.

അരുവിപ്പുറം മുതല്‍ ഓംകാരേശ്വരം വരെ



ശ്രീനാരായണ ഗുരുദേവന്‍ എല്ലാ മതങ്ങള്‍ക്കും അതീതനായ ഗുരുവാണെങ്കില്‍ എന്തുകൊണ്ട് ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി...? പലരും ചോദിക്കുന്ന ഒരു ചോദ്യമായത്‌ മൂലം ഇതിന്റെ ഉത്തരം എല്ലാ ഗുരുദേവ ഭക്തരും തീര്‍ച്ചയായും അറിഞ്ഞിരിക്കണം.

ശ്രീശങ്കരനു ശേഷം ജാതിവ്യവസ്ഥ സമൂഹത്തില്‍ കലശലായതിന്റെ ഫലമായി ആയിരക്കണക്കിന് വര്‍ഷങ്ങളോളം അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളയ്ക്കപ്പെട്ട ഒരു സമൂഹം ആയിരുന്നു അന്ന് ഇവിടെ നില നിന്നിരുന്നത് എന്നത് എല്ലാവര്ക്കും അറിയാമല്ലോ.  ബ്രാഹ്മണര്‍ മറ്റുള്ളവര്‍ക്ക് ആരാധനാ വിധികള്‍ നിഷേഷിക്കുകയും, ദുഷിച്ച ആരാധനാ സമ്പ്രദായങ്ങള്‍ മാത്രം പിന്തുടരാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി കൊഴിവെട്ടും ബലിയും മറ്റുമായി നികൃഷ്ടമായ ആരാധനാ രീതികള്‍ പിന്തുടര്‍ന്നിരുന്ന, എഴുത്തും വായനയും അറിയാത്ത ഒരു ജനവിഭാഗത്തിന്റെ കയ്യില്‍ ഒരു സുപ്രഭാതത്തില്‍ "ആത്മോപദേശ ശതകം" എടുത്ത് കയ്യില്‍ കൊടുത്ത് ഇത് വായിച്ചു നിങ്ങള്‍ നന്നാകൂ എന്ന് പറയാന്‍ ഗുരുദേവന് കഴിയുമായിരുന്നോ...?

ഇവിടെയാണ്‌ അരുവിപ്പുറം പ്രതിഷ്ഠയുടെ പ്രസക്തി. അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും നൂറ്റാണ്ടുകള്‍ തളയ്ക്കപ്പെട്ട ഒരു ജനതയെ സാത്വികമായ ഈശ്വരാരാധനാ രീതിയിലേക്ക് വഴിതിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെ ആണ് അരുവിപ്പുറം മുതലായ പ്രതിഷ്ഠകള്‍ നടത്തിയത് എന്ന് ഗുരുദേവന്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഗുരുവിന്റെ പ്രതിഷ്ഠകളെ വിലയിരുത്താന്‍ കൊല്ലവര്‍ഷം 1063 ല്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്ത് ഇരുന്നാല്‍ പോരാ...! നമുക്കൊന്ന് മുന്നോട്ടു സഞ്ചരിക്കാം...!

മുകളില്‍ പറഞ്ഞ രീതിയില്‍ മനുഷ്യരെ അന്ധവിശ്വാസങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുവാനായി ഗുരുദേവന്‍ കേരളത്തിലും കേരളത്തിനു പുറത്തും നിരവധി ദേശങ്ങളില്‍ സാത്വികമായ ആരാധനാ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനായി പ്രതിഷ്ഠകള്‍ നടത്തുകയുണ്ടായി. ഇപ്രകാരം സമൂഹത്തില്‍ ആദ്യമായി വലിയൊരു മാറ്റം ഉണ്ടാക്കിയെടുത്ത ഗുരുദേവന്‍ പിന്നീടുള്ള പ്രതിഷ്ഠകളില്‍ അതിനനുസരിച്ച് മാറ്റങ്ങളും വരുത്തി, അതിനു ഒരു ഉദാഹരണം ആണ് കൊല്ലവര്‍ഷം 1096 ല്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ തൃശ്ശൂര്‍, കാരമുക്ക് ചിദംബരനാഥ ക്ഷേത്രം.

ഗുരുദേവന്‍ ഈ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് എത്തുന്നതിനു മുന്‍പ് തന്നെ ക്ഷേത്രം സമിതി അംഗങ്ങള്‍ നല്ല ഭംഗിയുള്ള ഹൈന്ദവ ദേവതാവിഗ്രഹങ്ങള്‍ പ്രതിഷ്ഠയക്കായി ഒരുക്കി വച്ചിരുന്നു. പ്രതിഷ്ഠയ്ക്കായി ക്ഷേത്രത്തില്‍ എത്തിയ ഗുരുദേവന്‍ കല്‍ വിഗ്രഹങ്ങള്‍ കണ്ടിട്ട് "ഇവയെല്ലാം എന്താണ്" എന്ന് ചോദിക്കുകയു , "ഇതൊക്കെ നമ്മുടെ ദേവീ ദേവന്മാര്‍ ആണെന്നും പ്രതിഷ്ഠയ്ക്കായി കൊണ്ട് വന്നതാണെന്നും" ഉള്ള മറുപടി കേട്ട് ഗുരുദേവന്‍ ഒരു കിണ്ടിയില്‍ വെള്ളം കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു...!

ആ വിഗ്രഹങ്ങള്‍ എല്ലാം നിലത്ത് കിടത്തിവയ്ക്കുവാന്‍ നിര്‍ദ്ദേശിച്ച ഗുരുദേവന്‍; ഭക്തന്‍ കൊണ്ടുവന്നു നല്‍കിയ കിണ്ടിയിലെ വെള്ളവുമായി ആ വിഗ്രഹങ്ങളില്‍ കയറി നിന്ന് കയ്യും കാലും മുഖവും നല്ലവണ്ണം കഴുകുകയും, കല്ലിന്റെ ആവശ്യം കഴിഞ്ഞു ഇനി എടുത്തു മാറ്റിക്കോളൂ എന്ന് പറഞ്ഞു. ശേഷം മൂന്നു കവരമുള്ള ഒരു വിളക്കില്‍ തിരിയിട്ടു വിളക്ക് കൊളുത്തി, പ്രകാശം അറിവാണ്, അറിവ് പരക്കട്ടെ എന്ന് പറഞ്ഞു ആ ദീപത്തെ പ്രതിഷ്ഠിച്ചു.

