.

അമ്മത്തണൽ

- ഭാസി പാങ്ങിൽ

   "എന്തിനോ വേണ്ടി നീട്ടിനിൽക്കുന്ന
ചന്തമോലുന്നൊരാവലം കൈയ്യും
ഞെട്ടിൽ നിന്ന് പാൽ തുള്ളികൾ
ഊറും മട്ടിലുള്ളൊരാ നഗ്നമാം മാറും
കണ്ടുണർന്നെന്റെയുള്ളിലെ പൈതൽ
അമ്മ അമ്മയെന്നാർത്തു നിൽക്കുന്നു"
-അമ്മ (ഒ.എൻ.വി )

   എന്തുകൊണ്ടാണ് ഈ അവസാന വരികൾ ഈ സ്ത്രീജന്മത്തിൽ പ്രസക്തമാകുന്നതെന്ന് അറിയില്ല. ഉറയ്ക്കാത്ത ഭിത്തി പോലെ ചുവടുറയ്‌ക്കാത്ത ബുദ്ധിയുളള കുഞ്ഞുമനസുള്ള കുറേ മുതിർന്ന മനുഷ്യർ. അവർക്കായി മാറ്റിവച്ച ഒരു ജന്മം. കൃത്യമായി നോക്കുകയാണെങ്കിൽ രണ്ടു പതിറ്റാണ്ടോളം നീളമുണ്ട് ആ സമർപ്പണത്തിന്. കണക്കിനപ്പുറത്ത് എത്രയുണ്ടെന്ന് ഡോ.പി. ഭാനുമതിയെന്ന 48 മക്കളുടെ അമ്മ ഒരിക്കൽപ്പോലും ഓർത്തുനോക്കിയിട്ടില്ല. നന്മയെന്ന സ്‌നേഹം മനസിൽ സൂക്ഷിക്കുന്നവർ അല്ലെങ്കിലും കണക്കുപുസ്‌തകം സൂക്ഷിക്കാറില്ലല്ലോ.

     ശരീരത്തിനുംമനസിനും വളർച്ചയെത്താത്ത മൂന്ന് മക്കളെ നോക്കി വളർത്താൻ പാടുപെട്ടിരുന്ന അമ്മയുടെ നനഞ്ഞ കണ്ണുകൾ അവർക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ആ നോവിൽ നിന്നാവാം ഭാനുമതി ടീച്ചറുടെ സമർപ്പിത ജീവിതം തുടങ്ങുന്നത്. അതല്ലെങ്കിൽ ഇതൊരു നിയോഗമാകാം. കാലം ചിലരെ ചില കാര്യങ്ങൾക്കായി നീക്കിവയ്‌ക്കുമല്ലോ. അങ്ങനെ, എല്ലാവരേയും പോലെയല്ലാതെ, എല്ലാവർക്കും ഇടയിൽ ഒരു ടീച്ചർ. ഒരേയൊരു ടീച്ചർ.

