ശ്രീനാരായണ ഗുരുദേവന്‍ എല്ലാ മതങ്ങള്‍ക്കും അതീതനായ ഗുരുവാണെങ്കില്‍ എന്തുകൊണ്ട് ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി...? പലരും ചോദിക്കുന്ന ഒരു ചോദ്യമായത് മൂലം ഇതിന്റെ ഉത്തരം എല്ലാ ഗുരുദേവ ഭക്തരും തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
ശ്രീശങ്കരനു ശേഷം ജാതിവ്യവസ്ഥ സമൂഹത്തില്‍ കലശലായതിന്റെ ഫലമായി ആയിരക്കണക്കിന് വര്‍ഷങ്ങളോളം അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളയ്ക്കപ്പെട്ട ഒരു സമൂഹം ആയിരുന്നു അന്ന് ഇവിടെ നില നിന്നിരുന്നത് എന്നത് എല്ലാവര്ക്കും അറിയാമല്ലോ. ബ്രാഹ്മണര്‍ മറ്റുള്ളവര്‍ക്ക് ആരാധനാ വിധികള്‍ നിഷേഷിക്കുകയും, ദുഷിച്ച ആരാധനാ സമ്പ്രദായങ്ങള്‍ മാത്രം പിന്തുടരാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി കൊഴിവെട്ടും ബലിയും മറ്റുമായി നികൃഷ്ടമായ ആരാധനാ രീതികള്‍ പിന്തുടര്‍ന്നിരുന്ന, എഴുത്തും വായനയും അറിയാത്ത ഒരു ജനവിഭാഗത്തിന്റെ കയ്യില്‍ ഒരു സുപ്രഭാതത്തില്‍ "ആത്മോപദേശ ശതകം" എടുത്ത് കയ്യില്‍ കൊടുത്ത് ഇത് വായിച്ചു നിങ്ങള്‍ നന്നാകൂ എന്ന് പറയാന്‍ ഗുരുദേവന് കഴിയുമായിരുന്നോ...?
ഇവിടെയാണ് അരുവിപ്പുറം പ്രതിഷ്ഠയുടെ പ്രസക്തി. അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും നൂറ്റാണ്ടുകള്‍ തളയ്ക്കപ്പെട്ട ഒരു ജനതയെ സാത്വികമായ ഈശ്വരാരാധനാ രീതിയിലേക്ക് വഴിതിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെ ആണ് അരുവിപ്പുറം മുതലായ പ്രതിഷ്ഠകള്‍ നടത്തിയത് എന്ന് ഗുരുദേവന്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഗുരുവിന്റെ പ്രതിഷ്ഠകളെ വിലയിരുത്താന്‍ കൊല്ലവര്‍ഷം 1063 ല്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്ത് ഇരുന്നാല്‍ പോരാ...! നമുക്കൊന്ന് മുന്നോട്ടു സഞ്ചരിക്കാം...!
മുകളില്‍ പറഞ്ഞ രീതിയില്‍ മനുഷ്യരെ അന്ധവിശ്വാസങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുവാനായി ഗുരുദേവന്‍ കേരളത്തിലും കേരളത്തിനു പുറത്തും നിരവധി ദേശങ്ങളില്‍ സാത്വികമായ ആരാധനാ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനായി പ്രതിഷ്ഠകള്‍ നടത്തുകയുണ്ടായി. ഇപ്രകാരം സമൂഹത്തില്‍ ആദ്യമായി വലിയൊരു മാറ്റം ഉണ്ടാക്കിയെടുത്ത ഗുരുദേവന്‍ പിന്നീടുള്ള പ്രതിഷ്ഠകളില്‍ അതിനനുസരിച്ച് മാറ്റങ്ങളും വരുത്തി, അതിനു ഒരു ഉദാഹരണം ആണ് കൊല്ലവര്‍ഷം 1096 ല്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ തൃശ്ശൂര്‍, കാരമുക്ക് ചിദംബരനാഥ ക്ഷേത്രം.
ഗുരുദേവന്‍ ഈ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് എത്തുന്നതിനു മുന്‍പ് തന്നെ ക്ഷേത്രം സമിതി അംഗങ്ങള്‍ നല്ല ഭംഗിയുള്ള ഹൈന്ദവ ദേവതാവിഗ്രഹങ്ങള്‍ പ്രതിഷ്ഠയക്കായി ഒരുക്കി വച്ചിരുന്നു. പ്രതിഷ്ഠയ്ക്കായി ക്ഷേത്രത്തില്‍ എത്തിയ ഗുരുദേവന്‍ കല്‍ വിഗ്രഹങ്ങള്‍ കണ്ടിട്ട് "ഇവയെല്ലാം എന്താണ്" എന്ന് ചോദിക്കുകയു , "ഇതൊക്കെ നമ്മുടെ ദേവീ ദേവന്മാര്‍ ആണെന്നും പ്രതിഷ്ഠയ്ക്കായി കൊണ്ട് വന്നതാണെന്നും" ഉള്ള മറുപടി കേട്ട് ഗുരുദേവന്‍ ഒരു കിണ്ടിയില്‍ വെള്ളം കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു...!