ഈ പ്രതിഷ്ഠകള്‍ക്ക് ശേഷം ഗുരുദേവന്‍ കൊല്ലവര്‍ഷം 1097 ല്‍ മുരുക്കുംപുഴ കാളകണേ്‌ഠേശ്വര ക്ഷേത്രത്തില്‍ സത്യം, ധര്‍മം,ദയ, ശാന്തി എന്നെഴുതിയ പ്രഭയും അതിനു ശേഷം കൊല്ലവര്‍ഷം 1102 ഇടവം 31ന് കളവം കോട്‌ അര്‍ധനാരീശ്വരക്ഷേത്രത്തില്‍ "ഓം' എന്ന്‌ മത്സ്യത്തില്‍ ആലേഖനം ചെയ്ത നീലക്കണ്ണാടിയും പ്രതിഷ്ഠിച്ചു.

അവസാനമായി ഗുരുദേവന്‍ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രത്തില്‍ (കൊല്ലവര്‍ഷം 1102) കണ്ണാടിപ്രതിഷ്‌ഠ കൂടി നടത്തിയപ്പോള്‍ ഒരു മനുഷ്യന്‍ പ്രാകൃതഭക്തിയില്‍ നിന്നും  (കല്ലില്‍ നിന്നും) അറിവ് നേടി (ദീപം) എല്ലാ ഗുണങ്ങളും ആര്‍ജ്ജിച്ച് (സത്യം ധര്‍മ്മം ദയ ശാന്തി) സ്വയം തന്നില്‍ കുടികൊള്ളുന്ന ആത്മ ചൈതന്യത്തെ അറിഞ്ഞുകൊണ്ട് (കണ്ണാടി) ജീവന്മുക്തി നേടുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു...! ഈ ചിത്രത്തില്‍ കാണുന്നത് പോലെ, നീ ഇന്ന് വരെ കരുതിയ നീയല്ല യഥാര്‍ത്ഥ നീയെന്നു നമ്മെ ബോധ്യപ്പെടുത്തുന്നു...!

ഇതൊന്നും കൂടാതെ സാധാരണ ഹിന്ദു ക്ഷേത്രങ്ങളിലെ അനാചാരങ്ങള്‍ ഒന്നും തന്നെ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ ബാധകമല്ല. ഷര്‍ട്ട് ഇട്ടുകൊണ്ടും ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ കയറാം. ക്ഷേത്രത്തില്‍ കയറുന്നവന്‍ പൂണൂല്‍ ഇട്ടിട്ടുണ്ടോ എന്ന് അറിയാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു നിയമമാണ് ഷര്‍ട്ട് ഊരണം എന്നുള്ള അനാചാരം, കൂടാതെ അടിയാളന്മാര്‍ ഷര്‍ട്ട് ധരിച്ച് മുന്നില്‍ നില്‍ക്കരുത് എന്നുള്ള മാടമ്പി മനോഭാവവും ഈ നിയമത്തിനു പുറകിലുണ്ട്.  കേരളത്തിന്‌ പുറത്ത് ഒരു ക്ഷേത്രങ്ങളിലും ഈ നിയമം ബാധകമല്ല. ചില വ്യാഖ്യാന ശൂദ്രന്മാര്‍ പറയുന്ന വ്യാഖ്യാനം ഷര്‍ട്ട് ഇട്ടാല്‍ മാത്രമേ ദേവ ചൈതന്യം ശരീരത്തില്‍ പ്രവേശിക്കൂ എന്നാണ്. കേവലം ഒരു തുണിയുടെ അകത്തേക്ക് ചൈതന്യം കടത്തി വിടാന്‍ കഴിയാത്ത കഴിവുകെട്ട ദൈവത്തെ എന്ത് കൊള്ളാം എന്ന് ആ ദൈവത്തെ തൊഴാനായി പോകുന്ന വിഡ്ഢികള്‍ സ്വയം ചിന്തിക്കുക...!

ഗുരുദേവന്‍ പൂണൂല്‍ ധരിചിട്ടല്ല ഒരു ക്ഷേത്രത്തിലും പതിഷ്ഠ നടത്തിയത്, ബ്രാഹ്മണന്‍ ആകാന്‍ പഠിക്കുന്ന ചില പൂജാരിമാര്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ പൂണൂല്‍ ഇട്ടു പൂജ നടത്തുന്നത് ഗുരുദേവനെയും ഗുരുദേവന്റെ ദര്‍ശനങ്ങളെയും അപമാനിക്കുന്നതിനു തുല്യമാണ് എന്ന് മനസ്സിലാക്കി ആ അടിമത്വതിന്റെ കയര്‍ ഊരിക്കളയാന്‍ തയ്യാറാകുക...! തന്റെ മുന്നില്‍ പൂണൂല്‍ ധരിച്ച് എത്തിയ ചില മണ്ടന്മാരായ ഈഴവരെ കളിയാക്കി ഗുരുദേവന്‍ തന്നെ പറഞ്ഞിരുന്നു, "എന്താ കുട്ടിപ്പട്ടര്‍, ഇതില്‍ താക്കോല്‍ കെട്ടുമോ" എന്ന്.  "ഇത് നിത്യ കര്‍മ്മാനുഷ്ടാനത്തിന്റെ ഓര്‍മ്മയ്ക്കാണ്" എന്ന് പറഞ്ഞ ബ്രാഹ്മണനോട് "ഓര്‍മ്മ എപ്പോഴും ഉണ്ടാകുമോ" എന്ന് ഗുരുദേവന്‍ ചോദിച്ചു. "ഇല്ല" എന്ന മറുപടി കേട്ടപ്പോള്‍ "അപ്പോള്‍ ഇതെടുത്ത് കളഞ്ഞു കൂടേ" എന്ന് ചോദിച്ച് പൂണൂലിലുള്ള മണ്ടന്‍ വിശ്വാസത്തെ ചോദ്യം ചെയ്ത ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലും, ഗുരുവിനെയും പൂജ നടത്തുന്നവര്‍ ഒരു കാലത്തും അന്ധവിശ്വാസത്തിന്റെ അഴുകിയ പൂണൂല്‍ ധരിച്ച് സമൂഹത്തെ വീണ്ടും മലീമസമാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക തന്നെ വേണം.