       രാജ്യത്തെ സ്ത്രീകൾക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമായ സ്ത്രീശക്തി പുരസ്‌കാരം ഇത്തവണ ലഭിച്ചതിന്റെ സാഫല്യമുണ്ട് ടീച്ചറുടെ മുഖത്ത്. പിന്നെ, മുന്നോട്ടു പോകാൻ കരുതിവച്ച പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. കാരണം, ടീച്ചർ ഇനി കാലെടുത്തുവയ്‌ക്കുന്നത് ഇന്ത്യയിൽ ഇന്നേ വരെ ആരും തുടങ്ങിയിട്ടില്ലാത്ത ഒരു സംരംഭത്തിന്റെ ചവിട്ടുപടിയിലേയ്ക്കാണ്. ബുദ്ധിമാന്ദ്യം സംഭവിച്ചവർക്കായി ഒരു കമ്മ്യൂണിറ്റി ലിവിംഗ് പ്രൊജക്ട്. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടിയേയും അച്ഛനമ്മമാരേയും പാർപ്പിക്കുന്ന ഒരു ഹൗസിംഗ് കോളനി! ലോകത്ത് ഇങ്ങനെയൊരെണ്ണമുണ്ടെന്ന് ഗൂഗിളിൽ നിന്നും ടീച്ചർ മനസിലാക്കിയിരുന്നു. മുൻ അനുഭവങ്ങളോ പരിചയങ്ങളോ ഈ പദ്ധതിക്ക് ഇല്ല. ഏറെക്കാലമായി കൊണ്ടു നടന്ന ഒരു സ്വപ്നം. ആ സ്വപ്‌നസാക്ഷാത്കാരത്തിനു വേണ്ടിയുള്ള ഉത്കടമായ ആഗ്രഹവും അത്യദ്ധ്വാനവും. അതാണ് ടീച്ചറുടെ കൈമുതൽ. തൃശൂരിനടുത്ത് തൈക്കാട്ടുശ്ശേരിയിൽ ഇതിനായി ഒരേക്കർ സ്ഥലം 13 വർഷം മുമ്പ് വാങ്ങിയിരുന്നു. 33 കുടുംബങ്ങളെ പാർപ്പിക്കാവുന്ന ഈ പ്രൊജക്ടിന് പിന്തുണയായി ഏതാനും സ്‌പോൺസർമാരെത്തിയെങ്കിലും വേണ്ടത്ര സാമ്പത്തിക സഹായങ്ങൾ ലഭ്യമായിട്ടില്ല. നിർദ്ധന കുടുംബത്തെ സൗജന്യമായി പാർപ്പിക്കാനാണ് ലക്ഷ്യം. ബുദ്ധിമാന്ദ്യമുളള കുട്ടിയുളള കുടുംബത്തിന് മാത്രമേ പ്രവേശനം കൊടുക്കൂ. കോസ്റ്റ്ഫോർഡിന്റെ സഹകരണത്തോടെ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലേക്ക് ഈ സ്വപ്‌നം ചുവടുവച്ചു കഴിഞ്ഞു. ഈ പദ്ധതി സഫലമായാൽ ബുദ്ധിമാന്ദ്യമുളളവരെ പരിചരിക്കുന്നതിൽ മികച്ച മാതൃക തന്നെയായിരിക്കും ഈ സ്ഥാപനം. ഭാനുമതിയുടെ മുഖത്തെ ആ പ്രതീക്ഷയാണ് മുന്നോട്ടുള്ള വഴി കാണിക്കുന്നത്.

       വേദനകളുടേയും അധിക്ഷേപങ്ങളുടേയും അവഗണനകളുടേയും മുള്ളുവിരിച്ച പാതയിൽ നിന്നായിരുന്നു ഒരിക്കൽ ഭാനുമതിയുടെ ജീവിതം തുടങ്ങിയത്. കേന്ദ്ര സർക്കാരിന്റെ, കണ്ണകിയുടെ പേരിലുളള സ്ത്രീശക്തി പുരസ്‌കാരം അതുകൊണ്ടു തന്നെ അവരുടെ പ്രവർത്തനങ്ങൾക്ക് ചെറുതല്ലാത്ത ഊർജ്ജം നൽകുന്നുണ്ട്.

