ലായ്മ) ഇക്കൂട്ടര്‍ക്ക് സവര്‍ണ്ണരില്‍ നിന്നും ഉണ്ടായിരുന്നെങ്കിലും ആ ദേശത്തിലെ ഭൂരിപക്ഷക്കാരായ ഈഴവസമുദായം ഇവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരുന്നു. ഗുരുദേവനിലും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികളിലും ആകൃഷ്ടരായ കണിക്കുറുപ്പന്മാര്‍ ശ്രീ ജി കൃഷ്ണന്‍ വൈദ്യന്‍റെ നേതൃത്വത്തില്‍ ഗുരുദേവനെ ബന്ധപ്പെടുകയും അവര്‍ നേരിടുന്ന ഭ്രഷ്ടിനെക്കുറിച്ച് പരാതിപ്പെടുകയും അത് മാറ്റാന്‍വേണ്ടുന്നത് ചെയ്തു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. അതിനെ തുടര്‍ന്നു ഗുരുദേവന്‍ സരസകവി മൂലൂര്‍ പത്മനാഭപണിക്കരോടൊപ്പം സ്ഥലം സന്ദര്‍ശിക്കുകയും മന്ത്ര-കർമ്മങ്ങൾ ഒന്നും തന്നെയില്ലാതെ ഈ കണികുറുപ്പന്മാരെ അവർ നേരിട്ടുകൊണ്ടിരുന്ന ഭ്രഷ്ടിനെതിരെ സംരക്ഷണവും അഗീകാരവും നല്‍കുവാന്‍ വേണ്ടി ഈഴവരായി പ്രഖ്യാപിക്കുകയുമായിരുന്നു. തുടര്‍ന്നു ആ സല്ക്കര്‍മ്മത്തിന്‍റെ സാക്ഷാത്ക്കാരചിഹ്നമായി ഒരു സമൂഹസദ്യ നടത്തുകയും അതൊരു മഹദ്ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നു ശ്രീ മൂലൂരിനോട് "ഇന്നൊരു സുദിനം തന്നെ. സമുദായചരിത്രത്തില്‍ ഇതൊരു പ്രധാന ഘട്ടമത്രെ. ഇത് പദ്യമാക്കണം. ആ റെക്കോര്‍ഡ് ആലുവാ അദ്വൈതാശ്രമത്തില്‍ സൂക്ഷിക്കണം" എന്നും ഗുരു പറയുകയുണ്ടായി. ഇതാണ് നടന്ന സംഭവം.
സമുദായത്തിലും സമൂഹത്തിലും നടന്നിരുന്ന അനീതികളെയും ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളും കുറച്ചുകൊണ്ടുവരാനും ക്രമേണ ഇല്ലാതാക്കാനും ശ്രമിക്കുകയായിരുന്നു ഗുരുദേവന്‍. അതിന്‍റെ ഭാഗമായി കടുത്ത ഭ്രഷ്ട് നേരിട്ട് കൊണ്ടിരുന്ന ഒരു ചെറിയ സമൂഹത്തെ മന്ത്ര-തന്ത്രങ്ങളിലൂടെയല്ലാതെ വെറും ഒരു പ്രഖ്യാപനത്തിലൂടെയും സമൂഹസദ്യയിലൂടേയും മാത്രം അവരുടെ അംഗീകാരത്തിനും സംരക്ഷണത്തിനും വേണ്ടി ഒരു ഭൂരിപക്ഷസമുദായത്തിന്‍റെ ചിറകിൽ കൊണ്ടുവരുകയായിരുന്നു എന്നത് മനസ്സിലാക്കാൻ അല്പബുദ്ധികളായ ജന്മഭൂമി ലേഖകനും അതിന്‍റെ സവർണ്ണരായ മേധാവികൾക്കും മനസ്സിലാക്കാൻ പ്രയാസമുണ്ടാകും. കാരണം അവരുടെ കണ്ണുകളിൽ നിറയേ ഇന്നും അയിത്ത ചിന്തകളും അതിലൂന്നിയ അധികാരമോഹവും മാത്രമാണ്.
ഇന്നും എത്രയോ ജനവിഭാഗങ്ങൾ സമൂഹത്തിൽ ഭ്രഷ്ടനുഭവിക്കുന്നവരുണ്ട്, അവരിലേതെങ്കിലും വിഭാഗത്തെ, അതുമല്ലെങ്കിൽ ഇന്നും അവർണ്ണരായി കരുതപ്പെടുന്ന, എന്നാല്‍ സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ മുന്നോട്ടെത്തിയ സമുദായങ്ങളിൽപ്പെട്ടവരെയെങ്കിലും സവർണ്ണജാതിയുടെ മേലങ്കിയണിയിച്ച് ഉൾക്കൊള്ളാൻ ഈ സ്വയം മേലാളന്മാരായി കരുതുന്ന ഇവർ തയ്യാറാകുമോ? അതും ഗുരുദേവൻ നടത്തിയ പോലെ വെറുമൊരു പ്രഖ്യാപനവും ഒരു സമൂഹസദ്യയും മാത്രം നടത്തിക്കൊണ്ട്. (പൂജാവിധികള്‍ പഠിച്ചിട്ടും ശ്രീകോവിലില്‍ കയറാനാകാത്ത അബ്രാഹ്മണരുടെ എണ്ണം എത്രയാണെന്ന് ജന്മഭൂമി ഒന്നെണ്ണി നോക്കട്ടെ?) ഗുരുവിന്‍റെ മാനവീയ സങ്കല്‍പ്പത്തില്‍ ജാതിക്കും മതത്തിനും പ്രത്യേക പ്രാധാന്യമില്ലെന്നുള്ളതിനുള്ള തെളിവാണ് എസ്എന്‍ഡിപി യോഗവുമായി ബന്ധം വിടര്‍ത്തിക്കൊണ്ടുള്ള തന്‍റെ കുറിപ്പില്‍ യോഗത്തിന്‍റെ പ്രവര്‍ത്തനത്തില്‍ 'ജാത്യാഭിമാനം' കൂടിയതാണ് കാരണമായി പറഞ്ഞിട്ടുള്ളത്. ഏകത്വചിന്തയിലധിഷ്ടിതമായ ഗുരുവിന്‍റെ വിശാലമനസ്സിനെ തമസ്കരിക്കാൻ നിത്യവും ശ്രമിക്കുകയും ഗുരുദേവനെ അധികാരസക്ഷാത്കാരത്തിനായി മാത്രം ഗുരുദര്‍ശനത്തെ വൈകല്യ്മാക്കി അവതരിപ്പിച്ചു അവരുടെ ഒരുപകരണമാക്കാന്‍ ശ്രമിക്കുന്ന ജന്മഭൂമി പ്രഭൃതികൾക്ക് ഇത് മനസ്സിലായാലും കണ്ണടച്ച്കാട്ടാനല്ലേ ആവൂ. കുരുട്ടുബുദ്ധിയും മനസ്സിൽ നിറയേ ഇരുട്ടുമായി നടക്കുന്ന അക്കൂട്ടർക്ക് അതിനേ കഴിയൂ.