ആചാരങ്ങള്‍ ഇല്ലാതാകുകയും പകരം അന്ധവിശ്വാസങ്ങള്‍ ആചാരങ്ങള്‍ ആയി മാറുകയും ചെയ്തതാണ് ഇന്ന് നാം കാണുന്ന ഹിന്ദു മതത്തിന്റെ തകര്‍ച്ചയുടെ മൂല കാരണം. ഇവയെ ഇല്ലാതാക്കി ഗുരുദേവന്‍ നമുക്ക് പ്രദാനം ചെയ്തത് ശുദ്ധവും സനാതനവുമായ ആരാധനാ സമ്പ്രദായങ്ങള്‍ ആണ്. അവയെ വീണ്ടും ലോകത്തില്‍ ഇന്ന് വരെ ഉണ്ടായതില്‍ വച്ച് ഏറ്റവും നികൃഷ്ടമായ "ചാതുര്‍വര്‍ണ്ണ്യ മതത്തിന്റെ" തൊഴുത്തില്‍ കൊണ്ട് കെട്ടി നശിപ്പിക്കാതെ സൂക്ഷിക്കേണ്ടത് ഓരോ ഗുരുദേവ ഭക്തന്റെയും കടമയാണ്...! അടുത്ത തലമുറയെ കരുതിയെങ്കിലും...! സംശുദ്ധമായ ഗുരുദര്‍ശനം അവരില്‍ എത്തിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്, കടമയാണ്...!

ഒപ്പം നാം എല്ലാവരും കല്ലില്‍ നിന്നും തുടങ്ങി കണ്ണാടി വരെ (അരുവിപ്പുറം മുതല്‍ ഓംകാരേശ്വരം വരെ) സഞ്ചരിക്കുവാന്‍ പ്രാപ്തരാകട്ടെ, അതിനായി ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ...! 

ഗുരുദേവ നാമത്തില്‍ എല്ലാവര്ക്കും പ്രണാമം; ഗുരുധര്‍മ്മം ജയിക്കട്ടെ...!

An Article by: Sudheesh NamaShivaya
http://gurudharma.blogspot.in/2015/04/blog-post_25.html
Posted: 25 Apr 2015 05:07 AM PDT
"അദ്വൈതം" എന്നത് ശങ്കര സൃഷ്ടിയായാണ് പരക്കെ അറിയപെടുന്നത്.. എന്നാല്‍ തെളിമയാര്‍ന്ന അദ്വൈത ചിന്തയില്‍ ജാതീയത എന്ന ചെളി കൂടി കലക്കുകയായിരുന്നു വാസ്തവത്തില്‍ ശങ്കരാചാര്യര്‍ . ശങ്കരന് മുന്‍പ് തന്നെ അദ്വൈതം എന്ന പേരില്‍ മതങ്ങള്‍ ഉണ്ടായിരുന്നു.. ഔപനിഷാദ്വൈതം , ബ്രഹ്മാദ്വൈതം, ശൂന്യദ്വൈതം , ശബ്ദാദ്വൈതം ഇവയൊക്കെ അതില്‍ ചിലതായിരുന്നു

ശ്രുതി വിരുദ്ധ മതങ്ങളെ ഖണ്ഡിച്ച ശങ്കരന്‍ ശ്രുതി സമ്മതമായ അദ്വൈത മതത്തെ സ്ഥാപിച്ചു. ശങ്കരാദ്വൈതം എന്ന് അദ്ധേഹത്തിന്റെ അനുയായികളും, ബ്രഹ്മണാദ്വൈതം എന്ന് വിമര്‍ശകരും പറയുന്ന സിദ്ധാന്തം.. അതിന്‍ പ്രകാരം രൂപം പ്രാപിച്ചതാണ് ഇന്ന് നാം കാണുന്ന വ്യവസ്ഥാപിത ഹിന്ദു മതം

രുചികരമായ പാല്‍പായസം കുടിക്കുമ്പോള്‍ അതിനകത്ത് കിടന്ന ഒരു കഷണം കഞ്ഞിര കുരു കടിച്ചാല്‍ എപ്രകാരം അത് വരെ അനുഭവിച്ച ആ രുചി കയ്പ് ആയി മാറുമോ അതെ പോലെ ആണ് ശങ്കര അദ്വൈതവും ..

വിവേക ചൂഡാമണി എന്നാ ഗ്രന്ഥത്തില്‍ ശങ്കരന്‍ ഭക്തിയുടെ ലക്ഷണത്തെ പറഞ്ഞിരിക്കുന്നത് ഇപ്രകാരം ആണ് " സ്വസ്വരൂപാനുസന്ധാനം ഭക്തിരിത്യഭിധീയതെ " അതായതു ഞാന്‍ ശുദ്ധന്‍ ആണ്, ബോധ സ്വരൂപന്‍ ആണ്, ആനന്ദസ്വരൂപന്‍ ആണ്. മുക്തനാണ് ഇങ്ങനെ തന്റെ സ്വരൂപത്തെ നിരന്തരം ചിന്തിക്കുന്നതാണ് ഭക്തി ... എന്നാല്‍ ആ ചിന്തകള്‍ക്കും മുകളില്‍ ശങ്കരനില്‍ ജാതീയത കുടി കൊണ്ടിരുന്നു .. ഒരു ചന്ടാളനില്‍ നിന്നും സത്യ ദര്‍ശനം ഉണ്ടാകും വരെ ശങ്കര അദ്വൈതം വെറും ബ്രാഹ്മണ അദ്വൈതം തന്നെ ആയിരുന്നു.. എന്നാല്‍ തെറ്റ് മനസിലാക്കിയ ശേഷവും അദ്ദേഹത്തിന് അത് പ്രായോഗിക ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് വേണം കരുതാന്‍.. ഒന്നുകില്‍ ചെറുപ്പത്തില്‍ തന്നെ സമാധി ആകേണ്ടി വന്നതിനാല്‍ കഴിഞ്ഞു കാണില്ല.. അല്ലെങ്കില്‍ ജാതി എന്ന ചങ്ങലയില്‍ നിന്നും രക്ഷ നേടുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു കാണില്ല