        പട്ടാമ്പി കൊടുമുണ്ട പുല്ലാറ വീട്ടിൽ കാർത്യായിനിയുടെ പതിനൊന്നു മക്കളിൽ മൂന്നുപേർ ശരീരത്തിനും മനസ്സിനും വളർച്ചയെത്താത്തവരായിരുന്നു. മൂന്നു സഹോദരൻമാരേയും പോറ്റിവളർത്താൻ അമ്മയൊഴുക്കിയ കണ്ണീരു കണ്ട് വളർന്നപ്പോൾ തന്നെ മനസ്സുറപ്പു വന്നു. അമ്മ മരിച്ചതോടെ, മാനസിക ശാരീരിക വൈകല്യമുള്ള മൂന്നു സഹോദരങ്ങളേയും ഇതുപോലെ കഷ്ടപ്പെടുന്നവരേയും പരിപാലിക്കാനായാണ് 1997ൽ തൃശൂരിലെ അയ്യന്തോൾ പഞ്ചായത്തിന്റെ സഹകരണത്തോടെ പുതൂർക്കര എൽ.പി സ്‌കൂളിലാണ് ടീച്ചർ അസോസിയേഷൻ ഒഫ് മെന്റലി ഹാൻഡിക്കാപ്ഡ് അഡൾട്ട്സ് (അമ്മ) തുടങ്ങിയത്. ഇത് പിന്നീട് പൂങ്കുന്നത്തെ വാടക കെട്ടിടത്തിലേക്ക് മാറ്റി. സ്ഥാപനം തുടങ്ങുമ്പോൾ കേരളവർമ്മ കോളേജിലെ സുവോളജി അദ്ധ്യാപികയായിരുന്ന ഭാനുമതിയുടെ കൈയിൽ മൂലധനമായി ശമ്പളം മാത്രമേയുണ്ടായിരുന്നുളളൂ. പിന്നീട് കാര്യാട്ടുകരയിലേക്ക് 2005ൽ പ്രവർത്തനം മാറ്റി. 12 മുതൽ 62 വയസ്സുവരെയുളളവരുടെ അമ്മയായി ടീച്ചർ നിലകൊണ്ടു. സ്വന്തമായി മക്കളെ വേണ്ടെന്നുവെച്ചുകൊണ്ടു തന്നെ ആ സമർപ്പിത ജീവിതം തുടർന്നു. ഭർത്താവ് സലീഷിന്റേയും മറ്റ് ജീവകാരുണ്യപ്രവർത്തകരുടേയും സ്നേഹസാന്ത്വനങ്ങളും സഹകരണവും ടീച്ചറെ ശക്തയാക്കി. പ്രാരാബ്ധങ്ങൾക്കിടയിലും ഗർഭാശയമുഖ കാൻസറിനെപ്പറ്റിയുള്ള ഗവേഷണത്തിന് ഭാനുമതി ടീച്ചർ ഡോക്ടറേറ്റ് നേടി. കഴിഞ്ഞ വർഷം മാർച്ചിൽ കോളേജിൽ നിന്ന് വിരമിച്ചു.