വർഷങ്ങൾക്കുമുന്പ് സിനിമാനടി ശ്രീലതയെ നടന്‍ കൂടിയായിരുന്ന ഡോ. നമ്പൂതിരിയെ വിവാഹം ചെയ്തതിനെ തുടർന്ന് മാസങ്ങളോളം നീണ്ടുനിന്ന മന്ത്ര-തന്ത്രാദികൾക്കു ശേഷം മാത്രമാണ് സവർണ്ണയായി തന്നെ കരുതപ്പെടുന്ന നായർ സ്ത്രീ ശ്രീലതയെ ശ്രീലതാ നമ്പൂതിരിയാക്കി മാറ്റിയതെന്ന ചരിത്രം കൂടി നമ്മൾ അറിഞ്ഞിരിക്കണം. ഡോ. നമ്പൂതിരി മരണമടഞ്ഞശേഷമാണ് പിന്നീട് അവരെ അഭിനയരംഗത്ത് കണാനായതും.
ജന്മഭൂമി വീണ്ടും തെളിവായി രേഖപ്പെടുത്തുന്നത്, പിന്നീട് ചങ്ങനാശ്ശേരിയിലേക്ക് താമസവും വൈദ്യശാലയും മാറ്റിയ ശ്രീ ജി കൃഷ്ണൻ വൈദ്യന് ഗുരുദേവൻ പരിശുദ്ധ ഈഴവനാണെന്ന സർട്ടിഫിക്കറ്റു കൊടുത്തുവെന്നാണ്. [പരിശുദ്ധനെന്നു ഗുരു ഉദ്ദേശിച്ചത് കള്ള് ചെത്താത്ത, ഉപയോഗിക്കാത്ത, കച്ചവടം ചെയ്യാത്തവന്‍ എന്നാണു]. ഈഴവർക്കായി സംവരണ ചെയ്തിരുന്ന ചങ്ങനാശ്ശേരി മുനിസിപ്പല്‍ കൌണ്‍സില്‍ അംഗത്വം ജന്മം കൊണ്ട് കണിക്കുറുപ്പ് എന്ന താഴ്ന്ന ജാതിക്കാരനും ഗുരുവിന്‍റെ വെറും ഒരു പ്രഖ്യാപനം കൊണ്ട് മാത്രം ഈഴവനായി "കയറ്റം" കിട്ടിയ വൈദ്യര്‍ക്ക് കിട്ടാനായി അത്തരം സര്‍ട്ടിഫിക്കറ്റ് കൊടുക്കുക വഴി തന്‍റെ പ്രവര്‍ത്തിക്കു അദ്ദേഹം ഔദ്യോഗികമായി സ്ഥിരീകരണം നൽകുകയായിരുന്നുവെന്ന് വേണം കരുതാന്‍. ഗുരുദേവനിൽ നിന്നും തന്നെ ഇത്തരം ഒരു സർട്ടിഫിക്കറ്റു ഹാജരാക്കാൻ ആവശ്യപ്പെട്ടത് ഗുരുദേവന്‍റെ സോഷ്യൽ എഞ്ചിനീയറിംഗ് കാഴ്ചപ്പാട് തീർത്തും അറിയുമായിരുന്ന,
"ഒരു മതം മതിയിനി പരസ്നേഹം
ഒരു വര്‍ഗ്ഗം മതി മനുഷ്യ സംജ്ഞകം ഒരു രാഷ്ട്രം മതി ധരാതലം; നമു- ക്കൊരു ദൈവം മതി ഹൃദിസ്ഥിതം"
എന്നീ വരികളിലൂടെ ഗുരുവിന്‍റെ എകലോകദര്‍ശനത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ ആവശ്യപ്രകാരമാണെന്നു കൂടിയറിയണം. വൈദ്യരുടെ നിയമനത്തിനെതിരെ ചന്ദ്രഹാസമിളക്കി നിന്ന ചങ്ങനാശ്ശേരിയിലെ ഈഴവപ്രമാണിമാരെ ജാതി ഇത്രയേയുള്ളൂവെന്ന് ഗുരുദേവനേക്കൊണ്ടുതന്നെ പറയിപ്പിക്കുകയായിരുന്നില്ലേ മഹാകവി ഗുരുദേവ ചരിതത്തിലെ ഈ ചെറിയോരേടിലൂടെ?
By: മോഹനകുമാര്‍ പത്മനാഭന്‍
|
Posted: 17 Jul 2016 06:28 AM PDT
ഒരു ഗുരുഭക്തന്റെ ഭക്തിയുടെ പാരമ്യം ഗുരുവിനെ ദൈവമായി കണ്ടു ആരധിക്കുന്നതാണ് എന്ന് പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ ഗുരുഭക്തിയുടെ മൂര്ത്തിമത് ഭാവം എന്നത് ഗുരുവിനെ പരമഗുരുവായി തന്നെ കാണാന്‍ സാധിക്കുക എന്നതാണ് . പക്ഷെ സാധാരണക്കാരായ നമ്മെ പോലെയുള്ളവര്‍ക്ക് അത് സാദ്ധ്യമായെന്നു വരില്ല അങ്ങനെയുള്ള നമുക്ക് ആ മാര്‍ഗ്ഗത്തിലേക്ക് എത്തുന്നതിലെക്കായി ഗുരുവിനെ ദൈവമായി കണ്ടു ആരാധിക്കാം . പക്ഷെ അവിടെ ഉറച്ചു നില്‍ക്കാതെ ഗുരുവിന്റെ കൃതികള്‍ പഠിച്ചും മനനം ചെയ്തും നമുക്ക് അടുത്ത അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ ഉള്ള അവസരം സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്.