ശങ്കരന്‍ ബ്രാഹ്മണനായി ജനിച്ചു ,ജീവിച്ചു. പുസ്തകങ്ങളില്‍ നിന്നും വാദങ്ങളില്‍ നിന്നും അദ്ദേഹം മനസിലാക്കാതെ പോയ അദ്വൈതം ഒരു ചന്ടാളന്‍ പകര്ന്നു കൊടുത്തു. മനീഷപഞ്ചക രചന അതിനു ശേഷം നടന്നതായി വേണം അനുമാനിക്കാന്‍ . ഗീതയിലെ "ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം" എന്ന വരികളും , ആബസ്തംഭ സൂത്രത്തിലെ "ജന്മത ശ്രേയ" എന്ന വാചകവും ജാതീയതയെ ദൈവവല്കരിച്ചു. ജാതി എന്നത് ദൈവം ഉണ്ടാക്കിയ കാര്യം ആണെന്ന് വിശ്വസിച്ചു ജീവിച്ച ജനത്തെ അവരുടെ ആ അന്ധവിശ്വാസത്തിനു ശക്തി നല്‍കുന്ന ഏറ്റവും മികച്ച സംഭാവനയാണ് തന്റെ ബ്രഹ്മസൂത്ര വ്യാഖ്യാനത്തിലൂടെ ശങ്കരന്‍ നല്കിയത്.

"ശുചം ആദ്രവതി ഇതി ശൂദ്ര" (വ്യസനത്തിന്റെ പിന്നാലെ പായുന്നവന്‍ ആണ് ശൂദ്രന്‍) എന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു ചാന്ധോക്യോപനിഷത്തില്‍ രൈക്യ മുനി ജന്ശ്രുതി രാജാവിനെ വിളിക്കുന്നു ശൂദ്രന്‍ എന്ന് , ഇവിടെ രാജാവ്‌ ക്ഷത്രിയന്‍ എന്നറിയാഞ്ഞല്ല, മറിച്ചു ദുഖാര്‍ത്തന്‍തന്റെ സമീപം എത്തിയത് കൊണ്ടാണ് രൈക്യന്‍ ജന്ശ്രുതിയെ ശൂദ്രന്‍ എന്ന് വിളിച്ചത് .എന്നാല്‍ ശങ്കര വ്യാഖ്യാനത്തില്‍ ജാതി ശൂദ്രന്‍ എന്ന നിലയില്‍ ആണ് ഈ സംഭവത്തെ വര്‍ണ്ണിച്ചിരിക്കുന്നത്‌.

"സംസ്കരപാമര്ശാതടാഭാവഭിലാപച്ച" എന്ന് തുടങ്ങുന്ന സൂത്രത്തില്‍ ഉപനയനം തുടങ്ങിയ സംസ്കാരങ്ങള്‍ അനുവദിചിട്ടില്ലാത്ത ജാതി ശൂദ്രന് വേദ വിദ്യക്കധികാരം ഇല്ല എന്ന് വ്യക്തം ആക്കുന്നു .

"തെഷമെവൈതാം ബ്രഹ്മവിധ്യാം വാടതെ ശിരോവൃതം വിധിവല്‍ യിസ്തു ചീര്ണ്ണം "." തടഭാവനിര്ധാരനെ ച പ്രവൃതെ " എന്നാ സൂത്രം കൊണ്ട് പ്രവര്ത്തി്യില്‍ നിന്നും ജാതി ശൂദ്രന് വേദാധ്യായത്തിനു അധികാരമില്ല എന്ന് ശങ്കരന്‍ സമര്‍ഥിക്കുന്നു . ചാന്ധോക്യോപനിഷത്തില്‍ തന്നെ മറ്റൊരു കഥയില്‍ സത്യകാമനെ ബ്രാഹ്മണന്‍ ആയതിനാല്‍ മാത്രം ഉപനയിപ്പിക്കുന്ന ഗൌതമന്റെ കഥയും ജാതി മലിനതയെ സൂചിപ്പിക്കുന്നു.

"ശ്രവനാധ്യാനാര്ധപ്രതിശേധാല്‍ സ്മ്രുതെശ്ച്ച" എന്നാ സൂത്രത്തില്‍ വേദത്തില്‍ ശൂദ്രന് വേദത്തിന്റെ ശ്രവണവും, അദ്ധ്യയനവും , അര്‍ത്ഥചിന്തനവും പ്രതിഷേധിചിട്ടുള്ളത് കൊണ്ടും സ്മൃതിയില്‍ അങ്ങനെ പറഞ്ഞിട്ടുള്ളത് കൊണ്ടും ജാതി ശൂദ്രന് വേദ വിദ്യക്ക് അധികാരമില്ല എന്ന് ശങ്കരന്‍ സമര്‍ഥിക്കുന്നു.

ശ്രുതിയില്‍ ശൂദ്രന് വേദ ശ്രവണവും വേദ അദ്ധ്യയനവും ,വേദ അര്‍ത്ഥചിന്തനവും നിഷേധിച്ചിട്ടുണ്ട് "ഇതേല്‍ ശ്മശാനം യാല്‍ ശൂദ്ര തസ്മാല്‍ ശൂദ്രസ്യ സമീപേ നാധ്യെതവ്യം"

അര്‍ഥം:: ശൂദ്രന്‍ ശ്മശാനത്തിന് തുല്യം അശുദ്ധന്‍ ആകുന്നു അതിനാല്‍ ശൂദ്രന്റെ സമീപത്തിരുന്നു വേദ ധ്യാനം ചെയ്യരുത് .

പരശുരാമ സ്മൃതി ഇങ്ങനെ പറയുന്നു ,

"വേദക്ഷര വിച്ചരേന ശൂദ്ര പത്തി തല്ക്ഷശനാല്‍" അര്‍ത്ഥം: വേദഅര്‍ത്ഥ വിചാരം കൊണ്ട് ശൂദ്രന്‍ അധപതിക്കും .