      ''പതിനാലുവയസു വരെയുളള, ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്കുളള സ്ഥാപനങ്ങൾ ഏറെയുണ്ടെങ്കിലും മുതിർന്നവർക്കായുളള സ്ഥാപനങ്ങൾ വളരെ കുറവാണ്. മുതിർന്നവരുടെ സംരക്ഷണം വളരെ ക്ളേശകരവുമാണ്. ഈ തിരിച്ചറിവിൽ നിന്നാണ് 'അമ്മ" തുടങ്ങാനുളള പ്രേരണയുണ്ടാകുന്നത്. 1997 ൽ സാഹിത്യ അക്കാഡമി ഹാളിൽ ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ ഒരു സ്നേഹസംഗമം നടന്നിരുന്നു. ആ കൂട്ടായ്‌മയിൽ രക്ഷിതാക്കൾ ഉയർത്തിയ ആവശ്യമായിരുന്നു ഈ പുനരധിവാസകേന്ദ്രം തുടങ്ങണമെന്നത്. ഭ്രാന്തൻമാരുടെ സ്ഥാപനം നടത്താൻ സ്ഥലം തരാൻ തയ്യാറല്ലെന്നായിരുന്നു അന്ന് പലരും പറഞ്ഞത്..."
അമ്മയ്‌ക്ക് തുടക്കമിട്ട കാലത്തെക്കുറിച്ച് ഭാനുമതി ടീച്ചർ ഓർത്തെടുത്തു. കാര്യാട്ടുകരയിലെ 'അമ്മ"യിൽ ഇന്ന് ടീച്ചറുടെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ 48 പേരുണ്ട്. ഒരു സഹോദരൻ മരണമടഞ്ഞു. 22 പേർ ഇവിടെ താമസിച്ച് പഠിക്കുന്നു. മറ്റുളളവർ വീടുകളിൽ നിന്ന് ഇവിടെയെത്തുന്നു. ഓട്ടിസം ബാധിച്ച കുട്ടികളും കൂട്ടത്തിലുണ്ട്. എല്ലാവർക്കും സ്‌നേഹവും സാന്ത്വനവുമായി ടീച്ചറും. തികച്ചും സൗജന്യമായാണ് പഠനം. മെഴുകുതിരിയും ചന്ദനത്തിരിയും നിർമ്മിച്ച്അവർ അവരുടെ ജീവിതത്തിന് വെളിച്ചവും സുഗന്ധവും തിരിച്ചുപിടിക്കുന്നു. ചിരട്ട കൊണ്ടുളള കൗതുകവസ്തുക്കളുണ്ടാക്കി അതിൽ നോക്കി അവർ ചിരിക്കുന്നു. മരുന്നുകവറുകളും ആഭരണങ്ങളുമുണ്ടാക്കി അവർ സംതൃപ്തരാവുന്നു. കൊച്ചു കൊച്ചു കാര്യങ്ങൾക്ക് പുഞ്ചിരിക്കുന്നു. പെയിന്റിംഗ് വരച്ചും നാടകം കളിച്ചും അവർ ഉല്ലാസവാന്മാരുമാകുന്നു. അല്ലലും ആവലാതികളുമില്ലാതെ ജീവിതത്തിലൂടെ കടന്നു പോകുന്നു. ടീച്ചറോടൊപ്പമിരുന്ന് കളിക്കുന്നു, ചിരിക്കുന്നു, ഭക്ഷണം കഴിക്കുന്നു, പല്ലുതേയ്ക്കാനും കുളിക്കാനും പഠിക്കുന്നു... ഇങ്ങനെയൊക്കെയാണ് 'അമ്മ"യിലെ ഈ അമ്മയിൽ നിന്ന് അവർ ജീവിതം പഠിച്ചെടുക്കുന്നത്. പന്ത്രണ്ടോളം ജോലിക്കാരുണ്ടിവിടെ. ജോലിക്കു വരുന്നവരുടെ പ്രധാന യോഗ്യത സ്നേഹം മാത്രമാണെന്ന് ടീച്ചർ പറയും. അതു മനസു നിറയെ വേണം. ഒരൽപ്പം വേദനിച്ച അനുഭവം ഇങ്ങനെ ഓർത്തെടുത്തു.
'' ജീവനക്കാരെ കിട്ടാതെ ഒരിക്കൽ പത്രപരസ്യം നൽകി. അത് കണ്ട് ചിലർ ശമ്പളം ചോദിച്ചുവന്നു. ശമ്പളം കൊടുക്കാമെന്നു പറഞ്ഞു. അവർ പറഞ്ഞ ശമ്പളം കൊടുത്തിട്ടും രണ്ടു ദിവസത്തിനുളളിൽ പറ്റില്ലെന്ന് പറഞ്ഞുപോയവരുണ്ട്. സഹായത്തിന് ആരേയും കിട്ടുന്നില്ലല്ലോ എന്നൊരു വേദനമാത്രമേ ഇപ്പോഴുളളൂ."" ടീച്ചർ പറഞ്ഞുനിറുത്തി. നമ്മളിൽ ചിലർ ആർക്കുവേണ്ടിയും ഒന്നും ത്യജിക്കാൻ തയ്യാറല്ലാത്തവരും സ്നേഹശൂന്യരും ആയിത്തീരുന്നുവല്ലോ എന്ന വേദനയാണ് ടീച്ചർ തന്റെ അനുഭവത്തിൽ നിന്ന് പങ്കുവെച്ചത്. അതെ, നമ്മൾക്ക് ഇങ്ങനെ കുറേ ഭാനുമതിടീച്ചർമാരെ കണ്ടിട്ടും കേട്ടറിഞ്ഞിട്ടും മാറ്റമുണ്ടാകുന്നില്ലല്ലോ... 'സ്നേഹമാണഖിലസാരമൂഴിയിൽ..." എന്ന് മറക്കാതിരിക്കാൻ നമ്മൾ വീണ്ടും വീണ്ടും ഓർക്കേണ്ടിയിരിക്കുന്നു.