നടരാജ ഗുരുവിനെയും ,നിത്യ ചൈതന്യ യതിയും മുനി നാരായണ പ്രസാദിനെയും പോലെയുള്ള ഗുരു ശിഷ്യന്മാരുടെ സ്ഥാനം ആ തലത്തിലാണ് അതുകൊണ്ടാണ് അവരുടെ പഠനങ്ങളിലും എഴുത്തിലും എല്ലാം ഗുരുവിന്റെ ഈശ്വരീയതയിലുപരിയായി നാരയണ ഗുരു , നാരായണ ഗുരുവായി നില്‍ക്കുന്നത് .
അതെ സമയം തന്നെ ഗുരുവിനെ ദൈവമായി കണ്ടു ക്ഷേത്ര പ്രതിഷ്ടകളിലൂടെ ഗുരുവിനെ തങ്ങളുടെ ആശ കേന്ദ്രമായി കണ്ടു പ്രാര്‍ത്ഥിച്ചു മന സംതൃപ്തി അടയുന്ന ലക്ഷക്കണക്കിന് വരുന്ന ഗുരു ഭക്തരെ നിസാര വല്ക്കരിക്കേണ്ട കാര്യവും ഇല്ല കാരണം , വാളും പരിചയും ഏന്തി ഹിംസ്ര മൃഗങ്ങളുടെ പുറത്ത് നില്‍ക്കുന്ന ദേവീ ദേവന്മാരുടെ വിഗ്രഹങ്ങളെക്കാള്‍ അവര്‍ക്ക് സമാധാനവും സന്തോഷവും ലഭിക്കുന്നത് പരമകാരുണികനായ ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്റെ സ്വാത്വിക ഭാവത്തോടെയുള്ള മുഖം തന്നെയാണ് . മനംനൊന്ത് പ്രാര്‍ത്ഥിച്ചാല്‍ അവനെ കരകയറ്റാന്‍ ഗുരു തുണക്കുണ്ടാകും എന്ന വിശ്വാസം ആണ് , സര്‍വ്വോപരി മാതാപിതാകന്മാര്‍ പറഞ്ഞു കൊടുത്തിരിക്കുന്ന "നമ്മുടെ ദൈവം" ആണ് ശ്രീ നാരായണ ഗുരുദേവന്‍ .
അതിനാല്‍ തന്നെ ചിന്തയിലും പ്രവര്‍ത്തിയിലും വിവധ തലങ്ങളില്‍ ഉള്ളവര്‍ അവരവരുടേതായ രീതിയില്‍ ഗുരുവിനെ ദര്ശിക്കട്ടെ , താഴെ നിന്നും മുകളിലേക്ക് കയറുവാന്‍ ശ്രമിക്കട്ടെ രണ്ടിനെയും വിമര്‍ശിക്കാതെ , ഗുരുമാര്‍ഗ്ഗത്തിലേക്കുള്ള വിവിധ വഴികളായി കണ്ടു കൊണ്ട് മുന്നോട്ടു പോകാം .
എഴുതിയതില്‍ തെറ്റുണ്ടെങ്കില്‍ അറിവുള്ളവര്‍ ദയവായി പങ്ക് വയ്ക്കുക , " വാദിക്കാനും ജയിക്കാനുമല്ല , അറിയാനും അറിയിക്കാനും."
സ്നേഹപൂര്‍വ്വം
സുധീഷ് സുഗതന്‍ .
|
Posted: 17 Jul 2016 06:25 AM PDT
പരബ്രഹ്മ സ്വരൂപനായ ശ്രീനാരായണ ഗുരുവിന്റെ ദർശനവും സന്ദേശങ്ങളുമൊക്കെ ഇന്ന് കേരളത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്നു എന്നുള്ളത് ഏറെ സന്തോഷകരമായ അനുഭവമാണ്. ഗുരുവിന്റെ ദാർശനിക ചിന്താധാരകളും തത്വദർശനവുമെല്ലാം തന്നെ വരികളിലൂടെയും വരികൾക്കിടയിലൂടെയും വ്യാഖ്യാനിച്ചും വിവർത്തനം ചെയ്തും മലയാളിയുടെ മനസ്സിലേയ്ക്ക് തിരമാലകൾ പോലെ സന്നിവേശിപ്പിക്കാനുള്ള ശ്രമത്തെ എസ്സ്.എൻ.ഡി.പി യോഗം ഉപാധിരഹിതമായി പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യും. കുടുംബയൂണിറ്റുകളിലൂടെയും, സ്വയംസഹായസംഘങ്ങളിലൂടെയും, വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെയും എല്ലാം തന്നെ കഴിഞ്ഞ രണ്ടു ദശകങ്ങളായി യോഗം ഇത് പ്രചരിപ്പിക്കുന്നതിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ഗുരുദർശനം പ്രചരിപ്പിക്കുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുമ്പോൾ യോഗം അതിന്റെ ചരിത്രപഥത്തിലൂടെ ശരിയായ ദിശയിലേയ്ക്ക് സഞ്ചരിക്കുന്നു എന്നർത്ഥം. എന്നാൽ ചിലപ്പോഴെങ്കിലും ഗുരുസന്ദേശത്തിലെ ഒന്നോ, രണ്ടോ വരികൾ മാത്രം അടർത്തിയെടുത്ത് അത് പറഞ്ഞ സാഹചര്യത്തെയും കാലഘട്ടത്തെയും മന:പൂർവ്വം തമസ്‌ക്കരിച്ച് ഗുരുവിന്റെ ദർശനങ്ങളെ വളച്ചൊടിക്കുവാനുള്ള ശ്രമം