ചുരുക്കി പറഞ്ഞാല്‍ ഉണ്ടോ ഇല്ലയോ എന്നറിയാത്ത ദേവന് വേദഅധികാരം ഉണ്ടെന്നും ശൂദ്രന് അത് നിഷിധം ആണെന്നും ശങ്കരന്‍ വ്യാഖ്യാനിക്കുന്നു,

അഹം ബ്രഹ്മാസ്മി എന്നത് ബ്രാഹ്മണന് മാത്രം ആകും ചേരുക എന്ന് തോന്നും ഇത് വായിച്ചാല്‍. ശങ്കരന്റെ ഈ വ്യാഖ്യാനം അടിസ്ഥാനം ആക്കി ആണ് കേരളനചാരം വരെ രചിക്കപെട്ടത്‌. ഫലം ലക്ഷകണക്കിന് ജനങ്ങള്‍ നൂറ്റാണ്ടുകളോളം പുഴുക്കളെക്കാലും നരകിച്ച ജീവിതം നയിക്കേണ്ടി വന്നു. ഭാരതത്തിലെ ഋഷിമാരുടെ ചിന്തയായ അദ്വൈതത്തെ ജാതീയത എന്ന ബൈന്‍ഡ് ഇട്ടു കെട്ടി സാധാരണ ജനത്തിന് അപ്രാപ്യമാക്കിയ ശങ്കരന്റെ തെറ്റിനെ ഭാരതീയ ദാര്‍ശനിക ചിന്തകള്‍ ജാതി മത ഭേദമില്ലാതെ എല്ലാവര്ക്കും പകര്‍ന്നു നല്‍കി ശങ്കര കാലത്തേ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു നയിച്ചത് ഗുരുദേവനും, സാമൂഹികമായി മാറ്റങ്ങള്‍ ഉണ്ടാക്കിയത് ബ്രിട്ടീഷ്‌ ഭരണവും ആണ്. നമുക്ക് സന്യാസം തന്നത് ബ്രിടിഷുകാര്‍ ആണ് എന്ന് ഗുരു പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കുക .

ശങ്കരാചാര്യര്‍ക്ക് കഴിയാതെ പോയ, അല്ലെങ്കില്‍ ശങ്കരാചാര്യര്‍ക്ക് അറിയാതെ പോയ അല്ലെങ്കില്‍ ശങ്കരാചാര്യര്‍ വെടക്കാക്കിയ അദ്വൈത ദര്‍ശനത്തെ സ്വന്തം ആത്മാനുഭൂതിയുടെ പ്രകാശത്തില്‍ പുനപരിശോധിച്ച് തെറ്റുകള്‍ തിരുത്തി, പുഴുകുത്തുകള്‍ ദൂരെ മാറ്റി പുന:പ്രകാശനം നിര്‍വഹിച്ചത് ശ്രീ നാരായണ ഗുരുദേവന്‍ ആയിരുന്നു. "അനുഭവീയാതറിവേല" എന്ന് ഗുരുദേവന്‍ പറഞ്ഞത് അതിന്റെ സാക്ഷ്യപത്രമാണ്‌ . ശങ്കരാചാര്യര്‍ക്ക് ആകട്ടെ അത് ചന്ടാളനില്‍ നിന്നും കടം കൊണ്ട അറിവ് മാത്രമായിരുന്നു താനും.

"അവനവനാത്മ സുഖതിനാചരിപ്പതു അപരന് സുഖത്തിനായ് വരേണം" ഈ വരികളില്‍ നിന്ന് മാത്രം ഗുരുവിന്റെ മനസിനെ നമുക്ക് കാണാന്‍ കഴിയും.. ചന്ടാളനാല്‍ സത്യ ദര്‍ശനം പ്രാപ്തം ആകുന്നതിനു മുന്‍പായിരുന്നെങ്കില്‍ മേല്പറഞ്ഞ ഗുരു വാക്യം ശങ്കരന്‍ ആണ് പറഞ്ഞിരുന്നെങ്കില്‍ അതിപ്രകാരം ആകുമായിരുന്നു "അവനവനാത്മ സുഖതിനാചരിപ്പതു വിപ്രന് സുഖത്തിനായ് വരേണം"

"ഗുരു" എന്നതിന്റെ അര്‍ഥം ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കുന്ന ആള്‍ എന്നാണ്.. അങ്ങനെ എങ്കില്‍ ജാതീയത എന്ന ഇരുട്ടില്‍ നിന്നും ശങ്കര അദ്വൈതത്തെ മോചിപിച്ച , ശങ്കരാചാര്യരെ തന്നെ മോചിപിച്ച ശ്രീ നാരായണ ഗുരുദേവന്‍ ശങ്കരാചാര്യരുടെയും ഗുരു സ്ഥാനീയന്‍ ആണ്.

എന്നാല്‍ ഇന്നാകട്ടെ ശ്രീ നാരായണ ഗുരുദേവനെ കേവലം ഒരു ഹിന്ദു സന്യാസി ആയി ചിത്രീകരിച്ചു, ശങ്കര അദ്വൈതം തന്നെ ഗുരുദേവന്റെ മേലും കെട്ടി വെച്ച് ഗുരു ദര്‍ശനത്തെ തമസ്കരിക്കാന്‍ വര്‍ണ്ണാശ്രമ ധര്‍മ വിശ്വാസികളായ ഒരു കൂട്ടം ബുദ്ധിജീവികള്‍ ആഞ്ഞു പരിശ്രമിക്കുകയാണ് ...