അവർക്കുവേണ്ടി നമ്മൾ ചെയ്യേണ്ടത്.

         ബുദ്ധിവൈകല്യമുള്ള കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഉപാധികളില്ലാതെ കുഞ്ഞിനെ അംഗീകരിക്കണം. സാധാരണ കുഞ്ഞിനെ എന്ന പോലെ തന്നെയാവണമത്. അതുപോലെ കുഞ്ഞിനെ വളർത്തുന്നതിൽ അച്ഛനും അമ്മയും ഒരു പോലെ പങ്കാളിയാകണം. ഒറ്റപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. വേണ്ടി വന്നാൽ മറ്റുളളവരുടെ സഹായം സ്വീകരിക്കണം. കൂടെ അർപ്പണബോധവും വേണം, മാനസികമായി ഒരിക്കലും തളരരുത്. മറ്റുളളവരോട് എങ്ങനെ പെരുമാറണമെന്ന് കുഞ്ഞിനെ പഠിപ്പിക്കുക. വൈകല്യമുളള കുഞ്ഞിനെ ഒരിക്കലും ശപിക്കരുത്, സഹതപിക്കുകയുമരുത്.

കുഞ്ഞുങ്ങൾ അനാവശ്യമായി വാശിപിടിക്കുമ്പോൾ അവഗണിക്കുക. കീഴടങ്ങാതിരിക്കുക. കീഴടങ്ങിയാൽ ആവർത്തിക്കും. കുട്ടികളിൽ ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകുമ്പോൾ പ്രത്യേകശ്രദ്ധ കൊടുക്കണമെന്നും ഭാനുമതി സ്വന്തം അനുഭവത്തിലൂടെ പറയുന്നു.

'അമ്മ" , ഫോൺ: 0487 2363670

Association of Mentally Handicapped Adults (AMHA)

'Ashirvad', Kanattukara
Thrissur, Kerala - 680 011
India

Phone # - (0091487) 2382251 or 2381844 or 2381646 or 2365201

email - amhaindia@yahoo.co.in

Web Address - http://www.amhaindia.netfirms.com


Association for Mentally Handicapped Adults (AMHA) is a registered, non-profit social welfare organisation providing professional care, vocational training, counselling and guidance to destitute mentally disabled adults. Please visit our web site for more information about our organizations and its activities. 


This organization has informed us they are qualified to receive tax deductible contributions.


Send Association of Mentally Handicapped Adults (AMHA) an email.
Visit the Association of Mentally Handicapped Adults (AMHA) web site.

Organization Name : Association for Mentally Handicapped Adults
Charity Type : Differently Abled
Address
Dr P Bhanumathi, AMHA, ASHIRVAD, KARYATTUKARA, ELTHURUTH P O , THRISSUR 680611, KERALA

Phone :  0487-2363670, 09447436710
Registration Number : 666/97 dtd 1997-11-26

Category: ,

Article Copyright Disclaimer:
The article content published on this blog is for the purpose of sharing useful information with blog readers and visitors. Some of these may contain excerpts from other internet sources. If you believe an article has infringed on your copyright, please contact us and we'll delete or revise it immediately.