നടന്നിട്ടുണ്ട്. അത്തരം ഏടുകൾ മാത്രമെടുത്ത് വലിയ കാമ്പയിൻ പ്രവർത്തനം നടത്തുമ്പോൾ അതിന്റെ അകം പൊരുൾ വിശകലനവും നാം നടത്തേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അത് ഗുരുദർശനങ്ങളെ അവഹേളിക്കുന്നതാകും. ഇപ്പോൾ ഈ കുറിപ്പ് ഇവിടെ എഴുതുവാനുള്ള സന്ദർഭം അത്തരമൊരു സാഹചര്യം ഉടലെടുക്കുന്നു എന്നുള്ളതു കൊണ്ടാണ്. '' നമുക്ക് ജാതിയില്ലാ'' എന്ന ഒരു വരിയെടുത്ത് അത് മഹാ വിളംബര സന്ദേശമായി വ്യാഖ്യാനിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുവാൻ ചിലർ ശ്രമിക്കുമ്പോൾ അതിന്റെ പ്രചാരകരായി ഗുരുധർമ്മം പ്രചരിപ്പിക്കുവാൻ ഗുരുകല്പിച്ച് ചുമതലപ്പെടുത്തിയിട്ടുള്ളവർ മാറുന്നത് ആശാസ്യമല്ല. ഗുരു ആജീവനാന്ത പ്രസിഡന്റായി രൂപീകരിച്ച എസ്. എൻ ഡി. പി. യോഗത്തിന്റെ നിയമാവലിയിൽ ഈഴവസമുദായത്തിൽ വൈദീകവും ലൗകീകവുമായ വിദ്യാഭ്യാസത്തേയും വ്യവസായ ശീലത്തേയും അഭിവൃദ്ധിപ്പെടുത്തുന്നതിനും അവയുടെ പ്രചാരണത്തിനായി ....... എന്നിങ്ങനെ രേഖപ്പെടുത്തിയതും സമൂഹത്തിലെ ഉച്ച നീചത്വങ്ങളെ ഇല്ലാതാക്കി സമഭാവനയുടെ നാളുകൾക്ക് വേണ്ടിയായിരുന്നു. അരുവിപ്പുറത്ത് ഈഴവ ശിവനെ പ്രതിഷ്ഠിച്ചത് ഗുരു തന്നെയായിരുന്നു. ശിവഗിരി തിർത്ഥാടനത്തിന് അനുവാദം ചോദിച്ചതും ഗുരു അതിന് അനുമതി നൽകിയതും ഈഴവർക്കായിരുന്നു. 1916 ൽ ''നമുക്ക് ജാതിയില്ല ''എന്ന് ഗുരു വിളംബരം ചെയ്യുന്നതിനു മുമ്പ് സമുദായത്തിലെ ആചാരാനുഷ്ഠാനങ്ങൾ പരിഷ്‌ക്കരിക്കുന്നതിനുള്ള സംഗതികൾ എസ്. എൻ. ഡി. പി. യോഗത്തിന്റെ പൊതുയോഗത്തിൽ കൊണ്ടുവരണമെന്ന് യോഗം ജനറൽ സെക്രട്ടറിക്ക് കത്ത് എഴുതിയതും ചെറായി , വിജ്ഞാനവർദ്ധിനി സഭയിൽ ഗുരു നടത്തിയ പ്രസംഗത്തിൽ നമ്മുടെ സമുദായത്തിലെ ഉയർന്ന വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേയും പ്രാധാന്യത്തെയും കുറിച്ച് സംസാരിച്ചതും ചരിത്രമാണ്. ജാതി വിവേചനം ഇല്ലാതാക്കുവാൻ ജാതിസംവരണം ഭരണഘടനയിൽ ചേർത്തതിന്റെ ഫലമായി കേന്ദ്ര-സംസ്ഥാന നിയമനിർമ്മാണ സഭകളിൽ പട്ടിക ജാതി -വർഗ്ഗ സംവരണം ഇന്നും നിലനിൽക്കുന്നു. സിവിൽ സർവ്വീസ് പരീക്ഷമുതൽ ശിപായി വരെയുള്ള ഉദ്യോഗത്തിനും ഈ പരിരക്ഷ ലഭിക്കുന്നു. എന്തിനേറെ എൽ. പി. സ്‌ക്കൂളിലുള്ള ഉച്ചക്കഞ്ഞി വിതരണത്തിൽ വരെ ജാതി നിലനിൽക്കുന്നു. നമ്മുടെ രാജ്യത്ത് സർക്കാർ ആനുകൂല്യങ്ങൾ ജാതി മതാടിസ്ഥാനത്തിൽ വീതം വയ്ക്കുമ്പോൾ ജനസംഖ്യാനുപാതികമായി സമുദായത്തിനു ലഭിക്കേണ്ടത് വേണമെന്ന് പറയുന്നത് ജാതിയമല്ല. ഗുരുദർശനത്തിന് വിരുദ്ധവുമല്ല. സാമൂഹ്യനീതിയുടെ നീതി ശാസ്ത്രമാണ്. സാമൂഹ്യപരമായ ഉച്ചനീചത്വം ഒരു പരിധി വരെ അവസാനിപ്പിക്കുവാൻ കഴിഞ്ഞെങ്കിലും പൊതുഖജനാവിലെ സമ്പത്ത് വിതരണം ചെയ്യുമ്പോഴും അധികാരസ്ഥാനങ്ങൾ പങ്കുവെയ്ക്കുമ്പോഴും ഈഴവ സമുദായത്തെ ഗുരുദർശനത്തിന്റെ അടർത്തിയെടുത്ത ഏടു പഠിപ്പിച്ച് കാതങ്ങൾ മാറ്റി നിർത്തുമ്പോൾ എസ്സ് .എൻ.ഡി.