ഇതൊന്നും അറിയാതെ, മനസിലാക്കാന്‍ ശ്രമിക്കാതെ ശ്രുതിയിലും സ്മൃതിയിലും അതിന്റെ ഉപോല്‍പ്പന്നം ആയ വര്‍ണ്ണാശ്രമ ധര്‍മത്തില്‍ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുടെ കാല്‍ക്കല്‍ വീഴുന്ന ഇന്നത്തെ ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ ഗുരുദേവനെ അപമാനിക്കുകയാണ് ചെയ്യുന്നത്... ശിവഗിരി ഹൈന്ദവ മഠം എന്നും, ഭാരതത്തില്‍ രാമ രാജ്യം വരണം എന്നും പറഞ്ഞു നടക്കുന്ന സന്യാസിമാരും, സ്വാര്‍ത്ഥ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ഹൈന്ദവ ധര്‍മ സംരക്ഷക വേഷം സ്വയം കെട്ടി ആടുന്ന എസ്.എന്‍.ഡി.പി നേതാക്കളും ഗുരു നിന്ദ മാത്രമല്ല മഹത്തായ ഭാരതീയ ദര്‍ശനത്തെ വീണ്ടും കുഴിച്ചു മൂടാനുള്ള നിന്ദ്യമായ പ്രവര്‍ത്തിയില്‍ ആണ് ഏര്‍പെട്ടിരിക്കുന്നത്...

By: Dr.Kamaljith Abhinav
http://gurudharma.blogspot.in/2015/03/blog-post_30.html
Posted: 25 Apr 2015 05:05 AM PDT

അറിവിലുമേറി അറിഞ്ഞിടുന്നവന്‍ തന്‍ 
ഉരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
തെരുതെരെ വീണു വണങ്ങിയോതിടേണം

ആത്മ സാക്ഷാത്കാരത്തിന് ശ്രമിക്കുന്ന, അഥവാ ആഗ്രഹിക്കുന്ന ഒരു വ്യക്തി പ്രധാനമായും അനുഷ്ടിക്കേണ്ട ഒരു സാധനയെ ആണ് ഗുരുദേവന്‍ ആത്മോപദേശ ശതകത്തിലെ ഈ ആദ്യ ശ്ലോകത്തില്‍ തന്നെ നമ്മോടു ഉപദേശിക്കുന്നത്.  ആത്മസാക്ഷാത്കാരം നേടിയ യോഗിവര്യന്മാര്‍ അവരുടെ അനുഭവത്തില്‍ നിന്ന് കൊണ്ട് പറയുന്നത് ബോധം (Consciousness) എന്നത് ഈ ശരീരത്തില്‍ മാത്രമുള്ള ഒന്നല്ല; മറിച്ച് എങ്ങും നിറഞ്ഞു വിലസുന്ന പ്രപഞ്ചബോധത്തില്‍ (Universal Consciousness) ആണ് ഈ പ്രപഞ്ചം സ്ഥിതി ചെയ്യുന്നത് എന്നാണ്. പക്ഷെ വാസനകളാല്‍ അനുഷ്ടിക്കപ്പെട്ട കര്‍മ്മങ്ങളുടെ ഫലമായി ഈ ശരീരത്തില്‍ ഒതുങ്ങിക്കൂടുവാന്‍ വിധിക്കപ്പെട്ട നമുക്ക്, ആ പ്രപഞ്ച ബോധത്തെ അറിയുവാനോ അറിഞ്ഞു അനുഭവിക്കുവാനോ കഴിയുന്നില്ല, മറിച്ച് ഈ കൊച്ചു ശരീരത്തിലെ ബുദ്ധിയും മനസ്സും ഉപയോഗിച്ച് നാം അതിനെ അറിയുവാനും പഠിക്കുവാനും ശ്രമിക്കുന്നു എന്നതിനാല്‍ പരാജയപ്പെടുകയും ചെയ്യുന്നു...!

അതിനാല്‍ എങ്ങിനെ വിജയം വരിക്കണം എന്നും, എങ്ങിനെ സാധന അനുഷ്ഠിക്കണം എന്നുമാണ് ഗുരുദേവന്‍ മുകളിലെ ശ്ലോകത്തില്‍ നമ്മോടു ആവശ്യപ്പെടുന്നത് ''കണ്ണുകളഞ്ചുമുള്ളടക്കി, തെരുതെരെ വീണു വണങ്ങിയോതിടേണം''. അഞ്ച് ഇന്ദ്രിയങ്ങളെയും ഉള്ളടക്കി; അതായത് ശബ്ദം, സ്പര്‍ശം, രൂപം, ഗന്ധം, രസം എന്നീ വിഷയങ്ങളില്‍ നിന്നും കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് എന്നീ ഇന്ദ്രിയങ്ങളെ അവയുടെ വാസനാ വിഷയങ്ങളില്‍ നിന്നും അകറ്റി, ഉള്ളില്‍ അടക്കി നിര്‍ത്തിയതിനു ശേഷം ആ സത്യത്തെ തിരയണം, അറിയണം, ചോദിക്കണം മനനം ചെയ്യണം എന്നാണ്. 

ഇതാണ് പ്രശ്നം. ഒരു നിമിഷം പോലും ഇന്ദ്രിയ നിഗ്രഹം സാധ്യമല്ലാത്ത ജീവിയായ മനുഷ്യന് ഇത് എങ്ങിനെ സാധ്യമാകും...? ഗുരുദേവാ  ഞങ്ങളെക്കൊണ്ട് സാധിക്കാത്ത കാര്യങ്ങള്‍ പറഞ്ഞു വെറുതെ ആശിപ്പിക്കല്ലേ; ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ ഫോണും എന്ന് വേണ്ട മനുഷ്യനെ വഴി തെറ്റിക്കാന്‍ വേണ്ട എല്ലാം മുന്നില്‍ വച്ച് തന്നിട്ട് ഞങ്ങളോട് ഇത് തന്നെ പറയണം...!

ഗുരു: നീ മുന്‍പ് ചെയ്തിട്ടുള്ള ഒരു കാര്യം ചെയ്യുവാന്‍ ഇപ്പോള്‍ എന്താ ഇത്ര പ്രയാസം..? ഞാന്‍ ഉപദേശിച്ച ഈ സാധന വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീ വളരെ ഭംഗിയായി അനുഷ്ടിച്ചിട്ടുള്ളതാണ്...! അന്ന് നിനക്ക് അതീന്ദ്രിയ ജ്ഞാനം ഉണ്ടായിരുന്നു. നിന്റെ കഴിഞ്ഞു പോയ ജന്മങ്ങളെ കുറിച്ചും, അതില്‍ നടന്ന ഓരോ സംഭവങ്ങളെ കുറിച്ചും നീ ഭംഗിയായി ഓര്‍ത്തിരുന്നു.