ആ വിഗ്രഹങ്ങള്‍ എല്ലാം നിലത്ത് കിടത്തിവയ്ക്കുവാന്‍ നിര്‍ദ്ദേശിച്ച ഗുരുദേവന്‍; ഭക്തന്‍ കൊണ്ടുവന്നു നല്‍കിയ കിണ്ടിയിലെ വെള്ളവുമായി ആ വിഗ്രഹങ്ങളില്‍ കയറി നിന്ന് കയ്യും കാലും മുഖവും നല്ലവണ്ണം കഴുകുകയും, കല്ലിന്റെ ആവശ്യം കഴിഞ്ഞു ഇനി എടുത്തു മാറ്റിക്കോളൂ എന്ന് പറഞ്ഞു. ശേഷം മൂന്നു കവരമുള്ള ഒരു വിളക്കില്‍ തിരിയിട്ടു വിളക്ക് കൊളുത്തി, പ്രകാശം അറിവാണ്, അറിവ് പരക്കട്ടെ എന്ന് പറഞ്ഞു ആ ദീപത്തെ പ്രതിഷ്ഠിച്ചു.
ഈ പ്രതിഷ്ഠകള്‍ക്ക് ശേഷം ഗുരുദേവന്‍ കൊല്ലവര്‍ഷം 1097 ല്‍ മുരുക്കുംപുഴ കാളകണേ്‌ഠേശ്വര ക്ഷേത്രത്തില്‍ സത്യം, ധര്‍മം,ദയ, ശാന്തി എന്നെഴുതിയ പ്രഭയും അതിനു ശേഷം കൊല്ലവര്‍ഷം 1102 ഇടവം 31ന് കളവം കോട് അര്‍ധനാരീശ്വരക്ഷേത്രത്തില്‍ "ഓം' എന്ന് മത്സ്യത്തില്‍ ആലേഖനം ചെയ്ത നീലക്കണ്ണാടിയും പ്രതിഷ്ഠിച്ചു.
അവസാനമായി ഗുരുദേവന്‍ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രത്തില്‍ (കൊല്ലവര്‍ഷം 1102) കണ്ണാടിപ്രതിഷ്‌ഠ കൂടി നടത്തിയപ്പോള്‍ ഒരു മനുഷ്യന്‍ പ്രാകൃതഭക്തിയില്‍ നിന്നും (കല്ലില്‍ നിന്നും) അറിവ് നേടി (ദീപം) എല്ലാ ഗുണങ്ങളും ആര്‍ജ്ജിച്ച് (സത്യം ധര്‍മ്മം ദയ ശാന്തി) സ്വയം തന്നില്‍ കുടികൊള്ളുന്ന ആത്മ ചൈതന്യത്തെ അറിഞ്ഞുകൊണ്ട് (കണ്ണാടി) ജീവന്മുക്തി നേടുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു...! ഈ ചിത്രത്തില്‍ കാണുന്നത് പോലെ, നീ ഇന്ന് വരെ കരുതിയ നീയല്ല യഥാര്‍ത്ഥ നീയെന്നു നമ്മെ ബോധ്യപ്പെടുത്തുന്നു...!
ഇതൊന്നും കൂടാതെ സാധാരണ ഹിന്ദു ക്ഷേത്രങ്ങളിലെ അനാചാരങ്ങള്‍ ഒന്നും തന്നെ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ ബാധകമല്ല. ഷര്‍ട്ട് ഇട്ടുകൊണ്ടും ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ കയറാം. ക്ഷേത്രത്തില്‍ കയറുന്നവന്‍ പൂണൂല്‍ ഇട്ടിട്ടുണ്ടോ എന്ന് അറിയാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു നിയമമാണ് ഷര്‍ട്ട് ഊരണം എന്നുള്ള അനാചാരം, കൂടാതെ അടിയാളന്മാര്‍ ഷര്‍ട്ട് ധരിച്ച് മുന്നില്‍ നില്‍ക്കരുത് എന്നുള്ള മാടമ്പി മനോഭാവവും ഈ നിയമത്തിനു പുറകിലുണ്ട്. കേരളത്തിന് പുറത്ത് ഒരു ക്ഷേത്രങ്ങളിലും ഈ നിയമം ബാധകമല്ല. ചില വ്യാഖ്യാന ശൂദ്രന്മാര്‍ പറയുന്ന വ്യാഖ്യാനം ഷര്‍ട്ട് ഇട്ടാല്‍ മാത്രമേ ദേവ ചൈതന്യം ശരീരത്തില്‍ പ്രവേശിക്കൂ എന്നാണ്. കേവലം ഒരു തുണിയുടെ അകത്തേക്ക് ചൈതന്യം കടത്തി വിടാന്‍ കഴിയാത്ത കഴിവുകെട്ട ദൈവത്തെ എന്ത് കൊള്ളാം എന്ന് ആ ദൈവത്തെ തൊഴാനായി പോകുന്ന വിഡ്ഢികള്‍ സ്വയം ചിന്തിക്കുക...!