പി യോഗത്തിന് പ്രതികരിക്കാതിരിക്കാൻ കഴിയില്ല. കാരണം ഇതൊരു സമര സംഘടനകൂടിയാണ്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ കാര്യങ്ങൾ സാമൂഹ്യ നീതിയിലൂടെ രാഷ്ട്രീയപാർട്ടികൾ നടപ്പാക്കുമെന്നുള്ള പ്രതീക്ഷയോടെ യോഗം രാഷ്ട്രീയകാര്യങ്ങളിൽ നിന്നും പിൻമാറി സമുദായകാര്യങ്ങളിൽ നിലയുറപ്പിച്ചു. എന്നാൽ നിവർത്തന പ്രക്ഷോഭത്തിൽ പങ്കെടുത്ത മുസ്ളിം, കൃസ്ത്യൻ വിഭാഗങ്ങൾ രാഷ്ട്രീയത്തിൽ തുടർന്ന് അധികാരവും സമ്പത്തും ഏറെ നേടിക്കൊണ്ടിരുന്നു. സ്ഥിതി വിവരകണക്കുകൾ പരിശോധിച്ചാൽ ആർക്കും മനസ്സിലാവുന്ന സംഗതിയാണിത്. സമുദാത്തിന്റെ പേരിൽ തന്നെ രാഷ്ട്രീയപാർട്ടി ഉണ്ടാക്കി പ്രവർത്തിക്കുകയും മത്സരിക്കുകയും ഭരിക്കുകയും അഴിമതി വ്യവസായമാക്കി നടത്തുന്ന വരെയും കാണുവാൻ മതേതര ചിന്തകന്മാർക്ക് കഴിയുന്നില്ല. ജാതി ചിന്ത വളർത്തി മനുഷ്യരെ ഭിന്നിപ്പിച്ചു നിർത്തി അധികാരത്തിൽ കടിച്ചു തൂങ്ങുവാൻ വേണ്ടി അടവു നയവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമൊക്കെ രൂപപ്പെടുത്തുന്ന രാഷ്ട്രീയ പാർട്ടികളാണ് യഥാർത്ഥ വർക്ഷീയത സൃഷ്ടിക്കുന്നതെന്ന് മനസ്സിലാക്കുവാൻ ഒരു ബുദ്ധിമുട്ടുമില്ല. അതിന്റെ അവസാനത്തെ ഉദാഹരണമാണ് മാൻഹോളിൽ വീണ് മരിച്ച നൗഷാദിന്റെ കുടുംബത്തിന് കൊടുത്തതു പോലെ സമാനസംഭവങ്ങളിലും നിലപാട് സ്വീകരിക്കണമെന്ന് പറഞ്ഞപ്പോൾ മറ്റു സമുദായത്തിലെ വോട്ടുകൾ ലക്ഷ്യം വച്ച് യോഗം ജനറൽ സെക്രട്ടറിയ്‌ക്കെതെിരെ കേസ്സു കൊടുത്തത്. അതേ പോലെ തന്നെ ബിസി.ഡി.സി വായ്പ എടുത്ത മറ്റു സമുദായനേതാക്കളുടെ പേരിൽ പരാതി നൽകാതെ യോഗം ജനറൽ സെക്രട്ടറിയുടെ പേരിൽ മാത്രം കള്ള പരാതി കൊടുത്തതും മറ്റു സമുദായത്തിന്റെ കൈയ്യടി നേടി ജയിക്കുവാനായിരുന്നു. യഥാർത്ഥത്തിൽ ജാതി ചിന്ത ഇല്ലാതാവണമെങ്കിൽ ജാതി വിവേചനം ഇല്ലാതാവണം. അതിന് തുല്യ നീതിയും വിഭവവിതരണത്തിൽ സാമൂഹ്യ നീതിയും ഉണ്ടാവണം. പരബ്രഹ്മസ്വരൂപനായി മാറിയ ഗുരുദേവൻ, വിശ്വമാകെ ഒന്നായി കണ്ട ഗുരുദേവൻ, പ്രഥമ ശിഷ്യനായ ശിവലിംഗദാസ സ്വാമികൾ ശിവസ്വരൂപത്തിൽ കണ്ട ഗുരുദേവൻ, എല്ലാ സീമകൾക്കും മുകളിലാണ്. അവിടെ ജാതിയില്ല, മതമില്ല, വർണ്ണമില്ല, വർഗ്ഗമില്ല. ഉള്ളത് വിശ്വമാനവികത മാത്രമാണ്. ചക്രവാളം മുതൽ ചക്രവാളം വരെ ഒന്നാണെന്ന സത്യത്തിൽ നിന്നു കൊണ്ട് പരമ ഗുരു ചെയ്ത 'നമുക്ക് ജാതിയില്ല' എന്ന വിളംബരം അതിന്റെ അന്ത:സത്ത മനസ്സിലാക്കാതെ എടുത്ത് പ്രയോഗിച്ചാൽ അതിൽപരം വല്ല ഗുരുനിന്ദയുമുണ്ടോ. അന്ധൻ ആനയെ കണ്ടതു പോലെ ഗുരുദർശനങ്ങളെ കാണുന്നവർക്ക് മാത്രമേ ഇത്തരത്തിൽ ചിന്തിക്കുവാൻ ആകൂ മാനവിക നന്മയാണ് ലക്ഷ്യമെങ്കിൽ, അരുവിപ്പുറത്തു കുറിച്ച ജാതിഭേദം മതദേഷ്വം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണ് ലക്ഷ്യമെങ്കിൽ കേരളത്തിലെ 75000 സ്വയം സഹായസംഘങ്ങളിലൂടെയും 30000 കുടുംബയോഗങ്ങളിലൂടെയും 6857 ശാഖകളിലൂടെയും എല്ലാ യൂണിയനുകളിലൂടെയും ഗുരുവരുൾ പ്രചരിപ്പിക്കുവാൻ യോഗം എന്നും കൈ മെയ്യ് മറന്ന് കൂടെ ഉണ്ടാകും. അതല്ലാതെ സങ്കുചിത രാഷ്ട്രീയമാണ് ലക്ഷ്യമെങ്കിൽ അത് ഗുരുവിന്റെ ലക്ഷ്യത്തിൽ നിന്നുള്ള വ്യതിചലനവും ഗുരുനിന്ദയും ആയിരിക്കും. |
Posted: 17 Jul 2016 06:15 AM PDT