ഞാന്‍: ഗുരുദേവന്‍ എന്താണീ പറയുന്നത്...? സാധനയോ..? അതും ഞാനോ..? എന്ന്...? എപ്പോള്‍...? എവിടെ വച്ച്...? എന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ മിക്കവാറും എനിക്ക് ഓര്‍മ്മയുണ്ടല്ലോ. പക്ഷെ ഈ പറയുന്ന ഒരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.  പണ്ട് ചെറുപ്പത്തില്‍ പുരാണങ്ങള്‍ ഒക്കെ വായിച്ച് കുറച്ചു നേരം കണ്ണടച്ച് "നമശിവായ" ജപിച്ച് ഇരുന്നിട്ടുണ്ട് "വല്‍സാ കണ്ണ് തുറക്കൂ" എന്നും പറഞ്ഞു ഭഗവാന്‍ ഇപ്പോള്‍ വരും എന്നും കരുതി....! ഭഗവാന്‍ എവിടെ വരുന്നു...? ഇരുന്നു ചന്തി കഴയ്ക്കുന്നത് മിച്ചം :) 

ഗുരു: ഇതാണല്ലോ എല്ലാവരുടെയും പ്രശ്നം. അകത്തുള്ളതിനെ ആദ്യം തിരയൂ എന്നിട്ട് പോരെ പുറത്തുള്ള ഭഗവാനെ തിരയുന്നത്...? ഞാന്‍ പറയുന്ന ഈ സാധന നീയടക്കമുള്ള ഈ ലോകത്തിലെ എല്ലാ ജീവികളും അനുഷ്ടിച്ചിട്ടുണ്ട്, അതും ഈ ജന്മത്തില്‍ തന്നെ.  ജനിക്കുന്നതിനു മുന്‍പുള്ള ഏതാനും മാസങ്ങള്‍ മാതാവിന്റെ ഉദരത്തില്‍ കിടക്കുന്ന സമയത്ത് നീ എന്നല്ല സകല മനുഷ്യരും, ജീവികളും സ്വയം അറിയാതെ ഈ സാധന അനുഷ്ഠിക്കുന്നു.  ആ സമയത്ത് കഴിഞ്ഞുപോയ ജന്മങ്ങളെ കുറിച്ചും അതില്‍ ചെയ്ത കര്‍മ്മങ്ങളെ കുറിച്ചും നീ ഓര്‍ത്തിരുന്നു...!

ഞാന്‍: വെറുതെ എന്നെ വട്ടു പിടിപ്പിക്കല്ലേ ഗുരോ...! പുനര്‍ജ്ജന്മം എന്ന ഒന്നുണ്ടോ...? ഉണ്ടെങ്കില്‍ എന്തുകൊണ്ട് എനിക്കിപ്പോള്‍ കഴിഞ്ഞ ജന്മത്തില്‍ നടന്ന കാര്യങ്ങള്‍ ഓര്‍മ്മയില്ല...? ഇതൊക്കെ വെറും അന്ധവിശ്വാസം അല്ലെ..?

ഗുരു: നീ ഇന്ന് ഈ പ്രപഞ്ചത്തില്‍ കാണുന്ന എല്ലാ വസ്തുക്കളും കോടാനു കോടി വര്‍ഷങ്ങള്‍ ആയി ഈ പ്രപഞ്ചത്തില്‍ ഉള്ളവ തന്നെയല്ലേ...? പക്ഷെ ഇന്ന് നീ കാണുന്ന ആകൃതിയിലും പേരുകളിലും ആയിരുന്നില്ല എന്ന് മാത്രം. മണ്ണില്‍ നിന്നും ഇരുമ്പും സിമന്റും ഇഷ്ടികയും ഉണ്ടാക്കി അതുപയോഗിച്ച് ഉണ്ടാക്കുന്ന രൂപത്തെ നാം കെട്ടിടം എന്ന് വിളിക്കുന്നു. സത്യത്തില്‍ മണ്ണില്‍ നിന്നും അന്യമാണോ കെട്ടിടം..? അത് തകര്‍ത്തു പൊടിച്ചാല്‍ വീണ്ടും മണ്ണായി മാറുന്നില്ലേ...? ഇങ്ങനെ ഇന്ന് നീ കാണുന്ന എല്ലാം മറ്റൊരു രൂപത്തിലും നാമത്തിലും കോടാനു കോടി വര്‍ഷങ്ങളായി ഇവിടെ ഉള്ളത് തന്നെയാണ്. അങ്ങിനെയെങ്കില്‍ ഈ ജഡവസ്തുക്കളെ എല്ലാം അറിയുന്ന ചൈതന്യമായ നീ ഇപ്പോള്‍ മാത്രം ഉള്ളതാണ് എന്ന് വിചാരിക്കുന്നത് അല്ലേ ഏറ്റവും വലിയ അന്ധവിശ്വാസവും യുക്തിഹീനതയും...? നീ ജനിച്ച ദിവസം നിനക്ക് ഓര്‍മ്മയുണ്ടോ...? മുട്ടുകുത്തി ഇഴഞ്ഞതും നടക്കാന്‍ പഠിച്ചതും ഓര്‍മ്മയുണ്ടോ..? ഓര്‍മ്മയില്ല എന്ന് കരുതി അന്ന് നീ ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം അല്ലെ...? നിന്റെ ശരീരത്തില്‍ ഇന്നുള്ള മൂലകങ്ങള്‍ ഇന്നലെ മറ്റൊരു ജീവിയുടെ ശരീരത്തില്‍ സ്ഥിതി ചെയ്തവ ആയിരിക്കില്ലേ...? ഇനി നാം മരിച്ച് പോയാല്‍ നമ്മുടെ ശരീരത്തിലെ ഈ മൂലകങ്ങള്‍ മറ്റൊരു ജീവിയുടെ ശരീരത്തില്‍ എത്തുകയില്ലാ എന്നുണ്ടോ...? അങ്ങിനെയെങ്കില്‍ കഴിഞ്ഞുപോയ കോടാനു കോടി വര്‍ഷങ്ങളില്‍ ഈ ശരീരത്തിന്റെ എത്രയോ ജന്മങ്ങള്‍ കഴിഞ്ഞിരിക്കുന്നു...?

ഞാന്‍: അത് ശരിയാണല്ലോ...! ഗുരുദേവന്‍ പറയുന്നത് എനിക്ക് കുറേശ്ശെയായി മനസ്സിലാവുന്നുണ്ട്, എവിടെയോ ഒരു ചെറിയ മിന്നല്‍ പോലെ...! പക്ഷെ അനുഭവിക്കാതെ ഞാന്‍ എങ്ങിനെ ഇതിനെ സ്വീകരിക്കും..?

ഗുരു: ഞാന്‍ പറഞ്ഞത് നീ വിശ്വസിക്കണം എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞില്ലല്ലോ, എല്ലാം സ്വയം അനുഭവിച്ച് അറിയാന്‍ ഉള്ളതല്ലേ...? ശാന്തമായ ഒരിടത്ത് സ്വസ്ഥനായി ഇരിക്കൂ, ഗര്‍ഭാവസ്ഥയില്‍ കിടക്കുന്ന ഒരു കുഞ്ഞാണ് നീയെന്നു സ്വയം സങ്കല്‍പ്പിക്കൂ. ആ സമയത്ത് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും എന്ത് പ്രയോജനം ? കാരണം നാം മനുഷ്യന്‍ ആണോ, മറ്റ് ഏതെങ്കിലും ജീവിയാണോ..? നാം ഇപ്പോള്‍ എവിടെയാണ് മുതലായ ലൌകികമായ ഒന്നും തന്നെ അപ്പോള്‍ നിന്ന ബാധിക്കുന്നതല്ല. കേവലം ഞാന്‍ എന്ന ബോധം മാത്രം പ്രകാശിക്കും. ലൌകിക വിഷയങ്ങള്‍ പൊന്തി വരുന്നുവെങ്കില്‍ അതിനെ സാവധാനം പ്രയത്നം കൂടാതെ തന്നെ അകറ്റി നിര്‍ത്തൂ, പണ്ട് ബോധിവൃക്ഷത്തിനു ചുവട്ടിലിരുന്നു ശ്രീബുദ്ധനും മരുത്വാമാലയില്‍ ഇരുന്നുകൊണ്ട് ഞാനും അനുഷ്ടിച്ചത് ഈ സാധന തന്നെയാണ്...! എന്റെ അനുഭവമാണ് ഞാന്‍ ഈ ശ്ലോകത്തില്‍ നിങ്ങളോട് പറഞ്ഞത്...!

ഞാന്‍: പക്ഷെ ഗുരോ, ശ്രീബുദ്ധനും അങ്ങും സ്വന്ത ബന്ധങ്ങള്‍ ഇട്ടെറിഞ്ഞു പോയത് മൂലം മാത്രമല്ലേ ഇതിനൊക്കെ സാധിച്ചത്...? ഞങ്ങള്‍ സാധാരണക്കാര്‍ വീടും കുടുംബവും ആയി കഷ്ടപ്പെടുന്നവര്‍ ഈ സാധനയോക്കെ എങ്ങിനെ അനുഷ്ഠിക്കും...?

ഗുരു: ഞങ്ങള്‍ ആരെ ഇട്ടെറിഞ്ഞു പോയി...? ഞങ്ങള്‍ ജീവിച്ചത് പോലും നിങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ലേ...? സമൂഹത്തില്‍ നില നിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി നിങ്ങളെയെല്ലാം ഈ ചോദ്യം ചോദിക്കുന്ന നിലയിലേക്ക് ഉയര്‍ത്തുവാന്‍ വേണ്ടിയല്ലേ ഞങ്ങള്‍ ജീവിച്ചത്...? ഒരു ചെറിയ കുടുംബത്തിനു പകരം ഈ ലോകത്തെ മുഴുവന്‍ കുടുംബമായി സ്വീകരിക്കുകയല്ലേ ഞങ്ങള്‍ ചെയ്തത്..?  ഞങ്ങള്‍ ചുമന്ന സമൂഹ ജീവിതഭാരത്തിന്റെ ഒരു അംശം വരുമോ, നിങ്ങളുടെ കുടുംബ ജീവിതഭാരം...?

ഞാന്‍: എന്റെ അറിവില്ലായ്മയെല്ലാം ക്ഷമിച്ച് മാപ്പ് നല്‍കിയാലും ഗുരുദേവാ. ആദ്യ ശ്ലോകത്തില്‍ പറയുന്ന സാധനാ മാര്‍ഗ്ഗം ഉപദേശിച്ച് തന്ന അങ്ങേയ്ക്ക് എന്റെ കോടി പ്രണാമം. ബാക്കി 99 ശ്ലോകങ്ങള്‍ എവറസ്റ്റ് കൊടുമുടി പോലെ ഇപ്പോഴും മുന്നില്‍ കിടക്കുന്നു, ഓരോന്നും സംശയമന്യേ മനസ്സിലാകുവാന്‍ ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകണം..!

ഗുരു: ഈ ഗ്രന്ഥം എഴുതിയത് പോലും അറിയുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും വേണ്ടിയാണല്ലോ; അപ്പോള്‍ പ്രത്യേകിച്ചൊരു അനുഗ്രഹം ആവശ്യമുണ്ടോ...? അത് എപ്പോഴും ഉള്ളതാണ്...!
-----------------------------------------------------------------
കരുണാ വാരിധിയായ ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന് മുന്‍പില്‍ എന്റെ സാഷ്ടാംഗ പ്രണാമം....!
(It's just an imaginary conversation between me and Guru, so pardon me if I am wrong anywhere)
=================================
An Article by: Sudheesh NamaShivaya
=================================
http://gurudharma.blogspot.in/2015/04/1.html?spref=fb

Category: , ,

Article Copyright Disclaimer:
The article content published on this blog is for the purpose of sharing useful information with blog readers and visitors. Some of these may contain excerpts from other internet sources. If you believe an article has infringed on your copyright, please contact us and we'll delete or revise it immediately.