ഗുരുദേവന്‍ പൂണൂല്‍ ധരിചിട്ടല്ല ഒരു ക്ഷേത്രത്തിലും പതിഷ്ഠ നടത്തിയത്, ബ്രാഹ്മണന്‍ ആകാന്‍ പഠിക്കുന്ന ചില പൂജാരിമാര്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ പൂണൂല്‍ ഇട്ടു പൂജ നടത്തുന്നത് ഗുരുദേവനെയും ഗുരുദേവന്റെ ദര്‍ശനങ്ങളെയും അപമാനിക്കുന്നതിനു തുല്യമാണ് എന്ന് മനസ്സിലാക്കി ആ അടിമത്വതിന്റെ കയര്‍ ഊരിക്കളയാന്‍ തയ്യാറാകുക...! തന്റെ മുന്നില്‍ പൂണൂല്‍ ധരിച്ച് എത്തിയ ചില മണ്ടന്മാരായ ഈഴവരെ കളിയാക്കി ഗുരുദേവന്‍ തന്നെ പറഞ്ഞിരുന്നു, "എന്താ കുട്ടിപ്പട്ടര്‍, ഇതില്‍ താക്കോല്‍ കെട്ടുമോ" എന്ന്. "ഇത് നിത്യ കര്‍മ്മാനുഷ്ടാനത്തിന്റെ ഓര്‍മ്മയ്ക്കാണ്" എന്ന് പറഞ്ഞ ബ്രാഹ്മണനോട് "ഓര്‍മ്മ എപ്പോഴും ഉണ്ടാകുമോ" എന്ന് ഗുരുദേവന്‍ ചോദിച്ചു. "ഇല്ല" എന്ന മറുപടി കേട്ടപ്പോള്‍ "അപ്പോള്‍ ഇതെടുത്ത് കളഞ്ഞു കൂടേ" എന്ന് ചോദിച്ച് പൂണൂലിലുള്ള മണ്ടന്‍ വിശ്വാസത്തെ ചോദ്യം ചെയ്ത ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലും, ഗുരുവിനെയും പൂജ നടത്തുന്നവര്‍ ഒരു കാലത്തും അന്ധവിശ്വാസത്തിന്റെ അഴുകിയ പൂണൂല്‍ ധരിച്ച് സമൂഹത്തെ വീണ്ടും മലീമസമാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക തന്നെ വേണം.
ആചാരങ്ങള്‍ ഇല്ലാതാകുകയും പകരം അന്ധവിശ്വാസങ്ങള്‍ ആചാരങ്ങള്‍ ആയി മാറുകയും ചെയ്തതാണ് ഇന്ന് നാം കാണുന്ന ഹിന്ദു മതത്തിന്റെ തകര്‍ച്ചയുടെ മൂല കാരണം. ഇവയെ ഇല്ലാതാക്കി ഗുരുദേവന്‍ നമുക്ക് പ്രദാനം ചെയ്തത് ശുദ്ധവും സനാതനവുമായ ആരാധനാ സമ്പ്രദായങ്ങള്‍ ആണ്. അവയെ വീണ്ടും ലോകത്തില്‍ ഇന്ന് വരെ ഉണ്ടായതില്‍ വച്ച് ഏറ്റവും നികൃഷ്ടമായ "ചാതുര്‍വര്‍ണ്ണ്യ മതത്തിന്റെ" തൊഴുത്തില്‍ കൊണ്ട് കെട്ടി നശിപ്പിക്കാതെ സൂക്ഷിക്കേണ്ടത് ഓരോ ഗുരുദേവ ഭക്തന്റെയും കടമയാണ്...! അടുത്ത തലമുറയെ കരുതിയെങ്കിലും...! സംശുദ്ധമായ ഗുരുദര്‍ശനം അവരില്‍ എത്തിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്, കടമയാണ്...!
ഒപ്പം നാം എല്ലാവരും കല്ലില്‍ നിന്നും തുടങ്ങി കണ്ണാടി വരെ (അരുവിപ്പുറം മുതല്‍ ഓംകാരേശ്വരം വരെ) സഞ്ചരിക്കുവാന്‍ പ്രാപ്തരാകട്ടെ, അതിനായി ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ...!
ഗുരുദേവ നാമത്തില്‍ എല്ലാവര്ക്കും പ്രണാമം; ഗുരുധര്‍മ്മം ജയിക്കട്ടെ...!
An Article by: Sudheesh NamaShivaya
http://gurudharma.blogspot.in/2015/04/blog-post_25.html