ചെങ്ങന്നൂര്‍ ക്ഷേത്രത്തിന് അടുത്ത് ഒരിക്കല്‍ ശ്രീ നാരായണ ഗുരുദേവന്‍ വിശ്രമിയ്ക്കുന്നു... ഗുരുദേവന്‍ അവിടെ വന്നതറിഞ്ഞ് ഗുരുവിനെ കാണുവാനും സംസാരിക്കുവാനുമായി പലരും അടുത്ത് കൂടി. അതേ സമയം പല്ലുകളെല്ലാം കൊഴിഞ്ഞ ഭീമാകായനായ ഒരു കോമരം ക്ഷേത്രത്തില്‍നിന്നും ഉറഞ്ഞ് തുള്ളി അവിടെയെത്തി. കോമരത്തെ കണ്ടപ്പോള്‍ പലരും ഗുരുവിന്റെ അടുത്ത് നിന്നും അങ്ങോട്ടുപോയി; ഗുരുദേവന്‍ അത് ശ്രദ്ധിക്കാതെ ആല്‍ത്തറയില്‍ തന്നെ വിശ്രമിക്കുകയും ചെയ്തു...!. തന്നെ വകവയ്ക്കാതെ ഒരാള്‍ മാത്രം ആല്‍ത്തറയില്‍ ഇരിക്കുന്നത് കണ്ട്, കോമരം തുള്ളിക്കൊണ്ട് ഗുരുവിന്റെ അരികിലെത്തി; അതുകണ്ട് അനേകം ആളുകള്‍ അവിടെ അടുത്തുകൂടി. കോമരം സ്വാമിയോട് ചോദിച്ചു... "ഞാന്‍ ആരാണെന്ന് അറിയാമോ...?" ഗുരു: "കണ്ടിട്ട് ഒരു തടിമാടനാണെന്ന് തോന്നുന്നു" കോമരം: "എന്ത്...? നമ്മെ പരിഹസിക്കുന്നോ...? പരീക്ഷ വല്ലതും കാണാണോ?" ഗുരു: (ചിരിച്ച്കൊണ്ട് ) "പല്ലില്ലാത്ത ആ വായില്‍ പല്ലൊന്ന് കണ്ടാല്‍ കൊള്ളാം" കോമരവും അടുത്തുനിന്നവരും ചിരിച്ചുപോയി...! സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ പല അന്ധ:വിശാസങ്ങളെയും ഗുരുദേവന്‍ ഒരു നിമിഷം കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയത് ഇങ്ങനെ ചില ഫലിതങ്ങളിലൂടെയാണ്...! അങ്ങിനെ ഫലിതങ്ങളും യുക്തികളും അറിവും പകര്‍ന്നു തന്ന് ആ അവതാര യുഗപുരുഷന്‍ കടന്നുപോയി...! പക്ഷെ ദേഹം മുഴുവന്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വച്ചുകെട്ടി മതങ്ങളും മനുഷ്യരും ഇന്നും ലോകം മുഴുവന്‍ ഉറഞ്ഞു തുള്ളുന്നു..! അതിനൊപ്പം തുള്ളാന്‍ കുറെ അന്ധ:വിശ്വാസികളും...! - ഗുരുദേവസ്മരണയില്‍ |
Posted: 17 Jul 2016 06:12 AM PDT
ഇന്നേക്ക് നൂറ് സംവത്സരംമുമ്പുള്ള ഇതേദിവസം, അതായത് 1916 ജൂലൈ 16ന് പുറത്തിറങ്ങിയ സ്വദേശാഭിമാനി പത്രത്തില്‍ ശ്രീനാരായണഗുരുദേവന്റെ ഒരു പ്രസംഗം വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അന്നും ഇന്നും എന്നും സമൂഹത്തില്‍ ഏറെ പ്രസക്തമായി നില്‍ക്കുന്ന ആ ചരിത്രപ്രസിദ്ധമായ പ്രസംഗഭാഗം ഇന്നത്തെ തലമുറയ്ക്കുവേണ്ടി ഒരിക്കല്‍ക്കൂടി ഉദ്ധരിക്കാം.
"മനുഷ്യരില്‍ ഗുണകര്‍മപാകം അനുസരിച്ച് ചാതുര്‍വര്‍ണ്യം കല്‍പ്പിക്കാം. എന്നാല്‍, ഇപ്പോള്‍ കാണുന്ന മനുഷ്യനിര്‍മിതമായ ജാതിവിഭാഗത്തിന് യാതൊരു അര്‍ത്ഥവുമില്ല. അനര്‍ത്ഥകരവുമാണ്. അതു നശിക്കതന്നെ വേണം. മേല്‍ജാതിയെന്നും കീഴ്ജാതിയെന്നും ഉള്ള വിചാരംതന്നെ ഇല്ലാതാക്കണം. ഈ വിചാരം നമ്മില്‍നിന്ന് പോയിട്ട് വളരെയേറെക്കാലമായി. സാമുദായിക സംഗതികള്‍ക്കും മതത്തിനും തമ്മില്‍ സംബന്ധമൊന്നും പാടില്ല. മതം മനസ്സിന്റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്യ്രത്തെ തടയരുത്. പല മതക്കാരായ മനുഷ്യരുണ്ടല്ലോ. അവരില്‍ ഓരോരുത്തരുടെയും മനസ്സിന്റെ ഗതിക്കും വളര്‍ച്ചയ്ക്കുമനുസരിച്ചു ഭിന്നമതങ്ങള്‍ കൂടിയേ തീരൂ. എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന ഒറ്റമതം ഉണ്ടാവാന്‍ പ്രയാസമാണ്''.
"എന്റെ മതം സത്യം, മറ്റുള്ളവരുടെ മതം അസത്യം എന്ന് ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും സദുദ്ദേശ്യത്തോടുകൂടിയാണ്. ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു പ്രത്യേക മതവുമായിട്ട് നമുക്ക് യാതൊരു പ്രത്യേക സംബന്ധവുമില്ല. നാമായിട്ട് ഒരു പ്രത്യേക മതം സ്ഥാപിച്ചിട്ടുമില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതമാണ്. ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള മതം ആചരിച്ചാല്‍ മതി. നാം ചില ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. ഇതുപോലെ ക്രിസ്ത്യാനികള്‍, മുഹമ്മദീയര്‍ മുതലായ മറ്റു മതക്കാരും ആഗ്രഹിക്കുന്നപക്ഷം അവര്‍ക്കായും വേണ്ടത് ചെയ്യുവാന്‍ നമുക്കെപ്പോഴും സന്തോഷമാണുള്ളത്. നാം ജാതിമതഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്നു പറയുന്നതിന് യാതൊരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമതയില്ലെന്നു മാത്രമേ അര്‍ത്ഥമുള്ളൂ''.
അച്യുതന്‍ മേസ്തിരി എന്ന ഒരു ഗുരുദേവഭക്തന്‍ കൊല്ലം പട്ടത്താനത്ത് പണികഴിപ്പിച്ച ബംഗ്ളാവിന്റെ ഉദ്ഘാടനത്തിനെത്തിയ അവസരത്തില്‍ ഗുരു നടത്തിയ പ്രസംഗമാണിത്. മഹാകവി കുമാരനാശാന്‍, സി വി കുഞ്ഞുരാമന്‍, ടി കെ മാധവന്‍ തുടങ്ങി വലിയൊരു പുരുഷാരം അപ്പോഴവിടെ സന്നിഹിതരായിരുന്നു.
ജാതിവിവേചനത്തിന്റെയും മതവൈരത്തിന്റെയും ദുഷിച്ച വാദപ്രതിവാദങ്ങളും ആചാരാനുഷ്ഠാനപരമായ വൈവിധ്യങ്ങളും സമൂഹത്തില്‍ ഉറച്ചുപോയ ആ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടത് ഗുരുവിന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന മഹാസന്ദേശമായിരുന്നു. ഈ സന്ദേശത്തെ ജാതി–സമുദായ നേതാക്കളും പണ്ഡിതമാനികളും അവരവരുടെ പാണ്ഡിത്യം പ്രകടിപ്പിക്കുംവിധം പലവിധത്തില്‍ വ്യാഖ്യാനിക്കുകകൂടി ചെയ്തപ്പോള്‍ അതെല്ലാം ഈ സന്ദേശത്തിന്റെ ഉള്ളടക്കത്തില്‍ ഗുരുദേവന്‍ കൊളുത്തിവച്ച പൊരുളിന്റെ പ്രകാശനത്തിനു മങ്ങലേല്‍പ്പിക്കുകവരെ ചെയ്തു. 1914ല്‍ പുറത്തുവന്ന 'ജാതിനിര്‍ണയം' എന്ന ഗുരുദേവകൃതിയില്‍നിന്നാണ് 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന അമരസന്ദേശം സമൂഹമധ്യത്തിലെത്തിയത്. പക്ഷേ, ഇതുകൊണ്ടൊന്നും ജാത്യാന്ധന്മാരുടെ കണ്ണുകള്‍ തുറക്കപ്പെട്ടില്ല, എന്നുമാത്രമല്ല
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ ന ബ്രാഹ്മണാദിരസ്യൈവം ഹാ! തത്ത്വം വേത്തി കോƒപി ന–
എന്ന ഗുരുവിന്റെ ജാതിമീമാംസ, ഗുരുവിന്റെ അനുയായികളില്‍പ്പെട്ടവര്‍പോലും വേണ്ടത്ര ഉള്‍ക്കൊള്ളാതെയും പോയി.
പശുക്കളുടെ ജാതി ഗോത്വം എന്നായിരിക്കുന്നതുപോലെ മനുഷ്യരുടെ ജാതി മനുഷ്യത്വമാണെന്നു ജീവശാസ്ത്രത്തിനും തത്ത്വശാസ്ത്രത്തിനും പൊതുസമ്മതമാകുംവിധം പഠിപ്പിച്ച ഗുരുദേവന്‍, തന്റെ ഈ തത്ത്വം വേണ്ടുംവിധം മനുഷ്യസമൂഹം ഉള്‍ക്കൊള്ളാത്തതില്‍ സ്വയം പരിതപിക്കുകകൂടി ചെയ്യുന്നതായി ഇവിടെ കാണാം. എന്നിട്ടും ജാതിവാദികള്‍ തങ്ങളുടെ ജാതിവരമ്പുകള്‍ക്കുള്ളില്‍പ്പെടുത്തി ഗുരുവിനുപോലും ജാതി കല്‍പ്പിക്കുകയും അതനുസരിച്ച് വിചാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവന്നു. ഈ അവാസ്തവികതയും തത്സംബന്ധമായ പ്രചാരണവും ശ്രദ്ധയില്‍പ്പെട്ട ഗുരുദേവന്‍ ജാതിയുടെ നിരര്‍ഥകതയെ ജനങ്ങള്‍ക്ക് ബോധ്യമാക്കിക്കൊടുക്കുന്നതിനും ജാതിസമൂഹത്തെ മനുഷ്യസമൂഹമാക്കി പരിവര്‍ത്തനപ്പെടുത്തുന്നതിനും ഉദ്ദേശിച്ചാണ് 1091 ഇടവം 15ന് 'നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല' എന്ന മഹാവിളംബരം ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് പുറപ്പെടുവിച്ചത്. (ഇപ്പോള്‍ ഈ വിളംബരത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ ശിവഗിരിമഠത്തിന്റെയും ഗുരുധര്‍മപ്രചാരണസഭയുടെയും ആഭിമുഖ്യത്തില്‍ നടന്നുവരികയാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ) ഈ വിളംബരത്തിന്റെ പൂര്‍ണരൂപം ചുവടെ ചേര്‍ക്കുന്നു.
"നാം ജാതിമതഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു''.
"നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലും ചേര്‍ക്കുകയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.''
എന്ന്
നാരായണഗുരു (ഒപ്പ്) (പ്രബുദ്ധകേരളം മാസിക, കൊല്ലവര്‍ഷം 1091 മിഥുനം ലക്കം)
ഈ വിളംബരം സമൂഹത്തില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കുകയും ചരിത്രപരമായ മാറ്റങ്ങള്‍ക്ക് ഗതിവേഗമുണ്ടാക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയാണ് ജാതിയും മതവും മനുഷ്യരിലും സമൂഹത്തിലും കയറി മൂത്തുനിന്ന പശ്ചാത്തലത്തില്‍ ഗുരുദേവന്‍ കൊല്ലത്ത് നടത്തിയ പ്രസംഗവും. 'നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല' എന്ന വിളംബരം പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് ഗുരു ഈ പ്രസംഗവും നടത്തിയതെന്നത് ഏറെ ശ്രദ്ധേയം. ടി കെ മാധവനാണ് അതിന് നിമിത്തമായത്. സ്വാമിയുടെ 'മതദര്‍ശനം' എന്താണെന്ന് സ്വാമിയുടെ വാക്കുകളില്‍തന്നെ വ്യക്തമാക്കണമെന്ന് ടി കെ മാധവന്‍ അഭ്യര്‍ഥിച്ചപ്പോള്‍ ഗുരുദേവന്‍ തന്റെ ഗൃഹസ്ഥശിഷ്യന്റെ ആ അഭ്യര്‍ഥന സ്വീകരിച്ച് അതിന് മറുപടിയെന്നോണം നടത്തിയ ഹ്രസ്വമായ ഒരു പ്രസംഗമാണിത്.
ഗുരുദേവന്‍ പ്രസംഗിക്കുകയെന്നത് അപൂര്‍വത്തില്‍ അപൂര്‍വമായ കാര്യമാണ്. എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷികയോഗങ്ങളില്‍ അധ്യക്ഷപദം അലങ്കരിക്കുമ്പോള്‍പ്പോലും തന്റെ ശിഷ്യന്മാരെക്കൊണ്ട് പ്രസംഗിപ്പിക്കുകയായിരുന്നു പതിവ്. സമൂഹത്തിന്റെ മേല്‍ഗതിക്കും അധഃസ്ഥിതരുടെ സദ്ഗതിക്കും വേണ്ട ഉപദേശങ്ങളും സന്ദേശങ്ങളും കാലാകാലങ്ങളില്‍ നല്‍കിയ ഗുരുദേവന്‍ പലപ്പോഴും നര്‍മഭാഷണങ്ങളിലൂടെയാണ് സമൂഹത്തെ ചികിത്സിച്ചിരുന്നത്.
മഹാത്മാഗാന്ധി, സ്വാമി ശ്രദ്ധാനന്ദജി, സഹോദരന്‍ അയ്യപ്പന്‍, സി വി കുഞ്ഞുരാമന്‍ തുടങ്ങിയവര്‍ ഗുരുദേവനുമായി നടത്തിയ സംഭാഷണങ്ങള്‍ പരിശോധിച്ചാല്‍ ഗുരുവിന്റെ ജാതിമതദൈവസങ്കല്‍പ്പങ്ങളിലേക്ക് പ്രവേശിക്കാനുള്ള വഴി തെളിഞ്ഞുകിട്ടും. പക്ഷേ, ഇതെല്ലാംതന്നെ ഉണ്ടായിട്ടും ഗുരുവിനെയും ഗുരുവചനങ്ങളെയും ഇന്നും ജാതിമയമായി കണ്ട് വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ചുറ്റിലുമുണ്ടെന്നതാണ് നമ്മെ ഏറെ വിഷാദിപ്പിക്കുന്നത്. അത്തരക്കാര്‍ ഗുരുവിന്റെ ജാതിയില്ലാവിളംബരത്തെ കേട്ടതായിപ്പോലും നടിക്കാറില്ല. ജീവന്റെ മഹത്വമറിയാതെ മാംസത്തിന് വിലയിടുന്ന കശാപ്പുകാരനെപ്പോലെ ഗുരുവചനങ്ങളെ കാണുന്നവര്‍ക്ക് ഒരിക്കലും അതിന്റെ അരുളും പൊരുളും വിവേചിച്ചറിയാനാകില്ല.
ഗുരുദേവന്‍ ജീവിതകാലം മുഴുവന്‍ ചിന്തിച്ചതും പറഞ്ഞതും പ്രവര്‍ത്തിച്ചതും മനുഷ്യരാശിയുടെയാകെ ഭൌതികവും ആത്മീയവുമായ അഭ്യുന്നതിക്കും നിഃശ്രേയസ്സിനുമാണ്. "മനുഷ്യന് ജാതിയില്ല എന്നു നാം പറഞ്ഞതായി എഴുതിവയ്ക്കണം. ജാതി ഉണ്ടെന്ന വിചാരം പോകണം. അതാണു വേണ്ടത്'' എന്നുപദേശിച്ച ഗുരുവിന്റെ ഈ ജാതിരഹിതവിളംബരവും പ്രസംഗവും ഈ നൂറ്റാണ്ടിന്റെ വിജ്ഞാപനമായി കാണുവാന്‍ ചരിത്രകാരന്മാര്‍ക്കും സാമൂഹ്യോദ്ധാരണപ്രവര്‍ത്തകര്‍ക്കും കഴിയണം. ഈ ഗുരുവാണികളെ അതിന്റെ ശതാബ്ദിവര്‍ഷത്തില്‍ എല്ലാ മനുഷ്യഹൃദയങ്ങളിലേക്കും എത്തിക്കാനുള്ള പ്രയത്നത്തിലും പ്രചാരണത്തിലുമാണ് ശിവഗിരിമഠം *
(ശിവഗിരിമഠം ഗുരുധര്‍മപ്രചാരണസഭ സെക്രട്ടറിയാണ് ലേഖകന്‍) |
You are subscribed to email updates from ഗുരുദേവ ചരിത്രം. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |